വികസനം ജനകീയമായി സേവനങ്ങള്‍ ആധുനികമായി
-എം. ബി. രാജേഷ്
തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന് ചട്ടങ്ങള്‍ രൂപീകരിച്ചു. ഏകീകൃത വകുപ്പ് നിയമപരമായി സ്ഥാപിതമായി. വിവിധ വിഭാഗങ്ങളെ ഒരു കുടക്കീഴിലാക്കി പ്രിന്‍സിപ്പല്‍ ഡയറക്‌ടറേറ്റും ജില്ലകളില്‍ ജില്ലാ ജോയിന്റ് ഡയറക്‌ടറേറ്റും നിലവില്‍ വന്നു. ഏകീകൃത തദ്ദേശ വകുപ്പിന്റെ ആസ്ഥാനം തിരുവനന്തപുരം നന്ദന്‍കോടുള്ള സ്വരാജ് ഭവനാണ്.
ലൈഫ്
ലൈഫ് ഭവന പദ്ധതിയില്‍ ഇതുവരെ 3,22,922 വീടുകളും നാല് ബഹുനില ഭവന സമുച്ചയങ്ങളും പൂര്‍ത്തീകരിച്ചു. വിവിധ സംഘടനകളുടെ സ്‌പോണ്‍സര്‍ഷിപ് വഴിയും ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചു. ‘മനസ്സോടിത്തിരി മണ്ണ്’ കാമ്പയിനിലൂടെ ഇതുവരെ 23.62 ഏക്കര്‍ ഭൂമി ഭൂരഹിത-ഭവന രഹിതര്‍ക്ക് വീട് വെക്കാനായി ലൈഫ് മിഷന് നല്‍കുമെന്ന് വാഗ്‌ദാനം ചെയ്യപ്പെട്ടു.
തൊഴിലുറപ്പ് പദ്ധതി
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഇതുവരെ 7.4721 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്‌ടിച്ചു. 14.92 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമ നിധി ഏര്‍പ്പെടുത്തി. ക്ഷേമ നിധി ബോര്‍ഡ് രൂപീകരിച്ചു. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് വേതനം വൈകിയാല്‍ നഷ്‌ട പരിഹാരം നല്‍കാന്‍ നിയമ വ്യവസ്ഥ കൊണ്ടു വന്നു.
പതിനഞ്ച് ദിവസത്തിനുള്ളില്‍ വേതനം നല്‍കിയില്ലെങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും 0.5 ശതമാനം നഷ്‌ട പരിഹാരം നല്‍കണം. നഷ്‌ട പരിഹാരത്തുക ഉത്തരവാദിയായ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ 2022 -23 ലെ ബജറ്റ് വിഹിതം 125 കോടിയായി ഉയര്‍ത്തി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ വേതനം 311 രൂപയായി വര്‍ധിപ്പിച്ചു.
ഗ്രാമവികസനം
പ്രധാന മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പ്രകാരം 2021 -22 സാമ്പത്തിക വര്‍ഷം മുതല്‍ 2023 ജനുവരി 23 വരെ 8364 വീടുകള്‍ പൂര്‍ത്തീകരിച്ചു. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ 90.83 കിലോമീറ്റര്‍ റോഡും ഒരു പാലവും പൂര്‍ത്തീകരിച്ചു. പ്രധാനമന്ത്രി കൃഷി സീഞ്ചായി യോജന പ്രകാരം രണ്ട് വര്‍ഷങ്ങളില്‍ 251 കുളങ്ങളും 126 ചെക്ക് ഡാമുകളും പൂര്‍ത്തീകരിച്ചു. 2734 ഹെക്‌ടർ സ്ഥലത്ത് മണ്ണ് -ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി. 1164 ഹെക്‌ടറിൽ ഫല വൃക്ഷങ്ങള്‍ വെച്ചു പിടിപ്പിച്ചു. 2,73,075 തൊഴില്‍ ദിനങ്ങള്‍ സൃഷ്‌ടിച്ചു. നാഷണല്‍ റര്‍ബന്‍ മിഷന്‍ വഴി 12 ക്ലസ്റ്ററുകളിലായി 425 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. ഏഴ് ബ്ലോക്ക് ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ സ്ഥാപിച്ചു.
മാലിന്യ മുക്തിക്ക് ശുചിത്വ കേരളം
2026-ല്‍ കേരളത്തെ സമ്പൂര്‍ണ മാലിന്യ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ശുചിത്വ മിഷനും ഹരിത കേരള മിഷനും വിപുലമായ പദ്ധതി തയ്യാറാക്കി പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാനത്തെ 1034 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി 30,890 ഹരിതകര്‍മ സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇവര്‍ മുഖേന 65 ലക്ഷത്തോളം വീടുകളില്‍ നിന്നും അഞ്ച് ലക്ഷത്തോളം സ്ഥാപനങ്ങളില്‍ നിന്നും അജൈവ പാഴ് വസ്‌തുക്കൾ ശേഖരിക്കുന്നു. ക്ളീന്‍ കേരള കമ്പനി ഇവ പുനരുപയോഗിക്കാനുള്ള പദ്ധതി പ്രാവര്‍ത്തികമാക്കി.
മാലിന്യ സംസ്‌കരണത്തില്‍ ജില്ലാ തല എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. 93 നഗരങ്ങളിലായി ഖര മാലിന്യ സംസ്‌കരണത്തിന് 2300 കോടി രൂപയുടെ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ലെഗസി വേസ്റ്റ് നീക്കം ചെയ്‌ത് 45 ഏക്കര്‍ ഭൂമി വീണ്ടെടുത്തു. കെട്ടിടാവശിഷ്‌ടങ്ങൾ കൈകാര്യം ചെയ്യുന്നതിന് വിപുലമായ പദ്ധതിക്ക് തുടക്കം കുറിച്ചു.
അധിക തസ്‌തികകൾ
നഗര സഭകളില്‍ എട്ട് വിഭാഗങ്ങളിലായി 354 അധിക തസ്‌തികകൾ സൃഷ്‌ടിച്ചു. നഗരങ്ങളില്‍ ശുചിത്വ-മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ നിര്‍വഹണം കാര്യക്ഷമമാക്കുന്നതിന് 99 യുവ പ്രൊഫഷണലുകളെ നിയമിച്ചു. സംസ്ഥാനത്തെ 505 ഗ്രാമ പഞ്ചായത്തുകളില്‍ ഹെല്‍ത്ത് ഇൻസ്‌പെക്‌ടർ ഗ്രേഡ് 2 തസ്‌തിക അനുവദിച്ചു.
അതി ദാരിദ്ര്യ നിര്‍മ്മാര്‍ജനം
സംസ്ഥാനത്ത് 64,006 പേര്‍ അതി ദാരിദ്ര്യം അനുഭവിക്കുന്നവരാണെന്ന് കണ്ടെത്തി. ഇവര്‍ക്കുള്ള മൈക്രോ പ്ലാനുകള്‍ തയാറാക്കി. അവകാശ രേഖകള്‍ നല്‍കുന്ന പ്രവര്‍ത്തനം നടന്നു വരുന്നു.
അമൃത്
അമൃത് പദ്ധതിയുടെ ഭാഗമായി 829 പദ്ധതികളിലായി 1416.51 കോടി രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. എല്ലാ നഗര സഭകളിലും കോര്‍റേഷനുകളിലുമായി ആകെ 3495 .06 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതില്‍ 2123 .06 കോടി രൂപയുടെ സംസ്ഥാന വിഹിതവും 1372 കോടി രൂപയുടെ കേന്ദ്ര വിഹിതവുമാണ്.
കുടുംബ ശ്രീ
കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 1,75,000 പുതിയ അംഗങ്ങളെ കുടുംബ ശ്രീ സംഘടനാ സംവിധാനത്തില്‍ ഉള്‍പ്പെടുത്തി. 18 മുതല്‍ 40 വയസ് വരെയുള്ള സ്ത്രീകള്‍ക്കായി 19,544 ഓക്‌സിലറി ഗ്രൂപ്പുകള്‍ രൂപീകരിച്ചു. ഇവയിലൂടെ 3,06,692 യുവതികള്‍ അംഗത്വം നേടി.
എ ഡി എസുകള്‍ക്ക് ഒരു ലക്ഷം രൂപ വീതം 75 കോടി രൂപ റിവോൾവിങ്ങ് ഫണ്ടായി വിതരണം ചെയ്‌തു. തീര ദേശങ്ങളില്‍ കുടുംബ ശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കായി 3.45 കോടി രൂപ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നല്‍കി.
കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി 303 ബ്രോയിലര്‍ ഫാമുകളും 103 കേരള ചിക്കന്‍ ഔട്ട്ലെറ്റുകളും സ്ഥാപിച്ചു. ശരാശരി 24,000 കിലോ കോഴിയിറച്ചി ഔട്ട്ലെറ്റുകള്‍ വഴി വിപണനം ചെയ്യുന്നു.
നഗര പ്രദേശങ്ങളില്‍ 2246 സംരംഭങ്ങള്‍ രൂപീകരിച്ചതിലൂടെ 3872 പേര്‍ക്ക് തൊഴില്‍ നല്‍കി. കുടുബ ശ്രീയിലെ കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ ഓണറേറിയം 9000 രൂപയില്‍ നിന്ന് 12,000 രൂപയായി വര്‍ധിപ്പിച്ചു. വിശപ്പു രഹിത കേരളം പദ്ധതിയില്‍ 1198 ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചു. 47,256 സൂക്ഷ്‌മ സംരംഭങ്ങള്‍ ആരംഭിച്ചു.
സേവനം ഓണ്‍ ലൈനില്‍
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന സിറ്റിസണ്‍ പോര്‍ട്ടല്‍ സ്ഥാപിച്ചു. 2022 ഏപ്രില്‍ മുതല്‍ അപേക്ഷകള്‍ നല്‍കാനും പണമൊടുക്കാനും സേവനം ലഭിക്കാനും ഗ്രാമ പഞ്ചായത്ത് ഓഫീസ് സന്ദര്‍ശിക്കേണ്ടതില്ല. ഇതിനായി സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവൺമെന്റ് മാനേജ്‌മെന്റ് സിസ്റ്റം (ILGMS) പ്രാവര്‍ത്തികമാക്കി പ്രധാന സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കി. ഒന്‍പത് മാസം കൊണ്ട് 85 ലക്ഷം ഫയലുകള്‍ കൈകാര്യം ചെയ്‌തു. അതില്‍ 74 ലക്ഷം ഫയലുകളും തീര്‍പ്പാക്കി. നഗര സഭകളിലും ഓണ്‍ലൈന്‍ സേവന സംവിധാനം തയ്യാറായി.
കില
കിലയുടെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ അന്താ രാഷ്ട്ര നേതൃ പഠന കേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ് എന്ന പോസ്റ്റ് ഗ്രാജുവേറ്റ് കോളേജിന് തുടക്കം കുറിച്ചു. കണ്ണൂര്‍ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്‌ത് മൂന്ന് പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകള്‍ ആരംഭിച്ചു. ഇ എം എസ് സ്‌മാരക അധികാര വികേന്ദ്രീകരണ മ്യൂസിയം കില തൃശൂര്‍ കാമ്പസില്‍ ഉദ്ഘാടനം ചെയ്‌തു. കിലയുടെ നേതൃത്വത്തില്‍ എല്ലാ ഗ്രാമ പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും സേവന ഗുണമേന്മയ്ക്കുള്ള ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് നേടി.
സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശിക വൽക്കരണത്തിനുള്ള ലോക്കല്‍ ഇന്‍ഡിക്കേറ്റര്‍ ഫ്രെയിം വര്‍ക്ക് രൂപീകരിക്കുകയും ഡാഷ്ബോര്‍ഡ് സംവിധാനം ചിട്ടപ്പെടുത്തുകയും ചെയ്‌തു.
നൂതന ആശയങ്ങള്‍ക്കും മനുഷ്യ വിഭവ വികസന മികവിനുമുള്ള മുഖ്യമന്ത്രിയുടെ Award for Innovations in Public Policy for Peronsal Management കിലയ്ക്ക് ലഭിച്ചു. അഞ്ച് ലക്ഷം രൂപയും പ്രശസ്‌തി പത്രവുമാണ് അവാര്‍ഡ്.
ലഹരി വിപത്തിനെതിരെ
മയക്കുമരുന്ന് വിപത്തിനെതിരെ വിപുലമായ പ്രചാരണം സംഘടിപ്പിച്ചു. 2022 ഒക്ടോബര്‍ രണ്ട് മുതല്‍ 2023 ജനുവരി 26 വരെ രണ്ട് ഘട്ടങ്ങളിലായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ”No To Drugs” കാമ്പയിനില്‍ ഒരു കോടിയിലധികം പേര്‍ പങ്കെടുത്ത ലഹരിവിരുദ്ധ ശൃംഖല സംഘടിപ്പിച്ചു. മയക്കുമരുന്നിനെതിരെ രണ്ട് കോടി ഗോള്‍ അടിച്ചു. എക്സൈസ് സേനയെ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളില്‍ സി സി ടി വി സംവിധാനവും പുതിയ വാഹനങ്ങളും വാങ്ങി.
വിജയ മുദ്രകള്‍ ഭാവി രേഖകള്‍
ബഡ്‌സ് സ്‌കൂള്‍ ജീവനക്കാരുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കി. സ്പെഷ്യല്‍ സ്‌കൂള്‍ ടീച്ചര്‍ക്ക് 32,560 രൂപ വരെ. പാലിയേറ്റീവ് കെയര്‍ നഴ്‌സുമാരുടെ ശമ്പളം 18,390 രൂപയായി വര്‍ധിപ്പിച്ചു.
ശബരിമല തീര്‍ത്ഥാടനത്തിന് തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് 3.36 കോടി രൂപ അനുവദിച്ചു.
വിവാഹ രജിസ്ട്രേഷന് മതം നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുണ്ടാകുന്ന ദുരന്തങ്ങള്‍ നേരിടാന്‍ രാജ്യത്ത് ആദ്യമായി ഡിസാസ്റ്റര്‍ ആന്‍ഡ് ക്ലൈമറ്റ് ആക്ഷന്‍ ട്രാക്കിങ്ങ് ടൂള്‍ (D-CAT tool) എന്ന പുതിയ സംവിധാനത്തിന് രൂപകല്‍പന നല്‍കി പ്രവര്‍ത്തനം തുടങ്ങി.
തൊഴില്‍ സഭകള്‍
കേരളത്തിന്റെ പ്രാദേശിക സംരംഭക അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. തൊഴില്‍ സൃഷ്‌ടിക്കുന്നതിനുള്ള പുതിയ ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുത്തു. ഇതിനായി തൊഴില്‍ സഭകള്‍ സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ ദേശീയ റാങ്കിങ്ങ് ഉയര്‍ത്തുന്നതിനും ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ആവശ്യമായ അന്തരീക്ഷം സൃഷ്ടിച്ചു.
