കവര്‍‌സ്റ്റോറിടൂറിസം

അണക്കെട്ടുകളിലെ വിസ്മയക്കാഴ്ചകൾ

സമകാലിക ജനപഥം 2026
സെപ്റ്റംബർ 1 പുസ്തകം 13 ലക്കം 2

 


അണക്കെട്ടുകളും
ജലവൈദ്യുത പദ്ധതികളും ഒരു നാടിന്റെ വികസനത്തിന്റെ നിർണ്ണായക ഭാഗമാണ്. എന്നാൽ, അവയുടെ പരിസരങ്ങളിലെ പ്രകൃതിസമ്പത്തും ജലാശയങ്ങളും മലനിരകളും വിനോദസഞ്ചാരത്തിനും വലിയ സാധ്യതകളാണ് തുറന്നിടുന്നത്. ഈ സാധ്യതകളെ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാത്ത വിധം പ്രയോജനപ്പെടുത്തുന്ന സംരംഭമാണ് കേരള ഹൈഡൽ ടൂറിസം.
അണക്കെട്ടുകളുടെ സുരക്ഷയും പരിസ്ഥിതിയുടെ സ്വാഭാവികതയും സംരക്ഷിച്ചുകൊണ്ട്, ജലാശയങ്ങളെ കേന്ദ്രീകരിച്ച് വിവിധ വിനോദസഞ്ചാര അനുഭവങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അണക്കെട്ട് പ്രദേശം കേന്ദ്രീകരിച്ച് സഞ്ചാരികൾക്കായി ബോട്ടിങ്, വാട്ടർസ്പോർട്സ്, സാഹസിക വിനോദങ്ങൾ, പ്രകൃതി ആസ്വാദനം എന്നിവ ഒരുക്കുന്നതിനൊപ്പം തദേശീയർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും അണക്കെട്ട് പരിസരങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയും പദ്ധതി വിഭാവനം ചെയ്യുന്നു.

കക്കയം, ആഢ്യൻപാറ, ബാണാസുരസാഗർ, ഇടുക്കി എന്നിവ ഉൾപ്പെടുന്ന നാല് സർക്യൂട്ടുകളിലായി വ്യാപിച്ചുകിടക്കുന്ന ഹൈഡൽ ടൂറിസം കേന്ദ്രങ്ങൾ കേരളത്തിന്റെ ടൂറിസം ഭൂപടത്തിലെ വേറിട്ടൊരു അനുഭവലോകത്തിലേക്കുള്ള ക്ഷണമാണ്. കേരളത്തിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതിയും ജലസമ്പത്തും സഞ്ചാരാനുഭവങ്ങളുമായി ബന്ധിപ്പിക്കുന്ന പദ്ധതി ഉത്തരവാദിത്ത ടൂറിസത്തിന്റെ സാധ്യതകൾ വ്യക്തമാക്കുന്ന മാതൃക കൂടിയാണ്

പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട് വിനോദസഞ്ചാരത്തിലൂടെ വരുമാനം കണ്ടെത്തുക, അണക്കെട്ടു
പ്രദേശങ്ങളിലെ ഭൂമികയ്യേറ്റങ്ങൾ തടയുക, ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടെയുള്ള തദ്ദേശവാസികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. വനമേഖലകളിലേക്ക് കടന്നുകയറാതെ, അണക്കെട്ടുകളുടെയും അനുബന്ധപ്രദേശങ്ങളുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ടാണ് ഈ കേന്ദ്രങ്ങളെല്ലാം പ്രവർത്തിക്കുന്നത്. മൂന്നാർ ഹൈഡൽ പാർക്ക് ഒഴികെയുള്ള എല്ലാ കേന്ദ്രങ്ങളുടെയും പ്രവർത്തനസമയം രാവിലെ 9.15 മുതൽ വൈകുന്നേരം 5 മണിവരെയാണ്. രാവിലെ 9.15 മുതൽ രാത്രി എട്ടു മണിവരെയാണ് മൂന്നാർ ഹൈഡൽ പാർക്ക് പ്രവർത്തിക്കുക. നിലവിൽ കേരള ഹൈഡൽ ടൂറിസത്തിന് കീഴിൽ 12 യൂണിറ്റുകളും വരുമാനം പങ്കിടുന്ന വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഒരു യൂണിറ്റും (പൊൻമുടി) ഉൾപ്പെടെ ആകെ 13 കേന്ദ്രങ്ങളാണുള്ളത്. സഞ്ചാരികളുടെ സൗകര്യാർത്ഥം ഈ ഹൈഡൽ ടൂറിസം കേന്ദ്രങ്ങളെ നാല് പ്രധാന സർക്യൂട്ടുകളായി തിരിച്ചിരിക്കുന്നു.

കക്കയം സർക്യൂട്ട് (കോഴിക്കോട്)
മലബാർ ഹാവൻ
ഹൈഡൽ ടൂറിസം സെന്റർ
കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ, പശ്ചിമഘട്ടമലനിരകളുടെ മനോഹരമായ പ്രകൃതിപശ്ചാത്തലത്തിലാണ് കക്കയം ഡാം റിസർവോയർ സ്ഥിതിചെയ്യുന്നത്. മലനിരകളും നിബിഡവനങ്ങളും താഴ്വരകളും പാറക്കെട്ടുകളും ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങളും കക്കയത്തിന്റെ പ്രകൃതിഭംഗിക്ക് മാറ്റുകൂട്ടുന്നു. പ്രകൃതിസ്നേഹികൾക്കും സാഹസികർക്കും ഒരുപോലെ പ്രിയപ്പെട്ട ഈ ഇക്കോടൂറിസം കേന്ദ്രത്തിൽ ബോട്ടിങ്, പ്രകൃതിദൃശ്യങ്ങളുടെ ആസ്വാദനം, ഫോട്ടോഗ്രഫി തുടങ്ങിയ സൗകര്യങ്ങളുണ്ട്. വനമേഖലയിലൂടെ സഞ്ചരിക്കുമ്പോൾ ആന, കാട്ടുപോത്ത്, മാൻ തുടങ്ങിയ വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കാണാനുള്ള അവസരവും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ലെനീഷ് സി എം
സൈറ്റ് ഇൻചാർജ്
9605290183

 ആഢ്യൻപാറ സർക്യൂട്ട് (മലപ്പുറം)
ക്രീ കാസ്‌കേഡ്
ഹൈഡൽ ടൂറിസം സെന്റർ
മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ, പ്രകൃതിയുടെയും സാങ്കേതികവിദ്യയുടെയും മനോഹരമായ സംഗമമായി സഞ്ചാരികളുടെ ആകർഷണമായി മാറുകയാണ് ആഢ്യൻപാറ. കാഞ്ഞിരപ്പുഴയിൽനിന്നുള്ള ജലം വഴിതിരിച്ചുവിട്ട് പെൻസ്റ്റോക്ക് പൈപ്പുകളിലൂടെ പവർഹൗസിലെത്തിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന 3.5 മെഗാവാട്ടിന്റെ ജലവൈദ്യുതനിലയം പ്രധാന സവിശേഷതയാണ്. ജലവൈദ്യുതോൽപാദനത്തിന്റെ വിവിധ ഘട്ടങ്ങൾ നേരിൽക്കാണാനും മനസ്സിലാക്കാനും സഞ്ചാരികൾക്ക് അവസരം ലഭിക്കുന്നു. കേവലം 20 രൂപയാണ് പവർഹൗസ് സന്ദർശിക്കാനുള്ള ടിക്കറ്റ് നിരക്ക്. കാടിന്റെ ശാന്തതയും വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയും ആസ്വദിക്കുന്നതിനൊപ്പം കുട്ടികൾക്കായി ഒരുക്കിയിട്ടുള്ള പാർക്കും കുടുംബസമേതം എത്തുന്നവർക്ക് മികച്ച അനുഭവം സമ്മാനിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ജാഷിദ് വി
സൈറ്റ് ഇൻചാർജ് 9656085484

ബാണാസുര സാഗർ സർക്യൂട്ട് (വയനാട്)
ബാണാസുര സാഗർ
ഹൈഡൽ ടൂറിസം സെന്റർ
ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടുമാണ് വയനാട്ടിലെ ബാണാസുരസാഗർ. ബാണാസുരക്കുന്നുകളുടെ പശ്ചാത്തലത്തിൽ, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിയപ്പോൾ രൂപപ്പെട്ട നിരവധി ചെറിയ ദ്വീപുകൾ ഈ റിസർവോയറിന്റെ സവിശേഷതയാണ്. സ്പീഡ്ബോട്ട്, സിപ്പ്ലൈൻ, വിവിധ വാട്ടർസ്പോർട്സ് ഇനങ്ങൾ, ഫിഷ്സ്പാ, ഫൺ ആൻഡ് ഫാന്റസി റൈഡുകൾ എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശനനിരക്ക്.
കൂടുതൽ വിവരങ്ങൾക്ക്
മുഹമ്മദ് ഹർഷാദ് പി
സൈറ്റ് ഇൻചാർജ് 7907600192

ഇടുക്കി സർക്യൂട്ട്

ഏറ്റവും കൂടുതൽ ഹൈഡൽ ടൂറിസം കേന്ദ്രങ്ങൾ ഉള്ളതും വൈവിധ്യമാർന്ന വിനോദസഞ്ചാരാനുഭവങ്ങൾ നൽകുന്നതുമായ സർക്യൂട്ടാണിത്. ഇടുക്കി ജില്ലയിലെ 10 കേന്ദ്രങ്ങൾ ഇതിന്റെ കീഴിൽ വരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമുകളിലൊന്നായ ഇടുക്കി ഡാമും ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഡാമുകളിലൊന്നായ ചെറുതോണി ഡാമും ചേർന്നതാണ് ഇടുക്കി സെന്റർ. ഇവിടുത്തെ വിനോദസഞ്ചാരപ്രവർത്തനങ്ങൾ കേരള ഹൈഡൽ ടൂറിസം സെന്ററിലൂടെയാണ് നടന്നുവരുന്നത്. ഇവിടെ എത്തിച്ചേരുന്ന വിനോദസഞ്ചാരികൾക്ക് ഡാമുകൾ സന്ദർശിക്കാൻ ഇലക്ട്രിക് ബഗ്ഗി കാറുകളും ക്രമീകരിച്ചിട്ടുണ്ട്.

നാടുകാണി പവലിയൻ
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയായ മൂലമറ്റം പവർ ഹൗസിന്റെ നിർമ്മാണവേളയിൽ കനേഡിയൻ എൻജിനീയർമാർ നാടുകാണി മലനിരകളിൽ നിർമ്മിച്ച വിശ്രമകേന്ദ്രമാണ് നാടുകാണി പവലിയൻ. ഇന്നത് വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുന്നു. കോടമഞ്ഞും ഇളംവെയിലും ഇടകലർന്നുനിൽക്കുന്ന ഈ വിനോദസഞ്ചാരകേന്ദ്രത്തിൽനിന്നുള്ള മലങ്കര ജലാശയത്തിന്റെ കാഴ്ചകളും വാഗമൺ, ഇലവീഴാപ്പൂഞ്ചിറ മലനിരകളുടെ ദൂരക്കാഴ്ചകളും മൂലമറ്റം പവർ ഹൗസിന്റെ മുകൾക്കാഴ്ചയും ഇവിടെയെത്തുന്നവരുടെ മനസ്സുനിറയ്ക്കുന്നു.
എലിഫന്റ് എബോഡ്
ബോട്ടിങ് സെന്റർ, ആനയിറങ്ങൽ
വൻമലനിരകൾ, തേയിലക്കാടുകൾ, തിങ്ങിനിറഞ്ഞ ചോലവനങ്ങൾ എന്നിവയ്ക്കിടയിലാണ് ആനയിറങ്ങൽ ബോട്ടിങ് സെന്ററിലെ ജലാശയവും മണ്ണുകൊണ്ട് നിർമ്മിച്ച ഡാമും സ്ഥിതിചെയ്യുന്നത്. ഈ പശ്ചാത്തലം ആനയിറങ്ങലിനെ മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമാക്കുന്നു. കോടമഞ്ഞും ഇളംവെയിലും മാറിമാറിയെത്തുന്ന ഈ ബോട്ടിങ് സെന്ററിൽ വിനോദസഞ്ചാരികൾക്കായി ഒരു ഉദ്യാനവും അഡ്വെഞ്ചർ പാർക്കും ക്രമീകരിച്ചിട്ടുണ്ട്.

ട്രൗട്ട് ലഗൂൺ ബോട്ടിങ് സെന്റർ, കുണ്ടള
തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന കുണ്ടള ഡാം കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന, കല്ലുകൾ കൊണ്ട് നിർമ്മിച്ച ആർച്ച് ഡാമാണ്. വളരെ ശാന്തമായ ജലാശയവും ഉയരംകൂടിയ ഗ്രാൻഡിസ് മരങ്ങളും നിറഞ്ഞ ഈ ബോട്ടിങ് സെന്റർ കേരളത്തിലെത്തന്നെ ഏറ്റവും മനോഹരമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്. യന്ത്രരഹിതമായ പെഡൽ ബോട്ടുകൾ, കാശ്മീരി ശിക്കാര ബോട്ടുകൾ, കയാക്കിങ്, കൊട്ടവഞ്ചി തുടങ്ങിയ ജലവിനോദങ്ങളും തണുപ്പുനിറഞ്ഞ ഈ ജലാശയത്തിലെ പ്രധാന ആകർഷണങ്ങളാണ്.

ഡ്യൂ വാലി ബോട്ടിങ് സെന്റർ, ചെങ്കുളം
മൂന്നാറിനടുത്ത് ആനച്ചാലിനോട് ചേർന്ന് കെ എസ് ഇ ബി ലിമിറ്റഡിന്റെ ചെങ്കുളം ഡാമിൽ സ്ഥിതിചെയ്യുന്ന വികസിച്ചുവരുന്ന പ്രധാന ജലവിനോദകേന്ദ്രമാണ് ഡ്യൂ വാലി ബോട്ടിങ് സെന്റർ, ചെങ്കുളം. സ്പീഡ് ബോട്ടിങ്, ഗ്രൂപ്പുകൾക്കായുള്ള പോണ്ടൂൺ ബോട്ടിങ്, പെഡൽ ബോട്ടിങ്, കൊട്ടവഞ്ചി, കയാക്കിങ് തുടങ്ങിയ ജലവിനോദങ്ങളും സാഹസിക ജലവിനോദമായ വാട്ടർ സ്‌കൂട്ടറും ഈ കേന്ദ്രത്തിലെ പ്രധാന ആകർഷണങ്ങളാണ്. ഫിഷ് സ്പാ, ചെയർ മസാജ് എന്നിവയും നൂതന സംരംഭങ്ങളായ 3ഡി വീഡിയോ ബൂത്ത്, വി ആർ അഡ്വെഞ്ചർ എന്നിവയും വിനോദസഞ്ചാരികൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നു.

മാട്ടുപ്പെട്ടി ഡാം
സമുദ്രനിരപ്പിൽനിന്ന് 5000 അടിയോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന മാട്ടുപ്പെട്ടി ഡാമും ജലാശയവും കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. ഈ ജലാശയത്തോടനുബന്ധിച്ച് കേരള ഹൈഡൽ ടൂറിസം സെന്ററിന് മൂന്ന്
വിനോദസഞ്ചാരകേന്ദ്രങ്ങളാണ് ഉള്ളത്.

മാട്ടുപ്പെട്ടി ഡാമിന്റെ വലതുകരയിൽ പെഡൽ ബോട്ടിങ്, കൊട്ടവഞ്ചി, കയാക്കിങ് തുടങ്ങിയ ജലവിനോദങ്ങൾക്കായി മാട്ടുപ്പെട്ടി ഡാം പെഡൽ ബോട്ടിങ് സെന്റർ പ്രവർത്തിച്ചുവരുന്നു. സ്പീഡ് ബോട്ടിങ്, ഗ്രൂപ്പുകൾക്കായുള്ള പോൂൺ ബോട്ടിങ്, ശബ്ദരഹിത ഇലക്ട്രിക് ബോട്ടിങ്, പാരാസെയ്ലിങ് എന്നീ ജലവിനോദങ്ങളും അഡ്വെഞ്ചർ റൈഡുകൾ, കുട്ടികളുടെ കളിയുപകരണങ്ങൾ എന്നിവയും ഒരുക്കിയിരിക്കുന്നു. കൂടാതെ വിവിധ ഗെയിമുകൾ, 12ഡി തിയറ്റർ, പൂന്തോട്ടങ്ങൾ ഉൾപ്പെടുന്ന കൗബോയ് പാർക്കും ഇവിടെയുണ്ട്. കൂടാതെ കോട്ടേജുകളും ബീയർ വൈൻ പാർലറും ഫുഡ് കോർട്ടും ചേർന്ന ഓട്ട് വേ ഹിൽസും ഉൾപ്പെടെ വിശാലമായ പാർക്കിങ് സൗകര്യങ്ങളോടുകൂടി മാട്ടുപ്പെട്ടി ഡാമിൽനിന്നും ഒരു കിലോമീറ്റർ അകലെയായി സൺ മൂൺ വാലി ബോട്ടിങ് സെന്റർ പ്രവർത്തിച്ചുവരുന്നു.

മാട്ടുപ്പെട്ടി ഡാമിൽനിന്നും അഞ്ച് കിലോമീറ്റർ അകലെയായി പ്രകൃതിദത്ത എക്കോ, പെഡൽ ബോട്ടിങ്, കുട്ടവഞ്ചി, കയാക്കിങ് തുടങ്ങിയ ജലവിനോദങ്ങളുള്ള എക്കോ-പോയിന്റ് ബോട്ടിങ് സെന്റർ പ്രവർത്തിച്ചുവരുന്നു.

ബ്ലോസം ഹൈഡൽ പാർക്ക്, മൂന്നാർ

പതിനാറ് ഏക്കർ സ്ഥലത്ത് വിശാലമായ പാർക്കിങ് സൗകര്യത്തോടുകൂടി പൂന്തോട്ടവും പുൽത്തകിടികളുമായി സഞ്ചാരികളെ വരവേൽക്കുന്ന അതിമനോഹരമായ സ്പോട്ടാണ് ബ്ലോസം ഹൈഡൽ പാർക്ക്. കല്ലുകൾ വിരിച്ച പുൽപ്പാതയും ലാൻഡ്സ്‌കേപ്പ് ചെയ്ത ചെറിയ കുന്നുകളും ദീപാലങ്കാരങ്ങളും ഈ പാർക്കിനെ കൂടുതൽ മനോഹരമാക്കുന്നു. ചിൽഡ്രൻസ് പാർക്ക്, മുന്നൂറ് മീറ്ററിലധികം നീളമുള്ള സിപ്പ് ലൈൻ, ഫിഷ് അക്വേറിയം, ഫിഷ് സ്പാ, ചെയർ മസാജ്, ഐസ്‌ക്രീം പാർലർ എന്നിവയും ഈ പാർക്കിലെ പ്രധാന ആകർഷണങ്ങളാണ്. മുതിർന്നവർക്ക് 80 രൂപയും കുട്ടികൾക്ക് 50രൂപയുമാണ് ടിക്കറ്റ് നിരക്കുകൾ. പത്തുപേരിൽ കൂടുതലുള്ള സംഘങ്ങൾക്ക് ആകർഷകമായ ഡിസ്‌കൗണ്ടും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്
ജോയൽ തോമസ്, സീനിയർ മാനേജർ 9447523416

പൊൻമുടി (ഇടുക്കി)
കെ.എസ്.ഇ.ബി പ്രദേശത്തെ സഹകരണബാങ്കുമായി ചേർന്ന് വരുമാനം പങ്കിടുന്ന വ്യവസ്ഥയിലാണ് 21 ഏക്കറിലുള്ള ഈ അഡ്വെഞ്ചർ ടൂറിസം ബോട്ടിങ്സെന്റർ പ്രവർത്തിക്കുന്നത്. പ്രകൃതിയുടെ സ്വാഭാവികത നഷ്ടപ്പെടുത്താതെയുള്ള ഈ ഹൈഡൽ ടൂറിസം പദ്ധതികൾ വിനോദസഞ്ചാരരംഗത്ത് ഉത്തരവാദിത്തമുള്ള ഇടപെടലുകൾക്ക് മികച്ച ഉദാഹരണമാണ്. കാടിന്റെ കുളിർമയും അണക്കെട്ടുകളുടെ ഗാംഭീര്യവും ഒത്തുചേരുന്ന ഈ നാല് സർക്യൂട്ടുകളും ഏതൊരു സഞ്ചാരിയുടെയും മനസ്സുനിറയ്ക്കുന്ന യാത്രാനുഭവങ്ങളാകുമെന്നതിൽ സംശയമില്ല.