കവര്‍‌സ്റ്റോറി

സുസ്ഥിര വികസനവും സാമൂഹിക നീതിയും

-പിണറായി വിജയന്‍
മുഖ്യമന്ത്രി

കേരളത്തില്‍ മന്ത്രിസഭകള്‍ പലതുണ്ടായിട്ടുണ്ട്. മന്ത്രിസഭാ വാര്‍ഷിക ആഘോഷങ്ങളും. അതിനൊന്നിനുമില്ലാത്ത ചില പ്രത്യേതകളുടെ പശ്ചാത്തലം തുടര്‍ ഭരണത്തിന്റെ രണ്ടാം വാര്‍ഷികത്തിനുണ്ട്. മന്ത്രിസഭാ വാര്‍ഷികം ജനകീയ ആഘോഷമായി മാറേണ്ടതിന്റെ ആവശ്യകതയാണ് ഈ പശ്ചാത്തലത്തില്‍ പ്രധാനം. ഇതു ഒരു മന്ത്രിസഭയുടെയല്ല, മറിച്ച് ഈ സംസ്ഥാനത്തിന്റെയും ഇവിടുത്തെ ജനതയുടെയും നിലനില്‍പ്പിനെയും അതി ജീവനത്തെയുമാണ് അടയാളപ്പെടുത്തുന്നത്. അങ്ങനെയാണ് ഇതു കേരളത്തിന്റെയാകെ ആഘോഷമായി മാറുന്നത്.

കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് 80,000 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കിഫ്ബി മുഖേന ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി മുഖേന 50,000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം വെച്ചിരുന്നതെങ്കില്‍ 62,500 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സാധിച്ചു. ഈ സര്‍ക്കാരിന്റെ കാലത്ത് 60,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം. ഇതിനോടകം 18,000 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനായി. ഇപ്പോള്‍ കിഫ്ബി ധനസഹായത്തോടെ സ്ഥലമേറ്റെടുപ്പ് യാഥാര്‍ഥ്യമാക്കിയ ദേശീയപാതാ വികസനം പൂര്‍ണ്ണതയിലേക്കെത്തുന്നു. കേരളത്തിന്റെ വടക്കേ അറ്റം മുതല്‍ തെക്കേയറ്റം വരെ ആറുവരിപ്പാതയുടെ നിര്‍മ്മാണം അതി വേഗത്തില്‍ പുരോഗമിക്കുകയാണ്.

ദേശീയപാതാ വികസനത്തിന് വേണ്ടിയുള്ള സംസ്ഥാന വിഹിതം നിര്‍ബന്ധിത ചട്ടമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുള്ളപ്പോഴാണ് നാടിന്റെ പൊതുവായ വികസനത്തിനായി കേരളം മാതൃകാപരമായ ഇടപെടല്‍ നടത്തിയിട്ടുള്ളത്.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സാര്‍വത്രിക സാമൂഹിക ക്ഷേമ പെന്‍ഷന്‍ നിരക്കായ 1,600 രൂപ, 63 ലക്ഷത്തോളം പേര്‍ക്ക് മാസം തോറും വിതരണം ചെയ്യുകയാണ്. ആരും പട്ടിണി കിടക്കുന്നില്ല എന്നുറപ്പു വരുത്താന്‍ ജനകീയ ഹോട്ടലുകളുണ്ട്. കുറഞ്ഞ ചെലവിലും സൗജന്യമായും എല്ലാവര്‍ക്കും ഭക്ഷണം ലഭ്യമാക്കുകയാണ്. 3,25,000 ത്തോളം വീടുകളാണ് ലൈഫ് പദ്ധതിയിലൂടെ ഗുണഭോക്താക്കള്‍ക്കു കൈമാറിയത്. പുനര്‍ ഗേഹം പോലെയുള്ള പദ്ധതികള്‍ക്കു പുറമെയാണിത്. 2016 മുതല്‍ ആകെ 2,31,000 ത്തിലധികം പേര്‍ക്കാണ് പട്ടയം നല്‍കിയിട്ടുള്ളത്. രാജ്യത്തെ ആദ്യത്തെ ഭവന രഹിതരില്ലാത്ത, ഭൂ രഹിതരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണ് സര്‍ക്കാര്‍.

രാജ്യത്താകെ 25 ശതമാനത്തിലധികം ആളുകള്‍ പല വിധത്തിലുള്ള ദാരിദ്ര്യം അനുഭവിക്കുമ്പോള്‍ കേരളത്തില്‍ ഒരു ശതമാനത്തില്‍ താഴെ – കേവലം 0.70% – ആളുകള്‍ മാത്രമാണുള്ളത്. ഒരു ചെറു ശതമാനം പോലും ദാരിദ്ര്യം അനുഭവിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് അതി ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായുള്ള പ്രത്യേക ഇടപെടല്‍ നടത്തുന്നത്. രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ ദാരിദ്ര്യരഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയുമാണ്. സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിനായി വികസന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോഴും പ്രത്യേക ശ്രദ്ധ വിവിധ മേഖലകളില്‍ പതിപ്പിക്കുന്നുണ്ട്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, കാര്‍ഷിക നവീകരണം, വ്യവസായ പുനഃ സംഘടന, നൈപുണ്യ വികസനം, സംരംഭകത്വ പ്രോത്സാഹനം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, നൂതനത്വത്തില്‍ ഊന്നിയ അടിസ്ഥാന സൗകര്യ വികസനം, തുടങ്ങിയവയാണവ. നവകേരള സൃഷ്‌ടിക്കായി സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എല്ലായിടങ്ങളിലേക്കും എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കാനാണ് ശ്രമിക്കുന്നത്.

പ്രതിസന്ധികള്‍ക്കിടയിലും 2021-22 വര്‍ഷത്തില്‍ 4.64 ശതമാനം വളര്‍ച്ചയാണ് കാര്‍ഷിക മേഖലയില്‍. റബ്ബറിനു വില സ്ഥിരതാ ഫണ്ട് ഏര്‍പ്പെടുത്തി. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഇന്നാട്ടിലെ കര്‍ഷകര്‍ നല്‍കുന്ന സംഭാവനകളെ വ്യക്തമായി തിരിച്ചറിഞ്ഞു കൊണ്ടാണ് 16 ഇനം പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും തറവില പ്രഖ്യാപിച്ചത്. രാജ്യത്താദ്യമായാണ് ഇങ്ങനെയൊരു കര്‍ഷകാനുകൂല നിലപാട്. റബ്ബര്‍ മേഖലയിലെ സര്‍ക്കാരിന്റെ സുപ്രധാനമായ ഒരിടപെടലാണ് കോട്ടയത്ത് സ്ഥാപിക്കപ്പെടുന്ന കേരള റബ്ബര്‍ ലിമിറ്റഡ്. 1,050 കോടി രൂപ ചെലവിട്ടാണ് ഈ പൊതുമേഖലാ സ്ഥാപനം യാഥാർഥ്യമാകുന്നത്. ലാറ്റക്‌സ് ഉല്‍പന്നങ്ങളുടെ ഹബ്ബും സ്വാഭാവിക റബ്ബറിന്റെ സംഭരണത്തിനായുള്ള സംവിധാനങ്ങളും ഇതോടൊപ്പമുണ്ടാകും. ആദ്യ ഘട്ടത്തില്‍ 200 കോടി രൂപയാണ് മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്നത്.

രാജ്യത്താകെ വിവിധ സേവനങ്ങള്‍ക്കായി ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരുമ്പോള്‍ കേരളത്തില്‍ ഓണ്‍ലൈന്‍-വാതില്‍പ്പടി സേവനങ്ങള്‍ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്. അവ എല്ലാവര്‍ക്കും പ്രാപ്യമാക്കുന്നതിനായി ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും കുറഞ്ഞ ചെലവിലോ സൗജന്യമായോ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനായി കെ-ഫോണ്‍ പദ്ധതി നടപ്പാക്കുകയാണ്. കേരളത്തിലെ പി എസ് സി രാജ്യത്തിനാകെ മാതൃകയാണ്. 2,03,000 നിയമന ശുപാര്‍ശകളാണ് 2016 ജൂണ്‍ മുതല്‍ക്കിങ്ങോട്ടുള്ള കാലയളവില്‍ നല്‍കിയത്. ഇക്കാലയളവില്‍ 30,000 ത്തോളം അധിക തസ്‌തികകൾ സംസ്ഥാന സര്‍ക്കാര്‍ സൃഷ്‌ടിച്ചു. സര്‍ക്കാര്‍ സര്‍വീസുകളില്‍ പ്രാതിനിധ്യം കുറഞ്ഞ വിഭാഗങ്ങളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനായി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ഡ്രൈവുകള്‍ നടത്തി.

നൂതന സാങ്കേതിക വിദ്യാ രംഗത്ത് കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തിക്കൊണ്ട് നൂതന സാങ്കേതിക വിദ്യ, ഇലക്‌ട്രോണിക്‌സ്, വ്യവസായം എന്നീ മേഖലകളില്‍ മുന്നേറ്റം കൈവരിക്കാനും ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമാണ് എറണാകുളത്തെ ഗ്രഫീന്‍ ഗവേഷണ കേന്ദ്രം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ 82 ഉം കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ 171 ഉം കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 28 ഉം ഉള്‍പ്പെടെ 281 ഐടി കമ്പനികളാണ് പുതുതായി ആരംഭിച്ചിട്ടുള്ളത്. ഐ ടി രംഗത്ത് തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കും ഇപ്പോള്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയില്‍ സെന്റര്‍ ഓഫ് എക്‌സലൻസ് ഇന്‍ ഫ്യൂച്ചര്‍ ടെക്നോളജി ആരംഭിക്കുന്നതിനുള്ള നടപടികളായി.

സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് സംരംഭക വര്‍ഷം പദ്ധതി നടപ്പാക്കിയത്. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങളായിരുന്നു ലക്ഷ്യമെങ്കിലും ആദ്യത്തെ എട്ട് മാസം കൊണ്ടു തന്നെ 1,40,000 ത്തോളം സംരംഭങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. 8,300 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങള്‍ സമാഹരിക്കാനായി. മൂന്ന് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്‌തു. പരമ്പരാഗത, നൂതന, ചെറുകിട, പൊതുമേഖലാ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം തന്നെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുന്ന നയമാണ് സര്‍ക്കാരിന്റേത്. തെക്കെ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ആന്‍ഡ് ഇന്നവേഷന്‍ ഹബ്ബുകളിലൊന്ന് നമ്മുടെ നാട്ടിലാണ്. ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് സൗഹൃദ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനവും കേരളമാണ്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ നിക്ഷേപം നടത്താന്‍ തയ്യാറായി വരുന്ന വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ക്ക് ഫണ്ട് ഓഫ് ഫണ്ട്സില്‍ നിന്നുള്ള തുക കൂടി ലഭ്യമാക്കി ഒരു കോര്‍പ്പസ് ഫണ്ട് രൂപീകരിച്ച് മൂലധനം ഒരുക്കാനാവും. വ്യാവസായിക രംഗത്തെ പ്രമുഖ കമ്പനികളില്‍ നിന്നും എയ്ഞ്ചല്‍ ഫണ്ട് സ്വീകരിച്ച് നഗരങ്ങള്‍ കേന്ദ്രീകരിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായുള്ള ഇഗ്‌നൈറ്റ് പ്രോഗ്രാമുകള്‍ എല്ലാ നഗരങ്ങളിലും നടത്തിവരികയാണ്. 2026 ഓടെ കേരളത്തില്‍ 15,000 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പൂട്ടിക്കിടന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രവര്‍ത്തനക്ഷമമാക്കുകയാണ്. ഭെല്‍ – ഇ എം എല്ലും എച്ച് എന്‍ എല്ലും, കെല്‍ – ഇ എം എല്ലും കെ പി പി എല്ലുമായി നവീകരിക്കപ്പെട്ടു. കെ പി പി എല്‍ ഉല്‍പാദിപ്പിക്കുന്ന ന്യൂസ് പ്രിന്റില്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പത്രങ്ങള്‍ അച്ചടിക്കപ്പെടുന്നു.

2035 ഓടെ 90 ശതമാനത്തിലധികം നഗരജനസംഖ്യയുള്ള സംസ്ഥാനമായി കേരളം മാറും എന്നാണ് കണക്കാക്കപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് മാലിന്യ നിര്‍മ്മാര്‍ജ്ജമടക്കമുള്ള വിഷയങ്ങളെ സമീപിക്കേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ വിട്ടു വീഴ്‌ചയില്ലാതെ മാലിന്യ സംസ്‌കരണം നടപ്പാക്കണമെന്നതാണ് സര്‍ക്കാരിന്റെ നയം. ഖര, ദ്രവ മാലിന്യങ്ങള്‍, ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍, ഇ-വേസ്റ്റ് എന്നിവയുടെ ശാസ്ത്രീയമായ സംസ്‌കരണം നടപ്പാക്കേണ്ടതുണ്ട്. മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാന്‍ ഗാര്‍ഹിക ജൈവ മാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്‌കരിക്കുന്നതിനുള്ള സാങ്കേതിക പിന്തുണ തദ്ദേശ സ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കും. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റിും നടപ്പാക്കും. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനം നല്ലൊരു തൊഴില്‍ മേഖല കൂടിയാണ്. ആ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തി അന്താരാഷ്ട്ര സഹകരണത്തോടെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ്.

2,03,000 നിയമന ശുപാര്‍ശകളാണ് 2016 ജൂണ്‍ മുതല്‍ക്കിങ്ങോട്ടുള്ള കാലയളവില്‍ നല്‍കിയിട്ടുള്ളത്. ഇക്കാലയളവില്‍ 30,000 ത്തോളം അധിക തസ്‌തികകളാണ് സംസ്ഥാന സര്‍ക്കാര്‍ സൃഷ്‌ടിച്ചത്. സര്‍ക്കാര്‍ സര്‍വീസുകളില്‍ പ്രാതിനിധ്യം കുറഞ്ഞ വിഭാഗങ്ങളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനായി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ഡ്രൈവുകള്‍ നടത്തി. പഠനത്തോടൊപ്പം തൊഴില്‍ എന്ന സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനായി ‘ഏണ്‍ വൈല്‍ യൂ ലേണ്‍’ പദ്ധതി നടപ്പാക്കി വരികയാണ്. ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 3,500 കോടി രൂപയുടെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ബജറ്റാണ് ഈ സാമ്പത്തിക വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്. ഗവേഷണ രംഗത്തെ അറിവുകളെ സാമൂഹ്യ പുരോഗതിക്ക് ഉതകുന്ന വിധത്തില്‍ മാറ്റിതീര്‍ക്കുന്നതിന് ട്രാൻസ്‌ലേഷൻ ലാബുകള്‍ സ്ഥാപിക്കുകയാണ്. 200 കോടി രൂപ മുതല്‍മുടക്കില്‍ 10 സര്‍വകലാശാലകളിലാണ് ഇത്തരം ലാബുകള്‍ സ്ഥാപിക്കുക.

ഉല്‍പാദനവും ഉല്‍പാദ ക്ഷമതയും വര്‍ധിപ്പിക്കാനും അധിക വിഭവങ്ങളുടെ നീതി യുക്തമായ വിതരണത്തിലൂടെ സാമൂഹിക നീതി ഉറപ്പു വരുത്താനും അങ്ങനെ നവകേരളം യാഥാര്‍ഥ്യമാക്കാനുമാണ് ശ്രമിക്കുന്നത്. വിജ്ഞാന സമ്പദ് ഘടനയായ നവകേരളം സുസ്ഥിരവും ഉള്‍ച്ചേര്‍ക്കലില്‍ അടിസ്ഥാനപ്പെട്ടതുമായിരിക്കും. നവകേരള നിര്‍മ്മിതിയില്‍ എല്ലാവരും പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നതും.