കവര്‍‌സ്റ്റോറിമുഖാമുഖം

മനുഷ്യത്വമാണ് നിലപാട്

സമകാലിക ജനപഥം 2026
മാർച്ച് 1 പുസ്തകം 12 ലക്കം 8

കുളൂർ എന്നത് ദക്ഷിണ കന്നഡ ദേശത്തെ ഒരു ഗ്രാമമാണെന്നും താങ്കളുടെ പിതാവ് ജോലിക്കായി അവിടെ നിന്നും കോഴിക്കോട്ട് വന്നതാണെന്നും അറിയാം. താങ്കൾ ജനിച്ചുവളർന്നത് കോഴിക്കോട്ടാണ്. വളരെ ചെറുപ്പം മുതലേ താങ്കൾ നാടകക്കാരനാണ്. നാടകമാണ് സ്വന്തം തട്ടകം എന്നു തിരിച്ചറിഞ്ഞത് എപ്പോഴാണ്. കോഴിക്കോടന്റെ നാടകപാരമ്പര്യം താങ്കളെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

നാടകം എന്റെ തട്ടകമാണോ എന്ന കാര്യത്തിൽ ഇപ്പോഴും ഞാൻ സംശയാലുവാണ്. എന്താണ് നാടകം എന്ന കാര്യത്തിലുള്ള അന്വേഷണത്തിലാണ് ഞാനിപ്പോഴും. ഞാനെഴുതുന്നത് നാടകമാണ് എന്നു തിരിച്ചറിയുന്ന അന്ന് ഈ പരിപാടി നിർത്തും. ഇതല്ല നാടകം, ഇതല്ല നാടകം, ഇനിയും എന്തൊക്കെയോ കണ്ടെത്താനുണ്ട് എന്ന അന്വേഷണത്തിലാണ് അതിന്റെ രസം. കോഴിക്കോടൻ നാടകവേദി എല്ലാക്കാലത്തും എന്നെ സ്വാധീനിച്ചിട്ടുണ്ട്. സ്‌കൂൾ നാടകങ്ങൾ മുതൽ പ്രൊഫഷണൽ നാടകങ്ങൾ വരെ ചെറുപ്രായം മുതൽ തന്നെ ഞാൻ കാണുമായിരുന്നു. സെന്റ് ജോസഫ്സ് സ്‌കൂളിലെ പഠനകാലം മുതൽ തുടങ്ങിയതാണത്. അന്ന് വെള്ളിയാഴ്ച ഉച്ച സമയത്തെ രണ്ടു മണിക്കൂർ ബ്രേക്ക് ഞങ്ങൾക്ക് നാടകം കളിക്കാനുള്ള സമയമായിരുന്നു. സ്‌കൂൾ വാർഷികങ്ങൾ നാടകങ്ങൾകൊണ്ട് നിറഞ്ഞിരുന്നു. നഗരത്തിൽ പല സംഘടനകളും കൂട്ടായ്മകളും ചെന്നൈയിൽ നിന്നുവരെ നാടകങ്ങൾ കൊണ്ടുവന്നിരുന്നു. എൻ.എൻ.പിള്ളയും കെ.ടി.മുഹമ്മദും അടക്കമുളവരുടെ നാടകങ്ങൾ നിരന്തരം കളിച്ചിരുന്നു. ഇതിനൊപ്പംതന്നെ എന്നെ ആകർഷിച്ചിട്ടുള്ളത് കുതിരവട്ടം പപ്പുവും കൂട്ടരും അവതരിപ്പിച്ചിരുന്ന ഓൺ ദി സ്പോട്ട് നാടകങ്ങളാണ്. കുഞ്ഞാണ്ടി, വേണു, വാസു പ്രദീപ് തുടങ്ങിയവരെല്ലാം ആ സംഘത്തിലുണ്ടായിരുന്നു. വിഷയവും സംഭാഷണവും എല്ലാം അപ്പപ്പോൾ തീരുമാനിച്ചു കളിക്കുന്ന നാടകം. കവലകൾ മുതൽ കല്യാണ വീടുകൾ വരെ അവരിത്തരം നാടകങ്ങൾ കളിക്കുമായിരുന്നു.

തിക്കോടിയൻ, കെ.ടി, വാസുദീപ്, ഇബ്രാഹിം വെങ്ങര തുടങ്ങിയവരെല്ലാം സാമൂഹികമാറ്റം ലക്ഷ്യംവച്ച് കൃത്യമായ ചാലുകളിലൂടെ അവരുടെ ദർശനവും രാഷ്ട്രീയവും മുന്നോട്ടുവച്ചുള്ള നാടകയാത്രയാണ് നടത്തിയത്. അതിൽനിന്നു മാറിനടക്കാൻ താങ്കളെ പ്രേരിപ്പിച്ചത് എന്താണ്?

പ്രകടനാത്മക സ്വഭാവമുള്ള, പ്രൊപ്പഗാൻഡാ നാടകം എന്നതിനപ്പുറം അത്തരം ചിന്തകൾ വല്ലതും ഉണ്ടെങ്കിൽ അത് നാടകത്തിൽ തന്നെ അന്തർലീനമായിരിക്കണം എന്നതായിരുന്നു എന്റെ ചിന്ത. കെ.ടി.മുഹമ്മദിന്റേതായാലും എൻ.എൻ.പിള്ളയുടേതായാലും നാടകങ്ങളിൽ അവസാനം ഒരു ആഹ്വാനം ഉണ്ടാവുമായിരുന്നു. ഇന്നത് ചെയ്യണം, അല്ലെങ്കിൽ അരുത് എന്ന തരത്തിൽ. അതിനാണെങ്കിൽ പ്രസംഗം പോരെ നാടകം വേണോ എന്നതായിരുന്നു എന്റെ ചിന്ത. ഇനിയെന്ത് എന്ന ആകാംക്ഷ മുൻനിർത്തിക്കൊണ്ട് ജീവിതത്തിലെ ലളിതമായൊരു കാര്യം പറയാനായിരുന്നു എന്റെ ശ്രമം. അതു കഥയാണോ കാര്യമാണോ എന്നു കാണികൾ തീരുമാനിക്കട്ടെ. ആ രീതി തന്നെയാണ് തുടരാൻ ആഗ്രഹിക്കുന്നതും.

പ്രകടനാത്മകമല്ലെങ്കിലും താങ്കളുടെ നാടകങ്ങളുടെ ലക്ഷ്യവും മനുഷ്യമനസ്സിന്റെ സംസ്‌കരണമാണ്. എന്താണ് താങ്കളുടെ നാടകങ്ങളുടെ രാഷ്ട്രീയം?

മനുഷ്യത്വം. അതിന്റെ ഏറ്റവും പ്രകടനാത്മകമായ സ്നേഹം. അതുകൊണ്ടുണ്ടാവുന്ന വരുംവരായ്കകൾ. പ്രതിസന്ധികൾ. അപ്പുണ്ണിയുടെ റേഡിയോ പോലുള്ള നാടകങ്ങളിൽ കൃത്യമായ രാഷ്ട്രീയം ഉണ്ട്. എന്റെ അനുഭവങ്ങൾ മാത്രമേ എനിക്ക് എഴുതാനാവൂ.

പിൽക്കാലത്ത് കുളൂരിയൻ നാടക രീതി എന്നറിയപ്പെട്ട ഒരു നാടക സമീപനം രൂപപ്പെട്ട സാഹചര്യം ഏതാണ് ?

നാടക പ്രവർത്തനം ചെറുപ്പം മുതലേയുണ്ട്. പിന്നീട് റേഡിയോ നാടകങ്ങൾ ചെയ്തു.ആ സമയത്ത് പ്രൊഫഷണൽ നാടകത്തിനായി കോഴിക്കോട്ടെ സ്റ്റേജ് ഇന്ത്യയുടെ വിക്രമൻ നായർ സമീപിച്ചു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഒരു റേഡിയോ നാടകം പ്രൊഫഷണൽ നാടകമായി മാറ്റി – ബൊമ്മക്കൊലു . അതു വലിയ തോതിൽ സ്വീകരിക്കപ്പെട്ടപ്പോൾ ഇതു തുടരണം എന്ന പ്രേരണ വിക്രമൻ നായരിൽ നിന്നുണ്ടായി. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ എനിക്കു പ്രശ്നമായി. ഇത്രയും പണം മുടക്കുന്നത് നാടകത്തെ കച്ചവടവൽക്കരിക്കലല്ലേ എന്ന ചിന്ത. അഭിനയിക്കാൻ എട്ടുപത്തു പേർ വേണം,രണ്ടുമൂന്നു മൂന്നു സ്ത്രീകൾ വേണം,പാട്ടുകൾ വേണം, തമാശയ്ക്കായി മൂന്നാലുപേർ പ്രത്യേകം വേണം, പിരിമുറുക്കമുള്ള കഥവേണം, വലിയ സ്റ്റേജ് സംവിധാനങ്ങൾ വേണം, അവസാനമാവുമ്പോൾ ടെൻഷൻ ഉണ്ടാക്കണം. ഇത്തരം കാര്യങ്ങൾക്ക് ഒക്കെ വലിയ തോതിൽ പണം വേണം. അങ്ങനെ വന്നപ്പോൾ ചെലവില്ലാതെ നാടകം ചെയ്താലെന്ത് എന്ന ചിന്ത വന്നു. അഴിക്കോടിനെപ്പോലുള്ളവരുടെ പ്രസംഗങ്ങൾ ജനം രണ്ടും മൂന്നും മണിക്കൂറുകൾ കേട്ടിരിക്കുന്നുണ്ടെങ്കിൽ കണ്ടന്റുള്ള നാടകങ്ങൾ ഇത്തരം ചമയങ്ങൾ ഒന്നുമില്ലെങ്കിലും ജനം കാണും എന്ന വിശ്വാസം വന്നു. അപ്പുണ്ണികൾ എന്ന രണ്ടു കഥാപാത്രങ്ങളുള്ള ഉള്ള ഒരു നാടകം അങ്ങനെ രൂപപ്പെട്ടതാണ് ‘. അതു വലിയ വിജയമായി. അവരു രണ്ടും ഇപ്പോൾ വലിയ സിനിമാ നടന്മാരാണ്. (അപ്പുണ്ണി ശശി, ഹരീഷ് പേരടി) അവിടുന്നങ്ങോട്ട് ചെലവില്ലാതെ നാടകം ചെയ്യാമെന്ന രീതി വന്നു. ലൈറ്റും സൗണ്ടും സ്റ്റേജും എന്തിന് മൈക്ക് പോലും വേണ്ടെന്നായി. ഒരു വയലിനിസ്റ്റിനെക്കുറിച്ചുള്ള നാടകമാണെങ്കിൽ ഒരു വയലിൻ വേണമെങ്കിൽ ഉപയോഗിക്കാം: അല്ലാതെ സങ്കടം വരുത്താൻ വയലിൻ ഉപയോഗിക്കണം എന്നത് വേണ്ടാതായി.

ആടയാഭരണങ്ങൾ ഉപക്ഷിച്ചു കൊണ്ടുള്ള താങ്കളുടെ പരീക്ഷണം നമ്മുടെ പൊതുവായ നാടകരീതികളെ എങ്ങനെ സ്വാധീനിച്ചു ?

അതങ്ങനെ വലിയ മാറ്റമൊന്നും വരുത്തില്ല.ഒന്നും രണ്ടും പേർ മാത്രമുളള നാടകങ്ങൾ ചെയ്തപ്പോൾ ഈ രംഗത്തെ കൂട്ടായ്മ നശിപ്പിക്കുന്ന രീതിയാണ് എന്റേത് എന്ന ആക്ഷേപം പോലും ഉണ്ടായി. എന്നാൽ ഒരാളാണ് നാടകം കളിക്കുന്നതെങ്കിലും അവിടെ ധാരാളം കാണികളുണ്ടെന്നും അവർ കൂടി അടങ്ങുന്നതാണ് ഈ കൂട്ടായ്മ എന്നും വിമർശിച്ചവർ മറന്നു പോയി.

നാടകക്കളരികൾ പലതുണ്ടെങ്കിലും താങ്കളുടേത് തികച്ചും വ്യത്യസ്തമായ ഒന്നാണ്. ഏതാണ്ട് ഒരു ഗുരുകുലരീതി. അതും ഏറെ നാൾ നീണ്ടു നിൽക്കുന്നത്. രണ്ടും മൂന്നു ദിവസങ്ങൾ മാത്രം നീണ്ടു നിൽക്കുന്ന നാടകക്കളരികൾ ഇവിടെ ധാരാളം നടക്കുന്നുണ്ട്. അതിന്റെ തലപ്പത്ത് സിനിമയുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ട ഒരാളാവും. ഇതാണ് ഇപ്പോഴത്തെ പതിവ്. പഠിതാക്കൾക്ക് നാടകത്തെക്കുറിച്ച് ചില സൂചനകളൊക്കെ ഇതിലൂടെ കിട്ടുന്നുണ്ടാവാം.ചിത്രകലയോ വാദ്യകലയോ ഏതുമാവട്ടെ അതു പഠിക്കാൻ ഏറെക്കാലം വേണം. അഭിനയത്തിന്, നാടകത്തിന് അതു വേണ്ട എന്ന ചിന്ത ശരിയല്ല. ഇതൊരു സങ്കീർണ്ണമായ പ്രക്രിയയാണ്. അതുകൊണ്ടാണ് ഗ്രൂമിങ് എന്നതിലേക്ക് ആളുകളുടെ ശ്രദ്ധ തിരിഞ്ഞുവരുന്നതും. മോഹൻലാൽ സംവിധാനം ചെയ്ത ബാറോസിനു വേണ്ടി ഇംഗ്ലണ്ടിൽ നിന്നുവന്ന ഒരു പെൺകുട്ടിക്ക് ഞാൻ ഒരു മാസം പരിശീലനം നൽകിയിട്ടുണ്ട്. അത് മോഹൻലാലിന് അഭിനയത്തെക്കുറിച്ച് അറിയാത്തതു കൊണ്ടല്ലല്ലോ. ഗ്രൂമിങ് എന്നത് വേറൊരു പ്രക്രിയയാണ്. അഭിനയത്തിന് ഗ്രൂമിങ് അത്യാവശ്യമാണ്. അഭിനയ അഭ്യസനം ചെറിയൊരു കാലയളവു കൊണ്ട് പൂർത്തിയാക്കാനാവുന്ന ഒന്നല്ല.

നാടകത്തിൽ നടീ നടന്മാരുടെ ശരീരം ഇത്ര വിദഗ്ധമായി ഉപയോഗിച്ചവർ താങ്കളെപ്പോലെ മറ്റധികമില്ല. അഭിനേതാക്കൾ താങ്കൾക്ക് ആരാണ് ?

ആരോഗ്യം ഉള്ള ആളായിരിക്കണം അഭിനേതാക്കൾ. അവർക്കുവേണ്ട ലഹരി അഭിനയിക്കുമ്പോൾ അനുഭവിക്കുന്ന ലഹരിയാവണം. മറിച്ചായാൽ ആരോഗ്യം നശിക്കും.

വലിയ ശിഷ്യസമ്പത്തുള്ള ആളാണ് താങ്കൾ. എന്താണ് താങ്കളുടെ ശിക്ഷണരീതി ?

രണ്ടു കാര്യങ്ങളാണതിൽ പ്രധാനം. ഒന്ന് അയാൾക്ക് ശരിയായ താൽപര്യം ഉണ്ടോ? കൊതി മാത്രംപോരാ. വലിയ പേരുണ്ടാവണം, സിനിമാ നടൻ ആവണം എന്നു കരുതിയിട്ടു കാര്യമില്ല. ഇതിൽ പൂർണമായും നിമഗ്നനായി തുടർച്ചയായി ചെയ്യാനാവണം. രണ്ടാമതായി മെനക്കെടാൻ മനസ്സുണ്ടാവണം. എളുപ്പവഴി എന്നൊന്നില്ല. ഒന്നും ഞാൻ അടിച്ചേൽപ്പിക്കാറില്ല. വരുന്നവരുടെ ഉള്ളിൽ നാടക ബോധമുണ്ടെങ്കിൽ ഞാനത് കഴുകി എടുക്കുകയാണ് ചെയ്യുന്നത്. അവർക്ക് സ്വന്തം വഴി കണ്ടെത്താനുള്ള ചൂണ്ടുപലക ആവുക മാത്രമാണ് ഞാൻ.

ചെറിയ കാലത്തിനുള്ളിൽ വലിയ മാറ്റങ്ങളാണ് നമ്മുടെ ആശയ വിനിമയ രംഗത്തുണ്ടായത്. പുത്തൻ സാങ്കേതിക വിദ്യയുടെ സാധ്യതകൾ നാടകത്തെ എങ്ങനെയാണ് ബാധിച്ചത്. സോഷ്യൽ മീഡിയക്കാലത്തെ നാടകരൂപം ഏതു തരത്തിലാവും? എങ്ങനെ മുന്നോട്ടുപോവും?’

പുതിയ കാലത്തോട് അപ്‌ഡേറ്റ് ആവുക എന്നത് വളരെ പ്രധാനമാണ്. എന്റെ പുതിയൊരു നാടകമുണ്ട്. പോസ്റ്റ് എന്നാണ് അതിന്റെ പേര്. ഫെയ്സ്ബുക്ക് പോസ്റ്റ് തന്നെ. അതിന്റെ ഒരു പരിണിതഫലം എന്താണെന്നു കാണിക്കുന്ന നാടകമാണത്. മൈക്കും ലൈറ്റും അടക്കമുള്ള ആടയാഭരണങ്ങൾ ഒന്നുമില്ലാത്തതു കൊണ്ടു തന്നെ പത്തോ അൻപതോ പേരടങ്ങുന്ന സദസ്സിനു മുന്നിൽ കളിക്കുന്ന ഒരു നാടകം. ഓസ്ട്രേലിയയിലെ പഠിതാക്കളെ വച്ച് ‘അടുത്ത ദിവസം തന്നെ റിഹേഴ്സൽ തുടങ്ങും. ഒരു റെയിൽവേ വെയിറ്റിങ് ഷെഡാണ് അതിന്റെ പശ്ചാത്തലം. മറുപടി പറയുക ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടല്ല, മറിച്ച് നാടകം കളിച്ചാണ് എന്നാണ് ഞാൻ കരുതുന്നത്.

ഇപ്പോൾ താങ്കളെ നയിക്കുന്ന പുതിയ ചിന്ത എന്താണ്? ഇനി എന്തു ചെയ്യണം എന്നാണ് ആഗ്രഹിക്കുന്നത്?

നാടകത്തിൽ തന്നെ ഊന്നിക്കൊണ്ടുള്ള ചിന്താപദ്ധതിയാണ് ഇപ്പോഴും ഉള്ളത്. 1996 ലാണ് ഞാൻ വൺമാൻ ഷോ എന്ന പരിപാടി തുടങ്ങിയത്. ഒറ്റയാൾ മാത്രമുള്ള നാടകം. പലരും ഞാനാണതിന്റെ ഉപജ്ഞാതാവ് എന്ന് പറയാറുണ്ട്. ഞാനൊന്നും തുടങ്ങിയതല്ല കേട്ടോ അത്. പണ്ട് ചാക്യാർ ഒക്കെ ചെയ്ത കാര്യം മറ്റൊരു രീതിയിൽ ചെയ്തു എന്നേ ഉള്ളു. ഇതൊക്കെ പണ്ട് ഭരതമുനിയുടെ കാലംതൊട്ട് ഉണ്ടായിട്ടുള്ളതാണ്. ഇത്തരം വൺമാൻഷോകളിൽ കാണികളുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തുന്ന രീതിയെക്കുറിച്ചാണിപ്പോൾ ഞാൻ ആലോചിച്ചു കൊണ്ടിരിക്കുന്നത്. ഒരു ഇന്റിമേറ്റ് തിയേറ്ററിൽ നിന്ന് ഇമേഴ്സീവ് തിയേറ്ററിലേക്കുള്ള മാറ്റം. ഒരു സദ്യ വിളമ്പുമ്പോൾ അവിടെ വിളമ്പുന്നവരും കഴിക്കുന്നവരും മാത്രമേ ഉള്ളു. കാഴ്ചക്കാർ ഇല്ല. അത്തരത്തിലാവണം നാടകം എന്നാണ് ഇപ്പോഴത്തെ ചിന്ത.