കാര്‍ഷിക സമൃദ്ധിക്കായ് പുതു വഴികളിലേക്ക്

-പി.പ്രസാദ്
കൃഷി വകുപ്പ് മന്ത്രി

ഞങ്ങളും കൃഷിയിലേക്ക് തുടങ്ങിയ പദ്ധതികളിലൂടെ കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന് പുതിയ പാതകള്‍ സര്‍ക്കാര്‍ തെളിച്ചു നല്‍കി. കൃഷിയില്‍ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പഴയകാല അറിവുകള്‍ വീണ്ടെടുക്കുന്നതിനും പുതിയ വിത്തിനങ്ങള്‍ അവതരിപ്പിക്കുന്നതിലും വകുപ്പ് എന്നും മുന്നിലാണ്. പുതു തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന് വൈഗ പോലുള്ള കാര്‍ഷിക പ്രദര്‍ശന വിപണന മേളകള്‍ സംഘടിപ്പിക്കുക, കൃഷിയില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുക തുടങ്ങിയവയും മുന്നേറ്റത്തിന്റെ ജീവ നാഡികളായി. സ്‌മാർട്ട് കൃഷി ഭവന്‍, മൂല്യവര്‍ധിത കൃഷി മിഷന്‍, കുട്ടനാട് വികസന ഏകോപന കൗണ്‍സില്‍ എന്നിവയും എടുത്തു പറയത്തക്ക നേട്ടങ്ങളാണ്.

ഞങ്ങളും കൃഷിയിലേക്ക്

സമൂഹത്തെ കൃഷി മുറ്റത്തേക്കിറക്കുക, പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്‌തത കൈവരിക്കല്‍, സുരക്ഷിത ഭക്ഷണം എന്നിവ ലക്ഷ്യമിട്ട ജനകീയ പദ്ധതിയാണ് ‘ഞങ്ങളും കൃഷിയിലേക്ക്’. വ്യക്തികള്‍ക്കു പുറമെ കുടുംബങ്ങള്‍, യുവാക്കള്‍, സ്ത്രീകള്‍, രാഷ്ട്രീയ, സന്നദ്ധ സംഘടനകള്‍, മത സംഘടനകള്‍, സ്‌കൂളുകള്‍, കോളേജുകൾ തുടങ്ങി സമൂഹത്തിലെ മുഴുവന്‍ വിഭാഗങ്ങളും ഇതില്‍ പങ്കാളികളാകുന്നു. ഒരു സെന്റ് മുതല്‍ ഒരു ഹെക്‌ടർ വരെയുള്ള സ്ഥലത്ത് കൃഷിയിറക്കാം.

തരിശു ഭൂമികള്‍ പരമാവധി കൃഷി യോഗ്യമാക്കും. പദ്ധതിയില്‍ ഉള്‍പ്പെടുന്ന കര്‍ഷകര്‍ക്കെല്ലാം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കും. മൂല്യ വര്‍ധിത സംരംഭങ്ങള്‍ക്ക് പ്രത്യേക പ്രോത്സാഹനം ലഭിക്കും. എല്ലാവിധ സാങ്കേതിക സഹായവും ലഭ്യമാക്കാന്‍ കൃഷി ഭവനുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സംവിധാനങ്ങളും ഉണ്ടാവും.

കൃഷിയിലേക്കുള്ള താല്‍പര്യം ജനിപ്പിക്കാനും കാര്‍ഷിക സംസ്‌കാരം വീണ്ടെടുക്കാനുമുള്ള വിവിധ പ്രചാരണ പരിപാടികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക,. എല്ലാ വ്യക്തികളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുക, അതുവഴി സ്ഥായിയായി നിലനില്‍ക്കുന്ന ഒരു കാര്‍ഷിക മേഖല കേരളത്തില്‍ സൃഷ്‌ടിച്ചെടുക്കുക എന്ന സന്ദേശമാണ് ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന ബൃഹദ് പദ്ധതി വിഭാവനം ചെയ്യുന്നത്.

കൃഷി ദര്‍ശന്‍

കൃഷി മന്ത്രിയും കൃഷി വകുപ്പിലെ സംസ്ഥാന തല ഉദ്യോഗസ്ഥരും സംസ്ഥാനത്തെ കാര്‍ഷിക ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് കര്‍ഷകരോട് സംവദിച്ച് പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കുകയും പരിഹരിക്കുകയും ചെയ്യുന്ന കൃഷി ദര്‍ശന്‍  സംസ്ഥാനത്തു നടപ്പിലാക്കി വരുന്നു. ഈ പരിപാടിയിലൂടെ കര്‍ഷകരും കൃഷി വകുപ്പുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നുമുണ്ട്.

കര്‍ഷകരുമായി സംവദിക്കുന്നതിനു പുറമെ കൃഷി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ കര്‍ഷക ഭവന സന്ദര്‍ശനവും സംഘടിപ്പിക്കുന്നു. ഈ പരിപാടിയുടെ ഭാഗമായി കൃഷിക്കൂട്ടങ്ങളുടെ സംഗമവും നടത്തുന്നു. അസംരക്ഷിത വന മേഖലയിലും ഭൂ നികുതി രസീതോ പാട്ടക്കരാറോ ഇല്ലാതെ കൃഷി ചെയ്യുന്ന അസംഖ്യം കര്‍ഷകരുടെ ചിരകാല ആവശ്യമായിരുന്നു അവര്‍ക്കും  കാര്‍ഷിക ആനുകൂല്യങ്ങളെല്ലാം ലഭ്യമാക്കണമെന്നത്. ഒല്ലൂക്കര കൃഷി ദര്‍ശന്‍ വേദിയില്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു

രണ്ടാമത് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി ബ്ലോക്കില്‍ സംഘടിപ്പിച്ച കൃഷി ദര്‍ശന്‍ പരിപാടിയോടനുബന്ധിച്ചു നടന്ന കര്‍ഷക അദാലത്തില്‍ വന്ന  36 പരാതികളില്‍ 21 എണ്ണം തീര്‍പ്പാക്കി.

വെജിറ്റബിള്‍ ഡെവലപ്മെന്റ് പ്രോഗ്രാം പദ്ധതിയില്‍ ജല സേചനത്തിന് 50% ധന സഹായം നല്‍കാനും ഒരു യൂണിറ്റിന്  പരമാവധി 10,000 രൂപയായി നിജപ്പെടുത്തി പമ്പ് സെറ്റിന്റെ കുതിര ശക്തി നോക്കാതെ ധന സഹായം അനുവദിക്കാനും മാര്‍ഗ നിര്‍ദേശം പുതുക്കി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സംയോജിത കൃഷി പ്രോജക്‌ടുകളിൽ കൃഷി ഉദ്യോഗസ്ഥരെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ ആയി നിയമിക്കുന്നതിന് അനുമതി നല്‍കി.

വികസന സമീപനം

കൃഷിയിടത്തെ അടിസ്ഥാന യൂണിറ്റായി കണക്കാക്കി ലഭ്യമായ വിഭവ ശേഷി ശാസ്ത്രീയമായി പരമാവധി ഉപയോഗപ്പെടുത്തുക വഴി സംസ്ഥാനത്തിന്റെ ഉല്‍പാദനത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടാക്കുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട്  ഈ വര്‍ഷം കൃഷിയിടാസൂത്രണാധിഷ്‌ഠിത വികസന സമീപനത്തിന് തുടക്കമിടുന്നു. ഈ പരിപാടി നീര്‍ത്തടാടിസ്ഥാനത്തില്‍ ആസൂത്രിതമായി സംഘടിപ്പിക്കും. വികസനത്തിന്റെ അടിസ്ഥാന യൂണിറ്റായി കണക്കാക്കപ്പെടുന്ന ഓരോ കൃഷിയിടവും തദ്ദേശ ഭരണ സംവിധാനത്തിന്റെ പിന്തുണയോടെ കൃഷി ഭവനുകള്‍ മുഖേന തിരഞ്ഞെടുക്കും. ഓരോ പഞ്ചായത്തിലും കുറഞ്ഞത് 25 യൂണിറ്റുകള്‍  വികസിപ്പിക്കും.

കുട്ടനാട് വികസന ഏകോപന കൗണ്‍സില്‍

കുട്ടനാടിന്റെ സമഗ്ര വികസനത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും വിവിധ വകുപ്പുകളെ ഏകോപിക്കുന്നതിനും കുട്ടനാട് വികസന ഏകോപന കൗണ്‍സില്‍  പ്രവര്‍ത്തിച്ചു  വരുന്നു.

കുട്ടനാട്ടിലെ നെല്‍പ്പാടങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പദ്ധതികളുടെ പൊതുവായ ആസൂത്രണവും നടത്തിപ്പും ഉറപ്പാക്കുക, സമഗ്ര ജല മാനേജ്‌മെന്റ് നടപ്പിലാക്കുക, നെല്‍ക്കൃഷിയെ വെള്ളപ്പൊക്കത്തില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള സമഗ്ര പദ്ധതി ആസൂത്രണം ചെയ്‌ത് നടപ്പിലാക്കുക, കാലം തെറ്റിയ മഴയ്ക്കും, വെള്ളപ്പൊക്കത്തിനും അനുയോജ്യമാകും വിധം കാര്‍ഷിക കലണ്ടറും കൃഷി രീതിയും നടപ്പിലാക്കുക, വിള നാശവും അടിസ്ഥാന സൗകര്യങ്ങളുടെ നാശ നഷ്‌ടങ്ങളും പരമാവധി കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ കണ്ടെത്തി നടപ്പിലാക്കുക, കുട്ടനാട്ടിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ യന്ത്രവല്‍ക്കൃതമാക്കുക. അതിനാവശ്യമായ യന്ത്രങ്ങള്‍ സമാഹരിക്കുക എന്നിവയാണ് കൗണ്‍സിലിന്റെ ലക്ഷ്യങ്ങള്‍.

പച്ചത്തേങ്ങ/ കൊപ്ര സംഭരണം

കേര കര്‍ഷകരോടൊപ്പം എന്നും നില നിന്നിട്ടുള്ള സര്‍ക്കാര്‍ നാളികേരത്തിന്റെ സംഭരണ വില 27 രൂപയില്‍ നിന്നും 32 രൂപയായി വര്‍ധിപ്പിച്ചു. വിവിധ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍, സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്‍, കേരഫെഡ് എന്നിവയുടെ 145 സംഭരണ കേന്ദ്രങ്ങള്‍ മുഖാന്തരവും 22 സഞ്ചരിക്കുന്ന സംഭരണ വാഹനങ്ങള്‍ വഴിയും ആകെ 167 സംഭരണ കേന്ദ്രങ്ങള്‍ വഴി പച്ചത്തേങ്ങ സംഭരിക്കുന്നു. ഇതോടൊപ്പം  84 സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇത്തരം കേന്ദ്രങ്ങള്‍ വഴി 17,626 കര്‍ഷകരില്‍ നിന്നും 6,206.23 മെട്രിക് ടണ്‍ പച്ചത്തേങ്ങ സംഭരിക്കുകയും 19.71 കോടി രൂപയോളം കര്‍ഷകര്‍ക്ക് നല്‍കുകയും ചെയ്‌തു. സംഭരണം തുടരുകയുമാണ്. 50,000 മെട്രിക് ടണ്‍ കൊപ്ര സംഭരിക്കാനാണ് നാഫെഡ് ലക്ഷ്യം.

വിജയ മുദ്രകള്‍ ഭാവി രേഖകള്‍

കാര്‍ഷിക മേഖലയിലെ പദ്ധതികളുടെ ജനകീയ വിലയിരുത്തലുകള്‍ക്കായി സോഷ്യല്‍ ഓഡിറ്റ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു. കോട്ടയം ജില്ലയില്‍ കൂരോപ്പട കൃഷി ഭവനിലാണ് സോഷ്യല്‍ ഓഡിറ്റ് ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ 14 ജില്ലകളില്‍ നിന്നായി 14 കൃഷി ഭവന്‍ പ്രദേശങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്താനാണ് പദ്ധതിയിട്ടിട്ടുള്ളത്.

14 കൃഷി ഭവനുകള്‍ കൂടി സ്‌മാർട്ട് ആക്കുന്നതിന് നബാര്‍ഡിന് 21 കോടി രൂപയുടെ പദ്ധതി  സമര്‍പ്പിച്ചു. കൃഷിക്കാരുടെ വരുമാനം, കാര്‍ഷികോല്‍പാദന ക്ഷമത, ഉല്‍പന്ന സംസ്‌കരണം, ഉല്‍പന്നങ്ങളുടെ വില, മൂല്യവര്‍ധിത പ്രവര്‍ത്തനങ്ങളില്‍ നിന്നും മറ്റ് അനുബന്ധ മേഖലയില്‍ നിന്നുമുള്ള വരുമാനങ്ങള്‍ എന്നിവയില്‍ വര്‍ധനവ് വരുത്തുന്നതിനായി മൂല്യവര്‍ധിത കൃഷി മിഷന്‍ രൂപീകൃതമായി.

RIDF-27 ല്‍ ഉള്‍പ്പെടുത്തി 14 കൃഷി ഭവനുകള്‍ സ്‌മാർട്ട് ആക്കുന്നതിന്  31.50 കോടി രൂപയും 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി 28 കൃഷി ഭവനുകള്‍ സ്‌മാർട്ട് ആക്കുന്നതിന് 10 കോടി രൂപയും അനുവദിച്ചു.