കവര്‍‌സ്റ്റോറി

ഐ ടി @ കൃഷി

-എസ്. എസ്. നാഗേഷ്
കാര്‍ഷികവിഭാഗം മേധാവി,
സംസ്ഥാന ആസൂത്രണ ബോര്‍ഡ്

കൃഷിയില്‍ സാങ്കേതിക വിദ്യ സന്നിവേശിപ്പിച്ച് ഗുണകരമായ മാറ്റത്തിന് വഴിയൊരുക്കുകയാണ് സഹകരണ വകുപ്പ്. ചെറുകിട കര്‍ഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം, അവരുടെ ഉൽപന്നങ്ങൾ നേരിട്ടോ മൂല്യവര്‍ധിതമാക്കിയോ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിപണനം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സഹകരണ മേഖല കോ-ഓപ്പറേറ്റീവ് ഇനിഷ്യേറ്റീവ് ടെക്നോളജി ഡ്രിവ അഗ്രികള്‍ച്ചര്‍ നടപ്പിലാക്കുന്നത്. നൂതന രീതിയിലുള്ള കൃഷി, സംഘാടനം, സംഭരണം, മൂല്യവര്‍ധന, ചില്ലറ വില്‍പന, ബ്രാൻഡിങ്ങ് എന്നിവയുടെ ഏകോപനമാണ് ലക്ഷ്യം. ഉല്‍പാദനത്തിലും വിപണനത്തിലും ഇടപെട്ടു കൊണ്ടും മൃഗ സംരക്ഷണം, മത്സ്യബന്ധനം തുടങ്ങിയ കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ചും കാര്‍ഷിക വരുമാന വര്‍ധനയാണ് സാധ്യമാക്കുക. ഗ്രാമീണരുടെ ഉപജീവന മാര്‍ഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്റെ പൊതു സാമൂഹിക-സാമ്പത്തിക വികസന പ്രക്രിയയില്‍ സഹകരണ മേഖല കാതലായ മാറ്റങ്ങളാണ് സൃഷ്‌ടിക്കുന്നത്. പഞ്ചവത്സര പദ്ധതികളിലൂടെ നൽകി വരുന്ന സാമ്പത്തിക സഹായങ്ങള്‍ സഹകരണ സംഘങ്ങളെ വലിയ തോതില്‍ പിന്തുണയ്ക്കുന്നു. കൃഷി പ്രോത്സാഹിപ്പിക്കുന്നതിൽ സംസ്ഥാന സര്‍ക്കാരിന്റെ നയവും സഹകരണ സ്ഥാപനങ്ങളുടെ പിന്തുണയും നിര്‍ണായകമാണ്. കാര്‍ഷിക മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെട്ടിരിക്കുന്ന സഹകരണ സംഘങ്ങളുടെ വിപുലമായ ശൃംഖല നിലവിലുണ്ട്. കാര്‍ഷിക വായ്‌പ, പൊതു വിതരണം, കാർഷികോൽപന്നങ്ങളുടെ വിതരണം, വിപണനം, സംസ്‌കരണം, ഉപഭോക്തൃ പ്രവര്‍ത്തനങ്ങള്‍, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, ഭവന നിർമ്മാണം, ഇന്‍ഷ്വറന്‍സ്, അടിസ്ഥാന സൗകര്യ വികസനം, എസ്.സി./എസ്.ടി. തുടങ്ങിയ മേഖലകളില്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരികയുമാണ്.

ലക്ഷ്യം വരുമാന വര്‍ധന

ഗ്രാമ പ്രദേശങ്ങളിലെ ചെറു പുരയിടങ്ങളില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ അടക്കമുള്ള രീതികളിലൂടെയാണ് പുതു പദ്ധതി നടപ്പിലാക്കുക. അഞ്ച് വര്‍ഷത്തിനുള്ളില്‍ 14 ജില്ലകളിലും ഘട്ടം ഘട്ടമായി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. കാര്‍ഷിക പശ്ചാത്തലമുള്ളതും കാര്‍ഷികോല്‍പാദനത്തില്‍ മുന്നിൽ നിൽക്കുന്നതുമായ ഏഴ് ജില്ലകളിലാണ് ആദ്യം നടപ്പിലാക്കുന്നത്. ഇതിനായി ഈ ജില്ലകളില്‍ നിന്ന് 15 പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെയാണ് തിരഞ്ഞെടുത്തത്.

പ്രാഥമിക കാര്‍ഷിക വായ്‌പാ സഹകരണ സംഘങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഔട്‌ലെറ്റുകൾ വഴി കാർഷികോൽപന്നങ്ങൾ നേരിട്ട് വിപണനം ചെയ്യാം. സംഭരണം, സംസ്‌കരണം, വിപണന സൗകര്യങ്ങള്‍ എന്നിവയുള്ള മാർക്കറ്റിങ്ങ് സഹകരണ സൊസൈറ്റികള്‍, പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ എന്നിവ വഴി സംസ്‌കരിച്ച് വിപണനം ചെയ്യുകയുമാകാം. ഓരോ മേഖലയിലും ഉത്പാദിപ്പിക്കുന്ന കാർഷികോൽപന്നങ്ങൾ അതത് പ്രദേശത്തെ ഉപഭോക്താക്കളില്‍ വേഗത്തില്‍ എത്തിക്കാന്‍ സോഫ്‌റ്റ്‌വെയറും മൊബൈല്‍ ആപ്ലിക്കേഷനുണ്ടാകും. ഉൽപന്നങ്ങൾ കേടാകാതെ വീട്ടുപടിക്കലെത്തിക്കാനുള്ള സംവിധാനങ്ങളും ഒരുക്കും. ഒരു പ്രദേശത്തെ മിച്ചം വരുന്ന കാർഷികോൽപന്നങ്ങൾ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടു പോകുന്നതിനു ശീതീകരണ സംവിധാനമുള്ള അടിസ്ഥാന സൗകര്യങ്ങളുമുണ്ടാകും.

പദ്ധതിയിലൂടെ കാര്‍ഷിക ഉല്‍പാദക സംഘടനകള്‍

രൂപീകരിച്ച് പ്രാദേശിക വിപണന സാധ്യതയില്ലാത്ത ഉല്‍പങ്ങളുടെ സംഭരണം, സംസ്‌കരണം, വിപണനം എന്നിവയ്ക്കു വേണ്ട കേന്ദ്രങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്യും. വിത്ത്, വളം, കീടനാശിനി, മറ്റ് കാര്‍ഷിക അനുബന്ധ സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് കൃഷി ഭവന്‍, കാര്‍ഷിക സര്‍വകലാശാല, കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍ എന്നിവയിൽ നിന്നുള്ള മാര്‍ഗ നിര്‍ദേശവും സഹായവും ലഭിക്കുകയും കൃഷിയനുബന്ധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഫിഷറീസ്, മൃഗ സംരക്ഷണ വകുപ്പുകളില്‍ നിന്നുള്ള സഹായം ഉറപ്പാക്കുകയും ചെയ്യും.

പദ്ധതിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും സഹകരണ വകുപ്പ് സെക്രട്ടറി അധ്യക്ഷനും കൃഷി വകുപ്പ് ഡയറക്‌ടർ, ആസൂത്രണ ബോര്‍ഡ് കൃഷി വിഭാഗം തലവന്‍, സഹകരണ സംലങ്ങളുടെ രജിസ്ട്രാർ, ഐ.എഫ്.എസ്.ആര്‍.എസ്, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവിടങ്ങളിലെ മേധാവിമാര്‍ എന്നിവരടങ്ങുന്ന സംസ്ഥാനതല സമിതി നിരീക്ഷിക്കും.