അനശ്വരതയുടെ ഇശൽ റാണി
സമകാലിക ജനപഥം 2026
ഏപ്രിൽ 1 പുസ്തകം 12 ലക്കം 9

മലപ്പുറം ജില്ലയിലെ വിളയിൽ പറപ്പൂരിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് എൽ.പി സ്കൂളിലും യു.പി സ്കൂളിലുമായി പഠിച്ചുവളർന്ന വിളയിൽ വത്സല, വിളയിൽ ഫസീലയെന്ന അതുല്യ ഗായികയായി മാറിയതിന് കാലം സാക്ഷിയാണ്. കളിയും ചിരിയുമായി നടന്ന ആ കൊച്ചുപെൺകുട്ടിയിൽ ഫസീല എന്ന പ്രതിഭയെ കണ്ടെത്തിയത് മാപ്പിളപ്പാട്ട് രംഗത്തെ ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന വി.എം.കുട്ടി മാഷാണ്. സ്കൂളിൽ നിന്ന് ആകാശവാണിയിലേക്ക് ബാലലോകം പരിപാടി അവതരിപ്പിക്കാൻ പോയ അവസരത്തിലാണ് ഫസീലയെ വി.എം.കുട്ടി മാഷ് കണ്ടെത്തുന്നത്. ഫസീലയുടെ ആദ്യ ഗുരു എന്നു പറയാവുന്നതും വി.എം.കുട്ടി മാഷ് തന്നെ. പാട്ട് പഠിപ്പിച്ചതും പാടിച്ചതും അദ്ദേഹമാണ്.
ഇശൽ റാണി
പാട്ടുകൾ എങ്ങനെ പാടണമെന്നും അതിന്റെ നിലപാടുകളും കാര്യങ്ങളും എങ്ങനെയാകണമെന്നും കൃത്യമായി അറിയുന്ന ആളായിരുന്നു ഫസീല. മാപ്പിളപ്പാട്ടിന് ഇണങ്ങിയ രീതിയിലുള്ള ശബ്ദമായിരുന്നു അവരുടേത്. പാട്ടിന്റെ ഒതുക്കം അവരുടെ ഒരു പ്രത്യേകതയായിരുന്നു. ഫസീല ശരിക്കും ഇശൽ റാണി തന്നെയായിരുന്നു. അന്നത്തെ കാലത്ത് ജനങ്ങൾ അവരെ താരപരിവേഷത്തോടെയാണ് കണ്ടിരുന്നത്. ഇന്നത്തെ പിന്നണിഗായകർക്കും സിനിമാതാരങ്ങൾക്കും കിട്ടുന്ന സെലിബ്രിറ്റി പരിവേഷം അന്ന് ഫസീലയ്ക്ക് ലഭിച്ചിരുന്നു. അവരുടെ ശബ്ദത്തെയോ പാട്ടിനെയോ മറികടക്കാൻ അന്ന് ആരും ഉണ്ടായിരുന്നില്ല. അത്രയും മനോഹരമായിരുന്നു അവരുടെ പാട്ടുകൾ. അവരുടെ ശബ്ദത്തിന് ഒരു പ്രത്യേക മാധുര്യം തന്നെയുണ്ടായിരുന്നു.
വിളയിൽ ഫസീല ആദ്യമായി റെക്കോർഡ് ചെയ്ത പാട്ട് ‘കിരികിരി ചെരുപ്പമ്മൽ’ ആണ്. മദ്രാസിലെ കൊളംബിയ റെക്കോർഡിിലാണ് ആ പാട്ട് പാടിയിട്ടുള്ളത്. ‘ഹല്ലാക്കായുള്ളോനെ’, ‘ഹജ്ജിന്റ രാവില് ഞാൻ കഅബം കിനാവ് കണ്ടു’, ‘കിരികിരി ചെരുപ്പമ്മൽ’, ‘ആമിനാബിക്കോമന മോനേ’, അങ്ങനെ നിരവധി ഹിറ്റ് പാട്ടുകൾ അവർ പാടി. ഇബ്രാഹിം നബിയുടെയും ഇസ്മായിൽ നബിയുടെയും ചരിത്രം പറയുന്ന ‘ഉടനെ കഴുത്തെന്റെയറുക്കൂ ബാപ്പ’ എന്ന പാട്ടിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അവരുടെ ‘കിരികിരി ചെരുപ്പമ്മൽ’, ‘മണവാട്ടി കരംകൊണ്ട് മുഖം മറച്ചു’ പോലുള്ള പാട്ടുകൾ ഞാനടക്കമുള്ള പുതിയ തലമുറയിലെ പാട്ടുകാർ ഇന്നും പാടുന്നുണ്ട്. കല്യാണവീടുകളിൽ ഇന്നും ഏറ്റവുമധികം പാടുന്നത് ഫസീലയുടെ പാട്ടുകളാണ്. സ്റ്റേജ് പരിപാടികളിലും മറ്റും ജനങ്ങൾ ആവശ്യപ്പെടുന്നതും അതുതന്നെ.
സിനിമയിലേക്ക്
1970 ലാണ് അവർക്ക് വിദേശത്ത് പോയി പാട്ടുപാടാനുള്ള അവസരം ലഭിച്ചത്. നാട്ടിലും വിദേശത്തുമുള്ള സാംസ്കാരിക വേദികളിലും പ്രോഗ്രാമുകളിലുമൊന്നും അവരുടെ പാട്ടുകളില്ലാതെ മാപ്പിളപ്പാട്ട് പരിപാടി നടക്കാറില്ല.
എം.എസ്.ബാബുരാജിന്റെ സംഗീതത്തിൽ അദ്ദേഹവുമായി ഒരുമിച്ച് പാടാനുള്ള വലിയ ഭാഗ്യവും അവർക്ക് ലഭിച്ചു. മറ്റാർക്കും ലഭിക്കാത്ത ഭാഗ്യമാണത്. ‘വിശ്വപ്രപഞ്ചത്തിനാകേ റസൂലേ’ എന്നു തുടങ്ങുന്ന ഗാനം. ഇത് വലിയ പ്രശസ്തിയിലേക്ക് നയിച്ചു. 1921 ൽ സിനിമയിൽ പാടാനുള്ള അവസരം ലഭിച്ചു. ‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തിൽ പി.ടി.അബ്ദുറഹ്മാന്റെ രചനയായ ‘അഹദവനായ പെരിയോനേ’ എന്ന ഗാനം എം.എസ്.വിശ്വനാഥന്റെ സംഗീതത്തിൽ പാടി. സംഗീത സംവിധായകൻ സാനു മാഷ്, കോഴിക്കോട് അബൂബക്കർ തുടങ്ങി ഒട്ടേറെ പ്രശസ്തരുടെ ഗാനങ്ങളും അവർ പാടിയിട്ടുണ്ട്. മാപ്പിളപ്പാട്ടിൽ നിന്നും സിനിമാ പിന്നണിഗാന ശാഖയിലേക്ക് വരിക എന്നത് അപൂർവമായിരുന്നു, പ്രത്യേകിച്ച് അന്നത്തെ കാലത്ത്.
‘ഫിർദൗസിൽ അടുക്കുമ്പോൾ’, ‘കൊക്കരക്കോക്കര കോയിക്കുഞ്ഞേ’, ‘മണവാട്ടി കരംകൊണ്ട് മുഖംമറച്ച്’, ‘ഹസ്ബി റബ്ബി സ്വല്ലള്ളാ’ തുടങ്ങി ധാരാളം സിനിമാഗാനങ്ങൾ പാടിയിട്ടുണ്ട്. ഗാനഗന്ധർവ്വൻ യേശുദാസിനോടൊപ്പം പാടാനുള്ള അവസരവും ലഭിച്ചു. പിന്നണിഗായകരായ കെ.ജി.മാർക്കോസ്, വേണുഗോപാൽ, ഉണ്ണിമേനോൻ തുടങ്ങിയവർക്കൊപ്പവും, കണ്ണൂർ ഷെരീഫ്, രഹന പോലുള്ള മാപ്പിളപ്പാട്ട് ഗായകർക്കൊപ്പവും പാടാൻ ഫസീലയ്ക്ക് സാധിച്ചു.
പ്രണയവും വിവാഹവും
ഫസീലയുടേത് ഒരു പ്രണയ വിവാഹമായിരുന്നു. ഇന്നിപ്പോൾ ജാതിയോ മതമോ നോക്കാതെ ധാരാളം പേർ വിവാഹം കഴിക്കുന്നുണ്ട്. പക്ഷേ അന്നത്തെ കാലത്ത് അങ്ങനെയായിരുന്നില്ല. വിളയിൽ വത്സല എന്ന പാട്ടുകാരി വിളയിൽ ഫസീല ആയത് പ്രണയത്തിനുവേണ്ടിയോ വിവാഹശേഷമോ ആയിരുന്നില്ല. അവരുടെ ജീവിത സാഹചര്യങ്ങൾ, വളർന്ന ചുറ്റുപാടുകൾ, അവർ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളിൽ നിന്നുണ്ടായ ബോധ്യങ്ങൾ, അവരുടെ നിലപാടുകൾ എല്ലാം ചേർന്നാണ് മതം മാറ്റം എന്ന തീരുമാനത്തിൽ ഫസീലയെ എത്തിക്കുന്നത്. അതിനുശേഷമാണ് അവർ നാടകനടനും തബലിസ്റ്റുമായ വലിയപറമ്പിൽ ടി.കെ.മുഹമ്മദലിയെ വിവാഹം കഴിക്കുന്നത്.
ഇരുകുടുംബങ്ങളും അവരെ ഇരുകൈ നീട്ടി സ്വീകരിച്ചു. ആരും അവരെ ഒരിക്കലും കുറ്റപ്പെടുത്തുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല എന്ന് ഫസീല പലപ്പോഴും പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞിട്ടും ജാതിയുടേയോ മതത്തിന്റേയോ പേരിൽ ആരും അവരെ ക്രൂശിച്ചിട്ടില്ല. മതം മാറിയ ഫസീലയ്ക്ക് നിസ്കരിക്കാൻ പ്രത്യേകം ഒരു പായ വിളയിലെ വീട്ടിൽ സഹോദരൻ നാരായണൻ വാങ്ങി സൂക്ഷിച്ചിരുന്നു. 2023ൽ മരണപ്പെട്ടതിന് ശേഷവും ആ പായ സൂക്ഷിച്ചിരുന്ന സഹോദരൻ അടുത്തിടെ അത് കൊണ്ടോട്ടിയിലെ മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിന് കൈമാറിയിരുന്നു. അത്യപൂർവമായ സാഹോദര്യത്തിന്റെയും മൈത്രിയുടെയും പര്യായം കൂടിയായി ഫസീലയുടെ ജീവിതം മാറി.
പരിചയത്തിൽ നിന്ന് സൗഹൃദത്തിലേക്ക്
1996-97 കാലഘട്ടത്തിലാണ് ഞാൻ ഫസീലയെ കണ്ടുമുട്ടുന്നത്. അന്നെനിക്ക് പതിമൂന്നോ പതിനാലോ വയസ്സ് പ്രായം. ടി.ഉബൈദ് സാഹിബിന്റെ അനുസ്മരണാർഥം കാസർകോട് വെച്ച് നടത്തിയ ഒരു മത്സരത്തിൽ വി.എം.കുട്ടി, വിളയിൽ ഫസീല, മുക്കം സാജിത, പി.ടി.അബ്ദുറഹ്മാൻ തുടങ്ങിയവരെല്ലാം ഉണ്ടായിരുന്നു. അന്ന് ഇവരെയൊന്നും എനിക്കറിയുമായിരുന്നില്ല. എന്നാൽ അന്നത്തെ പരിചയം അവിടെ അവസാനിച്ചില്ല. അത് ശക്തമായ സൗഹൃദമായി വളർന്നു. പിന്നീട് നാട്ടിലും വിദേശത്തുമായി നിരവധി വേദികളിൽ ഞങ്ങൾ ഒരുമിച്ച് പാടി.
ജീവിതം തന്നെ പാഠപുസ്തകം
കേരള മാപ്പിള കലാ അക്കാദമി ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, ഫോക് ലോർ അക്കാദമി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, മാപ്പിള കലാ രത്നം അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ആ സ്വരമാധുരിയെ തേടിയെത്തി. അവർ പാടി വെച്ചതുപോലെ പാടാനും ആ ഭാവം പകർത്താനുമാണ് ഞാനുൾപ്പെടെയുള്ള പുതുതലമുറ ശ്രമിക്കുന്നത്. 50 വർഷത്തിൽ കൂടുതൽ ഫസീല ഈ സംഗീത മേഖലയിൽ സജീവമായിട്ടുണ്ടായിരുന്നു. പഴയകാല റെക്കോർഡിങിലും പുതിയകാല റെക്കോർഡിങിലും അവർക്ക് പാടാൻ സാധിച്ചു. പാട്ടിലും ജീവിതത്തിലും പഠിക്കാൻ ഒട്ടേറെ കാര്യങ്ങൾ പുതുതലമുറയ്ക്കായി ബാക്കി വെച്ചാണ് വിളയിൽ ഫസീല എന്ന അതുല്യ കലാകാരി 2023 ഓഗസ്റ്റ് 12ന് വിടവാങ്ങിയത്.
