സുഗമ പാതകള്‍ സുഖദ സഞ്ചാരം
-പി. എ. മുഹമ്മദ് റിയാസ്
പൊതുമരാമത്ത്, വിനോദസഞ്ചാരം വകുപ്പ് മന്ത്രി
ചരിത്രത്തിലാദ്യമായി ദേശീയ പാതാ വികസനത്തിന് സംസ്ഥാനം കൂടി പണം നല്‍കുകയും പണി അതിവേഗം പുരോഗമിക്കുകയുമാണ്. പുതിയ പാലങ്ങളും പഴയവയുടെ നവീകരണവും ഉള്‍പ്പെടെ നടപ്പിലാക്കി. കെട്ടിട നിര്‍മ്മാണത്തിലും ഗുണ നിലവാരം ഉറപ്പാക്കി നാടിന്റെ സമഗ്ര വികസനത്തിനാണ് വകുപ്പ് ചുക്കാന്‍ പിടിക്കുന്നത്. കരയിലും ജലത്തിലുമായി നിറയുന്ന കാഴ്ചകളിലേക്ക് ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങളുമായി സഞ്ചാരികളെ സ്വീകരിക്കുകയാണ് കേരളം.
ദേശീയ പാത വികസനം
ദേശീയ പാതകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് കാസര്‍ഗോഡ് തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിര്‍ത്തി വരെയുള്ള എന്‍എച്ച് 66 ആണ്. രാജ്യത്ത് മറ്റെങ്ങുമില്ലാത്ത വിധം ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം സംസ്ഥാനം വഹിച്ച് കിഫ്ബി വഴി പണം ചെലവഴിച്ച് ദേശീയ പാതാ വികസനം സാധ്യമാക്കി. പരമാവധി നഷ്ട പരിഹാരം നല്‍കിയാണ് ഭൂമി ഏറ്റെടുത്തത്. ദേശീയ പാത 66-ന്റെ വികസനത്തിനായി 1062.96 ഹെക്ടർ ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. 5,580 കോടി രൂപയാണ് സംസ്ഥാനം സ്ഥലം ഏറ്റെടുക്കലിനായി ഇതുവരെ നല്‍കിയത്. ആകെയുള്ള 21 റീച്ചിലും പ്രവൃത്തി ആരംഭിച്ചു. 45 മീറ്റര്‍ വീതിയിലേക്ക് റോഡുകള്‍ മാറുന്നുവെന്ന യാഥാര്‍ഥ്യം നമ്മുടെ വികസന പദ്ധതികള്‍ക്കാകെ വേഗം കൂട്ടി. അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. 2025-ഓടെ ദേശീയ പാത വികസന പ്രവൃത്തി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
തിരുവനന്തപുരം ഔട്ടര്‍ റിങ്ങ് റോഡ്
സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം ഔട്ടര്‍ റിങ്ങ് റോഡ് പദ്ധതിക്ക് കേന്ദ്ര അംഗീകാരം നേടിയെടുക്കാനായത് ഈ സര്‍ക്കാരിന്റെ നേട്ടമാണ്. വിഴിഞ്ഞം മുതല്‍ പാരിപ്പള്ളി വരെ നീളുന്ന തിരുവനന്തപുരം ഔട്ടര്‍ റിങ്ങ് റോഡ് തലസ്ഥാനത്തിന്റെ വാണിജ്യ പുരോഗതി കൂടി ലക്ഷ്യമിട്ടാണ് നടപ്പാക്കുന്നത്.
ഭാരത് മാല പദ്ധതി
ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 895 കിലോ മീറ്റര്‍ വരുന്ന ഏഴ് റോഡുകളുടെ നവീകരണത്തിനു പദ്ധതി തയ്യാറായിക്കഴിഞ്ഞു. കൂടാതെ 11 തുറമുഖ കണക്ടിവിറ്റി റോഡുകളുടെ പദ്ധതി രേഖയും തയ്യാറായി വരുന്നു. മേലെ ചൊവ്വ- മട്ടന്നൂര്‍ കൂട്ടുപുഴ റോഡ് ഉള്‍പ്പെടെ 12 റോഡുകള്‍ കൂടി ദേശീയ പാതാ നിലവാരത്തിലേക്ക് വികസിപ്പിക്കാന്‍ തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്.
കുതിരാന്‍ ടണല്‍
രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു കുതിരാന്‍ ടണലിന്റെ പ്രവൃത്തി പൂര്‍ത്തീകരണം. ദേശീയ പാതാ അതോറിറ്റിയും സംസ്ഥാന സര്‍ക്കാരും ഒറ്റക്കെട്ടായി നീങ്ങി തടസ്സങ്ങള്‍ ഒഴിവാക്കി പ്രവൃത്തി വേഗത്തിലാക്കി ഒന്നും രണ്ടും ടണലുകള്‍ നിശ്ചയിച്ച സമയത്ത് തന്നെ തുറന്നു കൊടുക്കാന്‍ സാധിച്ചു.
മലയോര ഹൈവേ
മലയോര നിവാസികളുടെ ഗതാഗത സൗകര്യം വര്‍ധിക്കുന്നതിനൊപ്പം മലയോരത്തിന്റെ സമ്പദ് ഘടനക്കും വലിയ മാറ്റം ഉണ്ടാക്കാന്‍ സാധിക്കുന്ന മലയോര ഹൈവേയുടെ മുഴുവന്‍ റീച്ചുകള്‍ക്കും അനുമതി നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലെത്തി കഴിഞ്ഞു.
കാസര്‍ഗോഡ് നന്ദാരപടവ് മുതല്‍ തിരുവനന്തപുരം പാറശ്ശാല വരെ 1251 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മ്മിക്കുന്ന മലയോര ഹൈവേ വികസന പദ്ധതിക്ക് 3,500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 155.39 കിലോ മീറ്റര്‍ ഹൈവേ ഇതിനകം യാഥാര്‍ഥ്യമായി. 609.61 കിലോ മീറ്റര്‍ പാതയ്ക്ക് സാമ്പത്തികാനുമതിയും 454.78 കിലോമീറ്ററിന് സാങ്കേതികാനുമതിയുമായി.
തീരദേശ ഹൈവേ
തിരുവനന്തപുരം പൂവാര്‍ മുതല്‍ കാസര്‍ഗോഡ് കുഞ്ചത്തൂര്‍ വരെ കേരളത്തിന്റെ തീര ദേശത്തോട് ചേര്‍ന്ന് 623 കിലോമീറ്റര്‍ ദൂരത്തില്‍ നീണ്ടു കിടക്കുന്നതാണ് തീര ദേശ ഹൈവേ പദ്ധതി. 14 മീറ്റര്‍ വീതിയുള്ള പാതയുടെ നിര്‍മ്മാണത്തിന് 6,500 കോടി രൂപ നിര്‍മ്മാണച്ചെലവ് കിഫ്ബിയാണ് വഹിക്കുന്നത്.
അന്തര്‍ ദേശീയ നിലവാരത്തില്‍ സൈക്കിള്‍ പാതയോടു കൂടിയ തീര ദേശ ഹൈവേ പദ്ധതിയുടെ ഡി പി ആര് അവസാന ഘട്ടത്തിലാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളും പുരോഗമിക്കുന്നുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ തീരദേശ ഹൈവേ നിര്‍മ്മാണത്തിന് സാമ്പത്തികാനുമതി ലഭിച്ചു. മലപ്പുറം പടിഞ്ഞാറേക്കര പാലം മുതല്‍ ഉണ്യാല്‍ ജംഗ്ഷന് വരെയുള്ള 15 കിലോമീറ്റര്‍ ഹൈവേ നിര്‍മ്മാണം പുരോഗതിയിലാണ്. നിലവിലുളള ദേശീയ പാതകളും സംസ്ഥാന പാതകളും തീര ദേശ ഹൈവേയുടെ ഭാഗമാക്കിയും പുതിയ നിര്‍മ്മാണങ്ങള്‍ നടത്തിയും മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ലെവല്‍ ക്രോസ് ഇല്ലാത്ത കേരളം
ലെവല്‍ ക്രോസുകളില്ലാത്ത കേരളം എന്നത് പിണറായി സര്‍ക്കാരിന്റെ സ്വപ്നമാണ്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി പത്ത് റെയില്‍വെ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം ഒന്നിച്ച് പുരോഗമിക്കുകയാണ്.കിഫ്ബി ഫണ്ട് ഉപയോഗിച്ച് 67 റെയില്‍വെ മേല്‍പ്പാലങ്ങളും ബജറ്റ് ഫണ്ട് ഉപയോഗിച്ച് അഞ്ച് മേല്‍പ്പാലങ്ങളുമാണ് നിര്‍മ്മിക്കുന്നത്.
പി ഡബ്ല്യു ഡി ഫോര്‍ യു
പൊതു മരാമത്ത് വകുപ്പ് റോഡുകളുമായി ബന്ധപ്പെട്ട പരാതികള്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ വകുപ്പിനെ അറിയിക്കാനും വേഗത്തില്‍ അത് പരിഹരിക്കാനുമുള്ള ആധുനിക സംവിധാനമായ ‘പി ഡബ്ല്യു ഡി ഫോര്‍ യു’ ആപ്പിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കൂടാതെ നിര്‍ദേശങ്ങളും പരാതികളും മന്ത്രിയോട് നേരിട്ട് അറിയിക്കാന്‍ അവസരമൊരുക്കുന്ന ‘RING ROAD’ പരിപാടിയിലൂടെ ഇതു വരെ ലഭിച്ച 277 പരാതികളില്‍ 101 എണ്ണം പരിഹരിച്ചു. ജനങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറിലൂടെ പൊതു മരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളും അഭിപ്രായങ്ങളും അറിയിക്കാനും അന്വേഷണങ്ങള്‍ക്കുമായി രൂപവല്‍ക്കരിച്ച പരാതി പരിഹാര സെല്‍ കൂടുതല്‍ വിപുലീകരിച്ച് ജനകീയമാക്കി. ഇതുവരെ 3289 പരാതികളാണ് ടോള്‍ ഫ്രീ നമ്പര്‍ വഴി ലഭിച്ചത്. 1010 പരാതികള്‍ പരിഹരിച്ചു. 2279 എണ്ണം തുടര്‍ നടപടികളിലാണ്.
തദ്ദേശ സ്ഥാപനത്തില്‍ ഒരു വിനോദ സഞ്ചാര കേന്ദ്രം
ഒരു തദ്ദേശ സ്ഥാപനത്തില്‍ കുറഞ്ഞത് ഒരു വിനോദ സഞ്ചാര കേന്ദ്രം എന്ന പദ്ധതി പ്രകാരം ആദ്യ ഘട്ടമായി 50 കോടി രൂപയാണ് ചെലവഴിക്കുക. ഇതുവരെ ഒന്‍പത് ഡെസ്റ്റിനേഷനുകള്‍ക്ക് അനുമതി നല്‍കിക്കഴിഞ്ഞു.
വിജയ മുദ്രകള്‍ ഭാവി രേഖകള്‍
- പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പ്രധാന പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ആക്സലറേറ്റ് പി.ഡബ്ല്യു.ഡി.
- ”പോട്ട് ഹോള്‍ ഫ്രീ കേരള’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ‘ഡി.എല്‍.പി പരസ്യപ്പെടുത്തല്‍.
- 12,332 കിലോമീറ്റര്‍ റോഡ് റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി.
- കാലാവസ്ഥാ വ്യതിയാനത്തിന് അനുസരിച്ച് റോഡ് നിര്‍മ്മാണം സാധ്യമാക്കാന്‍ ആറ് പുതിയ സാങ്കേതിക വിദ്യകള്‍ കൂടി ഉള്‍പ്പെടുത്തി.
- പി ഡബ്ല്യൂ ഡി’. പദ്ധതികള്‍ ആരംഭിക്കുന്നതു മുതല്‍ അവസാനിക്കുന്നതു വരെ ഓരോ ഘട്ടവും സംബന്ധിച്ചുള്ള വിവരങ്ങള്‍ ”തൊട്ടറിയാം പി ഡബ്ല്യൂ ഡി’ ഓണ്‍ലൈനില്‍ ലഭ്യമാണ്.
- കാര്‍ഷിക സംസ്കൃതി കൂടി വിനോദ സഞ്ചാര മേഖലയുടെ ഭാഗമാക്കുന്ന അഗ്രി ടൂറിസം നെറ്റ് വര്‍ക്കില്‍ 494 യൂണിറ്റുകള്‍ ആരംഭിച്ചു. ഇന്ത്യയില്‍ ആദ്യമാണ് ഇത്തരമൊരു പദ്ധതി.
- ടൂറിസം സ്ട്രീറ്റ് പദ്ധതി ആദ്യ ഘട്ടമായി 10 ഇടങ്ങളില്‍ നടപ്പിലാക്കുന്നു.
- അന്തര്‍ ദേശീയ കയാക്കിങ്ങ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലില്‍ 100 അന്തര്‍ ദേശീയ കയാക്കര്‍മാരും 200 ദേശീയ കയാക്കര്‍മാരും പങ്കെടുത്തു.
- 2022-ലെ ബിനാലെ കൂടുതല്‍ സജീവമാക്കി നടത്താനായി എയര്‍ ഇന്ത്യയുമായി ചേര്‍ന്ന് വിമാനത്തില്‍ ബിനാലെ പെയിന്റിങ്ങ് സൃഷ്ടിച്ചതും ശ്രദ്ധേയമായി.
- സഞ്ചാരികള്‍ക്കു ആവശ്യമായ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ ഉതകുന്ന വാട്സ് ആപ്പ് ചാറ്റ്ബോട്ട് ‘മായ്’ യുടെ പ്രവര്‍ത്തനം ആരംഭിച്ചു.
- 2022-ല്‍ രണ്ട് കോടിയോളം ആഭ്യന്തര സഞ്ചാരികളും മൂന്നര ഇരട്ടിയോളം വിദേശ സഞ്ചാരികളും കേരളത്തിലെത്തി.
- ജല സാഹസിക ടൂറിസത്തിന്റെ ഭാഗമായി ജില്ലകളിലെ ഓരോ ബീച്ചുകളില്‍ ഫ്ളോട്ടിങ്ങ് ബ്രിഡ്ജ് ആരംഭിക്കും. ബേപ്പൂര്‍, മുഴപ്പിലങ്ങാടി ബീച്ചുകളില്‍ തുടങ്ങി.
- രാജ്യത്ത് തന്നെ ആദ്യമായി പിണറായി സര്‍ക്കാര്‍ ഡിസൈന്‍ പോളിസി രൂപവല്കരിക്കുകയാണ്.
- ട്രാവന്‍കൂര്‍ ഹെറിറ്റേജ് പദ്ധതി, മുസിരിസ് ഹെറിറ്റേജ് പദ്ധതി, തലശ്ശേരി ഹെറിറ്റേജ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
- കേരള ടൂറിസത്തിന്റെ അതി ജീവനം സാധ്യമാക്കി ഈ സര്‍ക്കാര്‍ ആരംഭിച്ച കാരവന് ടൂറിസത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
- ബേപ്പൂരില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരക നിർമ്മാണം പുരോഗമിക്കുന്നു.
- ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ സൊസൈറ്റിയായി ഉത്തരവാദിത്ത ടൂറിസം മിഷനെ മാറ്റുകയും ചെയ്തു. മിഷന്റെ കീഴിലായി സ്ത്രീ സൗഹൃദ വിനോദ സഞ്ചാര പദ്ധതി ആരംഭിച്ചു. 2800 വനിതകള്‍ ഇതിനകം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
- മലബാറിന്റെ ടൂറിസം സാധ്യതകള്‍ പുറം ലോകത്തിനു പരിചയപ്പെടുത്തുന്നതിനായി ദേശീയ-അന്തര്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന 500 ടൂര്‍ ഓപ്പറേറ്റര്‍ക്കായുള്ള ‘ഫാം ടൂർ മലബാര്‍ 500’ പദ്ധതി നടപ്പിലാക്കി വരുന്നു.
