ആ വാഗ്‌ദാനവും പാലിക്കപ്പെടുന്നു

-പിണറായി വിജയന്‍
മുഖ്യമന്ത്രി

സമൂഹത്തിലെ ഡിജിറ്റല്‍ അന്തരം അവസാനിപ്പിക്കാന്‍ നാം കണ്ടെണ്ടത്തിയ തനതായ മാര്‍ഗം അതാണ് കെ-ഫോണ്‍ പദ്ധതി. ഇന്റര്‍നെറ്റ് ജനങ്ങളുടെ അവകാശമാണ് എന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമായ കേരളം കെ-ഫോണിലൂടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനത്തെ 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുകയാണ്. ഡിജിറ്റല്‍ അന്തരം അവസാനിപ്പിക്കും എന്നത് കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ല എന്നുറപ്പു വരുത്താനാണ് സര്‍ക്കാര്‍ കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്. അതിലൂടെ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ്.

അങ്ങനെ ഇന്റര്‍നെറ്റ് എന്ന അവകാശം എല്ലാവര്‍ക്കും പ്രാപ്യമാകുന്നു എന്ന് ഉറപ്പു വരുത്തുകയാണ്. അതാകട്ടെ ഈ സര്‍ക്കാരിന്റെ വാഗ്‌ദാന പാലനത്തിന്റെയും പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിന്റെയും ഉത്തരവാദിത്ത ബോധമുള്ള ഭരണ നിര്‍വഹണത്തിന്റെയും മറ്റൊരു ഉദാഹരണം കൂടിയാവുകയാണ്. കെ-ഫോണ്‍ പദ്ധതിയുടെ ഭാഗമായ അടിസ്ഥാന സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസന്‍സും ഔദ്യോഗികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐ എസ് പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സും നേരത്തെ തന്നെ നമ്മള്‍ നേടിയെടുത്തിരുന്നു. നിലവില്‍ 17,412 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ-ഫോണ്‍ കണക്ഷന്‍ ലഭ്യമാക്കി. 9,000 ത്തിലധികം വീടുകളില്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. 2,105 വീടുകള്‍ക്ക് കണക്ഷന്‍ നല്‍കി. ഇവിടെയെല്ലാം ഇന്റര്‍നെറ്റ് സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

ലോകത്തേറ്റവും അധികം ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകള്‍ നടക്കുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ 700ലധികം ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകളാണ് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളത്. അങ്ങനെയുള്ള രാജ്യത്താണ് എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ സവിശേഷമായി ഇടപെടുന്നത്. ആ നിലയ്ക്ക്, കേരളത്തിലെ സര്‍ക്കാരിന്റെ ജനകീയ ബദല്‍ നയങ്ങളുടെ മറ്റൊരു ഉദാഹരണമായി മാറുകയാണ് കെ-ഫോണ്‍ പദ്ധതി.

കോവിഡാനന്തര ഘട്ടത്തില്‍ പുതിയ തൊഴില്‍ സംസ്‌കാരം രൂപപ്പെട്ടു വരികയാണ്. വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം, വര്‍ക്ക് എവേ ഫ്രം ഹോം എന്നിങ്ങനെയുള്ള പ്രവൃത്തി രീതികള്‍ വര്‍ധിച്ച തോതില്‍ നിലവില്‍ വരികയാണ്. അവയുടെ പ്രയോജനം നമ്മുടെ ചെറുപ്പക്കാര്‍ക്ക് ലഭിക്കണം എന്നുണ്ടെങ്കില്‍ മികച്ച ഇന്റര്‍നെറ്റ് സേവനങ്ങള്‍ നാട്ടില്‍ എല്ലായിടത്തും ഉണ്ടാകണം. അതിനുള്ള ഉപാധിയാണ് കെ-ഫോണ്‍ പദ്ധതി.

മികച്ച വാസ സ്ഥലമായി കണക്കാക്കപ്പെടുന്ന കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റുകളില്‍ പലരും ഇവിടെ തന്നെ താമസിക്കാനും ഇവിടെ നിന്ന് ജോലി ചെയ്യാനും ഒക്കെ ആഗ്രഹിക്കുന്നവരാണ്. ആ ചിന്താഗതി ഉള്ളവരെ കൂടി ആകര്‍ഷിച്ചു കൊണ്ട് കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ വലിയ ചലനം ഉണ്ടാക്കാന്‍ കെ-ഫോണിലൂടെ നമുക്ക് കഴിയും. അതേ സമയം തന്നെ ഇടമലക്കുടി ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കണക്‌ടിവിറ്റി ഉറപ്പാക്കി ആരും പിന്തള്ളപ്പെട്ടു പോകുന്നില്ല എന്നും എല്ലാവരും ഈ റിയല്‍ കേരള സ്റ്റോറിയുടെ ഭാഗമാകുന്നു എന്നും ഉറപ്പു വരുത്തുകയാണ്. മാറുന്ന ലോകത്തിനൊപ്പം മുന്നോട്ടു കുതിക്കാന്‍ സാര്‍വത്രികമായ ഇന്റര്‍നെറ്റ് സൗകര്യം അനിവാര്യമാണ്. വിജ്ഞാന സമ്പദ് ഘടനയും നൂതനത്വ സമൂഹമായും കേരളത്തെ പരിവര്‍ത്തിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുകയാണ് കെ-ഫോണിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. അതിലൂടെ കേരളത്തെയാകെ ഗ്ലോബല്‍ ഇന്‍ഫര്‍മേഷന്‍ ഹൈവേയുമായി ബന്ധിപ്പിക്കുകയാണ് നമ്മള്‍. അങ്ങനെ ആഗോളമാനങ്ങളുള്ള നവ കേരള നിര്‍മ്മിതിക്ക് അടിത്തറയൊരുക്കുകയാണ്. ടെലികോം മേഖലയിലെ കോര്‍പ്പറേറ്റ് ശക്തികള്‍ക്കെതിരെയുള്ള ജനകീയ ബദല്‍ മാതൃക കൂടിയാണ് കെ-ഫോണ്‍ പദ്ധതി എന്ന് നാം കാണണം. സ്വകാര്യ മേഖലയിലെ കേബിള്‍ ശൃംഖലകളുടെയും മൊബൈല്‍ സേവന ദാതാക്കളുടെയും ചൂഷണത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം നല്‍കണം എന്ന നിശ്ചയ ദാര്‍ഢ്യത്തോടെയാണ് സര്‍ക്കാര്‍ കെ-ഫോണ്‍ പദ്ധതിക്ക് തുടക്കമിടുന്നത്.

നമ്മുടെ രാജ്യത്ത് 50 ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാകുന്നത്. 33 ശതമാനം സ്ത്രീകള്‍ക്കു മാത്രമാണ് ഇന്റര്‍നെറ്റ് അക്‌സസ് ഉള്ളത്. ഗ്രാമ പ്രദേശത്താകട്ടെ അത് 25 ശതമാനം മാത്രമാണ്. മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് 30 ശതമാനം കുറഞ്ഞ തോതില്‍ മാത്രമേ ആദിവാസി ജന വിഭാഗങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാകുന്നുള്ളൂ. ഇത്രയേറെ ആഴത്തില്‍ ഡിജിറ്റല്‍ വിടവ് നില നില്‍ക്കുന്ന ഒരു രാജ്യത്താണ് കേരളത്തിലെ സര്‍ക്കാര്‍ അതില്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. സ്വകാര്യ കമ്പനികള്‍ ഈ മേഖലയില്‍ ഉള്ളപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത് എന്ന് ചോദിച്ചവര്‍ ഇവിടെയുണ്ട്. അവര്‍ക്ക് എളുപ്പം മനസ്സിലാവുന്നതല്ല കേരളത്തിന്റെ ബദല്‍. അതേ ആളുകള്‍ തന്നെയാണ് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം എന്ന് വിളിച്ച് കിഫ്ബിയെ ആക്ഷേപിക്കാന്‍ ശ്രമിച്ചത്.

ആ കിഫ്ബിയിലൂടെയാണ് കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് 80,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ കേരളം ഏറ്റെടുത്തിട്ടുള്ളത്. ഈ കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നതും കിഫ്ബിയിലൂടെ വിഭവ സമാഹരണം നടത്തിക്കൊണ്ടാണ്. ഇന്റര്‍നെറ്റ് ജനങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ചും എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കിയും മുന്നേറുമ്പോള്‍ തന്നെ അതൊക്കെ ജനങ്ങളുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാന്‍ ഉപകരിക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ കൂടിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആ കാഴ്‌ചപ്പാടോടെയാണ് ഓണ്‍ലൈനായി പൊതു സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ഇതിനോടകം 900-ത്തില്‍ അധികം സേവനങ്ങളാണ് ഓണ്‍ലൈനായി മൊബൈല്‍ ആപ്പ് മുഖേനയോ വെബ് സൈറ്റ് മുഖേനയോ ഒക്കെ ജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുള്ളത്. അതേ സമയം അവശര്‍ക്കും അംഗ പരിമിതര്‍ക്കുമായി സര്‍ക്കാര്‍ സേവനങ്ങളെ അവരുടെ വാതില്‍പ്പടിയില്‍ എത്തിക്കുന്നു. പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈയും വീടുകളിലും ഓഫീസുകളിലും ബ്രോഡ് ബാൻഡ് കണക്‌ടിവിറ്റിയും ഹൈ സ്‌പീഡ് ഇന്റര്‍ നെറ്റും പൊതു ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങളും എല്ലാം ലഭ്യമാക്കി, മാത്രമല്ല കേരളത്തെ ഒരു വിജ്ഞാന സമ്പദ് ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കുന്നത്. കേരളത്തിന് വലിയ സാധ്യതകളുള്ള ഐ.ടി മേഖലയിലാകെ വലിയ മാറ്റങ്ങളുണ്ടാക്കിക്കൊണ്ട് കൂടിയാണ്.

ഐ.ടി മേഖലയുടെ പ്രാധാന്യം വളരെ മുമ്പു തന്നെ തിരിച്ചറിഞ്ഞ് അതിലേക്ക് ചുവടു വെച്ച ആദ്യ സംസ്ഥാനമാണ് കേരളം. വലിയ ദീര്‍ഘ വീക്ഷണത്തോടെയാണ് 33 വര്‍ഷം മുമ്പ് 1990-ല്‍, രാജ്യത്തെ ആദ്യത്തെ ഐ.ടി പാര്‍ക്കിന് അന്നത്തെ സര്‍ക്കാര്‍ തിരുവനന്തപുരത്തു തുടക്കം കുറിച്ചത്. ഇന്നിപ്പോള്‍ രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും കേരളത്തില്‍ തന്നെയാണ് സ്ഥാപിതമായിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ആരംഭിക്കുന്നതും കേരളത്തിലാണ്. 2016-മുതല്‍ കേരളത്തിന്റെ ഐ.ടി മേഖല കൈവരിച്ചത് സമാനതകളില്ലാത്ത മുന്നേറ്റമാണ്. 2016-ല്‍ ഐ.ടി പാര്‍ക്കുകള്‍ വഴിയുള്ള നമ്മുടെ കയറ്റുമതി 9,753 കോടി രൂപയായിരുന്നു. 2022-ല്‍ അത് 17,536 കോടി രൂപയായി വര്‍ധിച്ചിരിക്കുന്നു. ഐ.ടി ജീവനക്കാരുടെ എണ്ണത്തിലും വലിയ തോതിലുള്ള വർധനവാണുണ്ടായിട്ടുള്ളത്. 2016-ല്‍ 78,068 പേരാണ് ഐ.ടി പാര്‍ക്കുകളില്‍ തൊഴിലെടുത്തിരുന്നത് എങ്കില്‍ ഇന്നത് 1,35,288 ആയി ഉയര്‍ന്നിരിക്കുന്നു.

2021-22 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ചു 2022-23 ല്‍ 1,274 കോടി രൂപയുടെ വളര്‍ച്ചയാണ് ഐ.ടി കയറ്റുമതിയുടെ കാര്യത്തില്‍ മാത്രം നമ്മള്‍ നേടിയിരിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 78 കമ്പനികളാണ് 2,68,301 ചതുരശ്ര അടി സ്ഥലത്തായി കേരളത്തില്‍ പുതിയ ഐ.ടി ഓഫീസുകള്‍ ആരംഭിച്ചത്. ജി.എസ്.ടി കൃത്യമായി ഫയല്‍ ചെയ്‌തതിന് കേന്ദ്ര സര്‍ക്കാരിന്റെയും ക്രെഡിറ്റ് റേറ്റിങ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യയുടെയും (ക്രിസില്‍) അംഗീകാരങ്ങള്‍ കേരളത്തിന് ഈ ഘട്ടത്തില്‍ ലഭിച്ചു.

2023 ജൂണ്‍ വരെ ക്രിസില്‍ എ പ്ലസ് ഗ്രേഡ് ലഭിച്ചത് മറ്റൊരു അഭിമാനകരമായ നേട്ടമാണ്. സമസ്‌ത മേഖലകളിലും മുന്നേറ്റം കൈവരിക്കാന്‍ ഉതകുന്ന സമഗ്രമായ ഇടപെടലുകളാണ് ഈ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അവയിലൂടെ അടുത്ത 25 വര്‍ഷം കൊണ്ട് കേരളത്തെ മധ്യ വരുമാന വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ നിലയിലേക്ക് ഉയര്‍ത്തുകയാണ്. അതിനായി കാര്‍ഷിക നവീകരണം, വ്യവസായ പുനഃ സംഘടന, നൈപുണ്യ വികസനം എന്നിവയില്‍ ഊന്നുകയാണ്. അതിനൊക്കെ ഉത്തേജനം പകരുന്നതാണ് കെ-ഫോണ്‍ പദ്ധതി.

കേരളത്തിലാകമാനം, നഗര-ഗ്രാമ വ്യത്യാസമില്ലാതെ, ഉയര്‍ന്ന സ്‌പീഡിലും ഒരേ ഗുണ നിലവാരത്തോടു കൂടിയും കെ-ഫോണിന്റെ സേവനങ്ങള്‍ ലഭ്യമാക്കും. മറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ നല്‍കുന്നതിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാവും കെ-ഫോണ്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. കേരളത്തിലെ എല്ലാ വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും എത്രയും വേഗം തന്നെ ബ്രോഡ്ബാന്‍ഡ് കണക്‌ടിവിറ്റിയും ഇന്റര്‍നെറ്റ് സേവനങ്ങളും ലഭ്യമാക്കും. സംസ്ഥാനത്തെ ഡിജിറ്റല്‍ ഇൻഫ്രാസ്‌ട്രക്‌ചർ ശക്തവും കാര്യക്ഷമവുമാക്കുന്നതിനും ഇ-ഗവേണന്‍സ് സാര്‍വത്രികമാക്കുന്നതിനും കെ-ഫോണ്‍ സഹായകമാവും. അങ്ങനെ ഇത് നവകേരള നിര്‍മ്മിതിയെ കൂടുതല്‍ വേഗത്തിലാക്കുകയും ചെയ്യും.