പരിപാലനം ആധുനികം കരുതല്‍ തണലില്‍ കര്‍ഷകര്‍
ജെ. ചിഞ്ചുറാണി
മൃഗ സംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി
രാത്രി കാലങ്ങളില്‍ അടിയന്തര മൃഗ ചികിത്സ സംവിധാനം എല്ലാ ബ്ലോക്കുകളിലും വ്യാപിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ആദ്യ ഘട്ടമെന്ന നിലയില്‍ കേന്ദ്ര പദ്ധതിയുടെ സഹായത്തോടെ 29 വാഹനങ്ങള്‍ ഏര്‍പ്പെടുത്തി. റീബില്‍ഡ് കേരള പദ്ധതിയുടെ സഹായത്തോടെ രണ്ട് മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റുകള്‍ കണ്ണൂര്‍, എറണാകുളം ജില്ലകളിലും മൂന്ന് മൊബൈല്‍ വെറ്ററിനറി ക്ലിനിക്കുകള്‍ വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലും സ്ഥാപിച്ചു.
169 ടോള്‍ ഫ്രീ നമ്പറില്‍ 24 മണിക്കൂറും വീട്ടു പടിക്കല്‍ മികച്ച ചികിത്സ. വെറ്ററിനറി സര്‍വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ ഒരു കോള്‍ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുമുണ്ട്.
ഇ-സമൃദ്ധ
മൃഗ സംരക്ഷണ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് ഒരൊറ്റ സോഫ്‌റ്റ്‌വെയർ പ്ലാറ്റ്ഫോമിലാക്കുകയാണ് ‘ഇ-സമൃദ്ധ’. കേരള ഡിജിറ്റല്‍ സര്‍വകലാ ശാലയാണ് നവീനമായ സോഫ്‌റ്റ്‌വെയർ ഒരുക്കുന്നത്. വകുപ്പിലെ ജീവനക്കാര്‍ക്കും, കര്‍ഷകര്‍ക്കുമായി മൊബൈല്‍ ആപ്ലിക്കേഷനും വെബ് ആപ്ലിക്കേഷനും തയ്യാറാക്കി വരികയാണ്.
ആധുനിക സേവനം എന്ന നിലയ്ക്ക് മൃഗങ്ങളില്‍ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ടെക്നോളജി (RFID) ചിപ്പുകള്‍ ഘടിപ്പിക്കും. ചിപ്പിലൂടെ അതിന്റെ ജനനം മുതല്‍ മരണം വരെയുമുള്ള, ചികിത്സ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കൃത്രിമ ബീജാധാനം തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും ട്രാക്ക് ചെയ്യാന്‍ കഴിയും. ഇന്ത്യയില്‍ ആദ്യമായി ഇത് നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. പൈലറ്റ് പ്രോജക്‌ടായി ഏഴ് കോടി രൂപ മുതല്‍ മുടക്കില്‍ പത്തനംതിട്ട ജില്ലയില്‍ ചിപ്പ് വാങ്ങുന്ന നടപടി പൂര്‍ത്തീകരിച്ചു. കുളമ്പു രോഗ വാക്‌സിനേഷന് ശേഷം ചിപ്പ് ഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
ജൂനിയര്‍ റസിഡന്റ് വെറ്ററിനറി ഡോക്‌ടർ
തിരഞ്ഞെടുക്കപ്പെട്ട മൃഗ ചികിത്സാ കേന്ദ്രങ്ങളില്‍ പുതുതായി വെറ്ററിനറി ബിരുദം നേടിയ 41 പേരെ ജൂനിയര്‍ റസിഡന്റുമാരായി നിയോഗിച്ചു. നിലവില്‍ ഡോക്‌ടർമാർ ഉള്ള സ്ഥാപനങ്ങളില്‍ തന്നെയാണ് നിയമനം. ബിരുദധാരികള്‍ക്ക് അനുഭവ സമ്പത്തും കര്‍ഷകര്‍ക്ക് സേവനവും ലഭ്യമാക്കാന്‍ പദ്ധതി ഉപകരിക്കും.
ജീവനോപാധി സഹായ പാക്കേജ്
പശു-കിടാരി-ആടു വളര്‍ത്തല്‍, കാലിത്തീറ്റ സബ്‌സിഡി, തൊഴുത്ത് നിര്‍മ്മാണത്തിന് ധന സഹായം, ഫാം യന്ത്രവല്‍രണത്തിന് ധന സഹായം, തീറ്റപ്പുല്‍ കൃഷിയ്ക്ക് സഹായം, താറാവ് വളര്‍ത്തല്‍ പദ്ധതി, കോഴി വളര്‍ത്തല്‍ പദ്ധതി, ശാസ്ത്രീയ കന്നുകുട്ടി പരിപാലന പദ്ധതി തുടങ്ങിയവ നടപ്പിലാക്കി. 17443 കര്‍ഷകര്‍ക്ക് 2021-22-ല്‍ സാമ്പത്തിക പ്രയോജനം ലഭിച്ചു.
കൂടുകളില്‍ കോഴി വളര്‍ത്തല്‍ പദ്ധതി
നഗര പ്രദേശങ്ങളില്‍ (തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍) ഗുണഭോക്താക്കള്‍ക്ക് അത്യുൽപാദന ശേഷിയുള്ള ‘ഹൈ ഇന്‍പുട്ട്’ മുട്ടക്കോഴികളെ (BV 380) വളര്‍ത്താന്‍ ആനുകൂല്യം നല്‍കി. അഞ്ചു കോഴികള്‍ അടങ്ങുന്ന യൂണിറ്റിന് 5250 രൂപയും പത്തു കോഴികള്‍ അടങ്ങുന്ന യൂണിറ്റിന് 9500 രൂപയും സഹായം നല്‍കും.
കന്നുകാലി വികസന ഗോവര്‍ദ്ധിനി പദ്ധതികള്‍
ശാസ്ത്രീയ പരിചരണം ലഭ്യമാക്കുന്നതിനായി പശുക്കുട്ടികളെ ദത്തെടുത്ത് കന്നുകുട്ടി പരിപാലന-ഗോവര്‍ദ്ധിനി പദ്ധതികളുടെ കീഴില്‍ കൊണ്ടു വരുന്നു. ഇതിന്റെ ഭാഗമായി ആരോഗ്യ പരിപാലനം ഉറപ്പാക്കും. സബ്‌സിഡി നിരക്കില്‍ തീറ്റയും ഇന്‍ഷ്വറന്‍സ് പരിരക്ഷയും ശാസ്ത്രീയ പരിപാലനവുമുണ്ട്. ഒരു പശുക്കുട്ടിയ്ക്ക് 12500 രൂപ സബ്‌സിഡി ലഭിക്കുന്നു. 2021-22 സാമ്പത്തിക വര്‍ഷം 42747 പശുക്കുട്ടികള്‍ക്ക് ആനുകൂല്യം ലഭിച്ചു. ഈ സാമ്പത്തിക വര്‍ഷം 64000 എണ്ണത്തിന് ആനുകൂല്യം ലഭ്യമാക്കും.
മാതൃക മൃഗ സംരക്ഷണ ഗ്രാമം
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തിരഞ്ഞെടുക്കപ്പെട്ട 14 പഞ്ചായത്തുകളില്‍ മൃഗ സംരക്ഷണ മേഖലയിലുള്ള പദ്ധതികള്‍ നടപ്പിലാക്കി മാതൃക മൃഗ സംരക്ഷണ ഗ്രാമമാക്കുകയാണ്. പദ്ധതികള്‍ക്ക് മൃഗ സംരക്ഷണ വകുപ്പിന്റെ സഹായമായി ഒരു പഞ്ചായത്തിന് അഞ്ച് ലക്ഷം രൂപ ധന സഹായം നല്‍കും.
കര്‍ഷക സഹായ പദ്ധതികള്‍ – ഗോട്ട് സാറ്റലൈറ്റ് പദ്ധതി
ഒരു ഗുണഭോക്താവിന് 25000 രൂപ ധന സഹായം. അഞ്ച് പെണ്ണാടും ഒരു മുട്ടനാടും നല്‍കുന്ന പദ്ധതി. 2021-22-ല്‍ 789 യൂണിറ്റുകള്‍ സ്ഥാപിച്ചു.
വ്യാവസായികാടിസ്ഥാനത്തില്‍ ആട് വളര്‍ത്തല്‍ യൂണിറ്റുകള്‍ പദ്ധതി പ്രകാരം 20 ആടുകളടങ്ങുന്ന യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ഗുണഭോക്താവിന് ഒരു ലക്ഷം രൂപ ധന സഹായം നല്‍കുന്നു. 2021-22-ല്‍ 789 യൂണിറ്റുകള്‍ സ്ഥാപിച്ചു. മാംസാവശ്യത്തിനായി മൂരിക്കുട്ടി വളര്‍ത്തല്‍ പദ്ധതിയിലൂടെ ഒരു മൂരിക്കുട്ടി അടങ്ങുന്ന യൂണിറ്റൊന്നിന് 10,000 രൂപ ധന സഹായം. 2021-22-ല്‍ 1000 യൂണിറ്റുകള്‍ സ്ഥാപിച്ചു.
കേരള ചിക്കന്‍
കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍, കുടുംബ ശ്രീ മിഷന്‍, മീറ്റ് പ്രോഡക്‌ട്‌സ് ഓഫ് ഇന്ത്യ, ബ്രഹ്‌മ ഗിരി ഡെവലപ്മെന്റ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ 56.2866 കോടി രൂപ ചെലവില്‍ മൃഗ സംരക്ഷണ വകുപ്പ് നോഡല്‍ ഏജന്‍സിയായി നടപ്പിലാക്കി വരുന്ന പദ്ധതി. 116 ഇറച്ചിക്കോഴി വളര്‍ത്തല്‍ ഫാമുകള്‍ സ്ഥാപിച്ചു. കുടപ്പനക്കുന്നില്‍ കെപ്കോയുടെ ബ്രോയിലര്‍ ബ്രീഡര്‍ ഫാം നിര്‍മ്മാണം പുരോഗമിക്കുന്നു. ആകെ 2500 ഓളം ഇറച്ചിക്കോഴി വളര്‍ത്തല്‍ ഫാമുകളാണ് ലക്ഷ്യമിടുന്നത്.
ഗോ സമൃദ്ധി ഇന്‍ഷ്വറന്‍സ്
സാധാരണക്കാരായ കര്‍ഷകര്‍ വളര്‍ത്തുന്ന അത്യുല്‍പാദന ശേഷിയുള്ള കന്നുകാലികളുടെ മരണം അല്ലെങ്കില്‍ അവയുടെ പാലുല്‍പാദനത്തിലുണ്ടാകുന്ന നഷ്‌ടം സംഭവിക്കുമ്പോള്‍ കൈത്താങ്ങാകാനാണ് ‘ഗോ സമൃദ്ധി’ കന്നുകാലി ഇന്‍ഷറന്‍സ് പദ്ധതി. ആകെ 45,510 പശുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമായിട്ടുണ്ട്. ജനറല്‍ വിഭാഗത്തിനു 50% സബ്‌സിഡിയും, SC/ST വിഭാഗത്തിനു 70% സബ്‌സിഡിയും നല്‍കുന്നു. 2021-22 സാമ്പത്തിക വര്‍ഷം അഞ്ച് കോടി രൂപ പദ്ധതിക്കായി അനുവദിച്ചു.
ക്ഷീര വികസനം, കര്‍ഷക ക്ഷേമം
ഗ്രാമീണ വിജ്ഞാന വ്യാപന പ്രവര്‍ത്തനം തീറ്റപ്പുൽക്കൃഷി, എം.എസ്.ഡി.പി., ക്ഷീര ഗ്രാമം, ക്ഷീര സംഘങ്ങള്‍ക്കുള്ള ധന സഹായം, എന്നിവയാണ് പ്രധാന ക്ഷീര കര്‍ഷക ക്ഷേമ പദ്ധതികള്‍. 2021-22-ല്‍ 10 ക്ഷീര ഗ്രാമം ഉണ്ടായിരുന്നത് 2022-23-ല്‍ 20 ക്ഷീര ഗ്രാമം ആയി ഉയര്‍ത്തി. അതി ദരിദ്ര പട്ടികയില്‍ ഉള്ള 140 വനിതകള്‍ക്ക് 90% സബ്‌സിഡിയോടെ ഒരു പശുവിനെ നല്‍കുന്ന പദ്ധതി നടപ്പാക്കി.
2022-23-ല്‍ 480.15 ലക്ഷം രൂപ ചിലവഴിച്ച് 2180 ഹെക്‌ടറിലും തീറ്റപ്പുൽക്കൃഷി നടപ്പിലാക്കി. കര്‍ഷകര്‍ക്ക് കൃഷി നടപ്പിലാക്കുന്നതിന് ഇറിഗേഷന്‍ അസിസ്റ്റന്‍സ്, മെക്കനൈസേഷന്‍, ചോളം കൃഷി, വാണിജ്യ അടിസ്ഥാനത്തില്‍ തീറ്റപ്പുൽക്കൃഷിയും വിപണനവും തരിശു ഭൂമിയില്‍ പുല്‍ക്കൃഷി എന്നീ പദ്ധതികളും നടപ്പിലാക്കി.
ക്ഷീര കര്‍ഷക ക്ഷേമ നിധി വഴി ഇതു വരെ 167. 34 കോടി രൂപ വിതരണം ചെയ്‌തു. ക്ഷീര സംഘങ്ങളെ ശാക്തീകരിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ധന സഹായം നല്‍കി. ക്ഷീര സഹകരണ നിയമ നിര്‍മ്മാണ ഭേദഗതി വഴി കര്‍ഷക ക്ഷേമം മുന്‍ നിര്‍ത്തിയും ക്ഷീര സഹകരണ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുമുള്ള അനിവാര്യമായ ഭേദഗതികള്‍ സാധ്യമായി. 1428 കര്‍ഷകരെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി 833. 27 ലക്ഷം രൂപ ലോണ്‍ ലഭ്യമാക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം പുതിയതായി 2823 കര്‍ഷകരെ കൂടി ഉള്‍പ്പെടുത്തി. 2022- 23-ല്‍ ക്ഷീര വികസന വകുപ്പ് 28 കോടി രൂപ മില്‍ക്ക് ഇന്‍സെന്റീവ് ഇനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കി. 1,97,306 ക്ഷീര കര്‍ഷകര്‍ക്ക് പ്രയോജനം ലഭിച്ചു.
ക്ഷീര സാന്ത്വനം ഇന്‍ഷറന്‍സ് പദ്ധതിയിലൂടെ 34415 ഉരുക്കളെയും 20465 കര്‍ഷക കുടുംബങ്ങളെയും ഇന്‍ഷ്വര്‍ ചെയ്‌തതിലൂടെ ക്ലെയിം ഇനത്തില്‍ 17.91 കോടി രൂപ കര്‍ഷകര്‍ക്ക് ലഭിച്ചു. 2022-23 ല്‍ 5812 ഉരുക്കളെയും 20465 കര്‍ഷക കുടുംബങ്ങളെയും ഇന്‍ഷ്വര്‍ ചെയ്തതിലൂടെ പതിനൊന്നാം മാസം വരെ ക്ലെയിം ഇനത്തില്‍ അഞ്ച് കോടി രൂപ കര്‍ഷകര്‍ക്ക് ലഭിച്ചു.
വിജയ മുദ്രകള്‍ ഭാവി രേഖകള്‍
മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക്പോസ്റ്റുകളില്‍ രോഗ പരിശോധന കൂടുതല്‍ ഊര്‍ജിതമാക്കി.
പ്രധാന റോഡുകള്‍, ദേശീയ പാതകള്‍ എന്നിവ കേന്ദ്രീകരിച്ച് വാഹന പരിശോധനയും, രോഗ പരിശോധനയും നടപ്പിലാക്കുന്നതിന് റെന്‍ഡര്‍ പെസ്റ്റ് മൊബൈല്‍ യൂണിറ്റും റെണ്ടര്‍ പെസ്റ്റ് വിജിലന്‍സ് യൂണിറ്റും പ്രവര്‍ത്തിക്കുന്നു. 404 3 ലക്ഷം രൂപ ചെലവഴിച്ചു.
സംസ്ഥാന ജന്തു രോഗ നിയന്ത്രണ പദ്ധതിക്കു കീഴില്‍ കുളമ്പു രോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു. 4.35 ലക്ഷം കന്നുകാലികള്‍ക്ക് കുത്തിവെപ്പ് നല്‍കി. കോഴി, താറാവ്, ആട്, പശു, പന്നി എന്നിവയ്ക്കുള്ള രോഗപ്രതിരോധ കുത്തിവെപ്പ് അസ്‌കാര്‍ഡ് പദ്ധതി വഴി നടപ്പിലാക്കി വരുന്നു.
പേ വിഷബാധ തടയുന്നതിന് മൃഗ സംരക്ഷണ വകുപ്പിന്റെ പ്രത്യേക കര്‍മ്മ പദ്ധതിയും നടപ്പാക്കി വരുന്നുണ്ട്.
കന്നുകാലികളിലെ ചര്‍മ്മ മുഴ രോഗത്തിനെതിരെ 35000-ത്തോളം ഉരുക്കള്‍ക്ക് വാക്‌സിൻ നല്‍കി.
പക്ഷിപ്പനി നഷ്‌ട പരിഹാരത്തുകയിൽ മുഴുവന്‍ തുകയും കേരള സര്‍ക്കാര്‍ നല്‍കി വരുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ഹെല്‍ത്ത്&വെറ്ററിനറി ബയോളജിക്കല്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ട് കോടിയിലധികം വില മതിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മൃഗ പരിപാലന മേഖലയില്‍ ഉപ ജീവനം കണ്ടെത്തുന്ന കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്‌തു.
മൃഗ സംരക്ഷണ വകുപ്പിന്റെ സംസ്ഥാനതല രോഗ നിര്‍ണ്ണയ സ്ഥാപനമായ പാലോടുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസസ് പേ വിഷബാധയുടെ പ്രതിരോധ ശേഷി മനുഷ്യരിലും മൃഗങ്ങളിലും നിര്‍ണ്ണയിക്കുന്ന പരിശോധ നരീതി കേരളത്തില്‍ ആദ്യമായി നടപ്പിലാക്കി.
പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആഫ്രിക്കന്‍ പന്നിപ്പനി, പക്ഷിപ്പനി, ചര്‍മ്മ മുഴ രോഗം എന്നിവയുടെ രോഗ നിര്‍ണ്ണയം/പ്രാഥമിക രോഗ നിര്‍ണ്ണയം നടത്താനുള്ള സൗകര്യം സജ്ജമാക്കി.
ഡയറി പ്രൊമോട്ടര്‍മാരുടെ വേതനം 7500-ല്‍ നിന്നും 8000 ആക്കി. വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരുടെ വേതനം 6000 ത്തില്‍ നിന്നും 8000 ആക്കി വര്‍ധിപ്പിച്ചു.
മൃഗ സംരക്ഷണ മേഖലയിലെ കര്‍ഷകരെ ആദരിക്കുന്ന കര്‍ഷക പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു.
ക്ഷീര വികസന വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളെ സുതാര്യമായി തിരഞ്ഞെടുക്കുന്നതിനായി ക്ഷീര ശ്രീ പോര്‍ട്ടല്‍ നടപ്പിലാക്കി.
മില്‍മയ്ക്ക് 2021-22 വര്‍ഷം 750 ലക്ഷം രൂപയും 2022 -23 വര്‍ഷം 750 ലക്ഷം രൂപയും മൂര്‍ക്കനാട് പാല്‍പ്പൊടി ഫാക്‌ടറി സ്ഥാപിക്കുന്നതിന് 3272 ലക്ഷം രൂപയും അനുവദിച്ചു.
അധികം വരുന്ന പാല്‍ പാല്‍പ്പൊടി ആക്കി മാറ്റുന്നതിലേക്കായി മലപ്പുറത്ത് മൂര്‍ക്കനാട് 52.25 കോടി രൂപ ചെലവഴിച്ച് പാല്‍ പൗഡര്‍ ഫാക്‌ടറി സ്ഥാപിച്ചു.
1500 ലക്ഷം രൂപ മുതല്‍ മുടക്കുളള എം.പി.ഐ.യുടെ മൂല്യ വര്‍ധിത ഇറച്ചി ഉല്‍പന്ന സംസ്‌കരണ പ്ളാന്റ്, ഏരൂര്‍, കൊല്ലം എന്നിവിടങ്ങളില്‍.
കെപ്കോ നിലവില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ 120-ല്‍ പരം ഏജന്‍സികളില്‍ ശീതീകരിച്ച കോഴിയിറച്ചിയും, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും വിതരണം ചെയ്യുന്നു.
കേരള ഫീഡ്‌സ്, മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പുകളുമായി സഹകരിച്ച് 2021-22ല്‍ 21,078 മെട്രിക് ടണ്‍ കാലിത്തീറ്റ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്‌തു.
>തിരുവനന്തപുരം മൃഗശാലയില്‍ ചിത്ര ശലഭ പാര്‍ക്ക് കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചു.
സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും മൊബൈല്‍ വെറ്ററിനറി സേവനം വ്യാപിപ്പിക്കാന്‍ നടപടി.
ക്ഷീര സഹകരണ സംഘങ്ങളിലെ പാല്‍ സംഭരണം മുതല്‍ അക്കൗണ്ടിങ്ങ് വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കമ്പ്യൂട്ടറൈസ് ചെയ്യുന്നതിനായി ക്ഷീര ശ്രീ സോഫ്‌റ്റ്‌വെയർ നിര്‍മ്മിച്ചു വരുന്നു.
