കവര്‍‌സ്റ്റോറി

സ്ത്രീസുരക്ഷിത കേരളത്തിനായി

സ്ത്രീസുരക്ഷിത കേരളത്തിനായി വൺസ്റ്റോപ്പ് സെന്ററുകള്‍

സ്ത്രീകള്‍ക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്ക് ആവശ്യമായ കൗൺസിലിങ്ങ്, വൈദ്യസഹായം, ചികിത്സ, നിയമസഹായം, പോലീസ് സംരക്ഷണം, സുരക്ഷിത അഭയം എന്നീ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് വൺസ്റ്റോപ്പ് സെന്റര്‍. 14 ജില്ലകളിലും ഒരു സെന്റര്‍ വീതം 24 മണിക്കൂറും പ്രവർത്തിക്കുന്നു. വൺ സ്റ്റോപ്പ് സെന്ററുകളില്‍ സഹായം തേടാനായി കേന്ദ്രത്തില്‍ നേരിട്ടെത്തുകയോ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം.

ഡിജിറ്റല്‍ പാഠശാല

സ്ത്രീകള്‍ക്ക് ഡിജിറ്റല്‍ സാക്ഷരത ഉറപ്പുവരുത്താനായി ഡിജിറ്റല്‍ പാഠശാല-വനിതകളെ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിനു പ്രാപ്‌തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വനിത ശിശു വികസന വകുപ്പും ജെന്‍ഡര്‍ പാര്‍ക്കും സംയുക്തമായി നടപ്പാക്കുന്ന ഈ പരിപാടിയിലൂടെ അങ്കണവാടി ജീവനക്കാര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. സ്‌മാർട് ഫോൺ, സാമൂഹിക മാധ്യമങ്ങള്‍, നെറ്റ് ബാങ്കിങ്, ഓൺലൈൻ പേയ്മെന്റ്, എ ടി എം, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളില്‍ സാക്ഷരരാക്കുന്ന പദ്ധതിയാണിത്.

ധീര പദ്ധതി

ബാല്യകാലത്തില്‍ തന്നെ പെൺകുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും വളർത്തുന്നതിനാണ് ധീര പദ്ധതി. മാനസിക ശാരീരികാരോഗ്യം മെച്ചപ്പെടുത്തുക, അതിക്രമങ്ങളെ കുറിച്ച് ബോധവത്ക്കരിക്കുക, സ്വയരക്ഷ സാധ്യമാക്കുക എന്നിവയും ലക്ഷ്യമാണ്. നിര്‍ഭയ സെല്‍ മുഖാന്തരം 10 മുതല്‍ 15 വയസ്സ് വരെയുള്ള പെൺകുട്ടികൾക്ക് ആയോധന കലകള്‍ അഭ്യസിപ്പിക്കുന്നു.

തൊഴിലരങ്ങത്തേക്ക് പദ്ധതി

സ്ത്രീകളെ തൊഴില്‍ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചതാണ് ‘തൊഴിലരങ്ങത്തേക്ക്’ പദ്ധതി. കേരള ഡെവലപ്‌മെന്റ് & ഇവേഷന്‍ സ്ട്രാറ്റജിക് കൗൺസിലി (KDISC) ന്റെ കീഴില്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് കേരള നോളേജ് ഇക്കോണമി മിഷന്‍ (KKEM). 2026നുള്ളില്‍ കേരളത്തിലെ അഭ്യസ്‌തവിദ്യരായ 20 ലക്ഷം തൊഴിലന്വേഷകര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി സ്വകാര്യ മേഖലയില്‍ വിജ്ഞാന തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയെന്ന ദൗത്യമാണ് ഇപ്പോള്‍ മിഷനില്‍ നിഷിപ്‌തമായിരിക്കുന്നത്.

ഷീ പാഡ് പദ്ധതി

സ്‌കൂള്‍ വിദ്യാര്‍ഥിനികളില്‍ ആര്‍ത്തവ സംബന്ധമായ അവബോധം വളർത്തുന്നതിനും ആര്‍ത്തവ ദിനങ്ങള്‍ സുരക്ഷിതമാക്കുന്നതിനുമായി വനിതാ വികസന കോര്‍പ്പറേഷന്റെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് ഷീ പാഡ്. സ്‌കൂളുകളില്‍ 6 മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ഗുണമേന്മയുള്ള സാനിറ്ററി നാപ്‌കിൻ ലഭ്യമാക്കുക, ഉപയോഗിച്ച നാപ്‌കിൻ നശിപ്പിക്കാന്‍ ഇന്‍സിനറേറ്റര്‍, നാപ്‌കിൻ സൂക്ഷിക്കാനുള്ള അലമാരകള്‍ എന്നിവയാണ് പദ്ധതി വഴി ഉറപ്പാക്കുന്നത്. 2018 ലാണ് പദ്ധതി ആരംഭിച്ചത്.

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സേഫ് സ്റ്റേ പദ്ധതി

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സംസ്ഥാന വ്യാപകമായി സ്ത്രീകള്‍ക്ക് കുറഞ്ഞ ചിലവില്‍ ഹ്രസ്വകാല താമസ സൗകര്യം ഒരുക്കുന്ന ”സേഫ് സ്റ്റേ” പദ്ധതിക്ക് തുടക്കം കുറിച്ചു. സ്ത്രീ യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സുരക്ഷിത താമസ സൗകര്യങ്ങള്‍ ഒരുക്കുന്നു. സംസ്ഥാനത്തെ 40 ഡിപ്പോകളില്‍ ആദ്യ ഘട്ടത്തിൽ ഡോര്‍മിറ്ററി സൗകര്യങ്ങളൊരുക്കി.

വനിതാമിത്ര കേന്ദ്രങ്ങള്‍

ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും ചെലവ് കുറഞ്ഞ, സുരക്ഷിത താമസ സൗകര്യം ലഭ്യമാകുന്നയിടങ്ങളാണ് വനിതാമിത്ര കേന്ദ്രങ്ങള്‍. നിലവില്‍ സംസ്ഥാനത്ത് ഒന്‍പത് വനിതാമിത്ര കേന്ദ്രങ്ങള്‍ കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന് കീഴില്‍ പ്രവർത്തിക്കുന്നുണ്ട്. ഹോസ്റ്റല്‍ നിർമ്മിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ സൗകര്യ പ്രദമായ സ്ഥലം കണ്ടെത്തി കോര്‍പ്പറേഷന് നൽകുന്നതിനനുസരിച്ച് ഈ സ്ഥലങ്ങളില്‍ മികച്ച സൗകര്യത്തോടെ വനിതാ വികസന കോര്‍പ്പറേഷന്‍ ഹോസ്റ്റലുകള്‍ നിര്‍മിച്ചു നല്‍കും. നഗര പ്രദേശങ്ങളോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങള്‍ തിരഞ്ഞെടുത്താണ് വനിതാമിത്ര കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നത്. ജോലി, പഠനം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി നഗര പ്രദേശങ്ങളിലെത്തുന്നവർക്ക് ഏറെ പ്രയോജനപ്രദമാണ് വനിതാമിത്ര. കൂടാതെ വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം. www.safestaykswdc.com വഴി ഓരോ സ്ഥലങ്ങളിലെയും താമസ സൗകര്യം അറിയാനും മുൻകൂട്ടി ബുക്ക് ചെയ്യാനും സാധിക്കും.

സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്

കുടുംബശ്രീയുടെ ഭാഗമായി സമൂഹത്തില്‍ ഒറ്റപ്പെട്ടവരും, നിരാലംബരും, പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവരുമായ സ്ത്രീകള്‍ക്കും കുട്ടികൾക്കും പിന്തുണയും സഹായവും താത്കാലിക അഭയവും നൽകുന്ന കേന്ദ്രം. സ്ത്രീകള്‍ക്കും കുട്ടികൾക്കും വേണ്ടി 24 മണിക്കൂര്‍ പ്രവർത്തിക്കുന്ന സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് 14 ജില്ലകളിലും പ്രവര്‍ത്തനം നടത്തി വരുന്നു. സ്നേഹിതയില്‍ സേവനത്തിനും പിന്തുണയ്ക്കുമായി എത്തുന്നവർക്ക് താത്കാലിക താമസ സൗകര്യവും കൗൺസിലിംഗും പുനരധിവാസ സഹായങ്ങളും മറ്റു വകുപ്പുകളുമായി ചേർന്ന് നിയമ-ആരോഗ്യ പരിരക്ഷയും നൽകുന്നു. സെന്ററുകളില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെലി കൗൺസിലിങ്ങ് സേവനവും ലഭ്യമാണ്. ഓരോ കേന്ദ്രങ്ങളിലും കൗൺസിലർ, സേവന ദാതാക്കള്‍, സെക്യൂരിറ്റി, ഓഫീസ് അസിസ്റ്റന്റ്, കെയര്‍ ടേക്കര്‍ തുടങ്ങിയ തസ്‌തികകളിലായി 11 പേരെ വീതം നിയമിച്ചിട്ടുണ്ട്. കൂടാതെ 14 ജില്ലകളിലേയും സ്നേഹിത സെന്ററിനോട് അനുബന്ധമായി ലീഗല്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു.