ഐ ടി ഭൂപടത്തില്‍ മലബാറും

– മാധവിക്കുട്ടി എം.എസ് ഐ.എ.എസ്
സി.ഇ.ഒ. സൈബർ പാർക്ക്

മലബാറിലെ ഐ.ടി കുതിപ്പിന് ദ്രുത വേഗം പകർന്നാണ് സർക്കാർ സൈബർ പാർക്ക് ഓരോ വർഷവും  വളർന്നു കൊണ്ടിരിക്കുന്നത്. 2014-ല്‍ 12,000 ചതുരശ്രയടി സ്ഥലത്ത് നാല് കമ്പനികളും 68 ജീവനക്കാരുമായി പ്രവർത്തനം തുടങ്ങിയ സൈബർ പാർക്ക്  ഇന്ന് 3,00,000 ചതുരശ്രയടി സ്ഥലത്ത് 85 കമ്പനികളും 2,000 ജീവനക്കാരുമായി മലബാറിലെ ഐ.ടി വളർച്ചയുടെ നെടും തൂണായി നില കൊള്ളുന്നു. മുൻ വർഷങ്ങളിലേക്കാൾ ഇരട്ടിയിലധികമാണ് സർക്കാർ സൈബർ പാർക്കിലെ സോഫ്റ്റ്‌വെയർ കയറ്റുമതി വരുമാനം. 2021-2022 സാമ്പത്തിക വർഷം 55.7 കോടി രൂപയുടെ കയറ്റുമതി വരുമാനം സൈബർ പാർക്ക് നേടി.

പുതിയ സ്ഥാപനങ്ങള്‍ തൊഴിലവസരങ്ങള്‍

പുതുതായെത്തുന്ന നിരവധി കമ്പനികള്‍ ഒരുക്കുന്ന തൊഴിലവസരങ്ങള്‍ മലബാറിൻ്റെ ഐ.ടി ഭൂപടത്തില്‍ നേട്ടങ്ങൾ കുറിക്കുകയാണ്. 2022 ജനുവരിക്കു ശേഷംമാത്രം സൈബർ പാർക്കിൽ  പതിനേഴ് കമ്പനികള്‍ പ്രവർത്തനം ആരംഭിച്ചു. ഇതുവഴി നിരവധി തൊഴിലവസരങ്ങള്‍ തുറക്കപ്പെട്ടു. നിലവില്‍ സൈബർ പാർക്കിലെ  ആദ്യ കെട്ടിടമായ സഹ്യയില്‍ 98 ശതമാനം സ്ഥലത്തും കമ്പനികള്‍ പ്രവർത്തിക്കുന്നു. വാംഷെല്‍ സ്‌പെയ്‌സ് (കമ്പനികള്‍ സ്വയം സൗകര്യങ്ങള്‍ ഒരുക്കുന്ന രീതി) പൂർണമായും വിവിധ കമ്പനികള്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഇനി ശേഷിക്കുന്നത് ഏതാനും പ്ലഗ് ആൻഡ് ഡിസ്പ്ലേ  (സൗകര്യങ്ങളുള്ള സ്ഥലത്തേക്ക് കമ്പനികളെത്തി നേരിട്ട് പ്രവർത്തനം തുടങ്ങുന്ന രീതി) യൂണിറ്റുകള്‍ മാത്രമാണ്. 75 ശതമാനം ഐ.ടി സ്‌പെയ്‌സും 25 ശതമാനം കൊമേഴ്സ്യല്‍ സ്‌പെയ്‌സുമുള്ള നാല് ലക്ഷം ചതുരശ്രയടി വിസ്‌തൃതിയുള്ള പുതിയ കെട്ടിടം  (നോ സെസ്) നിർമ്മിക്കാൻ സർക്കാരിന്  നിലവില്‍ അപേക്ഷ നൽകി കഴിഞ്ഞു. നിലവിലുള്ള സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കാനായി  പങ്കാളികളെയും ക്ഷണിക്കുന്നുണ്ട്. കൂടാതെ ജീവനക്കാർക്കായി സൈബർ പാർക്കിനുള്ളിൽ ഫുട്ബോള്‍ ടർഫ്, ബാഡ‌്മിൻ്റൺ, ബാസ്‌കറ്റ് ബോള്‍ കോർട്ടുകൾ  തുടങ്ങിയവയും ഐ.ടി വികസനത്തിനാവശ്യമായ മറ്റ് സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

കയറ്റുമതി വർഷാവ ർഷം വളർച്ചയിൽ

2017 – 18 സാമ്പത്തിക വർഷം  ആറ് കമ്പനികളിലായി 107 ജീവനക്കാരുമായി പ്രവർത്തിച്ചിരുന്ന സൈബർ പാർക്കിൻ്റെ കയറ്റുമതി വരുമാനം 3.01 കോടി രൂപയായിരുന്നു. 2018 – 19 സാമ്പത്തിക വർഷം  അത് 20 കമ്പനികളും 482 ജീവനക്കാരുമായി ഉയർന്നു.  കയറ്റുമതി വരുമാനം 8.1 കോടി രൂപയായി. 2019 – 20 സാമ്പത്തിക വർഷം  38 കമ്പനികളിലായി 575 ജീവനക്കാര്‍ സൈബർ പാർക്കിൽ പ്രവർത്തിച്ചു.  14.76കോടി രൂപയായിരുന്നു കയറ്റുമതി വരുമാനം.

2020 – 21 സാമ്പത്തിക വർഷം  58 കമ്പനികളും 764 ജീവനക്കാരുമായി 26.16 കോടി രൂപയുടെ കയറ്റുമതി വരുമാനം സൈബർ പാർക്ക്  നേടി. 2021 – 22 സാമ്പത്തിക വർഷത്തിൽ ഇത് 67 കമ്പനികളും 1200 ജീവനക്കാരുമായി ഉയർന്നു. കയറ്റുമതി വരുമാനം 55.7 കോടി രൂപയായി ഉയർന്നു.

നിലവില്‍ 85 കമ്പനികളിലായി രണ്ടായിരത്തോളം ജീവനക്കാരാണ് സൈബർ പാർക്കിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ ഇരട്ടിയാണ് ഇത്തവണ പ്രതീക്ഷിക്കുന്ന കയറ്റുമതി വരുമാനം.