നങ്ങ്യാർക്കൂത്തിന്റെ ആട്ടപ്രകാരം
സമകാലിക ജനപഥം 2026
ഏപ്രിൽ 1 പുസ്തകം 12 ലക്കം 9

കേരളത്തിന്റെ കലാപാരമ്പര്യത്തിൽ ചില കലാകാരികൾ വേദിയിൽ മാത്രം ഒതുങ്ങുന്നില്ല, അവരുടെ കല തന്നെ ഒരു അനുഭവമായി മാറുന്നു. അത്തരം അപൂർവ സാന്നിധ്യമായിരുന്നു മാർഗി സതി. കൂടിയാട്ടത്തിന്റെ കർശനമായ പാരമ്പര്യത്തിനുള്ളിൽ നിന്നുകൊണ്ട്, അതിന് പുതിയൊരു ദിശയും രൂപവും നൽകാൻ അവർക്ക് കഴിഞ്ഞു. കണ്ണിന്റെ ചലനത്തിൽ കാലം തുറന്നുകാട്ടാനും, നിശ്ശബ്ദതയിൽ നിന്ന് കഥകളെ ജീവിപ്പിക്കാനും അവർക്കുണ്ടായിരുന്ന കഴിവ് അതുല്യം. കൂടിയാട്ടം എന്ന പ്രാചീന കലാരൂപത്തെ ജീവിച്ചിരിക്കുന്ന പൈതൃകമാക്കി മാറ്റിയതാണ് അവർ കേരള ജനതയ്ക്ക് നൽകിയ സംഭാവന.
ജനനവും ബാല്യവും
1965-ൽ തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തിയിൽ ജനിച്ച പി. എസ്. സതീദേവി, മാർഗി സതി എന്ന പേരിൽ ലോകപ്രശസ്തി നേടിയ കൂടിയാട്ടം കലാകാരിയായതിന്റെ പിന്നിൽ കഠിനാധ്വാനത്തിന്റെ കഥയാണുള്ളത്. പിതാവ് സംസ്കൃത പണ്ഡിതനായ പുത്തിലത്ത് സുബ്രഹ്മണ്യൻ എമ്പ്രാന്തിരി. മാതാവ് പാർവതി അന്തർജനം. ഭാഷയുടെ ലാളിത്യവും ഭാവത്തിന്റെ ആഴവും കലയുടെ സൂക്ഷ്മതയും സമ്മേളിച്ച ജീവിതം. കലയുടെ അനുഗ്രഹം അവരെ ചെറുപ്പത്തിൽതന്നെ കേരള കലാമണ്ഡലത്തിന്റെ കവാടത്തിലേക്ക് നയിച്ചു. പതിനൊന്നാം വയസ്സിൽ കലാമണ്ഡലത്തിലേക്കുള്ള ആ കാൽവെയ്പ് ഒരു കലാസമർപ്പണത്തിന്റെ തുടക്കമായിരുന്നു.
കൂടിയാട്ടം പഠനം ഒരിക്കൽ ചാക്യാർ സമൂഹത്തിനുള്ളിൽ മാത്രമായി പരിമിതമായിരുന്ന കലാരൂപമാണ്. ചാക്യാർ സമുദായത്തിൽ ജനിച്ചവർക്ക് മാത്രം പ്രാപ്യമായിരുന്നു അതിന്റെ പഠനം. 1965 പൈങ്കുളം രാമചാക്യാർ എന്ന ഗുരുനാഥൻ മുൻകൈ എടുത്ത് കേരള കലാമണ്ഡലത്തിൽ കൂടിയാട്ടം കളരി സ്ഥാപിച്ചതിനാലാണ് നമ്പൂതിരി കുടുംബത്തിൽ ജനിച്ച സതിക്ക് കൂടിയാട്ടവും നങ്ങ്യാർകൂത്തും പഠിക്കാൻ സാധ്യമായത്. ഈ കാലഘട്ടത്തിലാണ് സതി ഈ രംഗത്തേക്ക് കാൽവെയ്ക്കുന്നത്. പൈങ്കുളം രാമചാക്യാർ, മാണി മാധവചാക്യാർ, അമ്മന്നൂർ മാധവചാക്യാർ തുടങ്ങിയ മഹാഗുരുക്കന്മാരുടെ കീഴിൽ വിശദവും വിദഗ്ധവും കഠിനവുമായ പരിശീലനം നേടി.
കണ്ണുസാധകം, നവരസം, മുദ്രകൾ, ശരീരനിയന്ത്രണം- ഇവ അവർക്ക് കേവലം പഠനവിഷയങ്ങളായിരുന്നില്ല, അത് അവരുടെ ഭാഷയായിരുന്നു. ഒരു എമ്പ്രാന്തിരി പെൺകുട്ടിയായ സതി കൂടിയാട്ടത്തിന്റെ വേദിയിൽ പ്രവേശിച്ചത് തന്നെ ഒരു നിശ്ശബ്ദ വിപ്ലവമായിരുന്നു. കലാമണ്ഡലം ശിവൻ നമ്പൂതിരി, ഗിരിജ ടീച്ചർ തുടങ്ങിയ ഗുരുവരരുടെ ലാളനയും അഭ്യസനവും ഇതിന് സഹായകമായി. ഡി.അപ്പുക്കുട്ടൻ നായർ എന്ന കുലപതി ഇതിനുവേണ്ടുന്ന കളമൊരുക്കി. സ്ത്രീകൾക്ക് പരിമിതമായ വേഷങ്ങൾ മാത്രമുണ്ടായിരുന്ന വേദിയിൽ, അവർ സ്ത്രീയുടെ അന്തർലോകം തുറന്നു. നങ്ങ്യാർകൂത്ത് എന്ന ഏകപാത്ര അവതരണത്തിൽ, സ്ത്രീയെ ഒരു കഥാപാത്രമെന്നതിലുപരി ഒരു ദർശനമായി അവർ ഉയർത്തി.
‘മാർഗി’യിലേക്കുള്ള ചുവടുവയ്പ്
കഥകളിയും കൂടിയാട്ടവും പോലുള്ള കേരളത്തിന്റെ ശാസ്ത്രീയ കലാരൂപങ്ങളുടെ പുനരുജ്ജീവനത്തിനായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ സ്ഥാപനമാണ് മാർഗി. 1988-ൽ തിരുവനന്തപുരത്തെ ‘മാർഗി’യിലെത്തിയത് സതിയുടെ കലാജീവിതത്തിൽ നിർണ്ണായകമായി. അമ്മന്നൂർ മാധവ ചാക്യാർ, കൊച്ചുകുട്ടൻ ചാക്യാർ, പി.കെ.നാരായണൻ നമ്പ്യാർ എന്നീ ഗുരുക്കന്മാരുടെ സാന്നിധ്യവും അനുഗ്രഹമായി. ഇവിടെയാണ് കാര്യമായ ഉപരിപഠനം ലഭിച്ചതും. മാർഗിയുമായുള്ള ബന്ധം അവരുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഈ ബന്ധമാണ് അവർക്ക് ‘മാർഗി സതി’ എന്ന പേര് സമ്മാനിച്ചത്. മാർഗിയിലേക്കുള്ള ചുവടുവയ്പ് സതിയുടെ കലാസാധനയ്ക്ക് വിപുലമായ വേദി നൽകി. കൂത്തമ്പലങ്ങളുടെ പരിമിതികൾക്കപ്പുറം, പൊതുജനങ്ങളിലേക്കും ലോകവേദികളിലേക്കും കൂടിയാട്ടത്തെ എത്തിക്കുന്ന യാത്രയിൽ അവർ മുഖ്യശക്തിയായി. ‘എന്നെ ഒരു യഥാർഥ കൂടിയാട്ടം കലാകാരിയാക്കിയത് മാർഗിയാണ്. അതിനാൽ ഞാൻ ‘മാർഗി സതി ‘ എന്നറിയപ്പെടാൻ തീരുമാനിക്കുന്നു’ എന്ന് സതി പറഞ്ഞു.
നങ്ങ്യാർകൂത്തിന്റെ നവോത്ഥാനം
സ്ത്രീകൾ മാത്രം അവതരിപ്പിക്കുന്ന, ഏക വ്യക്തിയിൽ ഒതുങ്ങുന്ന പ്രകടനമാണ് നങ്ങ്യാർകൂത്ത്. ശ്രീകൃഷ്ണകഥകളിൽ മാത്രം ചുരുങ്ങിയിരുന്ന ഈ കലയെ വിപുലമാക്കി കഥയുടെ പരിധികളെ ഭേദിച്ചുകൊണ്ട് ശ്രീരാമചരിതം, കണ്ണകിചരിതം, സീതായനം തുടങ്ങിയ അവതരണങ്ങളിലൂടെ സതി നങ്ങ്യാർകൂത്തിലെ കഥകളുടെ പുനർവായന നടത്തി. സീതയുടെ മൗനവും കണ്ണകിയുടെ ദുഃഖവും ശബ്ദമായും ദൃശ്യമായും അരങ്ങിലെത്തിക്കാൻ സതി ആട്ടപ്രകാരം എന്ന പേരിൽ അവതരണപാഠങ്ങൾ (Attaprakaram) തയ്യാറാക്കി പ്രസിദ്ധീകരിച്ചു. ശ്രീരാമചരിതം നങ്ങ്യാർകൂത്ത് രചിച്ച് ആട്ടപ്രകാരം തയ്യാറാക്കിയത് ആ രംഗത്തെ വിപ്ലവകരമായ മാറ്റമായിരുന്നു. അതിലൂടെ കൂടിയാട്ടത്തിന്റെ ശാസ്ത്രീയ പഠനത്തിനും പ്രചാരത്തിനും ശ്രദ്ധേയമായ സംഭാവന നൽകി.
ലോകവേദിയിലെ കലാസാന്നിധ്യം
ഇന്ത്യയുടെ അതിരുകൾക്കപ്പുറം, സതിയുടെ കല ലോകവേദികളിൽ മുഴങ്ങി. 2001-ൽ പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് അവർ അവതരിപ്പിച്ച കൂടിയാട്ടം, കേരളത്തിന്റെ കലാസൃഷ്ടിയെ ലോകത്തിനു മുന്നിൽ എത്തിച്ചു. കൂടിയാട്ടം ‘മാനവരാശിയുടെ വാമൊഴി പാരമ്പര്യത്തിന്റെ അനശ്വര പൈതൃകങ്ങളിലൊന്നായി അംഗീകരിക്കപ്പെട്ടത്’ വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് നിർമ്മിച്ച ഡോക്യുമെന്ററി കളിലൂടെയാണ്. ഇതിന് മാർഗിയിലെ മറ്റ് കലാകാരന്മാർക്കൊപ്പം സതി വഹിച്ച പങ്ക് പ്രശംസനീയമാണ്. കൂടിയാട്ടത്തിന്റെ ആഗോള പ്രചരണത്തിനും അതിനെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും സതിയുടെ പങ്ക് നിർണ്ണായകമായിരുന്നു.
ഇടയ്ക്ക കലാകാരനായ എൻ.സുബ്രഹ്മണ്യൻ പോറ്റിയായിരുന്നു ജീവിത പങ്കാളി. 2005-ൽ ‘നോട്ടം’ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ വൈദ്യുതാഘാതത്തിൽ അദ്ദേഹം മരണമടഞ്ഞു. ആ വേദനയെയും അവർ കലയുടെ ഭാഗമായി ഉൾക്കൊണ്ടു. പിന്നീട് അവരുടെ അഭിനയത്തിൽ കണ്ട ആഴവും തീവ്രതയും ഈ ജീവിതാനുഭവങ്ങളുടെ പ്രതിഫലനമായിരുന്നു. ഭർത്താവിന്റെ മരണത്തെ തുടർന്ന് കേരള കലാമണ്ഡലത്തിൽ അധ്യാപികയായി സേവനത്തിൽ പ്രവേശിച്ചു. ഇന്ത്യയിലെയും വിദേശത്തെയും നിരവധി ശിഷ്യർ അവരുടെ ശിക്ഷണത്തിലൂടെ വളർന്നു. അധ്യാപികയും പ്രശസ്ത കൂടിയാട്ടം, നങ്ങ്യാർകൂത്ത് കലാകാരി രേവതി, കേരള കലാമണ്ഡലത്തിലെ ജീവനക്കാരനും ഇടയ്ക്ക കലാകാരനുമായ ദേവനാരായണൻ എന്നിവർ മക്കളാണ്.
സിനിമയിലെ സാന്നിധ്യം
സിനിമയിലും അവർ തന്റെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. നോട്ടം(2005), ദൃഷ്ടാന്തം(2007), മേക്കിങ് ഓഫ് എ മാസ്ട്രോ(2010), രാമായണം(2010), ഇവൻ മേഘരൂപൻ(2012), സ്വപാനം(2014) എന്നീ ചിത്രങ്ങളിൽ കൂടിയാട്ടത്തിന്റെ ഭാവഭംഗി തെളിഞ്ഞുനിൽക്കുന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
പുരസ്കാരങ്ങളും അംഗീകാരങ്ങളും
സതിയുടെ കലാസാധനയ്ക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ് (2002), കലാദർപ്പണം അവാർഡ് (2008), നാട്യരത്ന പുരസ്കാരം, കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ ഫെലോഷിപ്പ് തുടങ്ങി അവർക്ക് ലഭിച്ച അംഗീകാരങ്ങൾ ഒരു പ്രതിഭ എന്ന നിലയിലല്ല, മറിച്ച് ഒരു പാരമ്പര്യത്തിന്റെ പുനരുജ്ജീവനത്തിനുള്ള അംഗീകാരങ്ങളായിരുന്നു. കാൻസറിനെതിരെ പോരാടി, 2015 ഡിസംബർ 1-ന് അൻപതാമത്തെ വയസ്സിൽ തിരുവനന്തപുരത്തെ ആർ.സി.സി ആശുപത്രിയിൽ വെച്ച് മാർഗി സതി വിടവാങ്ങി.
മാർഗി സതി ഒരു കലാകാരി മാത്രമല്ല. പാരമ്പര്യത്തെ മുറുകെ പിടിച്ച് സ്ത്രീസ്വരത്തെ ശക്തമാക്കിയ അവതാരക, ഗുരു, ഗവേഷക, സ്രഷ്ടാവ് എന്നിങ്ങനെ നിരവധി രംഗങ്ങളിൽ അവരുടെ സപര്യ ഇന്നും ജ്വലിക്കുന്നു. കൂടിയാട്ടത്തെ ക്ഷേത്രപരിധികളിൽ നിന്ന് ലോകവേദിയിലേക്ക് എത്തിച്ച യാത്രയിൽ അവർ വെട്ടിത്തെളിച്ച പാത ഇന്നും അനേകം കലാകാരികൾ പിന്തുടരുന്നു. അവരുടെ കണ്ണുകളുടെ ഭാഷ ഇന്നും ജീവിക്കുന്നു. അതിലൂടെ അവർ അവശേഷിപ്പിച്ച നിശ്ശബ്ദത ഇന്നും സംസാരിക്കുന്നു. അതാണ് മാർഗി സതിയെന്ന കൂടിയാട്ടത്തിന്റെ അന്തർസ്വരം.
