വിജ്ഞാന സമൂഹത്തിന് വഴിയൊരുങ്ങുമ്പോള്‍
പിണറായി വിജയന്‍
മുഖ്യമന്ത്രി
പുതിയ കാലത്ത് വൈജ്ഞാനിക മേഖലയിലും തൊഴില്‍ മേഖലയിലും വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രതിഫലനമുണ്ടാകുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയിലാണ്. കഴിഞ്ഞ ഒരു ദശാബ്‌ദക്കാലത്ത് ലോകത്താകമാനം തന്നെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വഭാവവും പ്രവര്‍ത്തനവും വലിയ രീതിയില്‍ മാറിയിട്ടുണ്ട്. വിജ്ഞാനം പകർന്നു നല്‍കുക എന്നതിനപ്പുറത്തേക്ക് ജ്ഞാനോല്‍പാദനം നടത്തുക, നൈപുണിയും തൊഴില്‍ പരിശീലനവും ലഭ്യമാക്കുക എന്ന തരത്തിലേക്കാണ് ഉന്നത വിദ്യാഭ്യാസ മേഖല മാറിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ഡേറ്റാ സയന്‍സും ആർട്ടിഫിഷ്യൽ ഇന്റലിജന്‍സും മെഷീന്‍ ലേണിങും ഉള്‍പ്പെടെയുള്ള വിവര സാങ്കേതിക കോഴ്‌സുകള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്നത്.
ഈ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മിഷനുകള്‍ ഏർപ്പെടുത്തിയിരുന്നു. അവയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സാങ്കേതിക ശാസ്ത്ര മേഖലയിലും ആർട്‌സ്, സയന്‍സ് മേഖലകളിലും ഉള്ള ഉന്നത വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും ഘടനയിലും വലിയ പരിഷ്‌കരണങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി രണ്ടു മേഖലകളിലും പുതിയ കരിക്കുലം തന്നെ മുന്നോട്ടു വച്ചിട്ടുണ്ട്. ജ്ഞാനോല്‍പാദനത്തിനും നൈപുണി പരിശീലനത്തിനും ഒരു പോലെ പ്രാമുഖ്യം നൽകുന്ന ദ്വിമുഖ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ പ്രോഗ്രാമുകളെയും കോഴ്‌സുകളെയും പരിഷ്‌കരിക്കുന്നത്.
സാമ്പ്രദായിക രീതിയ്ക്കപ്പുറം
ക്യാമ്പസുകളില്‍ നിന്നു മാത്രം വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനം ലഭിക്കുന്ന സാമ്പ്രദായിക രീതിക്കപ്പുറത്തേക്ക് കടക്കുകയാണ്. ക്യാമ്പസ് പഠനത്തിനൊപ്പം ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, പ്രായോഗിക പരിശീലനം, ഫീല്‍ഡ് വിസിറ്റ് പോലെയുള്ള വ്യത്യസ്‌ത മണ്ഡലങ്ങള്‍ക്കും തുല്യ പ്രാധാന്യം ലഭ്യമാക്കുകയാണ്. ഗുണമേന്മയുള്ള പഠനവും പഠന രീതികളും അവലംബിച്ച് ഗവേഷണം, തൊഴിലവസരങ്ങള്‍ എന്നിവയ്‌ക്ക് വലിയ പ്രാധാന്യം നല്‍കുകയും നവീനമായ അധ്യാപന രീതിയിലൂടെ വിദ്യാര്‍ഥികളുടെ മാനസികവും സാമൂഹികവുമായ പുരോഗതി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് പരിഷ്‌ക്കരിച്ച കരിക്കുലം തയ്യാറാക്കിയിരുന്നത്. എല്ലാ വിദ്യാര്‍ഥികളെയും ഒറ്റ അച്ചില്‍ വാര്‍ത്തെടുക്കുകയല്ല, വിദ്യാര്‍ഥികളുടെ താല്‍പര്യങ്ങള്‍ക്കും അഭിരുചികള്‍ക്കും അനുസൃതമായ രീതിയില്‍ അവരുടെ കരിയറും കരിക്കുലവും സ്വയം ഡിസൈന്‍ ചെയ്യാം എന്നുള്ളതാണ് ഇതിന്റെ സവിശേഷത. തൊഴില്‍ രംഗത്തേക്ക് പോകേണ്ടവര്‍ക്ക് തൊഴില്‍ രംഗത്തിനാവശ്യമായ നൈപുണികളും പരിശീലനവും ഉറപ്പു വരുത്തുന്ന രീതിയിലും ഗവേഷണ-അധ്യാപന മേഖലയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവർക്ക് അതിനനുസൃതമായ രീതിയിലും പഠനം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കും.
നിലവിലുള്ള കോര്‍-കോംപ്ലിമെന്ററി രീതികളില്‍ നിന്നു വ്യത്യസ്‌തമായി വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പു വരുത്തുന്ന മേജര്‍, മൈനര്‍ എന്ന പുതിയ ആശയമാണ് നടപ്പിലാക്കിയിരിക്കുന്നത്. അറിവ് നേടുന്നതിനോടൊപ്പം ഭാഷാ പ്രാവീണ്യം, വിമര്‍ശനാത്മക ചിന്ത, നൈപുണ്യ വികസനം, വിശകലന പാടവം, മൂല്യാധിഷ്‌ഠിതവും പാരിസ്ഥിതികവുമായ ഉത്തരവാദിത്വം, സംരംഭകത്വം മുതലായവ വിദ്യാര്‍ഥികളില്‍ വളര്‍ത്തി അവരെ ആധുനിക കാലത്തെ തൊഴിലിനു പ്രാപ്‌തരാക്കുന്ന വിധത്തില്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നൽകുന്ന ഒരു പദ്ധതിയാണ് മുന്നോട്ട് വെച്ചിട്ടുള്ളത്.
വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന ഫ്ളെക്‌സിബിലിറ്റിയാണ് നാലു വര്‍ഷ ബിരുദത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വിദ്യാര്‍ഥികളുടെ മാറുന്ന താല്‍പര്യങ്ങള്‍ക്കും അഭിരുചികള്‍ക്കുമനുസരിച്ചു നമ്മുടെ കരിക്കുലത്തിനു മാറാന്‍ കഴിയുന്നില്ല എന്ന ആക്ഷേപം ഒരു ന്യൂനതയായി നില നിന്നിരുന്നു. ഇതിനെ മറി കടക്കാന്‍ ഉതകുന്നതാണ് നാലുവര്‍ഷത്തിന്റെ കരിക്കുലം.
പരീക്ഷയ്ക്കു വേണ്ടിയുള്ള പഠിപ്പിക്കലോ പരീക്ഷ മാത്രം മുമ്പില്‍ക്കണ്ടുള്ള പഠിക്കലോ ഇനിയുണ്ടാവരുത്. വൈജ്ഞാനിക മേഖലയില്‍ തങ്ങള്‍ക്കു താല്‍പര്യമുള്ളതെന്തും വിദ്യാര്‍ഥികള്‍ക്കു പഠിക്കാം. അതാണ് ഈ നാലു വര്‍ഷ ബിരുദത്തിന്റെ ഗുണം.
വിദ്യാര്‍ഥികള്‍ കേവലം തൊഴില്‍ ശാലകള്‍ക്ക് വേണ്ടിയുള്ള ഒരു ബിരുദം കരസ്ഥമാക്കുകയല്ല. മറിച്ച്, ഏതു തൊഴിലിലും അല്ലെങ്കില്‍ സംരംഭകത്വ മേഖലയിലും വളരുന്നതിനും പുതിയ ജ്ഞാനോല്‍പാദനം നടത്തുന്നതിനും ഉതകുന്ന വിധത്തില്‍ അവരുടെ കഴിവുകള്‍ വികസിപ്പിക്കുക എന്നതിനാണ് പ്രാമുഖ്യം നൽകിയിരിക്കുന്നത്. പരമ്പരാഗത കോഴ്‌സുകളെയടക്കം ആധുനികവൽക്കരിക്കുന്ന കാഴ്‌ചപ്പാടാണ് പരിഷ്‌ക്കരിച്ച പാഠ്യ പദ്ധതിയില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്. ശാസ്ത്രം പഠിക്കുന്നവർ, സാമൂഹിക-സാംസ്‌കാരിക മാനവിക വിഷയങ്ങള്‍ പഠിച്ചു കൂടെന്നോ മറിച്ചോ ഉള്ള വിലക്കുകള്‍ ഇനി മുതല്‍ ഉണ്ടാവില്ല. കോംപ്ലിമെന്ററി ഇലക്‌ടീവ് എന്ന രീതി ഇനിയില്ല. ഉദാഹരണമായി ഫിസിക്‌സ് ബിരുദത്തിനു ചേരുന്ന ഒരു വിദ്യാര്‍ഥി കെമിസ്ട്രിയും ഗണിതവും മാത്രം പഠിക്കുന്ന നിലവിലെ രീതിയില്‍ നിന്നു വ്യത്യസ്‌തമായി വിദ്യാര്‍ഥിയുടെ താൽപര്യാർത്ഥം ഫിസിക്‌സിനോടൊപ്പം ഇലക്‌ട്രോണിക്‌സ് പോലെയുള്ള വൊക്കേഷണല്‍ കോഴ്‌സുകള്‍, അല്ലെങ്കില്‍ ഫിസിക്‌സിനോടൊപ്പം ഗണിതം, കെമിസ്ട്രി ഇവയില്‍ ഏതെങ്കിലും ഒന്നു മാത്രമോ അല്ലെങ്കില്‍ ഫിസിക്‌സിനോടൊപ്പം സാഹിത്യമോ സംഗീതമോ പഠിക്കാനുള്ള സാധ്യതകളടക്കമുള്ള സംവിധാനമാണ് ഉറപ്പു വരുത്തുന്നത്. തൊഴിലില്‍ ഊന്നൽ നല്‍കിയോ ഗവേഷണത്തില്‍ ഊന്നൽ നല്‍കിയോ പഠിക്കാം. ഇതിലേതു രീതിയിലും പഠന പരിശീലനങ്ങളോടെ മൂന്നു വര്‍ഷ-സാധാരണ ഡിഗ്രിയോ നാലു വര്‍ഷ-ഓണേഴ്‌സ് ഡിഗ്രിയോ കരസ്ഥമാക്കാന്‍ കഴിയും.
വിദ്യാര്‍ഥികളുടെ താല്‌പര്യത്തിനനുസരിച്ച് കോഴ്‌സുകളും പ്രോഗ്രാമുകളും ക്രമീകരിക്കാനും ആവശ്യമെങ്കില്‍ ക്യാമ്പസിന് പുറത്തു നിന്നും കോഴ്‌സുകളെടുത്തു പഠിക്കാനുമുള്ള അവസരമാണ് ഇപ്പോള്‍ ഉറപ്പു വരുത്തിയിരിക്കുന്നത്. ഈയവസരത്തില്‍ വിദ്യാര്‍ഥികള്‍ ചെയ്യേണ്ടത് തങ്ങള്‍ക്ക് ഏത് ദിശയിലാണോ മുന്നോട്ടു പോകേണ്ടത് അതിനു സഹായകമായ എന്തൊക്കെ സംവിധാനങ്ങള്‍ ക്യാമ്പസുകളില്‍ വേണമെന്നത് നിര്‍ദേശിക്കലാണ്. അത്തരം ഇടപെടലുകള്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സഹായകമാകും.
വിദ്യാർത്ഥികളുടെ അഭിരുചിയും താല്‌പര്യവും മനസിലാക്കി അടുത്ത നാലു വര്‍ഷം, അതായത് ഒരു ബാച്ച് വിദ്യാര്‍ഥികളുടെ പഠനം പൂർത്തിയാകുന്നതുവരെയുള്ള മാറ്റങ്ങളെ സസൂക്ഷ്‌മമായി സര്‍വകലാശാലകളും കോളേജുകളും ഉന്നത വിദ്യാഭ്യാസ വകുപ്പും വിലയിരുത്തേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഏതര്‍ഥത്തിലാണോ വിദ്യാര്‍ഥികള്‍ക്ക് മുന്നോട്ടു പോകുന്നതിനുള്ള സാധ്യതകള്‍ തുറന്നു വയ്‌ക്കേണ്ടത് ആ അര്‍ഥത്തില്‍ നിലവിലുള്ള പ്രോഗ്രാമുകളും കോഴ്‌സുകളും സമഗ്രമായി പരിഷ്‌കരിക്കേണ്ടതുണ്ട്. അങ്ങനെ മാത്രമേ നമുക്ക് ഇനി മുന്നോട്ടു പോകാൻ സാധിക്കുകയുള്ളു.
അതു കൊണ്ടു തന്നെ നിലവിലെ മാറ്റങ്ങള്‍, ടീച്ചിങ്-ലേണിങ്ങ്-ഇവാല്യുവേഷന്‍ രീതികളിലാണ് കൊണ്ടു വിട്ടിട്ടുള്ളതെങ്കിൽ, അടുത്ത ഘട്ടത്തിൽ നിലവിലുള്ള പ്രോഗ്രാമുകളുടെ തന്നെ പുന: സംഘടനയാണ് നടത്തേണ്ടത്.
ടീച്ചിങ്-ലേണിങ്ങ്-ഇവാല്യുവേഷന്‍ രീതികളില്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പര്യമുള്ള, തങ്ങളുടെ കഴിവുകളെ ഉയര്‍ത്തുവാന്‍ കഴിയുന്ന തരത്തിലുള്ള സാധ്യതകള്‍ കൂടി ഉറപ്പു വരുത്തിയിട്ടുണ്ട്. എക്‌സാമിനേഷൻ ഓൺ ഡിമാന്‍ഡ് അടക്കമുള്ള മികച്ച കാഴ്‌ചപ്പാടുകളാണ് ഈ കരിക്കുലം പരിഷ്‌കരണത്തിന്റെ ഭാഗമായി മുന്നോട്ടു വെച്ചിട്ടുള്ളത്.
അടിസ്ഥാന സൗകര്യ വികസനവും ഉറപ്പാക്കുന്നു
കരിക്കുലം പരിഷ്‌കരണത്തിനോടൊപ്പം തന്നെ അടിസ്ഥാന സൗകര്യ വികസനത്തിനും സര്‍ക്കാര്‍ വലിയ പ്രാധാന്യം നൽകുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനായി റൂസ ഫണ്ട് വഴിയും പ്ലാന്‍ ഫണ്ട് വഴിയും 1,500 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. കഴിഞ്ഞ നാലുവര്‍ഷക്കാലംകൊണ്ട് 6,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടന്നിട്ടുണ്ട്. നാലു വര്‍ഷ ബിരുദമടക്കമുള്ള പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നുണ്ട്.
ഇത്തരം ഇടപെടലുകളുടെ ഫലമായി രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങില്‍ കേരളത്തിലെ സര്‍വകലാശാലകളും ഇതര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ആദ്യത്തെ 100 ല്‍ ഇടം നേടിയിട്ടുണ്ട്. 2023-ലെ എന്‍ ഐ ആര്‍ എഫ് റാങ്കിങ്ങില്‍ സംസ്ഥാനത്തെ നാല് സര്‍വകലാശാലകള്‍ ആദ്യത്തെ 100 ല്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 2023-ലെ എന്‍ ഐ ആര്‍ എഫ് റാങ്കിങ്ങില്‍ സംസ്ഥാനത്തെ 14 കോളേജുകള്‍ ആദ്യത്തെ 100 ല്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. നാക് ഗ്രേഡിങ്ങില്‍ കേരള എം ജി സര്‍വകലാശാലകള്‍ എ പ്ലസ് പ്ലസ് ഗ്രേഡും കാലിക്കറ്റ്, കൊച്ചി, കാലടി സര്‍വകലാശാലകള്‍ എ പ്ലസ് ഗ്രേഡും സ്വന്തമാക്കി. ഇതെല്ലാം അഭിമാനകരമാണ്. എന്നാൽ അവയില്‍ അഭിരമിക്കാതെ കൂടുതല്‍ മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നത്. ആ ശ്രമത്തിന്റെ ഭാഗമാണ് നാലുവര്‍ഷ ബിരുദ പ്രോഗ്രാം.
അധ്യാപകസമൂഹത്തിന്റെ ഉത്തരവാദിത്വം
നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ രൂപപ്പെടുന്ന ഗവേഷണ ഫലങ്ങള്‍ സമൂഹത്തിന് ഉപകാരപ്രദമാകുന്ന രീതിയില്‍ പരിവര്‍ത്തനം ചെയ്യുന്നതിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള ട്രാൻസ്‌ലേഷണൽ റിസര്‍ച്ച് ലാബുകളടക്കം നമ്മുടെ സര്‍വകലാശാലകളില്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി സര്‍വകലാശാലകളില്‍ തന്നെ സ്റ്റാർട്ടപ്പ്-ഇന്‍ക്യുബേഷന്‍ സൗകര്യങ്ങള്‍ ഉറപ്പു വരുത്തുകയാണ്. ഇന്‍ഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയും ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളും തുടങ്ങിക്കഴിഞ്ഞു. ഇതെല്ലാം വിദ്യാര്‍ഥികള്‍ നല്ല നിലയില്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അതിനുതകുന്ന വിധത്തില്‍ വിദ്യാര്‍ഥി സമൂഹത്തെ പരിവര്‍ത്തനപ്പെടുത്തുക എന്ന ഉത്തരവാദിത്വം കൂടി ഈ ഘട്ടത്തിൽ അധ്യാപക സമൂഹത്തില്‍ നിഷിപ്‌തമാണ്.
ഏതു വിഷയമായാലും ഒരു കോഴ്‌സിലും പരാജയപ്പെടാതെ പഠിച്ചു കഴിവു തെളിയിക്കുന്ന വിദ്യാര്‍ഥികളുണ്ടാവും. അവര്‍ക്ക് തുടക്കം മുതല്‍ ബിരുദാനന്തര പഠനം പൂർത്തിയാക്കുന്നതുവരെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുഖേന സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി വരുന്നുണ്ട്. അതിനു പുറമെ പ്രതിഭ തെളിയിക്കുന്ന ഗവേഷകര്‍ക്കായി പല തലങ്ങളിലുള്ള സ്‌കോളര്‍ഷിപ്പുകളും അവാര്‍ഡുകളും ലഭ്യമാക്കുന്നുണ്ട്. സമാനമായ ഇത്തരം ധന സഹായമോ പ്രോത്സാഹനങ്ങളോ അംഗീകാരങ്ങളോ രാജ്യത്ത് മറ്റേതെങ്കിലും സംസ്ഥാനങ്ങളിലോ വിദേശ രാജ്യങ്ങളിലോ ഇല്ല എന്ന വസ്‌തുത നമ്മുടെ വിദ്യാര്‍ഥികളും അധ്യാപകരും അറിഞ്ഞിരിക്കണം.
വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യം
വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ കാതലായ വശം വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യമാണ്. ഇഷ്‌ടമുള്ള വിഷയം തെരഞ്ഞെടുക്കാനും എവിടെ, എപ്പോള്‍, ഏതൊക്കെ കോഴ്‌സുകളെടുത്ത് ഏതു രീതിയില്‍ പഠിക്കണം എന്നു തീരുമാനിക്കാനും വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടാവണം. ഒരു സ്ഥാപനത്തില്‍ ആഗ്രഹിച്ച കോഴ്‌സ് ഇല്ലെങ്കില്‍ അത്തരം കോഴ്‌സുകളുള്ള സ്ഥാപനത്തിലേക്ക് നീങ്ങാനും അല്ലെങ്കില്‍ ഓൺലൈനായി കോഴ്‌സുകള്‍ ചെയ്യാനും തൊഴില്‍ ചെയ്‌തു പഠിക്കാനും നാലു വര്‍ഷ ബിരുദ പദ്ധതിയില്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കും. അതു പോലെ ഗവേഷണ മേഖലയില്‍ പരിശീലനം നേടാനും വിദ്യാര്‍ഥികള്‍ക്ക് അവകാശമുണ്ടായിരിക്കണം.
ഒരു സര്‍വകലാശാലയില്‍ നിന്ന് കരസ്ഥമാക്കിയ ക്രെഡിറ്റുമായി രാജ്യത്തെവിടെയുമുള്ള സര്‍വകലാശാലകളിലേക്കു മാറാനും നേടിയ ക്രെഡിറ്റുകള്‍ ദേശീയ അക്കാദമിക് ക്രെഡിറ്റ് ബാങ്കില്‍ നിക്ഷേപിച്ച് ഇഷ്‌ടമുള്ള സര്‍വകലാശാലയ്ക്ക് കൈമാറി അവിടുത്തെ ഡിഗ്രി കരസ്ഥമാക്കാനും ഇനി മുതല്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കണം. ഇതിനെല്ലാം വേണ്ട സഹായങ്ങള്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ ഒരുക്കുന്നുണ്ട്. ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നെറ്റ്‌വർക്കിലൂടെ ഓരോ വിഷയത്തിലേയും ആഗോള വിദ്യാര്‍ഥി സമൂഹത്തിന്റെ ഭാഗമാവാനും അവരുമായുള്ള സംവാദം വഴി അറിവു നേടാനും കഴിവുകള്‍ വികസിപ്പിക്കാനും കഴിയും. അതിനു സഹായിക്കുന്ന അറിവിന്റെ നിരവധി റിപ്പോസിറ്ററികള്‍ ഇന്നുണ്ട്. ചുരുക്കത്തില്‍ ഉന്നത വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്കു സ്വതന്ത്രമായി മുന്നേറാവുന്ന രംഗമായി മാറുകയാണ്.
വിദ്യാര്‍ഥികള്‍ക്കെല്ലാം ഇരുപത്തൊന്നാം നൂറ്റാണ്ടിനാവശ്യമായ കഴിവുകള്‍ നേടാന്‍ വഴിയൊരുക്കുക എന്നത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കടമയാണ്. ഈ സ്വാതന്ത്ര്യം സംരക്ഷിച്ചു വേണം സര്‍വകലാശാലകള്‍ നാലുവര്‍ഷ ബിരുദ പദ്ധതി നടപ്പിലാക്കാന്‍. അതിനുള്ള നടപടി ക്രമമാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ എല്ലാ സര്‍വകലാശാലകള്‍ക്കും നൽകിയിരിക്കുന്നത്. ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയർ വഴി സ്വന്തം താല്‍പര്യവും ജിജ്ഞാസയും ലക്ഷ്യവുമനുസരിച്ചു പഠനം തുടരാനും അനുഭവത്തിലൂടെ പ്രവര്‍ത്തന ശേഷി ആര്‍ജിക്കാനും സാഹചര്യമൊരുക്കണം. ഇതിനൊക്കെ ആവശ്യമായ സജ്ജീകരണങ്ങള്‍ സര്‍വകലാശാലകള്‍ ഒരുക്കണം. അതിന് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ആവശ്യമായ പിന്തുണ ഉണ്ടാവും.
സര്‍വകലാശാലകളെയെല്ലാം ഒരു കുടക്കീഴിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള റിസോഴ്‌സ് ഫോര്‍ എജ്യൂക്കേഷന്‍ അഡ്‌മിനിസ്‌ട്രേഷൻ ആന്‍ഡ് പ്ലാനിങ്ങ് അഥവാ കെ-റീപ്പ് പദ്ധതി നടപ്പാക്കി വരുന്നത്. പദ്ധതി പൂർത്തിയാവുന്നതോടെ എല്ലാ സ്ഥാപനങ്ങള്‍ക്കും സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരസ്‌പര പൂരകത്വ സ്വഭാവത്തോടെ മുന്നേറാനാവും. എത്രയും വേഗം കെ-റീപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ പൂർത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉൽപാദിപ്പിക്കപ്പെടുന്ന അറിവുകള്‍ അക്കാദമിക സമൂഹത്തില്‍ മാത്രം ഒതുക്കി നില്‍ക്കരുത്. അവയുടെ ജനാധിപത്യവത്ക്കരണം സാധ്യമാക്കാന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഴിയണം. അങ്ങനെ വിജ്ഞാന സമൂഹമായി നാം പരിവര്‍ത്തനപ്പെടണം. നാലു വര്‍ഷ ബിരുദം ഇതിനെല്ലാം വഴിയൊരുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.