ഇന്ത്യൻ കാർട്ടൂൺ ഒരു അവലോകനം
സമകാലിക ജനപഥം 2026
മെയ് 1 പുസ്തകം 12 ലക്കം 10

ഇന്ത്യയുടെ കാർട്ടൂൺ രംഗം പരിശോധിച്ചാൽ നോഹയുടെ പെട്ടകം നിറയ്ക്കാൻ ആവശ്യമായ അത്രയും കാർട്ടൂണുകൾ കണ്ടെത്താനാകും. രാഷ്ട്രീയ-സാമൂഹിക കാർട്ടൂണുകൾ മുതൽ കോമിക്സും സാഹിത്യത്തിലേക്കുള്ള കാർട്ടൂണുകളുടെ പുതിയ ചുവടുവയ്പ്പായ ഗ്രാഫിക്
നോവലുകൾ വരെയുള്ള എല്ലാ ഇനങ്ങളും ഇവിടെയുണ്ട്. കാർട്ടൂൺ എന്ന കോമിക് കലാരൂപം പരിണമിച്ച യൂറോപ്പിനെയും, കൃത്യമായ വാണിജ്യ അടിത്തറ നേടിയെടുത്ത അമേരിക്കയെയും പോലെ തന്നെ ഇന്ത്യൻ കാർട്ടൂൺ രംഗത്തിനും മികച്ച ജൈവവൈവിധ്യമുണ്ട്. ബ്രിട്ടീഷ് പാരമ്പര്യത്തിന്റെ ഭാഗമായി കാർട്ടൂണുകൾ ആദ്യം ഇവിടെ എത്തിയത് ഇംഗ്ലീഷ് പത്രങ്ങളിലായിരുന്നുവെങ്കിലും,അവയുടെ വ്യാപനം പെട്ടെന്ന് തന്നെ വിപുലമായി. പ്രാദേശിക ഭാഷാപത്രങ്ങൾ ഈ പ്രതിഷേധ കലയെ ഏറെ വൈകാതെ തന്നെ ഏറ്റെടുത്തു. ആക്ഷേപഹാസ്യത്തിന്റെ നാനാതരം നാടോടി, ക്ലാസിക്കൽ പാരമ്പര്യങ്ങൾ സഹജമായിരുന്ന ഇന്ത്യക്ക്, ആംഗ്യങ്ങളെയും ചലനങ്ങളെയും മൂർച്ചയുള്ള നിശ്ചല ദൃശ്യമാക്കി മാറ്റുന്ന ഈ കലാരൂപത്തോട് അടുക്കാൻ പ്രയാസം ഉണ്ടായില്ല.
100 വർഷങ്ങൾക്ക് ശേഷം തിരിഞ്ഞു നോക്കുമ്പോൾ കാർട്ടൂൺ സജീവ സാന്നിധ്യമായി പലയിടത്തും ചിതറി കിടപ്പുണ്ട്. പക്ഷെ സംഘടിതമായ ഒരു പ്രസ്ഥാനമോ പരമ്പരയോ നമ്മുടെ മുമ്പിൽ ഇല്ല. ഇതേ കാലത്ത് തന്നെ കാർട്ടൂൺ വളർന്നു വന്ന ജപ്പാനിൽ കാർട്ടൂൺ ആർക്കൈവുകളും മ്യൂസിയങ്ങളുമുണ്ട്. പതിവ് പോലെ ജപ്പാൻകാർ തങ്ങളുടെ പ്രതിഭയെയും സാങ്കേതികവിദ്യയെയും ഒരുമിപ്പിച്ചു മുന്നേറി എല്ലാത്തരം കോമിക് കലാരൂപങ്ങൾക്കുമായി ‘മാങ്ക’ എന്ന ഒറ്റ ജാപ്പനീസ് പദവും കണ്ടെത്തി. കോമിക് ഭാഷയിൽ രചിച്ച മാനേജ്മെ് പുസ്തകങ്ങൾ തൊട്ടുആനിമേഷൻ സിനിമകൾ വരെ ഉൾകൊള്ളുന്ന ഒരു വൻ വ്യവസായം വളർത്തി. ആഗോള കാർട്ടൂൺ ഭൂപടത്തിൽ ‘മാങ്ക’ തനതായ സ്ഥാനം കണ്ടെത്തി.
പഞ്ച് ക്ലോണുകൾ
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇളകിമറിയാൻ തുടങ്ങിയ നമ്മുടെ ദേശീയ രാഷ്ട്രീയത്തിലേക്കാണ് കാർട്ടൂൺ കടന്നു വന്നത്. ടിവിയിലെ ആനിമേഷൻ ക്ലിപ്പുകൾ കണ്ട് വളരുന്ന നമ്മുടെ കുട്ടികളെ ഒഴിച്ചു നിർത്തിയാൽ,മിക്ക ഇന്ത്യക്കാർക്കും കാർട്ടൂൺ എന്നത് അന്നന്നത്തെ പത്രത്തിൽ വരുന്ന കാർട്ടൂണുകളാണ്. അവയാകട്ടെ മിക്കവാറും രാഷ്ട്രീയ സ്വഭാവമുള്ളതുമായിരിക്കും.
പ്രതിഷേധത്തിന്റെ ഈ മാധ്യമത്തിന് ആദ്യകാലത്തു തന്നെ ഒരു സ്വക്ഷേത്രം ലഭിച്ചു. രാജ്യത്തെ വിദേശ സാന്നിധ്യത്തെ ചോദ്യം ചെയ്യാൻ തുടങ്ങിയ പത്രമാധ്യമങ്ങളായിരുന്നു അത്. 1906-ൽ തമിഴ് കവിയായ സുബ്രഹ്മണ്യ ഭാരതി തന്റെ തീവ്രമായ ദേശീയവാദ വീക്ഷണങ്ങൾ വ്യക്തമാക്കുന്നതിനായി,സ്വയം എഡിറ്റ് ചെയ്തു പുറത്തിറക്കിയ ‘ഇന്ത്യ’വാരികയുടെ പുറം ചട്ടയിൽ തന്നെ കാർട്ടൂണുകൾ നൽകിയിരുന്നു. സ്വന്തം കാർട്ടൂൺ ആശയങ്ങളെ താൻ ഉദ്ദേശിക്കുന്ന ഭാവ ചലനങ്ങളോടെ ആവിഷ്കരിക്കാൻ അദ്ദേഹം പലപ്പോഴും ചിത്രകാരന്റെ മുന്നിൽ പോസ് ചെയ്യാറുണ്ടായിരുന്നു.
ബ്രിട്ടീഷ് ഭരണാധികാരികളെ അവരുടെ സ്വദേശത്തെ ഉദാരത ചൂണ്ടിക്കാട്ടി ചൊടിപ്പിക്കാനും നാണം കെടുത്താനും ലണ്ടൻ പഞ്ചിനെ മാതൃകയാക്കി, ‘ഹിന്ദി പഞ്ച്’, ‘അവധ് പഞ്ച്’എന്നീ പേരുകളിലുള്ള പ്രസിദ്ധീകരണങ്ങൾ ഉത്തരേന്ത്യയിൽ ഇതിനകം പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തരം പഞ്ച് ക്ലോണുകൾ നാടൊട്ടുക്ക് വ്യാപിച്ചു, കേരളത്തിലും. കൊല്ലത്ത് നിന്ന് പുറത്തിറങ്ങിയ അത്തരത്തിലുള്ള ഒരു നർമ്മ
മാസികയായ’വിദൂഷകനിൽ’ ആണ് 1919-ൽ ആദ്യത്തെ മലയാള കാർട്ടൂൺ പ്രസിദ്ധീകരിക്കപ്പെട്ടത്. പത്രാധിപർ പി.എസ്. ഗോവിന്ദപ്പിള്ള അതിനെ ‘ഒരു ഹാസ്യചിത്രം’ എന്ന് വിളിച്ചുവെങ്കിലും ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കൊടും ക്ഷാമത്തെക്കുറിച്ചുള്ള ആ കാർട്ടൂൺ കടുത്ത യുദ്ധ വിരുദ്ധ പ്രസ്താവനയായിരുന്നു. അടുത്ത രണ്ട് ദശാബ്ദങ്ങളിൽ ഒട്ടേറെ ‘ഹാസ്യചിത്ര പ്രസിദ്ധീകരണങ്ങൾ’ ഈ മേഖലയിൽ ഉണ്ടാവുകയും അവ ശങ്കർ എന്ന ഒരു സ്കൂൾ കുട്ടി ഉൾപ്പെടെ ഒരു വലിയ കാർട്ടൂൺ വായനാവൃന്ദത്തെ വഴിയെ സൃഷ്ടിക്കുകയും ചെയ്തു.
കാർട്ടൂണിസ്റ്റുകളുടെ ബാല്യകാലത്തെ ഒരു പതിവ് അഗ്നിപരീക്ഷയിലൂടെയായിരുന്നു ശങ്കറിന്റെയും തുടക്കം. ക്ലാസ് മുറിയിൽ ഹെഡ്മാസ്റ്ററുടെ രൂപം വരച്ചു വെച്ചതിനു ശങ്കർ പിടിക്കപ്പെട്ടു. അതോടെ വികട പെൻസിലുമായുള്ള ആയുഷ്കാല പ്രണയത്തിന് തുടക്കമാവുകയും ചെയ്തു. തിരുവിതാംകൂർ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം ബോംബെയിലേക്ക് പോയ അദ്ദേഹം അവിടെ ഒരു ഷിപ്പിങ് കമ്പനിയിൽ ജോലി കണ്ടെത്തുകയും ഒഴിവുസമയങ്ങളിൽ കാർട്ടൂൺ വരയ്ക്കുകയും ചെയ്തു. ദില്ലി ആസ്ഥാനമായുള്ള ഹിന്ദുസ്ഥാൻ ടൈംസിന്റെ എഡിറ്ററായിരുന്ന പോത്തൻ ജോസഫ് ബോംബെ സന്ദർശനവേളയിൽ അദ്ദേഹത്തെ പിടികൂടി. അങ്ങനെ 1932-ൽ ആദ്യമായി കാർട്ടൂണിങ് എന്ന തൊഴിൽ മേഖല ഇന്ത്യയിൽ എത്തി.
കാർട്ടൂൺ തലസ്ഥാനത്ത്
എത്തുന്നു
സ്വയം പഠിച്ചെടുത്ത വരയുമായാണ് തലസ്ഥാനത്ത് എത്തിയതെങ്കിലും ശങ്കറിന്റെ ചിത്രീകരണ പാടവം അസാധാരണമായിരുന്നു. ഹിന്ദുസ്ഥാൻ ടൈംസിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ആദ്യകാല ഡ്രോയിങുകൾ പോലും ഒരു തുടക്കക്കാരന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നില്ല. സാധകം ചെയ്തുറപ്പിച്ച ബ്രഷ് സ്ട്രോക്കുകൾ, അളന്നുമുറിച്ച അനാട്ടമിക്കൽ രൂപമാറ്റങ്ങൾ, ഒരു ഫ്രെയിമിൽ ഇരുപത്തഞ്ചോളം വ്യത്യസ്തമായ കാരിക്കേച്ചറുകൾ ഉൾക്കൊള്ളിക്കാനുള്ള കഴിവ് എന്നിവ അദ്ദേഹത്തിന്റെ സൃഷ്ടികളുടെ സവിശേഷതയായിരുന്നു. എല്ലാറ്റിനുമുപരിയായി, മിന്നൽവേഗത്തിൽ പ്രതികരിക്കുന്ന ഒരു രാഷ്ട്രീയ മനസ്സും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം വളർന്നു വന്ന തിരുവിതാംകൂർ, ഇംഗ്ലീഷ് വിദ്യാഭ്യാസം പോലുള്ള ക്ഷേമപ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്ന ഒരു നാട്ടുരാജ്യമായിരുന്നുവെങ്കിലും പ്രാദേശിക രാജഭരണത്തിൽ നിന്നും ബ്രിട്ടീഷ് ഭരണത്തിൽനിന്നും ഒരേസമയം പൂർണ്ണസ്വാതന്ത്ര്യം
ആഗ്രഹിക്കുന്ന ഒരു രാഷ്ട്രീയ പ്രതിപക്ഷം അവിടെ സജീവമായിരുന്നു. ദേശീയപ്രസ്ഥാനം അദ്ദേഹത്തിന് രാഷ്ട്രീയബോധം നൽകിയപ്പോൾ, രാജഭരണ കാലത്തെ പരിഷ്കാരങ്ങൾ പ്രതിഷേധിക്കാനും ചോദ്യം ചെയ്യാനുമുള്ള ഭാഷ നൽകി.
തന്റെ രാഷ്ട്രീയ കാഴ്ചപ്പാടിന് അനുയോജ്യമായ പത്രമായ ഹിന്ദുസ്ഥാൻ ടൈംസ് -ൽ തന്നെ ശങ്കർ എത്തിച്ചേർന്നു. ഗാന്ധിജിയുടെ സുഹൃത്തിന്റെ ഉടമസ്ഥതയിലായിരുന്ന ‘ഹിന്ദുസ്ഥാൻ ടൈംസ്’ കുറച്ചുകാലം എഡിറ്റ് ചെയ്തിരുന്നത് മകൻ ദേവദാസ് ഗാന്ധി തന്നെയായിരുന്നു. കൂടാതെ അഹിംസാവാദിയായ മഹാത്മാവിനെ ഞെട്ടിക്കുന്ന തരത്തിൽ മൂർച്ചയുള്ള ഭാഷയിൽ എഴുതുന്ന എടത്തട്ട നാരായണനെപ്പോലെയുള്ള എഴുത്തുകാരും അവിടെ ഉണ്ടായിരുന്നു. എഡിറ്റോറിയൽ രംഗത്തെ ഈ അതികായന്മാർക്കിടയിൽ, രാവിലെ പത്രം തുറക്കുമ്പോൾ തന്നെ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുക എന്നതായിരുന്നു ശങ്കറിനു വെല്ലുവിളി. മുൻപേജിൽ അഞ്ചും ആറും കോളങ്ങളിൽ അച്ചടിച്ചിരുന്ന അദ്ദേഹത്തിന്റെ കാർട്ടൂണുകൾ തലസ്ഥാന നഗരിയുടെ ഉണർത്തുപാട്ടായിരുന്നു. ഒരു പത്രത്തിൽ നിന്ന് അദ്ദേഹത്തിന് ഇതിൽ കൂടുതൽ ഒന്നും ആഗ്രഹിക്കാനുണ്ടായിരുന്നില്ല. ഇടയ്ക്കു കലയെക്കുറിച്ച് പഠിക്കാനും വിഖ്യാതനായ ഡേവിഡ് ലോയുമായി സംവദിക്കാനുമായി അദ്ദേഹം ലണ്ടനിൽ ഒരു വർഷത്തോളം ചെലവഴിച്ചതൊഴിച്ചാൽ ആ പത്രത്തിലെ നീണ്ട 14 വർഷത്തെ സേവനത്തിനിടയിൽ ശങ്കർ ഇന്ത്യൻ കാർട്ടൂണിനെ മുഖ്യധാരയിലെത്തിച്ചു.
ശങ്കർ സ്കൂൾ
1947-ൽ ഇന്ത്യ സ്വതന്ത്രമാകുമ്പോഴേക്കും ശങ്കർ ഹിന്ദുസ്ഥാൻ ടൈംസ് വിട്ടിരുന്നു. സ്വന്തമായി എന്തെങ്കിലും ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തും പിന്നീട് രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റു, ‘എന്നെ ഒഴിവാക്കരുത്’ എന്ന അഭ്യർഥനയോടെ 1948-ൽ’ശങ്കേഴ്സ് വീക്കിലി’ ഉദ്ഘാടനം ചെയ്തു. നെഹ്റു മരിക്കുന്നത് വരെയുള്ള അടുത്ത 16 വർഷങ്ങളിൽ, നെഹ്റുവിനെക്കുറിച്ചുള്ള പതിനായിരക്കണക്കിന് കാർട്ടൂണുകൾ വരച്ച് ശങ്കർ ആ അഭ്യർഥന നിറവേറ്റി. എന്നാൽ പരിഹാസത്തിന്റെ മൂർച്ചയുള്ള ശരങ്ങൾ അദ്ദേഹം കരുതിവെച്ചത് പ്രധാനമന്ത്രിക്ക് ചുറ്റുമുള്ളവർക്ക് വേണ്ടിയായിരുന്നു.
അതിനിടയിൽ, ‘ശങ്കേഴ്സ് വീക്കിലി’ അതിന്റെ സർക്കുലേഷനേക്കാൾ എത്രയോ മടങ്ങ് വായനക്കാരുള്ള രാജ്യത്തെ പ്രമുഖ കാർട്ടൂൺ വാരികയായി ദേശീയ ശ്രദ്ധ നേടിയിരുന്നു. ട്രേഡ് യൂണിയൻ ഓഫീസുകൾ മുതൽ സർവകലാശാലാ ലൈബ്രറികളിലും ആഢൻമാരുടെ ക്ലബ്ബുകളിലും ഒക്കെ ഇതിനു വലിയ തോതിൽ വരിക്കാരുണ്ടായിരുന്നു. കൂടാതെ,വളർന്നുവരുന്ന കാർട്ടൂണിസ്റ്റുകൾക്കായി ശങ്കർ വാരികയുടെ പല പേജുകളും മാറ്റിവെച്ചു. യുവ ജനാധിപത്യത്തിലെ നേതാക്കളോട് ‘മാന്യത’കാണിക്കണം എന്ന അലിഖിത നിയമങ്ങളെ കാറ്റിൽ പറത്താൻ ശേഷിയുള്ള ഒരു പുതുതലമുറ കാർട്ടൂണിസ്റ്റുകൾ വളർന്നു വന്നു.
ശങ്കറിന്റെ പ്രധാന ശിഷ്യനായ കുട്ടി,തന്റെ ഗുരുവിന്റെ രീതികളിൽ നിന്നും മാറി, അന്നന്നത്തെ വാർത്തകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, അത്ര ജന നിബിഢമല്ലാത്ത ഫ്രെയിമുകളിലേക്ക് മാറി. ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ മാതൃക ഡേവിഡ് ലോയിൽ നിന്ന് വിക്കിയിലേക്ക് മാറുകയായിരുന്നു. ചിന്താപരതയിൽ നിന്ന് വൈകാരികമായ തീക്ഷ്ണതയിലേക്കുള്ള ഒരു മാറ്റവും കൂടിയായിരുന്നു അത്. വാർത്തകളുടെ വേഗത വർധിച്ചുകൊണ്ടിരുന്ന ആ കാലത്തിന് കുട്ടിയുടെ ഈ ശൈലീമാറ്റം അനുയോജ്യമായിരുന്നു. 1950-കളിലും 60-കളിലും ദേശീയരാഷ്ട്രീയം നെഹ്റുവിയൻ ശൈലിയിൽ നിന്നും കോൺഗ്രസ് കേന്ദ്രീകൃതമായ അവസ്ഥയിൽ നിന്നും മാറിത്തുടങ്ങിയിരുന്നു. പഞ്ചാബിൽ അകാലികളും കേരളത്തിലും പശ്ചിമ ബംഗാളിലും കമ്മ്യൂണിസ്റ്റുകളും തമിഴ്നാട്ടിൽ ദ്രാവിഡ പാർട്ടികളും നെഹ്റുവിന്റെ പാർട്ടിയെ ശക്തമായി വെല്ലുവിളിച്ചു.
രാഷ്ട്രീയം അതിന്റെ കേന്ദ്രസ്ഥാനം നഷ്ടപ്പെട്ട് പലവിധ കാഴ്ചകളുള്ള ഒരു കാർണിവൽ പോലെയായി തുടങ്ങി.ഇതെല്ലാംതന്നെ കുട്ടി തന്റെ കാർട്ടൂണുകളിലൂടെ, ഹിന്ദുസ്ഥാൻ സ്റ്റാൻഡേർഡിന് വേണ്ടി പകർത്തി. തന്റെ തൊഴിൽ മേഖലയിൽ ഒരു ശ്രദ്ധേയമായ വഴിത്തിരിവിലേക്ക് അദ്ദേഹം എത്തുകയായിരുന്നു. വിവർത്തനം ചെയ്യാൻ എളുപ്പമുള്ള ലളിതമായ ക്യാപ്ഷനുകളും ദൃശ്യാധിഷ്ഠിതമായ ശൈലിയും ഉപയോഗിച്ച്, ചുരുക്കം ചില കാർട്ടൂണിസ്റ്റുകൾക്ക് മാത്രം സാധ്യമായ രീതിയിൽ ഭാഷാ അതിരുകൾ ഭേദിച്ചുകൊണ്ട് അദ്ദേഹം തന്റേതായ ഇടം കണ്ടെത്തി. ആനന്ദ ബസാർ പത്രികയിൽ അദ്ദേഹം ഒരു തരംഗമായി മാറി, അതും അദ്ദേഹത്തിന് ഒട്ടും അറിവില്ലാതിരുന്ന ബംഗാളി ഭാഷയിൽ.
ശങ്കേഴ്സ് വീക്കിലി ഒരിക്കലും ഒരു പ്രത്യേക ശൈലിയിലോ ചട്ടക്കൂടിലോ ഒതുങ്ങിനിൽക്കാൻ ആഗ്രഹിച്ചിരുന്നില്ല. ശങ്കർ എന്ന അച്ചിൽ നിന്ന് കുട്ടി ഒച്ചപ്പാടില്ലാതെ പുറത്തുകടന്നപ്പോൾ, യുവ തുർക്കികൾ ശങ്കർ മാതൃകയെ അടിമുടി പൊളിച്ചെഴുതി. സാമുവൽ, ദി ടൈംസ് ഓഫ് ഇന്ത്യയിൽ ചേരുകയും1953-ൽ രാജ്യത്തെ ആദ്യത്തെ പോക്കറ്റ് കാർട്ടൂണായ ‘ദിസ് ഈസ് ഡൽഹി’ സൃഷ്ടിക്കുകയും ചെയ്തു. വിഭജനാനന്തര കാലത്ത് അതിർത്തിക്കപ്പുറത്തേക്ക് അത് ആസ്വാദക വൃന്ദത്തെ കണ്ടെത്തി. പാകിസ്ഥാൻ പത്രങ്ങൾ ഇത് ‘ദിസ് ഈസ് ലാഹോർ’എന്ന പേരിൽ സ്വതന്ത്രമായി പ്രസിദ്ധീകരിച്ചു. പിന്നീട് ‘ബാബുജി’എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഈ ജനപ്രിയ കാർട്ടൂണുമായി സാമുവൽ ദി ഇന്ത്യൻ എക്സ്പ്രസ്സിലേക്ക് മാറി.
ശങ്കറിന്റെ മറ്റൊരു അനുയായിയായ രംഗ, തന്റെ തനതായ ദ്രുത രചനയിലൂടെ ഒരു സ്പോട്ട് കാരിക്കേച്ചറിസ്റ്റായി മാറി. ശങ്കേഴ്സ് വീക്കിലിയിലെ ഒരു ചെറിയ കാലയളവിന് ശേഷം അബു എബ്രഹാം ലണ്ടനിലേക്ക് കുടിയേറി. അദ്ദേഹത്തിന്റെ സരളവും മനോഹരവുമായ രേഖകൾ അവിടെ അദ്ദേഹത്തിന് വലിയൊരു ആരാധക വൃന്ദത്തെ സൃഷ്ടിച്ചു നൽകി.
1960-കളുടെ അവസാനത്തിൽ ഇന്ത്യയിൽ തിരിച്ചെത്തിയ അബു, അക്കാലത്തെ ഇന്ദിരാഗാന്ധിയുടെ സംഭവബഹുലമായ ഇന്ത്യയെ നാടോട്ടുക്കുമുള്ള ‘ഇന്ത്യൻ എക്സ്പ്രസ്സി’ന്റെ എഡിഷനുകളിലൂടെ രേഖപ്പെടുത്തി. രാജ്യമെമ്പാടുമുള്ള വായനക്കാർക്ക് അതൊരു ഒഴിച്ചുകൂടാനാവാത്ത തുടരനുഭവമായിരുന്നു. ഇന്നത്തെ ടെലിവിഷൻ ചർച്ചകളിലെ നടത്തിപ്പുകാരെ പോലെ, അബു ചുരുക്കെഴുത്തിൽ കുറിച്ചിട്ട രണ്ട് കോൺഗ്രസ്സുകാർ എന്നും രാഷ്ട്രീയ സംവാദങ്ങളിൽ ഏർപ്പെട്ടു.
അതുവരെ കണ്ടുശീലിച്ച രീതികളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തനായിരുന്നു ഒ.വി. വിജയൻ. അനാട്ടമി അഥവാ ശാരീരിക രൂപഘടനയെ ആവോളം ഉപേക്ഷിച്ച അദ്ദേഹം തന്റെ കഥാപാത്രങ്ങളെ ജ്യാമിതീയ രൂപങ്ങളായി ചുരുക്കുകയും ഇന്നത്തെ കമ്പ്യൂട്ടർ ഗ്രാഫിക്സിന് സമാനമായ രീതിയിൽ അവയെ വിന്യസിക്കുകയും ചെയ്തു.ചിത്രത്തിന്റെ പശ്ചാത്തലം അപ്പാടെ ഒഴിച്ചിടുകയോ പരുക്കൻ തുണി ഉപയോഗിച്ച് കറുത്ത മഷി പടർത്തി ഇരുണ്ട അന്തരീക്ഷം സൃഷ്ടിക്കുകയോ ചെയ്തു. ഇത് വരാനിരിക്കുന്ന ഇരുണ്ട നാളുകൾക്കായി അദ്ദേഹം കാർട്ടൂണുകളെ പാകപ്പെടുത്തുകയാണെന്ന് തോന്നിപ്പിച്ചു.
പ്രഗത്ഭനായ എഴുത്തുകാരനും കൂടി ആയതുകൊണ്ട് വിജയൻ പരോക്ഷമായ സൂചനകൾ നിറഞ്ഞ അടിക്കുറിപ്പുകൾ എഴുതുകയും വാക്കുകൾ കൊണ്ട് അമ്മാനമാടുകയും ചെയ്തു.1970-കളുടെ പകുതിയോടെ കാർട്ടൂണിന്റെ രൂപവും ഭാവവും കൂടുതൽ ഇരുളുകയും കാർട്ടൂണിസ്റ്റിന്റെ കാഴ്ചപ്പാട് കൊടും നിരാശയിലേക്ക് കൂപ്പു കുത്തുകയും ചെയ്തു.
സെൻസർ ചെയ്യപ്പെട്ട
കാർട്ടൂൺ കാലം
1975ജൂണിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുകയും പത്രമാധ്യമങ്ങൾക്ക് മേൽ പൂർണ്ണമായ സെൻസർഷിപ്പ് ഏർപ്പെടുത്തുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൽ മാധ്യമങ്ങൾക്കേറ്റ ആദ്യ പ്രഹരമായിരുന്നു ഇത്. ഇത് ഏറ്റവും കൂടുതൽ തളർത്തിയത് കാർട്ടൂണിസ്റ്റുകളെയായിരുന്നു.സെൻസർഷിപ്പിനെ മറികടക്കുന്ന രീതിയിലുള്ള കാർട്ടൂണുകൾ തുടർച്ചയായി നിർമ്മിക്കുക എന്നത് ഒരു കാർട്ടൂണിസ്റ്റിനെ സംബന്ധിച്ചിടത്തോളം അസാധ്യമായ ഒന്നായിരുന്നു.
അടിയന്തരാവസ്ഥ ഉണ്ടാക്കിയ ഏറ്റവും വലിയ നഷ്ടം ശങ്കേഴ്സ് വീക്കിലിയുടെ തിരോധാനം ആയിരുന്നു. സെൻസർഷിപ്പിന്റെ ആദ്യത്തെ കുറച്ച് മാസങ്ങൾക്ക് ശേഷംതന്നെ ശങ്കേഴ്സ് വീക്കിലി അടച്ചുപൂട്ടി.
അടിയന്തരാവസ്ഥ പിൻവലിച്ചതിനെത്തുടർന്ന് രാജ്യത്ത് മാധ്യമരംഗത്ത് വലിയ കുതിച്ചുചാട്ടം ഉണ്ടായെങ്കിലും തിരിഞ്ഞുനോക്കുമ്പോൾ നമുക്ക് എല്ലാത്തരം പ്രസിദ്ധീകരണങ്ങളും ഉണ്ടായെങ്കിലും ദേശീയ തലത്തിൽ ഒരു ആക്ഷേപഹാസ്യ ആനുകാലികം ഇല്ലാതെ പോയി.
ശങ്കറിന് പുറത്തും കാർട്ടൂൺ രംഗത്ത് വലിയ ചലനങ്ങൾ സംഭവിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാൻ ടൈംസിൽ ശങ്കറിന്റെ പിൻഗാമിയായി എത്തിയ അഹമ്മദ് (അവാലറ), എഡിറ്റോറിയൽ കാർട്ടൂണുകളിൽ തന്റെ മുദ്ര പതിപ്പിക്കുകയും തലസ്ഥാനത്തെ ആദ്യത്തെ ജനപ്രിയ സോഷ്യൽ കോമിക് ആയ’ചന്ദു’വിന് തുടക്കം കുറിക്കുകയും ചെയ്തു.1959-ൽ പത്രത്തിന്റെ എഡിറ്ററായിരുന്ന എസ്. മുൾഗാവോക്കർ, തലസ്ഥാനത്തെ രാഷ്ട്രീയക്കാർക്ക് പ്രതിദിനം ഓരോ ഡോസ് നൽകേണ്ടതുണ്ടെന്ന് തീരുമാനിച്ചു. ലണ്ടനിലെ ഗ്ലാസ്ഗോ ഹെറാൾഡിലും ദ ഗാർഡിയനിലും ജോലി ചെയ്ത് പുതുതായി വന്ന 25-കാരനായ രജീന്ദർ പുരി,ശക്തമായ രാഷ്ട്രീയ നിരീക്ഷണങ്ങളിലൂടെയും പത്രത്താളുകളെ എരിക്കാൻ കെൽപുള്ള ചിത്രണത്തിലൂടെയും പെട്ടെന്നുതന്നെ ശ്രദ്ധിക്കപ്പെട്ടു. അസാമാന്യമായ കാരിക്കേച്ചർ വൈദഗ്ധ്യമുള്ള അദ്ദേഹം, നെഹ്റുവിന് ശേഷമുള്ള കാലഘട്ടത്തിലെ വൈവിധ്യമാർന്ന രാഷ്ട്രീയ വ്യക്തിത്വങ്ങളെ സുഗമമായി നേരിട്ടു. എഡിറ്റോറിയൽ കാർട്ടൂണുകൾക്കും ഇടയ്ക്കിടെയുള്ള പോക്കറ്റ് കാർട്ടൂണുകൾക്കും പുറമേ, രാജ്യത്തെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ സ്ട്രിപ്പായ’ന്യൂസ് ഹൗണ്ട്’അദ്ദേഹം കൈകാര്യം ചെയ്തു. ബ്രഷ്,സ്ക്രീൻ ടിന്റുകൾ, ഡിപ്പ് & ഡ്രോ ക്രോക്വിൽ, ഇപ്പോഴത്തെ ഫെൽറ്റ് പെൻ, തുടങ്ങി പരീക്ഷിച്ച സകലമാന ചിത്രണ സമഗ്രികളിലൂടെയും അദ്ദേഹത്തിന്റെ വ്യതിരിക്തമായ ശൈലി തെളിഞ്ഞു നിന്നു. പിന്നീട് ഗ്രാഫിക് സോഫ്റ്റ് വെയറിലേക്ക് മാറുകയും മിക്ക ചെറുപ്പക്കാരേക്കാളും സമർഥമായി മൗസ് ഉപയോഗിക്കുകയും ചെയ്തു.
കാർട്ടൂൺ
മഹാനഗരത്തിൽ
ഡൽഹിയിൽ കാർട്ടൂണുകളുടെ സദ്യ വട്ടം നടക്കുമ്പോൾ മുംബൈയിലെ ചൗപാട്ടിയിൽ സാധാരണക്കാരന്റെ പാവ് ഭാജി പോലെ ആർ.കെ. ലക്ഷ്മണിന്റെ കാർട്ടൂണുകൾ വന്നു തുടങ്ങി. ആർ.കെ. ലക്ഷ്മണാണ് നമുക്ക് ആദ്യത്തെ മഹാനഗര കാർട്ടൂണിസ്റ്റ്.. ഇങ്ങു തെക്കെ ഇന്ത്യയിലെ മൈസൂരിൽ നിന്നുള്ള ഈ കുടിയേറ്റക്കാരൻ ദി ടൈംസ് ഓഫ് ഇന്ത്യയുടെ മുൻ പേജിലൂടെ 60 വർഷമായി മുംബൈ ഉൾക്കൊള്ളുന്ന ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ മനസ്സ് വായിച്ചുകൊണ്ടിരുന്നു. മുംബൈ എന്ന നഗരം ഇന്ത്യയുടെ ഒരു കൊച്ചു പതിപ്പാകയാൽ,പത്രത്തിന്റെ പുതിയ എഡിഷനുകളിലൂടെ ലക്ഷ്മണിന് രാജ്യം മുഴുവൻ എളുപ്പത്തിൽ സ്വീകാര്യത ലഭിച്ചു. അതുല്യനായ ഈ കലാകാരനും അദ്ദേഹം സൃഷ്ടിച്ച സാധാരണക്കാരനായ’കോമൺ മാൻ’എന്ന കഥാപാത്രവും വളരെ വേഗം തന്നെ ദേശീയ ഐക്കണുകളായി മാറി.”ഇന്ത്യക്കാർ അത്തരത്തിലാണ് സംസാരിക്കുന്നത്”എന്ന കാരണത്താൽ, ദൈർഘ്യമേറിയ അടിക്കുറിപ്പുകൾ നൽകിക്കൊണ്ട് അദ്ദേഹം പോക്കറ്റ് കാർട്ടൂണുകളെ ഇന്ത്യൻ സാഹചര്യങ്ങൾക്കനുസൃതമായി മാറ്റിയെടുത്തു. ഡേവിഡ് ലോ-യുടെ ശൈലിയിൽ നിന്ന് സ്വീകരിച്ച ബ്രഷ് സ്ട്രോക്കുകൾ ഉപയോഗിച്ച്, സന്ദർഭോചിതമായ ഹാസ്യം സൃഷ്ടിക്കാൻ അദ്ദേഹം സൂക്ഷ്മമായ വിശദാംശങ്ങളോടെ വരയ്ക്കുന്നു. അദ്ദേഹത്തിന്റെ എഡിറ്റോറിയൽ കാർട്ടൂണുകൾ പോലും യാഥാർഥ്യത്തോട് അടുത്ത് നിൽക്കുന്നതും പ്രകോപനപരമാകുന്നതിനേക്കാൾ ഉപരി വിരോധാഭാസങ്ങൾ നിറഞ്ഞതുമാണ്. ഭരണവർഗത്തെ കുറിച്ച് പരാതിപ്പെടാനും അവരുമായി ബന്ധം പുലർത്താനും ആഗ്രഹിക്കുന്ന, എന്നാൽ സുരക്ഷിതമായ ഒരു അകലം പാലിക്കാൻ ഇഷ്ടപ്പെടുന്ന നഗരവൽക്കരിക്കപ്പെട്ട മധ്യവർഗത്തിന് ഈ ശൈലി തികച്ചും അനുയോജ്യമാണ്. അവരാണ് ലക്ഷ്മണന്റെ വായനക്കാർ. ലക്ഷ്മൺ കാർട്ടൂൺ നിങ്ങളെ ഒരിക്കലും പ്രകോപിപ്പിക്കില്ല, മറിച്ച് അധികാരികളെ എന്നും അവിശ്വാസത്തോടെ കാണാൻ പാകത്തിൽ നിങ്ങളെ ബോധവാന്മാരാക്കി നിലനിർത്തുന്നു.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അമേരിക്കൻ മെട്രോപൊളിറ്റൻ നഗരങ്ങൾ കെട്ടിപ്പടുത്ത കുടിയേറ്റക്കാരുടെ വരവും സ്ട്രിപ്പ് കാർട്ടൂണുകളുടെ വളർച്ചയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അമേരിക്കൻ കാർട്ടൂൺ ചരിത്രകാരി ജൂഡിത്ത് ഒ സള്ളിവൻ പ്രതിപാദിക്കുന്നുണ്ട്. അര നൂറ്റാണ്ടിനുശേഷം മുംബൈയിൽ, ജോലിയും ഭാഗ്യവും ഒരു വൻ ജീവിതവും തേടി വന്നവർക്ക് മുന്നിൽ ഒരു കണ്ണാടി പിടിച്ചുകൊണ്ട് ലക്ഷ്മൺ ചെയ്തതും ഇത് തന്നെയാണ്. വെറുമൊരു ഒറ്റ കോളം പോക്കറ്റ് കാർട്ടൂണിലൂടെയായിരുന്നു അദ്ദേഹം ഇത് സാധ്യമാക്കിയത്.
കാർട്ടൂണുകളിലെ എല്ലാ വിഭാഗങ്ങളിലും വെച്ച്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം നിലനിന്നുപോരുന്നത് ഈ ചെറിയ ചതുരമാണ്. സ്വതന്ത്ര ഇന്ത്യയിലെ ബ്യൂറോക്രാറ്റിക് ഡൽഹിയെ പിന്തുടരാൻ സാമുവൽ തുടക്കമിട്ട ഈ ഇന്ത്യൻ പോക്കറ്റ് കാർട്ടൂൺ പിന്നീട് പുതിയ മാനങ്ങൾ കണ്ടെത്തി. ഒരു നഗരത്തിന്റെ സാമൂഹിക ചലനങ്ങളും രാഷ്ട്ര തലസ്ഥാനത്തിന്റെ ഭരണ വ്യവഹാരങ്ങളും ഉൾചേർത്തു ഇരട്ടമുഖത്തോടെ പെരുമാറിയിരുന്ന ഡൽഹിയുടെ 1970 കളും 80 കളും രേഖപ്പെടുത്താൻ സുധീർ ധർ ഈ മാധ്യമം ഉപയോഗിച്ചു. അതിലേക്ക്, ഹിന്ദുസ്ഥാൻ ടൈംസിൽ അദ്ദേഹത്തിന്റെ പിൻഗാമിയായ സുധീർ തായ്ലാങ്,രാജസ്ഥാനി നാടോടി കലാരൂപങ്ങളെ അനുസ്മരിപ്പിക്കുന്ന കഥാപാത്രങ്ങളും രാഷ്ട്രീയവും ഇഴചേർത്തു. ‘ദി ഇക്കണോമിക് ടൈംസി’ലെ തങ്ങളുടെ പോക്കറ്റ് കാർട്ടൂണുകളിലൂടെ മാരിയോ മിറാൻഡയും സലാമും കോർപ്പറേറ്റ് തൊഴിലിടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മരിയോയ്ക്ക് കോമിക് കല എന്നത് അദ്ദേഹത്തിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒന്നാണ്. അലസമായി കോടി ഇടുമ്പോൾ പോലും നർമ്മത്തിന്റെ മർമ്മത്തിൽ അദ്ദേഹം തൊട്ടിരിക്കും .
കാർട്ടൂൺ ഹൈടെക് ആകുന്നു
സലാം, ഇർഫാൻ ഹുസൈൻ, നീലഭ്, ജയന്തോ പിന്നീട് വന്ന പ്രസാദ്, ശേഖർ ഗുരേര, മഞ്ജുൾ, ബോണി തോമസ്, ജയചന്ദ്രൻ എന്നിവർ എഡിറ്റോറിയൽ വഴിയിലൂടെയല്ലാതെ ഡിസൈൻ/ഗ്രാഫിക്സ് മേഖലയിലൂടെ ഈ രംഗത്തേക്ക് കടന്നുവന്ന തലമുറയെ പ്രതിനിധീകരിക്കുന്നു. ഇവരിലൂടെ കാർട്ടൂൺ രംഗത്ത് സാങ്കേതികവിദ്യയുടെ പുതുയുഗം എത്തുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിൽ അജിത് നൈനാൻ രാഷ്ട്രീയം മുതൽ കായികം വരെയുള്ള വിഷയങ്ങളിൽ സ്വതന്ത്ര കാർട്ടൂണുകൾ വരയ്ക്കുകയും,വാർത്താ കഥകൾക്കും പത്രാധിപ ലേഖനങ്ങൾക്കും കാർട്ടൂൺ ചിത്രീകരണങ്ങളോ ഗ്രാഫിക്കുകളോ നൽകി പിന്തുണക്കുകയും,ബിസിനസ് പേജിനായി ഒരു ഗ്രാഫിക് ചതുരത്തിൽ ഒരുപിടി കാരിക്കേച്ചറുകൾ ഒതുക്കിവരയ്ക്കുകയും ചെയ്തു. ഇത്രയും ചെയ്തെടുക്കാൻ വേണ്ട അസാമാന്യ വേഗത കാണുമ്പോൾ അദ്ദേഹം രണ്ട് കൈകൾ കൊണ്ടും കമ്പ്യൂട്ടർ സ്റ്റൈലസ് കൊണ്ടും ഒരേസമയം വരയ്ക്കുകയാണോ എന്ന് തോന്നിപ്പോകും. എന്നാൽ സാങ്കേതികവിദ്യ മാത്രമുപയോഗിച്ചല്ല അദ്ദേഹം തന്റെ കലാസൃഷ്ടി നടത്തിയത്, കൈകൊണ്ടു വരച്ച ചിത്രങ്ങളിൽ ഗ്രാഫിക് സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് കൂടുതൽ മിഴിവ് വരുത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. എന്നാൽ മികച്ച സാങ്കേതിക പരിശീലനം ലഭിച്ച ആർക്കിടെക്റ്റായ പൊന്നപ്പ, എഞ്ചിനീയറായ രവി കാന്ത് എന്നീ കാർട്ടൂണിസ്റ്റുകളുടെ വരകളിൽ യാന്ത്രികത സാന്നിധ്യം പ്രകടമല്ല. സാങ്കേതിക വിദ്യ വിശാലമായി ഉപയോഗിച്ചത് പഴയ രീതിയിൽ വരച്ചു വളർന്ന രവിശങ്കറാണ്. ഇന്ത്യ ടുഡേയിലെ അദ്ദേഹത്തിന്റെ കാർട്ടൂണുകൾ കമ്പ്യൂട്ടർ നിർമ്മിതമാണെങ്കിലും കാർട്ടൂണിന്റെ അടിസ്ഥാന ധർമ്മം പരിപൂർണ്ണമായി നിലനിർത്തുന്നു. സാങ്കേതികവിദ്യ അത്രയൊന്നും വളരാത്ത 1980-കളിൽ, അരുൺ ഷൂരി എഡിറ്ററായിരുന്ന’ഇന്ത്യൻ എക്സ്പ്രസ്സിൽ’ നിശിത വിമർശനമുള്ള കാർട്ടൂണുകളിലൂടെ അദ്ദേഹം ദേശീയ ശ്രദ്ധ നേടി. ഇത്തരത്തിലുള്ള ‘അഡ്വക്കസി കാർട്ടൂണിങ്’ (ഒരു പ്രത്യേക നിലപാടിനായി നിലകൊള്ളുന്നത്) ഇന്ത്യയിൽ അപൂർവമാണെങ്കിലും 1992 ഡിസംബറിൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ കാർട്ടൂണിസ്റ്റുകളുടെ കൂട്ടായ പ്രതിഷേധം നമ്മൾ കാണുകയുണ്ടായി.
ആവേശംകൊണ്ടു മാത്രം ഒരു പ്രൊഫഷന് സ്വയം നിലനിൽക്കാൻ കഴിയുമോ? ആവേശം തിളയ്ക്കുന്ന ഘട്ടങ്ങൾക്കിടയിലുള്ള ശാന്തസമയങ്ങളിൽ, പത്രങ്ങൾ കാർട്ടൂണുകളെ ഒരു പരിധിവരെ നിസ്സംഗതയോടെയാണ് കൈകാര്യം ചെയ്യുന്നത്. നമ്മുടെ രാഷ്ട്രീയം ബിസിനസ്സിലേക്കും ആഗോള വിഷയങ്ങളിലേക്കും വ്യാപിക്കുകയും,ഭരണവിരുദ്ധ വികാരം വച്ചുപുലർത്തുന്ന വോട്ടർമാർ സർക്കാരുകളെ മാറിമാറി പുറത്താക്കുകയും ചെയ്യുന്ന കാലത്ത്, വാർത്താ കാർട്ടൂണുകളുടെ വ്യാപ്തിയും പ്രഹരശേഷിയും വർധിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ അക്ഷരാർത്ഥത്തിൽ അത് ചുരുങ്ങുകയാണ് ചെയ്യുന്നത്. പലപ്പോഴും പത്രങ്ങളിൽ എഡിറ്റോറിയൽ കാർട്ടൂണുകൾ പ്രത്യക്ഷപ്പെടുന്നത് ഒരു ‘ബോൺസായ്’ രൂപത്തിലാണ്. 1990-കളിൽ പാശ്ചാത്യ രാജ്യങ്ങളിലും ഇത്തരത്തിൽ കാർട്ടൂണുകളെ സ്റ്റാമ്പ് വലിപ്പത്തിലേക്ക് ചുരുക്കുന്ന രീതി ഉണ്ടായിരുന്നു. എന്നാൽ സ്റ്റീവ് ബെല്ലിനെപ്പോലെയുള്ള വിട്ടുവീഴ്ചയില്ലാത്ത കാർട്ടൂണിസ്റ്റുകളുടെ ഇടപെടലുകൾ കാരണം അവർ രാഷ്ട്രീയ കാർട്ടൂണുകളെ പിന്നീട് അർഹമായ സ്ഥാനത്ത് തിരികെ പ്രതിഷ്ഠിച്ചു.
ഇതിനിടയിൽ നിർഭാഗ്യകരമായ പലതും സംഭവിച്ചു ഇർഫാൻ ഹുസൈൻ, മായാ കാമത്ത് എന്നിവർ അവരുടെ കലാജീവിതത്തിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് മരിക്കുന്നത്. ഡബിൾ തിങ്ക്, സുകി എന്നീ രണ്ട് മികച്ച കോമിക് സ്ട്രിപ്പുകൾ നടത്തിയ ശേഷം മഞ്ജുള പത്മനാഭൻ അതിൽ നിന്ന് പിന്മാറി. ഇന്ത്യൻ നഗരം എന്ന സങ്കീർണ്ണമായ മനുഷ്യവാസത്തെ രേഖപ്പെടുത്താൻ കാർട്ടൂണിലെ നമ്മുടെ ആദ്യത്തെ’സാധാരണക്കാരി’ ആയ ആ യുവതി സുകി ഇന്നുണ്ടാകേണ്ടതായിരുന്നു.
സാരനാഥ് ബാനർജിയുടെ’കോറിഡോർ’, പാശ്ചാത്യ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള’ഗ്രാഫിക് നോവൽ’എന്ന വ്യത്യസ്തമായ കാർട്ടൂൺ ശൈലിയിലൂടെ ഡൽഹിയെക്കുറിച്ച് ഒരു പുസ്തകത്തിന്റെ ദൈർഘ്യമുള്ള വിവരണം നൽകി. രസകരമായ വസ്തുത എന്താണെന്നുവച്ചാൽ, വിഖ്യാത ചലച്ചിത്രകാരനായി മാറിയ കേരളത്തിലെ കാർട്ടൂണിസ്റ്റ് ജി. അരവിന്ദൻ, 1961-ൽ തന്നെ ഈ രീതിയിലുള്ള കലാസൃഷ്ടിയെ (sequential art form) മുൻകൂട്ടി കണ്ടിരുന്നു എന്നതാണ്. ഗാരി ട്രൂഡോയുടെ’ഡൂൺസ്ബറി’ ചിന്തയിൽ പോലുമെത്തുന്നതിന് മുമ്പ്, മാതൃഭൂമി ആഴ്ചപ്പതിപ്പിലെ അരവിന്ദന്റെ കഥാപാത്രങ്ങൾക്ക് പ്രായമാകുകയും നിഷ്കളങ്കത നഷ്ടപ്പെടുകയും ഒരു നോവലിന്റെ കാൻവാസിലേക്ക് അവ വളരുകയും ചെയ്തു.
മാധ്യമങ്ങൾ ഇടയ്ക്കിടെ പ്രയോജനപ്പെടുത്തുന്ന ഇത്തരത്തിലുള്ള ഒറ്റപ്പെട്ട പ്രതിഭകൾക്കപ്പുറം, സംഘടിതമായ പിന്തുണകളില്ലാതെയാണ് നമ്മുടെ കാർട്ടൂണിങ് മേഖല മുന്നോട്ടുപോകുന്നത്. എന്നാൽ വിപണി അടുത്തകാലത്തായി ഈ മേഖലയോട് പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. സിനിമയും പരസ്യരംഗവും ഇപ്പോൾ അനിമേഷനും ക്ലേമേഷനും വ്യാപകമായി കാർട്ടൂൺ ഉപയോഗിക്കുന്നുണ്ട്. ലോകത്തിലെ പ്രധാന അനിമേഷൻ കേന്ദ്രമായി മാറാൻ ഇന്ത്യ തയ്യാറെടുക്കുമ്പോൾ,വെറും സാങ്കേതിക വിദഗ്ധരേക്കാൾ ഉയർന്ന സർഗാത്മക ശേഷിയുള്ള സ്രഷ്ടാക്കളെയാണ് നമുക്ക് ആവശ്യം. അത്തരം ഒരു പ്രതിഭകളുടെ നിര ഉണ്ടാകണമെങ്കിൽ അച്ചടി-ദൃശ്യ മാധ്യമങ്ങൾ കാർട്ടൂണുകളെ കൂടുതൽ ഗൗരവത്തോടെയും പ്രൊഫഷണലായും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. 1950-കളിലും 60-കളിലും പ്രശസ്തനായിരുന്ന തനു (ലണ്ടനിലെ’ദ ടൈംസ്’ അദ്ദേഹത്തിന്റെ ഒരു കാർട്ടൂൺ പുനഃപ്രസിദ്ധീകരിച്ചതോടെയാണ് അദ്ദേഹം ശ്രദ്ധേയനായത്) കാർട്ടൂണിങ് വിട്ട് ‘ബ്രില്യന്റ് ട്യൂട്ടോറിയൽസ്’ എന്ന വിജയകരമായ വിദ്യാഭ്യാസ സ്ഥാപനം കെട്ടിപ്പെടുത്തു. കാർട്ടൂണിസ്റ്റായ ബാൽ താക്കറെ തന്റെ രണ്ടാം തൊഴിൽ തിരഞ്ഞെടുത്തപ്പോൾ സംഭവിച്ചതെന്താണെന്ന് നമുക്കെല്ലാവർക്കും അറിയാമല്ലോ!
(ആശാ റാണി മാത്തൂർ എഡിറ്റ് ചെയ്ത് ദി ഇന്ത്യൻ മീഡിയ,ഇല്യൂഷൻ, ഡെല്യൂഷൻ ആൻഡ് റിയാലിറ്റി, എസ്സേസ് ഇൻ ഓണർ ഓഫ് പ്രേം ഭാട്ടിയ എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പ്രസക്തഭാഗങ്ങൾ)
