തുറന്നു പുരോഗതിയുടെ ലോക ജാലകം
തുറന്നു പുരോഗതിയുടെ ലോക ജാലകം
പിണറായി വിജയന്‍
മുഖ്യമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോഡി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിനു സമര്‍പ്പിച്ചതോടെ കേരളത്തിന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിൽ ഒന്നാണ് സഫലമായിരിക്കുന്നത്. വികസനത്തിന്റെ പുതിയ ചക്രവാളങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. ലോക മാരി ടൈം ഭൂപടത്തില്‍ ഇന്ത്യയെ ഇനി മുതല്‍ അടയാളപ്പെടുത്താന്‍ പോകുന്നത് വിഴിഞ്ഞം ആയിരിക്കുമെന്നതിൽ ഓരോ മലയാളിക്കും അഭിമാനിക്കാം.
പ്രളയങ്ങളും കോവിഡ് മഹാമാരിയും ഉള്‍പ്പെടെ നിരവധി പ്രതിസന്ധികള്‍ മുന്നിലുണ്ടായിരുന്നു. അവയുടെയൊന്നും മുന്നിൽ നാം തളർന്നില്ല. വിഴിഞ്ഞത്തെ നമ്മുടെ സോദരരുടെ ആശങ്കകള്‍ മുന്നിലുണ്ടായിരുന്നു. അവയോരൊന്നും പരിഹരിച്ച് അവരെ ചേര്‍ത്തു നിര്‍ത്തിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോയത്.
രാജ്യത്ത് ഒരു സംസ്ഥാന സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള തുറമുഖമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. നിലവില്‍ ആകെ പദ്ധതിച്ചെലവിന്റെ മൂന്നിൽ രണ്ടു ഭാഗവും വഹിക്കുന്നത് സംസ്ഥാനമാണ്. ഉത്തരവാദിത്തങ്ങളെല്ലാം കൃത്യതയോടെ നിറവേറ്റി തുറമുഖ ത്തിന്റെ നിര്‍മ്മാണത്തിനു യാതൊരു വിഘാതവും ഉണ്ടാകാതെ നിശ്ചയ ദാര്‍ഢ്യത്തോടെ മുന്നോട്ടു പോകാന്‍ സര്‍ക്കാരിനു സാധിച്ചു.
അതിന്റെ ഫലമായി കരാര്‍ പ്രകാരം 2045 ല്‍ മാത്രം പൂര്‍ത്തിയാവേണ്ട പദ്ധതി 2028-ല്‍ തന്നെ പൂർത്തീകരിക്കാൻ സാധിക്കുന്ന നിലയാണിപ്പോഴുള്ളത്. കൊമേഴ്സ്യല്‍ ഓപ്പറേഷനാകട്ടെ 2024 ല്‍ തന്നെ ആരംഭിക്കാനും നമുക്ക് സാധിച്ചു. ഇതുവരെ 270 ലേറെ കപ്പലുകളാണ് വിഴിഞ്ഞത്തു നങ്കൂരമിട്ടത്.
അസാധ്യമെന്നു കരുതിയതെല്ലാം സാധ്യമാക്കിയ ഒന്‍പത് വര്‍ഷങ്ങളാണ് കടന്നു പോയത്. വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടേയും പുതിയ പന്ഥാവുകളിലൂടെ കേരളം മുന്നേറുകയാണ്. സമാനതകളില്ലാത്ത ഈ വികസന മുന്നേറ്റത്തിനു കൂടുതല്‍ കരുത്തു പകരുന്ന പദ്ധതിയായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറും. കൂടുതല്‍ വലിയ നേട്ടങ്ങളിലേക്ക് നാടു കുതിക്കും.
ചെലവും വിഹിതവും
ആകെ ചെലവ് – 8,867 കോടി രൂപ
കേരളസര്‍ക്കാര്‍ – 5,595 കോടി രൂപ
അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് – 2,454 കോടി രൂപ
കേന്ദ്ര വായ്‌പ – 818 കോടി രൂപ
വി ജി എഫ് വായ്‌പ രൂപത്തില്‍. തുക ലഭ്യമായിട്ടില്ല.
ജീവനോപാധി നഷ്‌ട പരിഹാര ഇനത്തില്‍ കേരള സര്‍ക്കാര്‍ വിതരണം ചെയ്‌തത് – 107.28 കോടി രൂപ.
നാള്‍വഴികള്‍
1996 ല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്ന സങ്കല്‍പം രൂപപ്പെടുന്നു.
2006 പദ്ധതിക്കു പുനരുജ്ജീവനം
2009 ല്‍ പദ്ധതി പഠനത്തിനായി ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനെ നിയോഗിച്ചു.
2010 ല്‍ ടെന്‍ഡര്‍ നടപടിയിലേക്കു കടന്നെങ്കിലും അനുമതി ലഭിച്ചില്ല
2015 ല്‍ കരാര്‍
2016ല്‍ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ പദ്ധതി പുനരുജ്ജീവിപ്പിച്ച് 4 ഘട്ടങ്ങളിലായി പൂര്‍ത്തീകരിക്കാന്‍ വിഭാവനം ചെയ്‌തു.
2024 ജൂലൈയില്‍ ട്രയല്‍ റൺ
2024 ഡിസംബറില്‍ കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ ആരംഭിച്ചു.
2025 മെയ് 2 ഒന്നാം ഘട്ടം ഉദ്ഘാടനം
2045 ല്‍ പൂര്‍ത്തീകരിക്കേണ്ട തുടർ ഘട്ടങ്ങൾ. 17 വര്‍ഷം മുമ്പ് 2028 ല്‍ പൂര്‍ത്തീകരിക്കാനാവും.
വിഴിഞ്ഞത്തെ സവിശേഷമാക്കുന്നത്
- രാജ്യത്തെ ആദ്യ സെമി ഓപ്പറേറ്റഡ് തുറമുഖം.
- റഡാര്‍, സെന്‍സര്‍ എന്നിവ ഉപയോഗിച്ചുള്ള വെസ്സല്‍ ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (വി ടി എം എസ്) കപ്പലുകളുടെ ചലനങ്ങള്‍ കൃത്യമായി നിയന്ത്രിക്കും.
- ഇന്ത്യന്‍ ചരക്കുകളുടെ ട്രാന്‍സ്ഷിപ്‌മെന്റിനായി വിദേശ തുറമുഖങ്ങളെ ആശ്രയിക്കാതെ വിഴിഞ്ഞം തുറമുഖത്തെ ഉപയോഗപ്പെടുത്താം.
- അന്താരാഷ്ട്ര കപ്പല്‍പ്പാതയോട് അസാധാരണമാം വിധം ഏറെ അടുത്തതും 20 മീറ്ററിന്റെ സ്വാഭാവിക ആഴമുള്ളതും റയില്‍ – റോഡ് – എയര്‍ കൺക്‌ടിവിറ്റി ഉള്ളതുമാണ് പോർട്
- മറ്റ് പല തുറമുഖങ്ങളെയും അപേക്ഷിച്ച് അറ്റകുറ്റപ്പണി ചെലവ് കുറവ്.
- 20,000 ടി ഇ യു വരെ ശേഷിയുള്ള കപ്പലുകള്‍ക്ക് ചരക്കിറക്കാനുള്ള ശേഷി.
- തുറമുഖത്തിലെ ഓട്ടോമേറ്റഡ് സി ആര്‍ എം ജി ക്രെയിനുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത് വനിതകള്‍.
- ഇതുവരെ വിഴിഞ്ഞത്തു നങ്കൂരമിട്ടത് 270 ലേറെ കപ്പലുകള്‍.
- രാജ്യത്തെ ട്രാന്‍സ്ഷിപ്‌മെന്റ് ചരക്കിന്റെ വലിയ ശതമാനവും സിംഗപ്പൂര്‍, കൊളംബോ, ദുബായ് തുടങ്ങിയ വിദേശ തുറമുഖങ്ങള്‍ വഴിയാണ് നിലവില്‍ കൈകാര്യം ചെയ്യപ്പെടുന്നത്. ഇതുവഴി ഇന്ത്യയ്ക്ക് പ്രതിവര്‍ഷം 200 മുതല്‍ 220 ദശലക്ഷം ഡോളര്‍ വരെ വരുമാന നഷ്‌ടമുണ്ടാകുന്നതിന് വിഴിഞ്ഞം പരിഹാരമാകും.