അരണ്യ സമ്പത്തിന് സംരക്ഷണം വനാശ്രിത സമൂഹത്തിന് ക്ഷേമം
എ. കെ. ശശീന്ദ്രന്‍
വനം, വന്യജീവി വകുപ്പ് മന്ത്രി
മനുഷ്യ-വന്യ ജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് പരിഹാര മാര്‍ഗങ്ങള്‍ അടങ്ങിയ 620 കോടി രൂപ ചെലവ് വരുന്ന അഞ്ചു വര്‍ഷ കാലയളവിലേക്കുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. എട്ട് സ്ഥിരം റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ നിലമ്പൂര്‍ നോര്‍ത്ത്, വയനാട്, പാലക്കാട്, കണ്ണൂര്‍, റാന്നി, കോഴിക്കോട്, മണ്ണാര്‍ക്കാട്, പേപ്പാറ എന്നിവിടങ്ങളിലും ഏഴ് താല്‍ക്കാലിക റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ കാസര്‍ഗോഡ്, കല്‍പ്പറ്റ, മലയാറ്റൂര്‍, മൂന്നാര്‍, പുനലൂര്‍, അട്ടപ്പാടി, പീരുമേട് എന്നിവിടങ്ങളിലും മനുഷ്യ-വന്യ ജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനും തടയുന്നതിനും രൂപീകരിച്ചു.
കൂടാതെ പൊതുജന പങ്കാളിത്തത്തോടെ നടപടികള്‍ സ്വീകരിക്കുന്നതിനായി തദ്ദേശീയരും ജന പ്രതിനിധികളും വനം ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള 261 ജന ജാഗ്രതാ സമിതികള്‍ സംസ്ഥാനത്ത് രൂപീകരിച്ചു.
മനുഷ്യ വന്യജീവി സംഘര്‍ഷം രൂക്ഷമായ വയനാട്, കാസര്‍ഗോഡ്, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ വന്യ മൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നത് തടയാന്‍ കഴിഞ്ഞു. രണ്ടു വര്‍ഷ കാലയളവിനുള്ളില്‍ 921.03 ലക്ഷം രൂപ ചെലവിട്ട് 609.12 കി.മീറ്റര്‍ സൗരോര്‍ജ വേലി സ്ഥാപിച്ചു. ഇതിനു പുറമെ ആന പ്രതിരോധ മതിലുകള്‍, ആന പ്രതിരോധ കിടങ്ങുകള്‍, ക്രാഷ് ഗാർഡ്, ഫെൻസിംഗ്, റെയിൽ ഫെൻസിംഗ് സ്ഥാപിച്ചു. വന്യ മൃഗങ്ങളുടെ സാന്നിധ്യം മുന്‍കൂറായി അറിയിക്കുന്നതിനായി റാപ്പിഡ് റെസ്പോണ്‍സ് ടീമുകളെ അടിസ്ഥാനമാക്കി ഏര്‍ളി വാണിംഗ് സിസ്റ്റം മൂന്നാര്‍ വനത്തിനോട് ചേര്‍ന്നുള്ള ജനവാസ മേഖലകളില്‍ നടപ്പാക്കി.
പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച നടപടികള്‍
വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍ എന്നിവയ്ക്ക് ചുറ്റും പരിസ്ഥിതി സംവേദക മേഖല നിശ്ചയിക്കുമ്പോള്‍ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളും സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതു സ്ഥാപനങ്ങളും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് സംരക്ഷിക്കുന്നതിനായി ഭരണപരവും നിയമപരവുമായ നടപടികള്‍ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി ഒരു കി.മീ. ചുറ്റളവില്‍ പരിസ്ഥിതി സംവേദക മേഖലകള്‍ നിശ്ചയിച്ചാല്‍ ആയതില്‍ ഉള്‍പ്പെടുന്ന വീടുകള്‍, സ്ഥാപനങ്ങള്‍, മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയുള്ള വിവര ശേഖരണം സംസ്ഥാന റിമോട്ട് സെന്‍സിങ്ങ് & എന്‍വയോണ്‍മെന്റ് സെന്റര്‍ മുഖേന നടത്തി.
പരിസ്ഥിതി സംവേദക മേഖലയില്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ ഉപഗ്രഹ സര്‍വെക്ക് പുറമെ ഭൗതിക സ്ഥല പരിശോധന കൂടി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജനങ്ങളുടെ പരാതികള്‍/വിവരങ്ങള്‍ എന്നിവ സമര്‍പ്പിക്കുന്നതിന് ജനുവരി ഏഴ് വരെ സമയം അനുവദിക്കുകയും നിശ്ചിത തീയതിക്കകം ലഭിച്ച 63,615 പരാതികള്‍ പരിഹരിക്കുകയും ചെയ്‌തു.
സുപ്രീം കോടതിയുടെ 03.06.2022-ലെ ഉത്തരവില്‍ നിര്‍ദേശിക്കുന്ന ദൂര പരിധിയില്‍ ഇളവ് ലഭിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച മോഡിഫിക്കേഷന്‍ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചു.
ആദിവാസി സമൂഹത്തിന് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍
വനാന്തരങ്ങളില്‍ താമസിക്കുന്ന ആദിവാസി, ഇതര സമൂഹത്തില്‍പ്പെട്ട 453 കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ കഴിഞ്ഞ രണ്ടു വര്‍ഷ ഭരണ കാലയളവില്‍ റീബില്‍ഡ് കേരള പദ്ധതി മുഖേന 34.725 കോടി രൂപയും കിഫ്ബി ഫെയ്‌സ് രണ്ട് പദ്ധതി മുഖേന 16.05 കോടി രൂപയും അനുവദിച്ച് പുനരധിവാസത്തിന് സാഹചര്യം ഒരുക്കി.
അധിനിവേശ സസ്യങ്ങള്‍/ആവാസ വ്യവസ്ഥ സംരക്ഷണം
വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷനില്‍ 12300 ഹെക്‌ടർ വന ഭൂമിയില്‍ വ്യാപിച്ചു കിടക്കുന്നതും വയനാട് വന്യജീവി സങ്കേതത്തിലെ സ്വാഭാവിക വനത്തിന് ദോഷം ഉണ്ടാക്കുന്നതുമായ അധിനിവേശ സസ്യങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി മഞ്ഞക്കൊന്ന നശിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. ആദ്യ ഘട്ടമെന്ന നിലയില്‍ 1672 ഹെക്‌ടർ പ്രദേശത്താണ് ഇത് നടപ്പിലാക്കുന്നത്. 5.31 കോടി രൂപയുടെ പദ്ധതി നബാര്‍ഡിന്റെ സഹായത്തോടെ മുത്തങ്ങ, കുറിച്യാട് ഫോറസ്റ്റ് റേഞ്ചുകളിലാണ് നടപ്പിലാക്കുന്നത്.
കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രം അന്തര്‍ ദേശീയ നിലവാരത്തിലേക്ക്
തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിനടുത്ത് കാപ്പുകാട് റിസര്‍വ് വനമേഖലയില്‍ നിലവിലുള്ള ആന പുനരധിവാസ കേന്ദ്രം അന്തർ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ന്നത് വകുപ്പിന്റെ നേട്ടമാണ്.
എന്‍ട്രന്‍സ് പ്ലാസ, കുട്ടിയാനകള്‍ക്കുള്ള കേന്ദ്രം, ക്വാറന്റൈന്‍ കേന്ദ്രം, ആറ് ആനക്കൊട്ടിലുകള്‍, വെറ്റിനറി ഹോസ്‌പിറ്റൽ അഡ്‌മിനിസ്‌ട്രേഷൻ ബ്ലോക്ക്, കഫെറ്റീരിയ എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 46 കോടി രൂപയാണ് ചെലവ്.
വിജയ മുദ്രകള്‍ ഭാവി രേഖകള്‍
- വന്യമൃഗ ആക്രമണങ്ങളില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്‌ട പരിഹാരമായി ഈ സര്‍ക്കാരിന്റെ കാലയളവില്‍ 2354.91 ലക്ഷം രൂപ നല്‍കി.
- തേനിച്ച/കടന്നല്‍ കുത്തേറ്റ് മരണപ്പെടുന്ന വ്യക്തികള്‍ക്ക് 10 ലക്ഷം രൂപ വരെ നഷ്‌ട പരിഹാരം നല്‍കുന്നതിന് ഉത്തരവായി.
- വയനാട് വന്യ ജീവി സങ്കേതത്തിലെ കുറിച്യാട് റെയിഞ്ചില്‍ കേരളത്തിലെ ആദ്യത്തെ ആനിമല്‍ ഹോസ്പൈസ് ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് സ്ഥാപിച്ചു.
- ജനവാസ മേഖലയില്‍ പാമ്പുകളെ കണ്ടാല്‍ അവയെ സുരക്ഷിതമായി പിടികൂടി ആവാസ വ്യവസ്ഥയിലേക്ക് വിടുന്നതിന് വനം വകുപ്പ് സര്‍പ്പ ആപ്പ് സംവിധാനം.
- പൂത്തൂര്‍ റിസര്‍വ് വനമേഖലയില്‍ 136.28 ഹെക്‌ടറിൽ അന്തര്‍ ദേശീയ നിലവാരത്തിലുള്ള സുവോളജിക്കല്‍ പാര്‍ക്ക് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.
- സംസ്ഥാനത്ത് ആദ്യമായി ചെക്പോസ്റ്റുകളെ സംയോജിത ഫോറസ്റ്റ് ചെക്പോസ്റ്റ് സമുച്ചയങ്ങളാക്കി മാറ്റുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
- പുനലൂര്‍, മൂന്നാര്‍, പാലക്കാട്, നിലമ്പൂര്‍ നോര്‍ത്ത്, കണ്ണൂര്‍, വയനാട് (വൈൽഡ് ലൈഫ് സാങ്ച്വറി) എന്നീ ഫോറസ്റ്റ് ഡിവിഷനുകളില്‍ 1,809.32 ലക്ഷം രൂപ ചെലവഴിച്ചു.
- തേക്ക് തോട്ടങ്ങളുടെ പരിപാലനം, ചന്ദനക്കാടുകളുടെ സംരക്ഷണം എന്നിവയ്ക്കായി നടപടികള്‍ സ്വീകരിച്ചു വരുന്നു.
- അഗ്‌നി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നൂതന മാര്‍ഗങ്ങള്‍ വകുപ്പില്‍ കൊണ്ട് വന്നു
- കേരളത്തിന്റെ ഹരിതാവരണം വര്‍ധിപ്പിക്കുക, അന്തരീക്ഷ താപം കുറയ്ക്കുന്നതിനുള്ള കാര്‍ബണ്‍ ന്യൂട്രല്‍ കേരളം എന്നീ ലക്ഷ്യങ്ങളോടെ നല്ലയിനം തൈകള്‍ ഉൽപാദിപ്പിച്ച് വനേതര പ്രദേശങ്ങളില്‍ വച്ചു പിടിപ്പിക്കുന്നതിനും അവയുടെ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്കുമായി വനം വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ‘വൃക്ഷ സമൃദ്ധി’ പദ്ധതി നടപ്പിലാക്കി വരുന്നു.
- ഈ സര്‍ക്കാരിന്റെ കാലയളവില്‍ 38 ലക്ഷം രൂപ ചെലവാക്കി 15 നഗര വനങ്ങളാണ് നട്ടു പിടിപ്പിച്ചത്.
- സംസ്ഥാനത്തൊട്ടാകെ ഈ സര്‍ക്കാരിന്റെ കാലത്ത് നാളിതുവരെ 75 വിദ്യാ വനങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്. പദ്ധതിക്കായി 215 ലക്ഷം രൂപ ചെലവഴിച്ചു.
- 2022-23 വര്‍ഷത്തില്‍ 54 കാവുകള്‍ക്കും ധന സഹായം നല്‍കി
- ഫോറസ്റ്റ് പ്ലസ് 2.0 പ്രോജക്‌ടിന്റെ ഭാഗമായി തിരുവനന്തപുരം ലാൻഡ്‌സ്‌കേപ്പ് തിരഞ്ഞെടുക്കുകയും eco system approach of Forest Plus management based Working Plan ഡിവിഷനു വേണ്ടി തയ്യാറാക്കുകയും ചെയ്‌തു.
- നാശോന്മുഖമായ വനങ്ങളും ആവാസ വ്യവസ്ഥയും പുനസ്ഥാപിക്കുവാനും, വനത്തെ ആശ്രയിക്കുന്ന സമൂഹങ്ങളുടെ ഉപജീവന മാര്‍ഗം മെച്ചപ്പെടുത്തുവാനും PFM മുഖാന്തരം സാധിച്ചു.
- സംസ്ഥാനത്തെ 60 ഇക്കോ ടൂറിസം കേന്ദ്രങ്ങളിലായി 213 പാക്കേജുകള്‍ പൊതു ജനങ്ങള്‍ക്കായി വനം വകുപ്പ് നടത്തി വരുന്നു.
- വിവിധ ഇക്കോ ടൂറിസം പദ്ധതികള്‍ക്കായി 1353.3 ലക്ഷം രൂപ അനുവദിച്ചു
- ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം (Vanasree.in) വഴി വനശ്രീ ഉല്‍ന്നങ്ങളുടെ വിപണനം വനം വകുപ്പ് ആരംഭിച്ചു.
- സര്‍ക്കാരിന്റെ ലക്കി ബില്‍ സമ്മാന പദ്ധതിയില്‍ വിജയികള്‍ക്ക് വനശ്രീ ഉല്‍ന്നങ്ങള്‍ സമ്മാനമായി നല്‍കുന്ന സംവിധാനം ആരംഭിച്ചു.
- നാളിതുവരെ 201.125 ലക്ഷം രൂപ എല്ലാ യൂണിറ്റുകള്‍ക്കും വിതരണം ചെയ്തു. VDVK യുടെ കീഴില്‍ 617 സ്വയം സഹായ സംഘങ്ങള്‍ രൂപവല്‍ക്കരിച്ചു. ഇതിന്റെ പ്രയോജനം സംസ്ഥാനത്തെ 12,038 ല്‍പരം ആദിവാസി സമൂഹങ്ങള്‍ക്ക് ലഭിക്കുന്നു.
- തിരഞ്ഞെടുത്ത വനാശ്രിത ഗ്രാമങ്ങളില്‍ ഔഷധ സസ്യക്കൃഷി പദ്ധതി നടപ്പിലാക്കി വരുന്നു.
- തട്ടേക്കാട് വന്യജീവി സങ്കേതത്തില്‍ സന്ദര്‍ശകരായ ഭിന്നശേഷി ഉള്ളവര്‍ക്കും വയോജനങ്ങള്‍ക്കുമായി ഇലക്ട്രിക് ബഗ്ഗി വാഹന സൗകര്യം ഏര്‍പ്പെടുത്തി.
- സംസ്ഥാനത്തെ 150 ഓളം ആദിവാസി ഗ്രാമങ്ങളെ സാംസ്‌കാരിക പഠന കേന്ദ്രങ്ങളാക്കി മാറ്റുന്ന കതിര്‍ പദ്ധതി നടപ്പിലാക്കിവരുന്നു.
