കവര്‍‌സ്റ്റോറി

കാലികം സേവനോന്മുഖം

-കെ. രാജന്‍
റവന്യൂ വകുപ്പ് മന്ത്രി

ഒരു വര്‍ഷത്തില്‍ 27,000 പട്ടയങ്ങളാണ് വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇക്കാലയളവില്‍ 54,535 പേര്‍ക്ക് പട്ടയം നല്‍കി ചരിത്രം കുറിച്ചു. റവന്യൂ വകുപ്പ് ഏറ്റവും വെല്ലുവിളിയോടു കൂടി ഏറ്റെടുത്ത പ്രവര്‍ത്തനമായിരുന്നു തരംമാറ്റ അപേക്ഷകള്‍. രണ്ട് ലക്ഷത്തിലധികം വരുന്ന ഭൂമി തരംമാറ്റ അപേക്ഷകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പാക്കുന്നതിനായി ആറ് മാസത്തേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിച്ചു. വാഹനങ്ങളും മറ്റു അനുബന്ധ സൗകര്യങ്ങളും ഉള്‍പ്പെടെ നല്‍കി പരിപാടി വിജയകരമായി ലക്ഷ്യത്തിലെത്തിച്ചു. കെട്ടിക്കിടന്ന 2,12,169 അപേക്ഷകളില്‍ 2,06,162 തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കി.

ഡിജിറ്റല്‍ റീസര്‍വെ

കേരളത്തിലെ 1666 വില്ലേജുകളും ഡിജിറ്റലായി അളക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഡിജിറ്റല്‍ റീസര്‍വെ പദ്ധതിക്ക് 858.42 കോടി രൂപയുടെ ബൃഹത് പദ്ധതി ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ 200 വില്ലേജുകളില്‍ റീസര്‍വെ നടപടികള്‍ തുടങ്ങി.

യൂണിക് തണ്ടപ്പേര്‍ സംവിധാനം

ഒരു പൗരന് ഒരു തണ്ടപ്പേര്‍ എന്ന ലക്ഷ്യത്തോടെ ആധാറിനെ തണ്ടപ്പേരുമായി ബന്ധിപ്പിക്കുന്ന യൂണിക് തണ്ടപ്പേര്‍ സംവിധാനം നടപ്പിലാക്കി.

പട്ടയങ്ങളും സ്മാര്‍ട്ട്

സംസ്ഥാനത്ത് ഇനി മുതല്‍ ഇ-പട്ടയങ്ങള്‍ വിതരണം ചെയ്യും. പേപ്പറില്‍ അച്ചടിച്ച പട്ടയങ്ങള്‍ നഷ്‌ടപ്പെട്ടാൽ അതിന് പകര്‍പ്പുകള്‍ എടുക്കുവാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യമുണ്ടായിരുന്നു. ഇതിനൊരു പരിഹാരമാണ് ഇ-പട്ടയം.

കോള്‍ സെന്റര്‍

റവന്യൂ സംബന്ധമായ സംശയ നിവാരണത്തിനും പരാതികള്‍ അറിയിക്കുന്നതിനുമായി ഐഎല്‍ഡിഎം കേന്ദ്രീകരിച്ച് റവന്യൂ കോള്‍ സെന്റര്‍ ആരംഭിച്ചു.
1800 425 5255 ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം.

വില്ലേജ് ജനകീയ സമിതികള്‍

വില്ലേജ് ഓഫീസുകളെ ജനാധിപത്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വില്ലേജ് ജനകീയ സമിതികള്‍ ആരംഭിച്ചു. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്‌ചയാണ് യോഗം ചേരുന്നത്. നിയമ സഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് സമിതികള്‍.

ഇ – വില്ലേജ് ഓഫീസുകള്‍

വില്ലേജ് ഓഫീസുകള്‍ ഇ-ഓഫീസുകളായി കംപ്യൂട്ടര്‍വത്ക്കരിക്കുന്നതിന് എംഎല്‍എ മാരുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് നടപടി കൈക്കൊണ്ടു. നവീകരിച്ച ഇ-േപയ്‌മെന്റ് പോര്‍ട്ടല്‍ ഭൂ നികുതി, കെട്ടിട നികുതി, റവന്യൂ റിക്കവറി തുടങ്ങിയ തുകകള്‍ ഇ-പോസ് മെഷീന്‍ വഴിയോ യുപിഐ പേയ്‌മെന്റ് മുഖേനയോ ഒടുക്കുന്നതിന് സഹായകരമായ നവീകരിച്ച ഇ-പേയ്‌മെന്റ്  പോര്‍ട്ടല്‍ നടപ്പിലാക്കി.

ആര്‍.എം. സെല്‍(റവന്യൂ മിനിസ്റ്റേഴ്‌സ് സെല്‍)

പൊതുജനങ്ങള്‍ റവന്യൂ മന്ത്രിക്ക് നേരിട്ടും ”മിത്രം” ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേനയും സമര്‍പ്പിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യുന്നതിനും അപേക്ഷകര്‍ക്ക് സമയ ബന്ധിതമായി മറുപടി നല്‍കുന്നതിനുമായി എല്ലാ കളക്‌ട്രേറ്റുകളിലും ആര്‍.ആര്‍ ഡെപ്യൂട്ടി കളക്‌ടറുടെ നേതൃത്വത്തില്‍ ആര്‍.എം സെല്‍ സംവിധാനം രൂപീകരിച്ചു.

ഇരട്ട വീടുകളെ ഒറ്റ വീടുകളാക്കുന്ന പദ്ധതി

എം.എന്‍ ലക്ഷം വീടു പദ്ധതിയിലെ ഇരട്ട വീടുകളുടെ അസൗകര്യങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എം. എന്‍ ലക്ഷം വീടുകളിലെ ഇരട്ട വീടുകളെ ഒറ്റ വീടുകളാക്കുന്ന പദ്ധതിയ്ക്ക് തുടക്കമിട്ടത്.

പുതിയ ഓഫീസുകള്‍, തസ്‌തികകൾ 

ഉടുപ്പി-കാസര്‍ഗോഡ് ട്രാന്‍സ്മിഷന്‍ ലൈന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ LA യൂണിറ്റിനായി ഒരു സ്‌പെഷ്യല്‍ തഹസില്‍ദാര്‍ തസ്‌തികയും നേമം-നെയ്യാറ്റിന്‍കര, നെയ്യാറ്റിന്‍കര-പാറശ്ശാല എന്നീ റെയില്‍വേ ലാന്‍ഡ് അക്വിസിഷന്‍ യൂണിറ്റുകള്‍ക്കായി 42 തസ്‌തികയും സൃഷ്‌ടിച്ചു.

പട്ടയ വിതരണം- ഡാഷ്‌ബോര്‍ഡ്

പട്ടയ വിതരണത്തിന് തടസ്സമായി നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും ഓരോ വില്ലേജിലേയും ഭൂരഹിതരുടെ എണ്ണം, ഭൂമിയുടെ ലഭ്യത, പട്ടയ വിതരണത്തിനുള്ള തടസ്സം എന്നിവ കണ്ടെത്തി രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനുള്ള ഡാഷ്‌ബോര്‍ഡ് സജ്ജമായി വരുന്നു. ഇത് പൂര്‍ത്തിയാകുന്നതോടെ ഓരോ പ്രദേശത്തെയും പട്ടയ വിതരണത്തിനുള്ള തടസ്സങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനും എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യ സാക്ഷാത്‌കാരത്തിലേക്ക് എത്തിക്കുന്നതിനും സാധിക്കും.

ആശ്വാസ് വാടക വീടുകള്‍

കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ ചികിത്സക്കായി വരുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് കുറഞ്ഞ ചെലവിൽ താമസിക്കാന്‍ കഴിയുന്ന ”ആശ്വാസ്’ വാടക വീടുകള്‍ ഭവന നിര്‍മ്മാണ വകുപ്പിന്റെ നേതൃത്വത്തില്‍ തയ്യാറാക്കുകയാണ്. 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ മെഡിക്കല്‍ കോളജിനോടനുബന്ധിച്ചുള്ള വീടുകള്‍ക്ക് തറക്കല്ലിട്ടു. അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജിനോടനുബന്ധിച്ചും ആശ്വാസ് ഭവനങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയും രൂപപ്പെടുത്തി.

ഫ്‌ളാറ്റ് സമുച്ചയം

ഹൗസിങ്ങ് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ അമ്പല നഗറില്‍ 80 യൂണിറ്റുകളോടുകൂടിയ ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഹൗസിങ്ങ് പാര്‍ക്ക്

വിവിധ കെട്ടിട നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ ഒറ്റ കുടക്കീഴില്‍ കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലാദ്യമായി ഒരു ഹൗസിങ്ങ് പാര്‍ക്ക് നിര്‍മ്മിക്കുന്നു.

വിജയ മുദ്രകള്‍ ഭാവി രേഖകള്‍

  • 92 വില്ലേജ് ഓഫീസുകളെ സ്‌മാർട്ട് വില്ലേജ് ഓഫീസുകളാക്കി. 82 വില്ലേജ് ഓഫീസുകള്‍ക്ക് പുതുതായി അനുമതി.

  • അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 25,000 രൂപ വരെ വില്ലേജ് ഓഫീസര്‍മാര്‍ക്ക് ചെലവഴിക്കാം

  • ലാന്‍ഡ് ട്രിബ്യൂണല്‍ വഴി വിതരണം ചെയ്യുന്ന ക്രയ സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനായി അദാലത്തുകള്‍ സംഘടിപ്പിച്ചു.

  • ഭൂ നികുതി ഒടുക്കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍.

  • ലൊക്കേഷന്‍ സ്‌കെച്ച് തണ്ടപ്പേര്‍ അക്കൗണ്ട് എന്നിവ ഓണ്‍ലൈനില്‍.

  • ഭൂമി തരം മാറ്റുന്നതിന് ഓണ്‍ലൈന്‍ മൊഡ്യൂള്‍ വഴി അപേക്ഷിക്കാം.

  • കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് എക്‌സ്‌ഗ്രേഷ്യ പേയ്മെന്റ് അനുവദിക്കുന്നതിനും അപേക്ഷിക്കുന്നതിനും ഓണ്‍ലൈന്‍ സംവിധാനം.

  • റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികളും ആവശ്യങ്ങളും ജില്ലാ തലത്തില്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനാണ് ജില്ലാ റവന്യു അസംബ്ലി

  • ജില്ലാ റവന്യു അസംബ്ലിയില്‍ നിയമസഭ സാമാജികര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളും പരാതികളും രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും അവയ്ക്ക് സമയ ബന്ധിതമായി പരിഹാരം കാണുന്നതിനും ഓരോ എം.എല്‍.എയ്ക്കും ഡാഷ്ബോര്‍ഡ്.

  • റവന്യു-സര്‍വെ-ഭവന നിർമ്മാണ-ദുരന്ത നിവാരണ വകുപ്പുകളില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനും പുതിയ ആശയങ്ങള്‍ സ്വരൂപിക്കുന്നതിനുമായി എല്ലാ ബുധനാഴ്‌ചയും റവന്യു സെക്രട്ടേറിയറ്റ് യോഗം.

  • കെട്ടിട നിര്‍മ്മാണ മേഖലയിലുള്ള നൂതന സാങ്കേതിക വിദ്യകള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി തിരുവനന്തപുരത്ത് ഫിനിഷിങ്ങ് സ്‌കൂള്‍.

  • 10 ജില്ലകളിലെ 16 നദികളിലെ മണല്‍ ഓഡിറ്റിങ്ങ് പൂര്‍ത്തീകരിച്ചു.

  • പ്രളയ ജല നിരപ്പിന്റെ ശാസ്ത്രീയ പഠനത്തിന് സംസ്ഥാനത്തെ ഏഴ് നദികളില്‍ ഫ്‌ളഡ് ലെവൽ മാർക്കിംഗ് പൂര്‍ത്തീകരിച്ചു.

  • റവന്യൂ വകുപ്പ് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഐഎല്‍ഡിഎം കേന്ദ്രീകരിച്ച് റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പ്രവര്‍ത്തനം ആരംഭിച്ചു.

  • വില്ലേജ് ഓഫീസുകള്‍ക്കും വെബ്‌സൈറ്റ്.

  • റവന്യൂ വകുപ്പിന്റെ വിദ്യാഭ്യാസ കേന്ദ്രമായ ILDM കേന്ദ്രീകരിച്ച് എംബിഎ കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടു വരുന്നു.