മികവിന്റെ പുതു മാതൃകകൾ

ജനങ്ങൾക്ക് പുതിയ സേവനങ്ങൾ നൽകി കുടുംബശ്രീ അംഗങ്ങൾക്ക് വരുമാനം ഉറപ്പാക്കാനായി പുതുതായി ആവിഷ്‌കരിച്ച മാതൃകാപദ്ധതികൾ

കമ്യൂണിക്കോർ പദ്ധതി
ഇംഗ്ലീഷ് ഭാഷയിൽ
പ്രാവീണ്യം നൽകാൻ

തദ്ദേശീയ മേഖലയിൽ അധിവസിക്കുന്നവർക്ക് മലയാളം, ഇംഗ്ലീഷ് ഭാഷകൾ മനസ്സിലാക്കുന്നതിന് പ്രയാസം നേരിടുന്നത് വിദ്യാഭ്യാസ രംഗത്തും തൊഴിൽമേഖലയിലും അവരുടെ മുന്നേറ്റത്തെ സാരമായി ബാധിക്കാറുണ്ട്. MIKAVU1ഈ സാഹചര്യത്തിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇംഗ്ലീഷ് ഭാഷാനൈപുണ്യ പരിശീലന പരിപാടിയാണ് കമ്മ്യൂണിക്കോർ. ജില്ലകളിൽ തിരഞ്ഞെടുത്ത കുട്ടികൾക്കായി എല്ലാ മാസവും തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പരിശീലനം നൽകും. പദ്ധതി ഗുണഭോക്താക്കളായ ആയിരത്തോളം കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

നിലവിൽ പട്ടികവർഗ പ്രത്യേക പദ്ധതി നടപ്പാക്കുന്ന അട്ടപ്പാടി, പറമ്പിക്കുളം(പാലക്കാട്), തിരുനെല്ലി, നൂൽപ്പുഴ (വയനാട്), ആറളം ഫാം (കണ്ണൂർ), നിലമ്പൂർ(മലപ്പുറം), കോടഞ്ചേരി (കോഴിക്കോട്), കുട്ടമ്പുഴ (എറണാകുളം), മറയൂർ, കാന്തല്ലൂർ, വട്ടവട(ഇടുക്കി) കൊറഗ പ്രത്യേക പദ്ധതി (കാസർകോട്), കാടർ പ്രത്യേക പദ്ധതി (തൃശൂർ), മലൈപണ്ടാരം പ്രത്യേക പദ്ധതി (പത്തനംതിട്ട) എന്നിവിടങ്ങളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികളാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. ഒരു വർഷമാണ് പരിശീലന പരിപാടിയുടെ ദൈർഘ്യം. നാൽപ്പതോളം അധ്യാപകരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്.

ജന ഗൽസ
ഗോത്രകലാരൂപങ്ങൾ സംരംഭമാതൃകയിലേക്ക്

തദ്ദേശീയ മേഖലയിൽ നിലവിലുളളതും അന്യംനിന്നു പോകുന്നതുമായ പാരമ്പര്യകലകൾക്ക് പുതുജീവൻ നൽകുന്നതിനായി കുടുംബശ്രീ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ‘ജന ഗൽസ’. ജനങ്ങളുടെ ആഘോഷം എന്നാണ് അർഥം. ഗോത്രകലാരൂപങ്ങൾ സംരംഭമാതൃകയിൽ ഉൾപ്പെടുത്തി തദ്ദേശീയ ജനതയ്ക്ക് മികച്ച തൊഴിലും വരുമാനവും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും വിദ്യാഭ്യാസവകുപ്പുമായി ചേർന്ന് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും ഉദ്ദേശിക്കുന്നു. MIKAVU2ആദ്യപടിയായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തദ്ദേശീയ മേഖലയിലെ മുഴുവൻ കലാകാരരെയും ഗോത്രകലാരൂപങ്ങളെയും കുറിച്ചുള്ള സമഗ്ര ഡയറക്ടറി തയ്യാറാക്കും. പട്ടികവർഗ വിഭാഗത്തിലുള്ള അനിമേറ്റർമാരെ ഉപയോഗിച്ചു സർവേ ആഗസ്റ്റിൽ പൂർത്തിയാക്കും. നിലവിൽ തദ്ദേശീയ മേഖലയിൽ 38-ലേറെ വിഭാഗങ്ങളുണ്ട്. ഓരോ വിഭാഗത്തിനും തനതായ കലാരൂപങ്ങളുമുണ്ട്. ഇവയെ പുനരുജ്ജീവിപ്പിച്ച് വരുമാനദായക സംരംഭ രൂപവൽരണമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവിൽ കുടുംബശ്രീ നടപ്പാക്കുന്ന ട്രൈബൽ പദ്ധതിക്ക് കീഴിലെ അർഹരായ മുഴുവൻ ഗുണഭോക്താക്കളെയും ഇതിനായി കണ്ടെത്തും. കലാരൂപങ്ങളെ ഉൾപ്പെടുത്തി സംസ്ഥാനതല കൺസോർഷ്യം രൂപവൽക്കരിക്കും.

ലഹരി അടക്കമുളള സാമൂഹികവിപത്തുകൾക്കെതിരേ സർക്കാരിന്റെ വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും സംരംഭം പ്രയോജനപ്പെടുത്തും. കുടുംബശ്രീയുടെ കമ്യൂണിറ്റി തിയേറ്റർ ഗ്രൂപ്പായ രംഗശ്രീയുമായും സാംസ്‌കാരിക ടൂറിസം കേന്ദ്രങ്ങളുമായും ചേർന്നുപ്രവർത്തിക്കും. ഫോക്ലോർ അക്കാദമി, കിർത്താഡ്സ് തുടങ്ങിയ സ്ഥാപനങ്ങളുമായും സഹകരിച്ച് തദ്ദേശീയർക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കും.

കെ 4 കെയർ
രോഗീപരിചരണ സേവനങ്ങൾ

വയോജന, രോഗീപരിചരണ മേഖലയിൽ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് കെ ഫോർ കെയർ. വിദഗ്ധ പരിശീലനം ലഭിച്ച വനിതകൾ കെ 4 കെയർ എക്സിക്യൂട്ടീവുകൾ എന്ന പേരിൽ എല്ലാ ജില്ലകളിലും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വയോജനങ്ങൾ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, നവജാത ശിശുക്കൾ എന്നിവരുടെ പരിചരണം, പ്രസവാനന്തര പരിചരണം തുടങ്ങി വിവിധ മേഖലകളിൽ ഇവരുടെ സേവനം ലഭ്യമാകും. പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല കോൾ സെന്റർ സംവിധാനവും പ്രവർത്തിക്കുന്നുണ്ട്.

MIKAVU4
കിടപ്പുരോഗികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങി ദൈനംദിനജീവിതത്തിൽ മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്ന വ്യക്തികളും കുഞ്ഞുങ്ങളുമുളള കുടുംബങ്ങൾക്കാവശ്യമായ പ്രൊഫഷണൽ സേവനങ്ങളാണ് കെയർ എക്സിക്യൂട്ടീവുകൾ വഴി ലഭ്യമാവുക. ഇവർക്കാവശ്യമായ സഹായപരിചരണങ്ങൾ ഒരു മണിക്കൂർ മുതൽ ദിവസ, മാസ അടിസ്ഥാനത്തിൽ ലഭിക്കും. വയോജനങ്ങളെ ആശുപത്രിയിൽ എത്തിക്കുക, കുട്ടികളെ സ്‌കൂളിൽ നിന്നും കൊണ്ടുവരിക എന്നിങ്ങനെയുള്ള കാര്യങ്ങളിലും ഇവരുടെ സേവനം പ്രയോജനപ്പെടുത്താനാകും. ഉപഭോക്താവ് ആവശ്യപ്പെടുന്ന സമയത്ത് ജില്ലയിൽ കെയർ എക്സിക്യൂട്ടീവ് ലഭ്യമല്ലെങ്കിൽ അടുത്ത ജില്ലയിൽ നിന്നും കണ്ടെത്തി നൽകും.

ഈ വർഷം ജനുവരിയിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി മികച്ച പരിശീലനം ലഭിച്ച 500 വനിതകളിൽ മുന്നൂറോളം പേർക്ക് ഇതിനകം ഈ രംഗത്ത് ആകർഷകമായ വരുമാനത്തോടെ തൊഴിൽ ലഭ്യമായിട്ടുണ്ട്. കൂടുതൽ തൊഴിൽ അവസരങ്ങളൊരുക്കുന്നതിന്റെ ഭാഗമായി പരിശീലനം ലഭിച്ച കെയർ എക്സിക്യൂട്ടീവുകളെ ഉൾപ്പെടുത്തി എല്ലാ ജില്ലകളിലും ജില്ലാതല കൺസോർഷ്യവും രൂപീകരിച്ചിട്ടുണ്ട്. സേവനങ്ങൾക്ക്  വിളിക്കാം 91889 25597

കെ-ടിക്
പട്ടികവർഗ മേഖലയിൽ സംരംഭകത്വ പ്രോത്സാഹനം

പട്ടികവർഗ മേഖലയിലെ ജനവിഭാഗങ്ങൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിച്ചുകൊണ്ട് നൂതനമായ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയാണ് കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസ് ആൻഡ് ഇവേഷൻ സെന്റർ അഥവാ കെ-ടിക്.  14 ജില്ലകൾ കൂടാതെ പാലക്കാട് അട്ടപ്പാടി, വയനാട് ജില്ലയിലെ തിരുനെല്ലി എന്നിവിടങ്ങളിൽ നിന്നായി ആകെ എണ്ണൂറോളം പേരാണ് ഗുണഭോക്തൃ പട്ടികയിലുള്ളത്. MIKAVU3ഇവർക്ക് സംരംഭകത്വ വികസന പരിശീലനം നൽകുന്ന ഇൻക്യുബേറ്റർമാരായി 36 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്.

പട്ടികവർഗ മേഖലയിലെ യുവജനങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനും ഈ മേഖലയിൽ പ്രഫഷണലിസം കൈവരിക്കുന്നതിനും സഹായകമായ രീതിയിലാണ് പരിശീലന പരിപാടിയുടെ ആസൂത്രണം. വിവിധ ഘട്ടങ്ങളിലായി ഒന്നര വർഷം നീണ്ടുനിൽക്കുന്നതാണ് പരിശീലനം. ഇക്കാലയളവിൽ സൂക്ഷ്മസംരംഭങ്ങളുടെ പ്രവർത്തനരീതിയും ഉൽപ്പന്ന വിപണനവും ഉൾപ്പെടെയുള്ള കാര്യങ്ങൾ നേരിൽ കണ്ടു മനസിലാക്കുന്നതിനായി ഫീൽഡ് സന്ദർശനവും ഉണ്ടാകും. ഇതിനായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കാർഷിക മൃഗസംരക്ഷണം, എസ്.വി.ഇ.പി, സൂക്ഷ്മസംരംഭങ്ങൾ എന്നീ പദ്ധതികളുടെ ജില്ലാപ്രോഗ്രാം മാനേജർമാർ, സാമൂഹിക വികസന പദ്ധതികളുടെ കമ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാർ എന്നിവരുടെ പിന്തുണയും ലഭിക്കും.

ലഞ്ച് ബെൽ
ഉച്ചഭക്ഷണം ജോലിസ്ഥലത്തെത്തും

വീട്ടിൽനിന്നും ഉച്ചഭക്ഷണം കൊണ്ടുപോകാൻ കഴിയാതെ തിരക്കിട്ട് ഓഫീസിലേക്കും മറ്റു ജോലി സ്ഥലങ്ങളിലേക്കും പോകുന്നവർക്ക് ഒറ്റ ക്ലിക്കിൽ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ പദ്ധതിയാണ് ‘ലഞ്ച് ബെൽ’. തിരുവനന്തപുരം ജില്ലയിൽ സെക്രട്ടേറിയറ്റ്, നിയമസഭ, വികാസ് ഭവൻ, പബ്ലിക് ഓഫീസ് പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഉച്ചഭക്ഷണ വിതരണം. ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്ത് കുടുംബശ്രീയുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതോടൊപ്പം വനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.MIKAVU

കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ്പ് ‘പോക്കറ്റ്മാർട്ട്’ വഴിയാണ് ഉച്ചയൂണിന് ഓർഡർ നൽകുന്നത്. ചോറ്, സാമ്പാർ, അച്ചാർ, കൂട്ടുകറി, പുളിശ്ശേരി എന്നിവ ഉൾപ്പെടുന്ന ബജറ്റ് ലഞ്ചും നോൺ വെജ് വിഭവങ്ങൾ കൂടി ഉൾപ്പെട്ട പ്രീമിയം ലഞ്ചും ലഭ്യമാണ്. ഓരോ ദിവസത്തെയും ഉച്ചഭക്ഷണം അന്നു രാവിലെ ഏഴു മണിവരെ ഓർഡർ ചെയ്യാം. രാവിലെ പത്തുമണിക്കുള്ളിൽ വിതരണത്തിന് തയ്യാറാകുന്ന പാഴ്സൽ ഉച്ചയ്ക്ക് 12നു മുമ്പായി ഓർഡർ ചെയ്ത ആൾക്ക് ലഭിക്കും. ഉപഭോക്താവിന്റെ ഓഫീസ് പ്രവർത്തന ദിവസങ്ങൾ അനുസരിച്ച് ആറ് മാസം വരെ ഉച്ചഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.

കുടുംബശ്രീയുടെ പ്രീമിയം കഫേ റെസ്റ്ററന്റിൽ സജ്ജീകരിച്ച കിച്ചണിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. പൂർണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് ഉച്ചഭക്ഷണ വിതരണം. ബ്രേക്ക് ഫാസ്റ്റിന്റെ വിതരണം കൂടി ഉടൻ ആരംഭിക്കും. നിലവിൽ മുപ്പതോളം വനിതകൾക്ക് ലഞ്ച് ബെൽ പദ്ധതി വഴി വരുമാനം നേടാനാകുന്നുണ്ട്.

മാ കെയർ സ്റ്റോർ
വിദ്യാലയവളപ്പിലെ സ്റ്റോറുകൾ

വിദ്യാർഥികൾക്ക് ആരോഗ്യകരവും പോഷകസമ്പുഷ്ടമായ ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്‌കൂൾ സ്റ്റേഷനറി വസ്തുക്കൾ, സാനിട്ടറി നാപ്കിനുകൾ എന്നിവ ലഭ്യമാക്കുന്നതിന് സ്‌കൂൾ വളപ്പിൽ തന്നെ പ്രവർത്തിക്കുന്ന സ്റ്റോറുകളാണിവ. കിയോസ്‌കുകൾ സ്ഥാപിക്കാൻ സ്ഥലം ലഭ്യമല്ലെങ്കിൽ ഉപയോഗിക്കാതെ കിടക്കുന്ന ക്ലാസ് മുറികളും ഇതിനായി ഉപയോഗിക്കും. ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ വിഭാഗത്തിനുകീഴിലുള്ള ആയിരം സ്‌കൂളുകളിലെങ്കിലും പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.MIKAVU6

നിലവിൽ ഇരുനൂറോളം വിദ്യാലയങ്ങളിൽ പദ്ധതി ആരംഭിച്ചുകഴിഞ്ഞു. ആദ്യഘട്ടത്തിൽ കുറഞ്ഞത് 5000 വനിതകൾക്കെങ്കിലും മികച്ച ഉപജീവനമാർഗം കണ്ടെത്താനാകും. നിലവിൽ കാസർകോട്, കണ്ണൂർ ജില്ലകളിൽ ആരംഭിച്ച പദ്ധതിക്ക് മികച്ച സ്വീകാര്യത നേടാനായിട്ടുണ്ട്. ലഘുഭക്ഷണങ്ങളും പാനീയങ്ങളും പഠനസഹായത്തിനാവശ്യമായ സ്റ്റേഷനറികളും ലഭ്യമാക്കുന്നതുവഴി സ്‌കൂൾ സമയത്ത് കുട്ടികൾ പുറത്തുപോകുന്നത് ഒഴിവാക്കാനാകും. സ്‌കൂൾ കോമ്പൗണ്ടിനുള്ളിൽ തന്നെ ആരോഗ്യകരമായ ലഘുഭക്ഷണ പാനീയങ്ങൾ ലഭിക്കുന്നതിനാൽ സ്‌കൂളിനു പുറത്തുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങളും ലഹരിപദാർഥങ്ങളും ഉപയോഗിക്കുന്നതിനുള്ള സാഹചര്യങ്ങൾക്ക് തടയിടാനുമാകും.

കുടുംബശ്രീയുടെ നേതൃത്വത്തിൽ സംരംഭ മാതൃകയിൽ കിയോസ്‌ക് നടത്തുന്നതിനാവശ്യമായ പരിശീലനം നൽകും. കുടുംബശ്രീയുടെ വിവിധ പദ്ധതികൾ, കമ്യൂണിറ്റി എന്റർപ്രൈസ് ഫണ്ട്, ലിങ്കേജ് വായ്പ, ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതം എന്നിവ വഴി സംരംഭം ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായവും ലഭ്യമാക്കും.

പോക്കറ്റ് മാർട്ട് ആപ്ലിക്കേഷൻ
ആപ്പിലൂടെ ഉൽപ്പന്നങ്ങൾ വാങ്ങാം

ഇക്കുറി മലയാളിക്ക് ഓണം ആഘോഷിക്കാൻ കുടുംബശ്രീ ഉൽപ്പന്നങ്ങൾ പോക്കറ്റ് മാർട്ട് ആപ്പിലൂടെ ഓൺലൈനായി ഓർഡർ ചെയ്തുവാങ്ങാം. ചിപ്സ്, ശർക്കരവരട്ടി, പായസം മിക്സ്, സാമ്പാർ മസാല, മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, വെജ്മസാല എന്നിവ ഉൾപ്പെടെ എട്ട് ഉൽപ്പന്നങ്ങളാണ് ആകർഷകമായ ഗിഫ്റ്റ് ഹാംപറിൽ ഉപഭോക്താക്കളുടെ കൈകളിലെത്തുക.MIKAVU7

കുടുംബശ്രീ ഉൽപ്പന്നങ്ങളും വിവിധ പദ്ധതികൾ വഴി ലഭ്യമാകുന്ന സേവനങ്ങളും ഇ-കൊമേഴ്സ് ആപ്ലിക്കേഷനിലൂടെ വിപണിയിലെത്തിക്കുകയും അതുവഴി സംരംഭകർക്ക് ഓൺലൈൻ വിപണിയുടെ സാധ്യത തുറന്നു കൊടുക്കുന്നതിനുമായി കുടുംബശ്രീ രൂപീകരിച്ച പുതിയ സംവിധാനമാണ് പോക്കറ്റ്മാർട്ട് ആപ്ലിക്കേഷൻ.

ആദ്യഘട്ടത്തിൽ അറുനൂറിലേറെ ഉൽപ്പന്നങ്ങൾ സംബന്ധിച്ച വിവരങ്ങൾ പോക്കറ്റ്മാർട്ട് ആപ്പിൽ ലഭ്യമാകും. ഇന്ത്യയിലെവിടെയും ഉൽപ്പന്നങ്ങൾ കൊറിയർ വഴി എത്തിക്കുന്നതിനുളള സംവിധാനവും പൂർത്തിയായി വരികയാണ്. ഏറ്റവും അടുത്തുള്ള കുടുംബശ്രീ സംരംഭങ്ങൾ, പ്രീമിയം ഹോട്ടലുകൾ, ജനകീയ ഹോട്ടലുകൾ, കേരള ചിക്കൻ ഔട്ട്ലെറ്റുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്നതിനും സഹായകമാകും. നിലവിൽ കുടുംബശ്രീയുടെ ഫുഡ് ഡെലിവറി സംവിധാനമായ ‘ലഞ്ച് ബെൽ’ പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കൾ ഭക്ഷണം ഓർഡർ ചെയ്യുന്നത് പോക്കറ്റ്മാർട്ട് ആപ്ലിക്കേഷൻ വഴിയാണ്.

ക്വിക് സെർവ് – അർബൻ സർവീസ് ടീം
ഗാർഹിക ജോലികൾക്കും ശുചീകരണത്തിനും

നഗര പ്രദേശങ്ങളിലെ ജനങ്ങളുടെ മാറുന്ന ജീവിത സാഹചര്യങ്ങൾ കണക്കിലെടുത്തും കുടുംബശ്രീ അംഗങ്ങൾക്ക് കൂടുതൽ വരുമാനദായക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെയും ഭാഗമായി കുടുംബശ്രീ രൂപം നൽകിയ പദ്ധതിയാണ് ക്വിക് സെർവ് എന്ന അർബൻ സർവീസ് ടീം.
വീട്ടുജോലി, ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയുള്ള ഗൃഹശുചീകരണം, പാചകം, വാഹന ശുചീകരണം, വയോജനങ്ങൾ, കിടപ്പു രോഗികൾ, കുട്ടികൾ എന്നിവരുടെ പരിചരണം തുടങ്ങിയവയാണ് ലഭിക്കുന്ന സേവനങ്ങൾ.MIKAVU8
പദ്ധതിയിൽ ഉൾപ്പെട്ട കുടുംബശ്രീ അംഗങ്ങൾക്ക് സോഫ്റ്റ് സ്‌കിൽ പരിശീലനം ഉൾപ്പെടെ നൽകി അവരെ മികച്ച സേവനദാതാക്കളാക്കി മാറ്റിയിട്ടുണ്ട്. എല്ലാവർക്കും യൂണിഫോമും തിരിച്ചറിയൽ കാർഡും നൽകിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 42 നഗരസഭകളിലായി 43 യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ഇതുവഴി 1224 കുടുംബശ്രീ അംഗങ്ങൾക്ക് മെച്ചപ്പെട്ട തൊഴിലും വരുമാനവും ഉറപ്പാക്കാൻ കഴിയുന്നു.
നഗര സി.ഡി.എസുകളിലെ അയൽക്കൂട്ടങ്ങളിൽ നിന്നോ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളിൽ നിന്നോ തിരഞ്ഞെടുക്കുന്ന മൂന്നോ അതിലധികമോ അംഗങ്ങളെ ഉൾപ്പെടുത്തി ഒരു ഗ്രൂപ്പ് സംരംഭമായി രൂപീകരിച്ചാണ് ക്വിക് സെർവിന്റെ പ്രവർത്തനം. തുടർന്ന് സംരംഭം സി.ഡി.എസിൽ രജിസ്റ്റർ ചെയ്യും. അടുത്ത ഘട്ടത്തിൽ ക്വിക് സെർവിന്റെ സേവനദാതാവായി പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവരെ കണ്ടെത്തി അവരെ ക്വിക് സെർവ് പദ്ധതിയുടെ സേവനദാതാവായി രജിസ്റ്റർ ചെയ്യും. ഇപ്രകാരം രജിസ്റ്റർ ചെയ്ത അംഗങ്ങൾക്ക് അഞ്ചുദിവസം പരിശീലനം നൽകി ക്വിക് സെർവ് പദ്ധതിയുടെ ഭാഗമായി വിവിധ സേവനങ്ങൾ ലഭ്യമാക്കാൻ പ്രാപ്തരാക്കുന്നു. വിവിധ ഗൃഹോപകരണങ്ങളുടെ ഉപയോഗം, പാചക രീതികൾ, കുട്ടികൾ, കിടപ്പുരോഗികൾ, വയോജനങ്ങൾ എന്നിവരുടെ പരിചരണം, വിവിധ ആധുനിക ഗൃഹോപകരണങ്ങൾ ഉപയോഗിച്ചുള്ള ക്ലീനിങ് തുടങ്ങി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ, ഇവയുടെ പ്രായോഗിക പരിശീലനം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ക്വിക് സെർവിന്റെ പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും രൂപപ്പെടുത്തും. വീടുകളിൽ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനുളള മൊബൈൽ യൂണിറ്റുകളും ഇതിന്റെ ഭാഗമാക്കും. ഇതോടൊപ്പം കാർവാഷ് യൂണിറ്റുകളും സജ്ജമാക്കുന്നുണ്ട്.

സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക്

24 മണിക്കൂറും എല്ലാ ജില്ലകളിലും അട്ടപ്പാടിയിലും പ്രവർത്തിക്കുന്ന ജെൻഡർ ഹെൽപ്പ്ഡെസ്‌ക് ആണ് സ്നേഹിത. 11 സബ് സെന്ററുകളുമുണ്ട്. സമൂഹത്തിൽ വിവിധ പ്രശ്നങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണയും സഹായവും ലഭ്യമാക്കുന്നു.  MIKAVU9ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നപരിഹാരത്തിനായി താൽക്കാലിക അഭയം, സൗജന്യ നിയമസഹായം, ടെലി കൗൺസിലിങ്ങ്, മറ്റ് വകുപ്പുകൾ, എൻ.ജി.ഒകൾ എന്നിവയുമായി സഹകരിച്ച് പുനരധിവാസം തുടങ്ങിയ സേവനങ്ങൾ നൽകിവരുന്നു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ലീഗൽ സർവീസ് അതോറിറ്റി, പോലീസ്, വനിതാ ശിശുവികസന വകുപ്പ് മുതലായവ) സേവനവും സ്നേഹിത വഴി ലഭ്യമാക്കുന്നു. 2016-2025ൽ നാളിതുവരെ സ്നേഹിതവഴി നേരിട്ടുള്ള കേസുകളും ടെലി കേസുകളും ഉൾപ്പെടെ ഏകദേശം 57,000 കേസുകൾ കൈകാര്യം ചെയ്തു. ഏകദേശം 11,500 സ്ത്രീകൾക്കും കുട്ടികൾക്കും അഭയം നൽകി. കൂടാതെ ജെൻഡർ പോയിന്റ് പേഴ്സൺ, വിജിലന്റ് ഗ്രൂപ്പ്, ജെൻഡർ റിസോഴ്സ് സെന്റർ, കമ്മ്യൂണിറ്റി കൗൺസിലിങ് തുടങ്ങിയ എല്ലാ കുടുംബശ്രീ ജെൻഡർ പ്രവർത്തനങ്ങളുടെയും ജില്ലാതല ജെൻഡർ റിസോഴ്സ് സെന്റർ ആയും സ്നേഹിത പ്രവർത്തിക്കുന്നു. സ്‌നേഹിതയുടെ എണ്ണം: 15, ഉപകേന്ദ്രങ്ങളുടെ എണ്ണം: 11.

എഫ് എൻ എച്ച് ഡബ്ല്യു
ഫുഡ്, ന്യൂട്രീഷൻ, ഹെൽത്ത്,
വാട്ടർ & സാനിറ്റേഷൻ

സ്ത്രീകൾക്കും കുട്ടികൾക്കും ഭക്ഷണം, പോഷകാഹാരം, ആരോഗ്യം, വെള്ളം, ശുചിത്വം എന്നിവ ലഭ്യമാക്കുന്നതിനും ഇതു സംബന്ധിച്ച ബോധവൽരണം നടത്തുന്നതിനുമായി 2015 ൽ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലാണ് പദ്ധതി ആദ്യമായി ആരംഭിച്ചത്. MIKAVU112023-24 ൽ 14 ജില്ലകളിലും പദ്ധതി വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിലും രണ്ട് ബ്ലോക്കുകൾ വീതം ഇമേർഷ്യൻ സൈറ്റുകളായി തിരഞ്ഞെടുത്തു.

വയോജനങ്ങൾ, മാനസികരോഗികൾ, ഭിന്നശേഷിക്കാർ, ട്രാൻസ് ജെൻഡർ എന്നിവരുടെ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റുകയും പദ്ധതിയുടെ ലക്ഷ്യമാണ്.

Spread the love