എ ഐ യുഗത്തിലെ അധ്യാപനം സാധ്യതകൾ വെല്ലുവിളികൾ ബദലുകൾ

സമകാലിക ജനപഥം 2026
ഒക്ടോബർ 1 പുസ്തകം 13 ലക്കം 3

സാങ്കേതികവിദ്യയുടെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ വഴിത്തിരിവിലൂടെയാണ് നാം കടന്നുപോകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) എന്നത് വിദൂരഭാവിയുടെ സങ്കൽപമല്ല, മറിച്ച് നമ്മുടെ ദൈനംദിന ജീവിതത്തെയും ക്ലാസ്മുറികളെയും സ്വാധീനിക്കുന്ന സജീവ യാഥാർഥ്യമായിക്കഴിഞ്ഞു. ഒരു വിരൽത്തുമ്പിൽ ഉപന്യാസങ്ങൾ ചമയ്ക്കാനും സങ്കീർണ്ണ സമവാക്യങ്ങൾ പരിഹരിക്കാനും പ്രോഗ്രാമിങ് കോഡുകൾ നിർമ്മിക്കാനും ജനറേറ്റീവ് എ ഐ ടൂളുകൾക്ക് സാധിക്കുന്ന ഇക്കാലത്ത് ആഗോളതലത്തിൽ ഏറ്റവും ഗൗരവ ത്തോടെ ഉന്നയിക്കപ്പെടുന്ന ചോദ്യമാണ് എ ഐ യുഗത്തിലെ അധ്യാപകന്റെ പങ്ക്. പരമ്പരാഗത അർഥത്തിലുള്ള ‘വിവരദാതാവ്’ എന്ന സ്ഥാനത്തുനിന്ന് അധ്യാപകർ മാറുമ്പോൾ, അറിവിനപ്പുറം കുട്ടികളെ വിവേകത്തിലേക്കും സർഗാത്മകതയിലേക്കും നയിക്കുന്ന വഴികാട്ടിയായി അധ്യാപകൻ മാറേണ്ടതിന്റെ പ്രാധാന്യമാണ് ഇന്ന് ചർച്ചയാകുന്നത്.

എ ഐ തുറന്നിടുന്ന
അധ്യാപന സാധ്യതകൾ
എ ഐ സാധ്യതകളെക്കുറിച്ച് വാചാലമാകുമ്പോഴും അന്താരാഷ്ട്രതലത്തിലെ വിദ്യാഭ്യാസ ചർച്ചകളിൽ പൊതുവെ ഉയർന്നുവരുന്ന സമീപനം, എ ഐ യെ അധ്യാപകന്റെ പകരക്കാരനായി കാണുന്നതിനു പകരം അധ്യാപകന്റെ ശേഷികളെ ശാക്തീകരിക്കുന്ന ഒരു ‘കോ-പൈലറ്റ്’ ആയി കാണണം അല്ലെങ്കിൽ മാത്രമാകണം എന്നതാണ്. ക്ലാസ്മുറികളിലെ വ്യത്യസ്ത പഠനശേഷിയുള്ള കുട്ടികളെ ഒരേ അളവു കോലിൽ അളക്കാതെ, ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് വ്യക്തിഗത പഠനം (പേഴ്‌സണലൈസ്ഡ് ലേണിങ്) സാധ്യമാക്കാൻ എ ഐ അധ്യാപകരെ സഹായിക്കുന്നു. കുട്ടികളുടെ പഠന നിലവാരം വേഗത്തിൽ വിലയിരുത്താനും അവർക്ക് അനുയോജ്യമായ പഠന ഉള്ളടക്കങ്ങൾ രൂപപ്പെടുത്താനും ഇതിലൂടെ സാധിക്കുന്നു.

അധ്യാപകരുടെ സമയം കവർന്നെടുക്കുന്ന പാഠ്യപദ്ധതി രൂപീകരണങ്ങൾ, വിഭവനിർമ്മാണം, വിവിധ നിലവാരത്തിലുള്ള വർക്ക്ഷീറ്റുകൾ, മൂല്യനിർണ്ണയ സങ്കേതങ്ങൾ, മോണിറ്ററിങ് ടൂളുകൾ എന്നിവ തയ്യാറാക്കുന്നതിലും നടപ്പാക്കുന്നതിലുമുള്ള അമിത അധ്വാനം ലഘൂകരിക്കാൻ എഐക്ക് കഴിയും. ഇത്തരം സാങ്കേതികവും ആവർത്തന സ്വഭാവമുള്ളതുമായ ജോലികളിൽ ലാഭിക്കുന്ന വിലപ്പെട്ട സമയം കുട്ടികളുമായി നേരിട്ട് സംവദിക്കാനും അവരുടെ വൈകാരികവും സർഗ്ഗാത്മകവുമായ ആവശ്യങ്ങളെ പിന്തുണയ്ക്കാനും അധ്യാപകർക്ക് വിനിയോഗിക്കാൻ സാധിക്കും. കൂടാതെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും ഭാഷാപരമായ പ്രയാസങ്ങൾ നേരിടുന്നവർക്കും സ്പീച്ച്-ടു-ടെക്സ്റ്റ്, ചിത്രങ്ങൾ തിരിച്ചറിയാനുള്ള സംവിധാനങ്ങൾ, തത്സമയ വിവർത്തനങ്ങൾ, അസിസ്റ്റീവ് ഉപകരങ്ങൾ എന്നിവയിലൂടെ തുല്യ പങ്കാളിത്തം ഉറപ്പാക്കാനും എഐ ടീച്ചർക്ക് കരുത്താകുന്നു.

 ക്ലാസ് മുറികൾ നേരിടുന്ന
സങ്കീർണ്ണ വെല്ലുവിളികൾ
സാധ്യതകൾക്കൊപ്പം തന്നെ ഗൗരവതരമായ ധാർമിക-സാങ്കേതിക വെല്ലുവിളികളും എ ഐ ഉയർത്തുന്നുണ്ട്. തെറ്റായ വിവരങ്ങൾ തികഞ്ഞ ആത്മവിശ്വാസത്തോടെ നിർമ്മിച്ചുനൽകുന്ന ‘ഹലൂസിനേഷൻ’ (പൂർണ്ണമായും തെറ്റായതോ, യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാ ത്തതോ ആയ വിവരങ്ങൾ തികഞ്ഞ ആത്മവിശ്വാസത്തോടെ സത്യമെന്ന രീതിയിൽ അവതരിപ്പിക്കുന്നതാണ് ഹലൂസിനേഷൻ. എ ഐ) സ്വന്തമായി വിവരങ്ങൾ ‘ഉണ്ടാക്കി’ പറയുന്ന അവസ്ഥയാണിത്) രീതികൾ എ ഐ മോഡലുകളിൽ സാധാരണമാണ്. കുട്ടികൾ ഇത്തരം വിവരങ്ങൾ വിമർശനരഹിതമായി സ്വീകരിക്കുമ്പോൾ തെറ്റായ ധാരണകൾ ആധികാരികമായി സ്ഥാപിക്കപ്പെടാൻ ഇടവരുന്നു. അതുപോലെ തന്നെ, ഇന്റർനെറ്റിലെ പ്രബലമായ വിവരങ്ങളെ ആസ്പദമാക്കി പ്രവർത്തിക്കുന്നതിനാൽ വംശീയവും സാംസ്‌കാരികവും ലിംഗപരവുമായ പക്ഷപാതങ്ങൾ (അൽഗോരിതമിക് ബയാസ്) എ ഐ അൽഗോരിതങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ടാകും. നമ്മുടെ സവിശേഷമായ പ്രാദേശിക യാഥാർഥ്യങ്ങളെയോ സാമൂഹിക നീതിയെയോ പ്രതിഫലിപ്പിക്കാത്ത ഇത്തരം മുൻവിധികളെ തിരിച്ചറിയാനും ചോദ്യം ചെയ്യാനും കുട്ടികളെ പഠിപ്പിക്കേണ്ടത് അധ്യാപകരാണ്.

ചോദ്യങ്ങൾക്ക് ഞൊടിയിടയിൽ റെഡിമെയ്ഡ് ഉത്തരങ്ങൾ ലഭിക്കുന്നതും സാഹിത്യസൃഷ്ടിയടക്കമുള്ള ടാസ്‌കുകൾ ചെയ്തുതരുന്നതും കുട്ടികളുടെ സ്വന്തമായ ചിന്താശേഷിയെയും പ്രശ്നപരിഹാര മികവിനെയും സർഗാത്മക മികവിനെയും മന്ദീഭവിപ്പിച്ചേക്കാം. ഇതിനെല്ലാം പുറമെ കുട്ടികളുടെ പഠന വിവരങ്ങളും വ്യക്തിഗത ഡാറ്റയും ആഗോള കോർപ്പറേറ്റ് കമ്പനികൾ വാണിജ്യ ആവശ്യങ്ങൾക്കായി ചൂഷണം ചെയ്യാനുള്ള വലിയ സാധ്യതയും എ ഐ പ്ലാറ്റ്ഫോമുകൾ തുറന്നിടുന്നുണ്ട്. ഈ ഘട്ടത്തിലാണ് സാങ്കേതികവിദ്യയെ കേവലം അന്ധമായി സ്വീകരിക്കാതെ ഉത്തരവാദിത്വപൂർണ്ണമായ ഉപയോഗം ശീലമാക്കേണ്ടതിന്റെ ആവശ്യകത ഉയരുന്നത്. യന്ത്രങ്ങൾക്ക് പകർന്നുനൽകാൻ സഹാനുഭൂതി, ധാർമികത, വിമർശനാത്മക ചിന്ത, എന്നിവ ക്ലാസ്മുറികളിൽ ഉറപ്പുവരുത്താൻ അധ്യാപകന്റെ സാന്നിധ്യം കൂടിയേ തീരൂ. വീടുകളിലും സ്‌കൂളിനു പുറത്തും കുട്ടികൾ എഐ സംവിധാനങ്ങൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ അധ്യാപകർക്കൊപ്പം രക്ഷിതാക്കൾക്കും എ ഐ സാക്ഷരത അനിവാര്യമാണ്. കുട്ടികൾ ഉപയോഗിക്കുന്ന എഐ ഉപകരണങ്ങളുടെ സ്വഭാവം, സ്വകാര്യതാപ്രശ്നങ്ങൾ, തെറ്റായ വിവരങ്ങളുടെ സാധ്യത, ഡീപ്ഫേക്ക് ഉൾപ്പെടെയുള്ള ഡിജിറ്റൽ അപകടങ്ങൾ എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന ധാരണ രക്ഷിതാക്കൾക്കും ഉണ്ടായിരിക്കണം.

മാറേണ്ടത് പഠനം മാത്രമല്ല,
മൂല്യനിർണ്ണയവും
എ ഐയുടെ വരവോടെ അധ്യാപനരീതികൾക്കൊപ്പം മൂല്യനിർണ്ണയ രീതികളും പുനഃപരിശോധിക്കേണ്ടിവരുന്നു. ഒരു വിവരത്തിന്റെ ശരിയായ ഉത്തരം കണ്ടെത്താനുള്ള കഴിവിനേക്കാൾ, ആ ഉത്തരം എങ്ങനെ കണ്ടെത്തി, അതിന്റെ വിശ്വാസ്യത എങ്ങനെ പരിശോധിച്ചു, ലഭിച്ച വിവരത്തെ സ്വന്തം ചിന്തയിലൂടെ എങ്ങനെ വികസിപ്പിച്ചു എന്നതിനു പ്രാധാന്യം നൽകേണ്ടിവരും. പ്രോജക്ടുകൾ, വാചിക അവതരണങ്ങൾ, ചർച്ചകൾ, പ്രക്രിയാധിഷ്ഠിത വിലയിരുത്തൽ, പ്രശ്നാധിഷ്ഠിത പഠനം തുടങ്ങിയ രീതികൾക്ക് ഇതോടെ കൂടുതൽ പ്രസക്തിയുണ്ടാകും. എ ഐക്ക് ഉത്തരം എഴുതാൻ കഴിയുന്ന ഒരു കാലത്ത്, പഠിതാവിന് ആ ഉത്തരത്തെ ചോദ്യം ചെയ്യാനും വിശദീകരിക്കാനും കഴിയുന്നുണ്ടോ എന്നതാകും യഥാർഥ പഠനം നടന്നു എന്നതിന്റെ പ്രധാന സൂചകം.

സാങ്കേതികതയെ ജനകീയമാക്കുന്ന കേരള മാതൃക
ഈ അന്താരാഷ്ട്ര വെല്ലുവിളികളെയും എഐ വിപ്ലവത്തെയും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല അഭിമുഖീകരിക്കുന്നത് കഴിഞ്ഞ കാൽനൂറ്റാണ്ടുകാലത്തെ ശക്തമായ ഡിജിറ്റൽ അടിത്തറയിൽ നിന്നുകൊണ്ടാണ്. സാങ്കേതികവിദ്യ കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിൽ ഒരു ഉപഭോഗ സംസ്‌കാരമായി മാറാതിരിക്കാൻ, സ്വതന്ത്ര സോഫ്റ്റ്വെയർ (ഫോസ്) നയത്തിലൂന്നി പൊതുവിദ്യാഭ്യാസ വകുപ്പ് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) മുഖേന നടത്തുന്ന ഇടപെടലുകൾ ഇന്ന് രാജ്യാന്തര തലത്തിൽത്തന്നെ മാതൃകയാകുന്നത്. എ ഐ യെ കുട്ടികൾക്ക് മുന്നിൽ ഒരു അത്ഭുതമായി അവതരിപ്പിക്കുന്നതിന് പകരം, അതിന്റെ പിന്നിലെ സാങ്കേതിക യുക്തി മനസ്സിലാക്കാൻ സ്‌കൂൾ പാഠ്യപദ്ധതിയിൽ തന്നെ ഘടനാപരമായ മാറ്റങ്ങൾ വരുത്തി. ഏഴാം ക്ലാസ് മുതലുള്ള ഐ സി ടി പാഠപുസ്തകങ്ങളിൽ മെഷീൻ ലേണിങ്, കമ്പ്യൂട്ടർ വിഷൻ, നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ്, പ്രോംപ്റ്റ് എൻജിനീയറിങ് തുടങ്ങിയ എ ഐ അടിസ്ഥാനങ്ങൾ ഉൾപ്പെടുത്തിയും, പിക്റ്റോബ്ലോക്സ് പോലുള്ള സ്വതന്ത്ര ടൂളുകൾ വഴി കുട്ടികൾ തന്നെ സ്വന്തമായി എ ഐ മാതൃകകൾ നിർമ്മിക്കുന്ന രീതിയിലും പാഠ്യപദ്ധതി വികസിപ്പിച്ചു.

ഏതൊരു സാങ്കേതിക മാറ്റവും വിജയകരമാകുന്നത് അധ്യാപകരിലൂടെ മാത്രമാണെന്ന തിരിച്ചറിവിൽ, വിക്ടേഴ്സ് ചാനലും ‘കൂൾ’ പ്ലാറ്റ്ഫോമും ഉപയോഗിച്ച് പതിനായിരക്കണക്കിന് അധ്യാപകർക്കാണ് കൈറ്റ് വഴി ജനറേറ്റീവ് എഐയുടെ പ്രായോഗികവും ഉത്തരവാദിത്തപൂർണ്ണവുമായ ഉപയോഗത്തിൽ സമഗ്ര പരിശീലനം നൽകിയത്. വിപണിയിലെ വാണിജ്യ മോഡലുകൾക്ക് പിന്നാലെ പോകാതെ, സംസ്ഥാനത്തിന്റെ പാഠ്യപദ്ധതിക്ക് അനുസൃതമായി കൈറ്റ് സ്വന്തമായി വികസിപ്പിച്ച എഐ ആർക്കിടെക്ചർ ഈ രംഗത്തെ നിർണ്ണായക ചുവടുവെപ്പാണ്. ‘സമഗ്ര പ്ലസ്’ വഴി ടീച്ചിങ് മാനുവലുകൾ, ഉയർന്ന ചിന്താശേഷി ആവശ്യമുള്ള ചോദ്യങ്ങൾ, ഭാഷിണി വഴിയുള്ള ഭാഷാവിവർത്തനങ്ങൾ എന്നിവ അധ്യാപകർക്ക് ലഭ്യമാക്കുന്നു.

എ ഐ ഉപയോഗത്തിലെ ഏറ്റവും അപകടകരമായ വശം ഉത്തരങ്ങളുടെ കൃത്യതയല്ല, മറിച്ച് അത് സൃഷ്ടിക്കുന്ന ധൈഷണിക കടമാണ്. വായനയും എഴുത്തും ചിന്തയുടെ ഭൗതികരൂപങ്ങളാണ്; ഒരു വാചകം വായിക്കുമ്പോൾ അർഥം ഊഹിച്ചെടുക്കുകയും സന്ദർഭവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയിലൂടെയും, എഴുതുമ്പോൾ ആശയങ്ങൾ ക്രമീകരിക്കുകയും യുക്തി പരിശോധിക്കുകയും വാക്കുകൾ തിരഞ്ഞെടുക്കുകയും ചെയ്യുന്ന പ്രക്രിയയിലൂടെയുമാണ് അറിവ് രൂപപ്പെട്ടുവരുന്നത്. അധ്യാപകനും വിദ്യാർഥിക്കും ഇത് ആവശ്യമാണ്. എഐ ഈ പ്രക്രിയ മുഴുവനായി റദ്ദ് ചെയ്യുമ്പോൾ, വിദ്യാർഥിക്ക് ലഭിക്കുന്നത് ‘പൂർത്തിയായ ഉൽപന്നം’ മാത്രമാണ്, എന്നാൽ ആ ഉൽപന്നം നിർമ്മിക്കാനുള്ള ശേഷി അവനിൽ വളരുന്നില്ല. ഈ പരിമിതി മറികടക്കുന്നതിനാണ് പഠിതാവിന്റെ ഇടപെടലുകളിലുടെ പഠനം സാധ്യമാക്കുന്ന ഇന്ററാക്റ്റീവ് പഠന വിഭവങ്ങൾ സമഗ്ര പ്ലസ് പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

‘താരാപഥം’, ‘മുകുളം’..
കേരളം വഴികൾ
സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി കൈറ്റ് തയ്യാറാക്കിയ ‘താരാപഥം’ പദ്ധതി പുതിയ എഐ കാലത്തെ അക്കാദമിക ബദൽ കൂടിയാണ്. ക്ലാസ്മുറികളിൽ പഠനപിന്നാക്കാവസ്ഥ നേരിടുന്ന കുട്ടികളെ ശാസ്ത്രീയമായി കണ്ടെത്തി അവർക്ക് കൃത്യമായ പരിഹാരബോധനം നൽകാൻ കൂടിയാണ് ‘താരാപഥം’ ലക്ഷ്യമിടുന്നത്. ഓരോ കുട്ടിയുടെയും പഠന വിടവുകൾ എ ഐ അധിഷ്ഠിത വിശകലനത്തിലൂടെ മുൻകൂട്ടി തിരിച്ചറിയാനും, അവർക്കനു യോജ്യമായ പ്രത്യേക പഠനസാമഗ്രികളും വർക്ക്ഷീറ്റുകളും അധ്യാപകർക്ക് രൂപപ്പെടുത്താനും ഈ പദ്ധതി വഴി സാധിക്കുന്നു. പരമ്പരാഗത രീതിയിൽ ഓരോ കുട്ടിയുടെയും പഠനപിന്നാക്കാവസ്ഥ രേഖപ്പെടുത്താനും പ്രതിവിധികൾ കണ്ടെത്താനും അധ്യാപകർ എടുത്തിരുന്ന അധികഭാരം ലഘൂകരിക്കു ന്നതിനൊപ്പം, സ്വകാര്യ എഡ്ടെക് ഏജൻസികൾ വലിയ തുക ഈടാക്കി നൽകുന്ന ഇത്തരം വ്യക്തിഗത പഠനപിന്തുണ പൊതുവിദ്യാലയങ്ങളിലെ സാധാരണക്കാരായ വിദ്യാർഥികൾക്ക് തികച്ചും സൗജന്യമായി ഉറപ്പാക്കാനും ഇതുവഴി കഴിയുന്നുണ്ട്.

കൂടാതെ, ഹയർ സെക്കൻഡറി കുട്ടികൾക്കായി തുടങ്ങിയ ‘മുകുളം’ പദ്ധതി വിദ്യാർഥികൾക്ക് സ്വയം വിലയിരുത്തലിനും വ്യക്തിഗത പഠനത്തിനും എൻട്രൻസ് പരീക്ഷാ പരിശീലനത്തിനും സൗജന്യ അവസരമൊരുക്കുന്നു. പാഠ്യപദ്ധതി അനുശാസിക്കുന്ന രീതിശാസ്ത്രവും നിലവിലെ വിദ്യാഭ്യാസ ചട്ടങ്ങളും കുട്ടിയുടെ പ്രായവും കണക്കിലെടുത്തു കൊണ്ടാണ് താരാപഥം, മുകുളം തുടങ്ങിയവയിലെ എ ഐ ഉള്ളടക്കങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. ഇതിനൊപ്പം, ഡീപ്ഫേക്കുകളും സൈബർ ചതിക്കുഴികളും ഒഴിവാക്കാനും കുട്ടികളുടെ വിവരങ്ങൾ ചോരാതിരിക്കാനും രാജ്യത്താദ്യമായി നടപ്പിലാക്കിയ സ്‌കൂൾ സൈബർ സേഫ്റ്റി പ്രോട്ടോക്കോളും പ്രാദേശിക സെർവറുകളുടെ ഉപയോഗവും ഡിജിറ്റൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു. ഇതെല്ലാം സ്വകാര്യ ചാറ്റ്ബോട്ടുകളെയും മറ്റും അന്ധമായി ആശ്രയിക്കാതെയും സ്വകാര്യതയും സുരക്ഷയും ബലികൊടുക്കാതെയും പൂർണ്ണമായും അധ്യാപകരുടെ മേൽനോട്ടത്തിൽ, നമ്മുടെ അക്കാദമിക് ചട്ടക്കൂടിനകത്തുള്ള ഡാറ്റാസെറ്റുകൾ പ്രയോജനപ്പെടുത്തിയാണ് നടപ്പാക്കുന്നത് എന്നതാണ് കേരളത്തിന്റെ ബദൽ വഴികളുടെ പ്രാധാന്യം.

എ ഐ യുടെ വിപ്ലവകാലത്ത് അധ്യാപകന്റെ പങ്ക് ചുരുങ്ങുകയല്ല, മറിച്ച് മുത്തേക്കാളും പ്രസക്തവും ശക്തവുമാകുകയാണ് ചെയ്യുന്നത്. ഇതിനായി അൽഗോരിതങ്ങളുടെ പരിമിതികളും അപകടങ്ങളും മുൻകൂട്ടി കണ്ടുകൊണ്ട് അവയെ ക്രിയാത്മകമായി ഉപയോഗിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന ദിശാബോധമാണ് അധ്യാപകർ നൽകേണ്ടത്. സാങ്കേതികവിദ്യ എത്രമേൽ വിസ്മയം തീർത്താലും അതിന്റെ നിയന്ത്രണം വിവേകമുള്ള മനുഷ്യന്റെ കൈകളിലായിരിക്കണം എന്നതാണ് കേരളത്തിന്റെ ബദൽ നയം. അതായത്, യന്ത്രങ്ങൾ നൽകുന്ന വിവരങ്ങൾ എത്രത്തോളം ശരിയാണെന്ന് തിരിച്ചറിയാനും അവ സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിൽ എങ്ങനെ പ്രയോജന പ്പെടുത്തണമെന്ന് ചിന്തിക്കാനും കുട്ടികളെ പ്രേരിപ്പിക്കുന്നത് അധ്യാപകന്റെ ഇടപെടലുകളാണ്. വെറും അറിവ് നൽകുന്നതിലുപരി സ്നേഹവും മൂല്യങ്ങളും പകർന്നുനൽകി, നല്ലതിനെ തിരഞ്ഞെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന ഒരു യഥാർഥ വഴികാട്ടിയായി അധ്യാപകർ ക്ലാസ് മുറിയിൽ തുടരുക തന്നെ ചെയ്യും.