കവര്‍‌സ്റ്റോറി

ഗുണഭോക്താക്കള്‍ പറയും വിജയഗാഥകള്‍

ഗുണഭോക്താക്കള്‍ പറയും വിജയ ഗാഥകള്‍
ബിന്ദു വി.സി
മാനേജിംഗ് ഡയറക്‌ടർ, സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍

കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയനില മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിന്റെ സുസ്ഥിര വികസനത്തിലും പുരോഗതിയിലും അവരെ പങ്കാളികളും ഗുണഭോക്താക്കളുമാക്കുന്നതിനും വനിതാ വികസന കോര്‍പ്പറേഷന്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കോര്‍പ്പറേഷന്റെ സഹായ ഹസ്‌തം നിരവധി സ്ത്രീകളുടെ ജീവിതത്തെ മാറ്റിമറിക്കുകയും വെല്ലുവിളികളെ നേരിടാന്‍ അവരെ സജ്ജരാക്കുകയും ചെയ്‌തിട്ടുണ്ട്. ഗുണഭോക്താക്കളുടെ വിജയ ഗാഥകള്‍ കോര്‍പ്പറേഷന്റെ പ്രതിജ്ഞാബദ്ധതയുടെ മികച്ച സാക്ഷ്യപത്രമാണ്.

വായ്‌പാ വിതരണത്തില്‍ റെക്കോര്‍ഡ് നേട്ടം

2016 മെയ് മുതല്‍ നാളിതുവരെ സ്ഥാപനം വായ്‌പാ വിതരണത്തിൽ വലിയ പുരോഗതിയാണ് കൈവരിച്ചത്. സര്‍ക്കാര്‍ ഗ്യാരന്റി 140കോടി രൂപയില്‍ നിന്നും 1020.56കോടി രൂപയായി ഉയർന്നു. 1988 മുതല്‍ 2016 വരെ ആകെ മൂന്ന് ദേശീയ ധനകാര്യ കോർപ്പറേഷനുകളിലായിരുന്നു സ്ഥാപനത്തിന്റെ ഫണ്ടിങ്ങ് ഏജന്‍സികള്‍. 2016-20 കാലയളവില്‍ ദേശീയ സഫായി കര്‍മ്മചാരി ഫിനാന്‍സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെയും ദേശീയ പട്ടികവർഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെയും കൂടി സംസ്ഥാന ചാനലൈസിംഗ് ഏജന്‍സിയായി പ്രവര്‍ത്തിച്ചു തുടങ്ങി. വാര്‍ഷിക വായ്‌പ വിതരണം ശരാശരി 40 കോടി രൂപയില്‍ നിന്നും 340 കോടിയിലധികമായും പ്രതിവര്‍ഷ വായ്‌പാ തിരിച്ചടവ് ശരാശരി 35 കോടിയില്‍ നിന്നും 214കോടിയിലേക്കും വളർന്നു. ഇതുവരെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കായി 1,44,606 വനിതകള്‍ക്ക് 1688.09കോടി രൂപയുടെ വായ്‌പാ വിതരണം ചെയ്‌തു. 2,44,369 തൊഴിലവസരങ്ങള്‍ സൃഷ്‌ടിച്ചു.

സ്ത്രീ സുരക്ഷയ്ക്കായി 181 വനിതാ ഹെല്‍പ് ലൈന്‍

കോര്‍പ്പറേഷന്റെ പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നാണ് 181 വനിതാ ഹെല്‍പ് ലൈന്‍. സ്ത്രീസുരക്ഷയ്ക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ഹെല്‍പ് ലൈനില്‍ ഇതുവരെ മൂന്ന് ലക്ഷത്തിലധികം കോളുകള്‍ സ്വീകരിച്ചു. രണ്ടരലക്ഷത്തിലധികം കോളുകള്‍ക്ക് ഫലപ്രാപ്‌തിയുണ്ടായി.

ആര്‍ത്തവം ആരോഗ്യത്തോടെ

സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ആര്‍ത്തവ ശുചിത്വ പരിപാലനം ലക്ഷ്യമിട്ടുകൊണ്ട് കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഷീപാഡ് പദ്ധതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കോര്‍പ്പറേഷന്റെയും ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാര്‍ഥിനികള്‍ക് നാപ്‌കിനുകൾ സൂക്ഷിക്കാനുള്ള സ്റ്റീല്‍ അലമാരകള്‍, ഇന്‍സിനറേറ്ററുകള്‍ എന്നിവ വിതരണം ചെയ്യുന്നു. പ്രത്യുല്‍പാദന ആരോഗ്യം, ആര്‍ത്തവം, ആര്‍ത്തവ ശുചിത്വ പരിപാലനം എന്നിവയിൽ ശാസ്ത്രീയ അവബോധം വളർത്തുന്നതിന് മെന്‍സ്ട്രുവല്‍ ഹൈജീന്‍ മാനേജ്മെന്റ് ട്രെയിനിംഗ് പരിശീലന ക്ലാസുകളും നൽകുന്നു. 2500ല്‍ പരം സര്‍ക്കാര്‍/എയ്‌ഡഡ് സ്‌കൂളുകളിലെ ആറ് ലക്ഷത്തിലധികം വിദ്യാര്‍ഥിനികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു. മറ്റു സ്‌കൂളുകളിലും പദ്ധതി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് കോര്‍പ്പറേഷന്‍. ശുചിത്വപരമായ ആര്‍ത്തവ സമ്പ്രദായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മറ്റൊരു പദ്ധതിയാണ് എം-കപ്പ് പദ്ധതി. കോര്‍പ്പറേഷന്‍ 300 രൂപയ്ക്ക് മെന്‍സ്ട്രല്‍ കപ്പ് നൽകുന്നു. മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗത്തെക്കുറിച്ചുള്ള അവബോധ ക്ലാസ്സുകളും ലഭ്യമാക്കുന്നുണ്ട്. 16,500 സ്ത്രീകള്‍ക്ക് ഇതുവരെ പദ്ധതിയുടെ പ്രയോജനം ലഭിച്ചു.

ആദിവാസി വനിതകളുടെ ശാക്തീകരണത്തിന് വനമിത്ര

ആദിവാസി വനിതകള്‍ക്ക് വേണ്ടി നിരവധി വികസന പദ്ധതികളാണ് കോര്‍പ്പറേഷന്‍ നടപ്പാക്കുന്നത്. അതില്‍ എടുത്തു പറയേണ്ട പദ്ധതിയാണ് വനമിത്ര. പട്ടിക വർഗ വനിതകളുടെ വികസനത്തിനും മെച്ചപ്പെട്ട ജീവിത സാഹര്യം ഒരുക്കുന്നതിനായി ആരംഭിച്ച മാതൃകാ പദ്ധതിയാണിത്. കോഴിക്കോട് ചക്കിട്ടിപ്പാറ പഞ്ചായത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. 18നും 55നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ പരിശീലനം നൽകുന്നുണ്ട്. 7418 പരിശീലന ദിവസങ്ങള്‍ പൂര്‍ത്തിയാക്കി. തയ്യല്‍ പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ച 18 പേര്‍ കോര്‍പ്പറേഷന്റെ വായ്‌പാ സഹായത്തോടെ തയ്യല്‍ തൊഴില്‍ കേന്ദ്രം ആരംഭിച്ചു. പട്ടികജാതി, പട്ടികവർഗ വികസന ഡയറക്‌ടറേറ്റിന്റെ സാമ്പത്തിക സഹായമായ 235 ലക്ഷം രൂപ പ്രയോജനപ്പെടുത്തി 50 വനിതകള്‍ക്ക് 100 പശുക്കളെ നൽകുന്ന പദ്ധതി ആരംഭിക്കുകയും മില്‍മ വഴി പാല്‍ വിൽക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തു. തേനീച്ചക്കൃഷി പഠിച്ച 40 വനിതകള്‍ക്ക് തേനീച്ചക്കൂട് വിതരണം ചെയ്‌തു. ഉൽപന്നം ഹോർട്ടികോർപ്പ് മുഖേന വിപണനം നടത്തുന്നതിനും സൗകര്യമുണ്ടാക്കി. വയനാട് ജില്ലയിലും വനമിത്ര നടപ്പിലാക്കും.

ലിംഗാവബോധത്തിനായി പദ്ധതികള്‍

വുമൺ സെൽ : വ്യക്തികളില്‍ കൗമാര കാലത്ത് തന്നെ ലിംഗാവബോധം, സാമൂഹികാവബോധം, സൃഷ്‌ടിപരമായ കഴിവുകള്‍, ഇച്ഛാശക്തി എന്നിവ വളർത്തുന്നതിനായി സംസ്ഥാനത്തെ ഗവ. /എയ്‌ഡഡ് കോളേജുകള്‍ കേന്ദ്രീകരിച്ചുള്ള പദ്ധതിയാണ് വിമൺ സെല്‍. 100 കോളേജുകളിലെ ഇരുപതിനായിരത്തോളം വിദ്യാര്‍ഥിനികള്‍ വുമൺ സെല്ലിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.

ബോധ്യം പദ്ധതി: ജെന്‍ഡര്‍ റെസ്‌പോൺസീവ് പൊലീസിങ്ങ് നടപ്പിലാക്കുന്നതിലേക്ക് സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലിംഗാവബോധ പരിശീലനം നൽകുന്നതിനുള്ള ബോധ്യം പദ്ധതി 2019ല്‍ ആരംഭിച്ചു. 30 പേരടങ്ങുന്ന ബാച്ചുകളിലായി 10,000ത്തോളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ പരിശീലനം നല്‍കി. ജെന്‍ഡര്‍ സയന്‍സ്, ജെന്‍ഡര്‍ നിയമം, പെരുമാറ്റ രീതിയും സമീപനവും മികച്ചതാക്കുന്നതിനായി നൂതന പരിശീലനമാണ് നൽകുന്നത്.

വനിതാമിത്ര കേന്ദ്രങ്ങള്‍: ഹോസ്റ്റല്‍ സൗകര്യം, യാത്രയ്ക്കിടെ തങ്ങാനുള്ള രീതിയില്‍ ലോഡ്‌ജിങ്ങ് സൗകര്യം, ഹോസ്റ്റല്‍ അന്തേവാസികളായ സ്ത്രീകളുടെ കുഞ്ഞുങ്ങള്‍ക്ക് ക്രെഷ് സൗകര്യം എന്നിവ സംയോജിപ്പിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് വനിതാമിത്ര കേന്ദ്രങ്ങള്‍. നിലവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കോര്‍പ്പറേഷന്‍ 11 വനിതാമിത്ര കേന്ദ്രങ്ങള്‍/വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍ നടത്തുന്നു.

സേഫ് സ്റ്റേ: വനിതകള്‍ക്ക് സംസ്ഥാന വ്യാപകമായി ഹ്രസ്വകാല താമസ സൗകര്യം ഒരുക്കുന്ന പദ്ധതിയാണിത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന വനിതകള്‍ക്ക് മിതമായ നിരക്കില്‍ സുരക്ഷിതവും വൃത്തിയുള്ളതുമായ താമസ സൗകര്യം ഹോസ്റ്റലുകളിലും ഹോട്ടലുകളിലും ഉറപ്പാക്കുന്നു. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സേവനങ്ങള്‍ ആവശ്യാനുസരണം ഉപയോഗിക്കാം. സംസ്ഥാനത്തെ പല നഗരങ്ങളിലെ 30 വനിതാ ഹോസ്റ്റലുകളിലായി 150 കിടക്കകള്‍ ക്രമീകരിച്ചിട്ടുണ്ട്.

തൊഴിലധിഷ്‌ഠിത നൈപുണ്യ പരിശീലനം

കോര്‍പ്പറേഷന്റെ റീച്ച് ഫിനിഷിംഗ് സ്‌കൂളുകളില്‍ നടപ്പാക്കി വരുന്ന വിവിധ തൊഴില്‍ പരിശീലന/നൈപുണ്യ വികസന പരിപാടികളിലൂടെ കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലായി 11,565 വനിതകള്‍ക്ക് പരിശീലനം നല്‍കി. സര്‍ക്കാര്‍/പ്രൈവറ്റ് നഴ്‌സിംഗ് കോളേജുകളിലെ അവസാന വര്‍ഷ നഴ്‌സിങ്ങ് വിദ്യാര്‍ഥിനികള്‍ക്ക് ഇംഗ്ലീഷ് ഭാഷാ പരിശീലന പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 545 വിദ്യാര്‍ഥിനികള്‍ക്ക് പരിശീലനം ലഭ്യമാക്കി. 304 നഴ്‌സിംഗ് പ്രൊഫഷണലുകള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യ വികസന പരിശീലനം നല്‍കി. വിദേശ രാജ്യങ്ങളില്‍ തൊഴിലവസരങ്ങള്‍ നേടുന്നതിനായുള്ള വഴിയും ഒരുക്കിക്കൊടുക്കുന്നു.

വനിതാ പോളിടെക്‌നിക്ക് കോളേജുകളിലെ 37 അവസാന വര്‍ഷ വിദ്യാര്‍ഥിനികള്‍ക്കുള്ള ഫിനിഷിങ്ങ് പരിശീലനം ലീഡ് കോര്‍പ്പറേഷന്റെ റിച്ച് ഫിനിഷിംഗ് സ്‌കൂള്‍ മുഖേന ലഭ്യമാക്കി.

കോര്‍പ്പറേഷന്റെ സംരംഭകത്വ വികസന പരിശീലന പരിപാടിയിലൂടെ സംസ്ഥാനത്തെ 18നും 55നും മധ്യേ പ്രായമുള്ള 1500 വനിതകള്‍ക്കും 78 ട്രാൻസ്‌ജെൻഡർ വ്യക്തികള്‍ക്കും സംരംഭകത്വ വികസന പരിശീലനം നല്‍കി..

വനിതാ സംരംഭകര്‍ക്കായി എസ്‌കലേറ എക്സ്പോ

എസ്‌കലേറ എക്സ്പോ 2023 എന്ന പേരില്‍ കോഴിക്കോട് വനിതാ സംരംഭകര്‍ക്കായി പ്രദര്‍ശന വിപണനമേള സംഘടിപ്പിച്ചു. 2025 ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 3 വരെ തിരുവനന്തപുരം നഗരത്തില്‍ മേള സംഘടിപ്പിക്കും.

ഫ്യൂച്ചര്‍ വിമന്‍ ഗ്രൂമിങ്ങ് പ്രോഗ്രാം (പ്രതിഭ 2024)

സ്ത്രീകളെയും പെൺകുട്ടികളെയും സാമൂഹിക വികസനത്തില്‍ സജീവ പങ്കാളികളാക്കുന്നതിനും അവരുടെ നേതൃ ശേഷിക്ക് കൂടുതല്‍ കരുത്ത് നൽകുന്നതിനും സംസ്ഥാനത്തെ കലാലയങ്ങളില്‍ നിന്നുള്ള 27 അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനികള്‍ക്കായി പ്രതിഭ 2024-ഫ്യൂച്ചര്‍ വിമന്‍ ലീഡേഴ്‌സ് ഗ്രൂമിങ്ങ് പ്രോഗ്രാം എന്ന പേരില്‍ ദശദിന നേതൃത്വ വികസന ക്യാമ്പ് 2024 ഡിസംബറില്‍ സംഘടിപ്പിച്ചു.

നൂതന പദ്ധതികള്‍

സംരംഭകത്വത്തിലേക്ക് വരുന്ന സ്ത്രീകള്‍ക്കും ട്രാന്‍സ് വ്യക്തികള്‍ക്കും സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നൽകുന്നതിനും സാമ്പത്തിക, സാങ്കേതിക, മാര്‍ക്കറ്റിങ് സഹായങ്ങള്‍ കോർത്തിണക്കുന്നതിനും പ്രതിസന്ധി ഘട്ടത്തിൽ കൈത്താങ്ങ് കൊടുക്കുന്നതിനുമായി ഒരു പ്രോജക്റ്റ് കൺസൾട്ടൻസ് വിങ്ങ് രൂപവൽക്കരിക്കുന്നതിനുള്ള നടപടികളിലാണ് കോര്‍പ്പറേഷന്‍.

പുരസ്‌കാരങ്ങള്‍/ബഹുമതികള്‍

  • 2018-19, 2019-20, 2020-21, 2021-22 തുടര്‍ച്ചയായി നാലു വര്‍ഷങ്ങളില്‍ വനിതാ ശാക്തീകരണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ചതിനുള്ള ദേശീയ പുരസ്‌കാരം എന്‍.ബി.സി.എഫ്.ഡി.സിയില്‍ നിന്നും ലഭിച്ചു.

  • സംസ്ഥാന ചാനലൈസിങ്ങ് ഏജന്‍സികളില്‍ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്‌ച വെച്ചതിന് എന്‍.എസ്.എഫ്.ഡി.സിയുടെ 2017-18, 2018-19, 2019-20, 2020-21, 2021-22 എന്നിങ്ങനെ തുടര്‍ച്ചയായി അഞ്ച് വര്‍ഷങ്ങളിലെ പെര്‍ഫോമന്‍സ് എക്‌സലൻസ് ദേശീയ പുരസ്‌കാരം, കാഷ് ഇന്‍സന്റീവ് നേടി.

  • സ്ഥാപനത്തിന്റെ ആദിവാസി ശാക്തീകരണ പദ്ധതിയായ വനമിത്ര തൊഴില്‍ കേന്ദ്രത്തിന് ആസാദി കീ അമ്യത് മഹോത്സവിന്റെ ഭാഗമായി ദേശീയ അംഗീകാരം ലഭിച്ചു.

  • 2023 ഫെബ്രുവരിയില്‍ ഹരിയാനയില്‍ എന്‍.ബി.സി.എഫ്.ഡി.സി സംഘടിപ്പിച്ച പ്രസിദ്ധമായ അന്താരാഷ്ട്ര സൂരജ്‌കുണ്ട് മേളയില്‍ മികച്ച സ്റ്റാളിനുള്ള അവാര്‍ഡ് കോര്‍പ്പറേഷന്റെ സംരംഭകയായ ബിദ്ദുല പി.ബി. (ക്ലേ മോൾഡിങ്ങ്) കരസ്ഥമാക്കി.

  • എന്‍.ബി.സി.എഫ്.ഡി.സി സംഘടിപ്പിച്ച പി.എം.ആദി മഹോത്സവില്‍ 2023 ല്‍ തിരുവനന്തപുരം മേഖലയില്‍ നിന്നുള്ള സംരംഭകരായ ആദിവാസി സ്വയം സഹായ സംഘം വനിതകള്‍ക്ക് മികച്ച സംരംഭകത്വത്തിനുള്ള അവാര്‍ഡ്.

  • 2024 നവംബറില്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ എന്‍.എസ്.ടി.എഫ്.ഡി.സി സംഘടിപ്പിച്ച ജന്‍ ജാതീയ് ഗൗരവ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി കോര്‍പ്പറേഷന്റെ രണ്ട് ട്രൈബല്‍ വനിതാ വായ്‌പാ ഗുണഭോക്താക്കളെ ആദരിച്ചു.

  • ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ദക്ഷിണേന്ത്യയിലെ മികച്ച ചാനലൈസിങ്ങ് ഏജന്‍സിക്കുള്ള ഒന്നാം സ്ഥാനം കഴിഞ്ഞ രണ്ട് വര്‍ഷമായി കോര്‍പ്പറേഷനാണ്.