ഓണനിറവിന് ജനങ്ങൾക്കൊപ്പം

സമകാലിക ജനപഥം 2026
ആഗസ്റ്റ് 1 പുസ്തകം 13 ലക്കം 1

സമൃദ്ധിയുടെ ഓണമൊരുക്കാൻ പൊതുജനങ്ങൾക്കൊപ്പം കൈകോർക്കുകയാണ് സർക്കാരും. വിലക്കയറ്റം പിടിച്ചുനിർത്താനായി സപ്ലൈകോയും കുടുംബശ്രീയും കൃഷിവകുപ്പും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വഴി വിപണിയിൽ സജീവമായി ഇടപെടുകയാണ് സർക്കാർ. ഓണച്ചന്തകളും, ഫെയറുകളും ഒക്കെയായി വിപണി സജീവമായിക്കഴിഞ്ഞു. ഓണം വാരാഘോഷ പരിപാടികളും അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. ഒപ്പം ക്ഷേമപെൻഷനുകളും മറ്റ് പ്രഖ്യാപനങ്ങളുമായി എല്ലാവരിലേക്കും ആനുകൂല്യങ്ങളെത്തിക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നു. വിപണിയുടെ സജീവതയാണ് നാടിന്റെ സാമ്പത്തിക ഭദ്രതയുടെ അടിത്തറ എന്ന അടിസ്ഥാനതത്വത്തിലൂന്നി സാധ്യമായ എല്ലാ മേഖലകളിലും സർക്കാർ ഇടപെടലുകൾ നടക്കുന്നു. ഈ ഓണക്കാലം പുത്തനുണർവിലേക്ക് നാടിനെ നയിക്കുമെന്ന് ഉറപ്പാക്കുന്ന നടപടികൾ. അവ ജനങ്ങളെ ചേർത്തുപിടിക്കുന്നതുകൂടിയാകുമ്പോൾ ഇരട്ടിമധുരം.

കൃഷി വകുപ്പ് ഓണച്ചന്തകൾ
ഓണക്കാലത്ത് കേരളത്തിലെ ഓരോ കുടുംബത്തിനും ഗുണമേന്മയുള്ള, സുരക്ഷിതമായ പച്ചക്കറികൾ ലഭ്യമാക്കുകയും കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ 2026 ഓഗസ്റ്റ് 25 മുതൽ 28 വരെ സംസ്ഥാനത്തുടനീളം കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ 2,000 ഓണ പച്ചക്കറിച്ചന്തകൾ സംഘടിപ്പിക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയിൽ മികച്ച കാർഷിക ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം കർഷകരെയും ഉപഭോക്താക്കളെയും നേരിട്ട് ബന്ധിപ്പിക്കുന്ന വിപണന ശൃംഖല ശക്തിപ്പെടുത്താനും ഈ ഓണച്ചന്തകൾ വഴിയൊരുക്കും. ഇതിനായി സർക്കാർ നടപ്പാക്കുന്ന ‘ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം’ പദ്ധതിക്ക് മികച്ച പ്രതികരണമാണ് സംസ്ഥാനമൊട്ടാകെ ലഭിച്ചത്. സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളും ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ എന്നിവയും ഇതിൽ പങ്കുചേരുന്നു.

സപ്ലൈകോ ഓണം ഫെയറുകൾ
ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സപ്ലൈകോയുടെ ഓണം ട്രേഡ് ഫെയറുകൾ ആഗസ്റ്റ് 8 മുതൽ ആരംഭിക്കുകയാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഓണം മെഗാ ട്രേഡ് ഫെയറുകൾ നടക്കും. മറ്റു 11 ജില്ലകളിൽ ആഗസ്റ്റ് 16 മുതൽ 25 വരെ ജില്ലാ ഫെയറുകൾ നടക്കും. 126 നിയമസഭാ മണ്ഡലങ്ങളിൽ ഓണം മാർക്കറ്റുകൾ, ഓണത്തിന് മുന്നോടിയായുള്ള ആറു ദിവസങ്ങളിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രത്യേക ഫെയറുകൾ എന്നിവയുമുണ്ടാകും. ന്യായവിലയിൽ പച്ചക്കറികൾ ലഭ്യമാക്കുന്നതിനായി ഫെയറുകളിൽ ഹോർട്ടികോർപ്പിന്റെ സ്റ്റാളുകളും സജ്ജമാണ്.

ശക്തമായ പൊതുവിതരണം
ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സിവിൽ സപ്ലൈസ് വകുപ്പ് വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. ഓണക്കാലത്ത് വിവിധ പദ്ധതികളിലൂടെ 1,29,078.302 മെട്രിക് ടൺ അരിയും 24,506.291 മെട്രിക് ടൺ ഗോതമ്പും വിപണിയിൽ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

എഎവൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കുള്ള 16 ഇനം ഉൽപ്പന്നങ്ങൾ അടങ്ങിയ സൗജന്യ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് ആദ്യവാരം ആരംഭിക്കും. ആഗസ്റ്റ് 25 നകം വിതരണം പൂർത്തിയാക്കും. എഎവൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമായി സൗജന്യ ഓണക്കിറ്റ് വിതരണത്തിനായി 53 കോടി രൂപ സർക്കാർ അനുവദിച്ചു. സെപ്റ്റംബർ മാസത്തെ സബ്സിഡി ഉൽപ്പന്നങ്ങൾ ആവശ്യമുള്ളവർക്ക് ആഗസ്റ്റിൽ തന്നെ മുൻകൂറായി വാങ്ങുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തി. നീല റേഷൻ കാർഡുടമകൾക്ക് സാധാരണ വിഹിതത്തിന് പുറമെ മൂന്ന് കിലോ അരിയും രണ്ട് കിലോ ഗോതമ്പും ലഭിക്കും. എൻപിഎസ്, എൻപിഎൻഎസ് ഉൾപ്പെടെയുള്ള എല്ലാ വിഭാഗം കാർഡുടമകൾക്കും ഗോതമ്പും ലഭ്യമാണ്. വിപണിയിലെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാൻ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകളും സജ്ജമായി.

കൈത്തറി റിബേറ്റും എക്സിബിഷനും
ഓണത്തോടനുബന്ധിച്ച് കൈത്തറി നെയ്ത്ത് സഹകരണ സംഘങ്ങളും ഹാന്റെക്സ്, ഹാൻവീവ് എന്നീ സ്ഥാപനങ്ങളും കൈത്തറി ഉൽപ്പന്നങ്ങൾ 20 ശതമാനം സർക്കാർ റിബേറ്റിൽ വിൽപ്പന നടത്തുന്നു. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന എക്സിബിഷൻ സ്റ്റാളുകൾ, കൈത്തറി സംഘങ്ങളുടെ ഔട്ട്ലെറ്റുകൾ, ഹാന്റെക്സ്, ഹാൻവീവ് ഷോറൂമുകൾ എന്നിവ വഴി ആനുകൂല്യം ലഭ്യമാണ്.
ഓണക്കാലത്ത് കേരളത്തിലുടനീളം കൈത്തറി വസ്ത്ര പ്രദർശനവും വിൽപനമേളകളും സംഘടിപ്പിക്കുന്നുണ്ട്. 2026 ഓഗസ്റ്റ് 04 മുതൽ 25 വരെയാണ് ഈ വർഷത്തെ കൈത്തറി വസ്ത്ര പ്രദർശന മേള. കൈത്തറിയുടെ പ്രധാന ഉൽപാദന ജില്ലകളായ തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ ഓഗസ്റ്റ് 10 മുതൽ 25 വരെ കൈത്തറി കരകൗശല സംഘങ്ങളെ ഉൾപ്പെടുത്തി എക്സിബിഷൻ സംഘടിപ്പിക്കും. മേളയിൽ കേരളത്തിന് പുറത്ത് നിന്നുള്ള സംസ്ഥാനങ്ങളിലെ കൈത്തറി കരകൗശല ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഉണ്ടാകും. കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിന് പരമ്പരാഗത നെയ്ത്തുകാർക്ക് മികച്ച വരുമാനവും മേളകളിലൂടെ ഉറപ്പാക്കുന്നു.

നിറസാന്നിധ്യമാകാൻ
കുടുംബശ്രീയും
ആഗസ്റ്റ് 20 മുതൽ 25 വരെ വിപണന മേളകൾ സംഘടിപ്പിക്കാനാണ് കുടുംബശ്രീ ഒരുങ്ങുന്നത്. സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ജില്ലയിലാകും. പതിമൂന്ന് ജില്ലകളിൽ ജില്ലാതല വിപണന മേളകളിലും രണ്ടായിരത്തിലധികം പ്രാദേശിക വിപണന മേളകളും സംഘടിപ്പിക്കും. സംസ്ഥാനത്തെ ഓരോ സി.ഡി.എസിലും രണ്ട് വീതം വിപണന മേളകൾ നടത്തും. ഈ വിപണന മേളകളിലായി 50000 വനിതാ സംരംഭകർ അവരുടെ ഉൽപന്നങ്ങളുമായി വിപണിയിലെത്തും.

കുടുംബശ്രീ പോക്കറ്റ്മാർട്ട് ഇ- കൊമേഴ്സ് ആപ്ലിക്കേഷൻ വഴിയും ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നുണ്ട്. കുടുംബശ്രീ സി.ഡി.എസുകൾ വഴി ഓണക്കിറ്റ് വിതരണവും നടക്കും.

കൃഷിയിടങ്ങളിൽ നിന്ന് ഓണസദ്യ വരെയും കുടുംബശ്രീയുടെ കൈപ്പുണ്യമുണ്ടാകും. ‘ഓണക്കനി’ പദ്ധതിയുടെ ഭാഗമായി 12000 ഏക്കറിൽ പച്ചക്കറി കൃഷിയും ‘നിറപ്പൊലിമ’ പദ്ധതിയുടെ ഭാഗമായി 2000 ഏക്കറിൽ പൂക്കൃഷിയും നടത്തി.

കാന്റീൻ, കാറ്ററിങ് മേഖലയിൽ പ്രവർത്തിക്കുന്ന വനിതാ സംരംഭകർ വിവിധ സ്ഥാപനങ്ങളിൽ നിന്നും കുടുംബങ്ങളിൽ നിന്നുമുള്ള ഓർഡറുകൾ സ്വീകരിച്ച് രുചികരമായ ഓണസദ്യയും പായസമേളകളും ഒരുക്കുകയാണ്.

ഹരിത ചട്ടം പാലിച്ചാണ് കുടുംബശ്രീയുടെ ഹരിത വിപണികൾ. എല്ലാ ഓണം വിപണന മേളകളിലും ഹരിത ചട്ടം പാലിക്കും.

ഭാഗ്യക്കുറിയിലും രജിസ്ട്രേഷനിലും ക്ഷേമകാലം
കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും പെൻഷൻകാർക്കും ഓണം ഉത്സവബത്ത 1000 രൂപ വർധിപിച്ചു. തൊഴിലാളികൾക്ക് 8,500 രൂപയും പെൻഷൻകാർക്ക് 3750 രൂപയുമാണ് ലഭിക്കുക. ഇതിനായി 26,47,11,250 രൂപ അനുവദിച്ചു. ഏജന്റുമാർക്കും പെൻഷൻകാർക്കും ഒരുപോലെ തുക വർധിപ്പിക്കുന്നത് ആദ്യമായാണ്. ലോട്ടറി ക്ഷേമനിധി ബോർഡിലെ 26980 സജീവ അംഗങ്ങൾക്കും 9345 പെൻഷൻകാർക്കും ഈ ആനുകൂല്യം ലഭിക്കും.

സംസ്ഥാനത്തെ ആധാരം എഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി അംഗങ്ങൾക്കുള്ള ഓണക്കാല ഉത്സവബത്ത 6000 രൂപയാക്കി വർധിപ്പിച്ചു. ആറായിരത്തോളം വരുന്ന ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് ഉത്സവബത്തയുടെ ആനുകൂല്യം ലഭിക്കും.