കവര്‍‌സ്റ്റോറി

സുരക്ഷയും പ്രതിരോധവും

സുരക്ഷയും പ്രതിരോധവും

പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്‌ട്

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്‌ട് രൂപീകരിച്ചു. സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങള്‍, സൈബര്‍ ലോകത്തിലെ അതിക്രമങ്ങള്‍, പൊതുയിടങ്ങളിലെ അവഹേളനങ്ങള്‍ തുടങ്ങിയവ തടയുക എന്ന ലക്ഷ്യത്തോടെയാണ് പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്‌ടിന് രൂപം നല്‍കിയത്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരെയാണ് പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്‌ടിൽ നിയോഗിച്ചിരിക്കുന്നത്.

പിങ്ക് പോലീസ്

സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് 2016-ല്‍ കേരളാ പോലീസ് നടപ്പിലാക്കിയ പദ്ധതിയാണ് പിങ്ക് പോലീസ്. പ്രാരംഭ ഘട്ടത്തിൽ തിരുവനന്തപുരം സിറ്റി ക്രേന്ദീകരിച്ച് ആരംഭിച്ച പദ്ധതി ഇപ്പോള്‍ സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളിലും പ്രവർത്തിച്ചു വരുന്നു. വനിതാ ഉദ്യോഗസ്ഥര്‍ മാത്രമുള്ള പട്രോളിംഗ് സംഘങ്ങളാണ് പിങ്ക് പോലീസ്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ കഴിയുന്ന തരം സജ്ജീകരണങ്ങളുള്ള വാഹനങ്ങളാണ് പിങ്ക് പോലീസ് പട്രോളിംഗിന് നൽകിയിരിക്കുന്നത്. 112 എന്ന നമ്പരില്‍ വിളിച്ചാല്‍ പിങ്ക് പോലീസിന്റെ സഹായം ലഭിക്കും. സ്‌കൂള്‍, കോളേജ്, ഓഫീസ്, പാര്‍ക്ക് തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ തിരക്കേറിയ സമയങ്ങളില്‍ പിങ്ക് പോലീസ് പട്രോളിംഗ് നടത്തി വരുന്നു. സദാ സമയം നഗരത്തില്‍ റോന്ത് ചുറ്റുന്നതിനാൽ ഈ വാഹനങ്ങള്‍ക്ക് ആപത് ഘട്ടത്തിൽ വനിതകള്‍ക്ക് അതിവേഗം സഹായമെത്തിക്കാന്‍ കഴിയും. ജി.പി.എസ് സംവിധാനമുള്‍പ്പെടെ ഘടിപ്പിച്ചിരിക്കുന്ന പിങ്ക് പോലീസ് വാഹനങ്ങള്‍ക്ക് പരാതിക്കാരുടെ ലൊക്കേഷന്‍ അതിവേഗം കണ്ടെത്തി ലക്ഷ്യത്തിലെത്താന്‍ കഴിയും.

വനിതാ സ്വയം പ്രതിരോധ പദ്ധതി

അതിക്രമങ്ങളില്‍ നിന്ന് രക്ഷ നേടുന്നതിന് സ്ത്രീകളെയും കുട്ടികളെയും പ്രാപ്‌തരാക്കുക എന്ന  ലക്ഷ്യത്തോടെ നിര്‍ഭയ പദ്ധതിയില്‍പ്പെടുത്തി രൂപം നല്‍കിയതാണ് വനിതാ സ്വയം പ്രതിരോധ പദ്ധതി. സ്വയം പ്രതിരോധ മുറയില്‍ താല്‍പര്യമുള്ള സ്ത്രീകള്‍ക്കും കുട്ടികൾക്കും തികച്ചും സൗജന്യമായാണ് കേരള പോലീസ് ഈ പരിശീലനം നൽകുന്നത്. 20 മണിക്കൂര്‍ പാഠ്യ പദ്ധതിയുള്ള ഈ പരിശീലനം എല്ലാ പോലീസ് ജില്ലകളിലും സിവില്‍ പോലിസ് ഓഫീസര്‍/ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റാങ്കില്‍ ഉള്ള നാല് വനിതാ പോലീസ് ഉദ്യോഗസ്ഥരെ വീതമാണ് മാസ്റ്റര്‍ ട്രെയിനര്‍മാരായി നിയോഗിച്ചിരിക്കുന്നത്. ഇവര്‍ക്ക് കൃത്യമായ ഇടവേളകളില്‍ വിദഗ്ദ്ധ പരിശീലനം നല്‍കി വരുന്നു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥിനികള്‍, വീട്ടമ്മമാർ എന്നിവർക്കായും കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷനുകള്‍, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവ മുഖേന എത്തുന്ന വനിതകള്‍ക്കുമാണ് പരിശീലനം നൽകുന്നത്.  ഏകദേശം ഏഴ് ലക്ഷത്തിലധികം പെൺകുട്ടികളും വനിതകളും കേരളത്തില്‍ സ്വയം പ്രതിരോധ പരിശീലനം നേടിയിട്ടുണ്ട്.

വനിതാ ബറ്റാലിയന്‍

വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച വനിതാ ബറ്റാലിയന്‍ 2018 ല്‍ നിലവില്‍ വന്നു. ആദ്യ ബാച്ചില്‍ 578 പേരാണ് പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായത്. ഇവരില്‍ 44 പേര്‍ കമാന്‍ഡോ പരിശീലനം നേടി സംസ്ഥാനത്ത് ആദ്യമായി ഒരു വനിതാ കമാന്‍ഡോ വിങ്ങ് ആരംഭിച്ചു. തിരുവനന്തപുരം നഗരത്തോട് ചേർന്നുള്ള മേനംകുളം എന്ന സ്ഥലത്ത് 10 ഏക്കറിലാണ് വനിതാ ബറ്റാലിയന്റെ ആസ്ഥാനം പ്രവർത്തിക്കുന്നത്. പോലീസിലെ വനിതാ പ്രാതിനിധ്യം ഘട്ടം ഘട്ടമായി വര്‍ധിപ്പിച്ച് 25 ശതമാനമാക്കുക എന്ന ലക്ഷ്യമാണ് വനിതാ ബറ്റാലിയന്റെ രൂപീകരണത്തിലേക്കെത്തിയത്.

സേ നോ ടു ഡൗറി

സ്ത്രീധന അതിക്രമങ്ങള്‍ക്ക് എതിരെ “സേ നോ ടു ഡൗറി” എന്ന പേരില്‍ പോലീസിന്റെ പ്രചാരണ പരിപാടികള്‍ക്ക് 14.07.2021 ല്‍ തുടക്കം കുറിച്ചു. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെയുള്ള ഏത് തരം അതിക്രമവും സംബന്ധിച്ച് പരാതി ലഭിച്ചാല്‍ പോലീസ് അടിയന്തര നടപടി സ്വീകരിക്കും.