തിരുനെല്ലിയിലെ നങ്ക അങ്ങാടികള്‍

-രമേഷ്‌കുമാര്‍ വെള്ളമുണ്ട

കാട്ടിക്കുളത്ത് നിന്നും കാടിനുള്ളിലൂടെ തിരുനെല്ലിയിലേക്കുള്ള തെറ്റ് റോഡ് എത്തുന്നതിന് മുമ്പാണ് ഇരുമ്പുപാലം കോളനി. കാട്ടു മൃഗങ്ങളോട് മല്ലടിക്കുന്ന കോളനിക്ക് മുന്നില്‍ വലിയ കിടങ്ങുണ്ട്. കിടങ്ങിന് കുറുകെ മുളയില്‍ തീര്‍ത്ത പാലം. പാലം കടന്നാല്‍ മറ്റൊരു ലോകമാണ്.

ആദ്യ കാഴ്‌ചയിൽ തന്നെ പുല്ലു മേഞ്ഞ നങ്ക അങ്ങാടി വേറിട്ട് നില്‍ക്കും. മുള കൊണ്ട് വേര്‍ തിരിച്ച ചുമരുകളും ഇരിപ്പിടങ്ങളുമെല്ലാമായി കാടിന്റെ പീടിക. ചായയും പലചരക്ക് സാധനങ്ങളുമായി സ്ത്രീകള്‍ നടത്തുന്ന പീടിക.

ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വാങ്ങണമെങ്കില്‍ പത്തും ഇരുപതും കിലോമീറ്റര്‍ കാടിറങ്ങി പോകേണ്ടതായിരുന്നു പഴയ കാലം. ആദിവാസികള്‍ മാത്രമുണ്ടായിരുന്ന ഇവിടെ ഇന്ന് എല്ലാം കിട്ടും. ഒന്നും രണ്ടുമല്ല ഇരുപത്തി മൂന്നോളം നങ്ക അങ്ങാടികള്‍ ഇന്ന് തിരുനെല്ലി കാടിനുള്ളിലുണ്ട്. പ്രകൃതി സൗഹൃദ അങ്ങാടികള്‍ ഇന്ന് തിരുനെല്ലിയിലെത്തുന്നവര്‍ക്കും കൗതുകമാണ്.

കോവിഡ് കാലത്തെ ആശയം

കോവിഡ് മഹാമാരിക്കാലത്ത് തിരുനെല്ലിയും പുറം ലോകത്ത് നിന്നും ഏറെക്കാലം ഒറ്റപ്പെട്ടു. നിത്യോപയോഗ സാധനങ്ങളില്ലാത്ത സാഹചര്യം മറി കടക്കാനുള്ള പോം വഴിയില്‍ നിന്നാണ് നങ്ക അങ്ങാടി പീടികകളുടെ തുടക്കം. കോവിഡ് കാലത്ത് ഗ്രാമങ്ങളില്‍ അരി മുതലുള്ള നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കാന്‍ കുടുംബശ്രീ കൈകോര്‍ത്തു. ഇങ്ങനെയാണ് കുടുംബശ്രീ മിഷനും  തിരുനെല്ലി ഗ്രാമ പഞ്ചായത്തും ചേര്‍ന്ന് നങ്ക അങ്ങാടിക്ക് തുടക്കമിടുന്നത്.

നങ്ക അങ്ങാടി കാട്ടു നായ്ക്ക ഭാഷയില്‍ ഞങ്ങളുടെ അങ്ങാടി. ആദ്യ ഘട്ടത്തില്‍ കുടംബശ്രീയുടെ സഹായത്തോടെ നിത്യോപയോഗ സാധനങ്ങള്‍ കടകളിലെത്തിച്ച് വിതരണം ചെയ്യാന്‍ തുടങ്ങി. കോവിഡ് മഹാമാരിയും വിട്ടു തുടങ്ങിയതോടെ ഊരു നിവാസികളില്‍ ഒരാള്‍ക്ക് കടയുടെ ചുമതല നല്‍കി.

നങ്ക അങ്ങാടികള്‍ തുടങ്ങാന്‍ കുടുംബശ്രീ ഗോത്ര വനിതകള്‍ക്ക് മുപ്പതിനായിരം രൂപ വരെ വായ്‌പ അനുവദിച്ചു. ആഴ്ച്ചയില്‍ 500 രൂപ വീതം കടയുടമകള്‍ തിരിച്ചടക്കണം. കടയില്‍ നിന്നുമുള്ള വരുമാനം ഇവര്‍ക്ക് തന്നെയെടുക്കാം.

പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗത്തിലെ സ്ത്രീകളാണ് അങ്ങാടികളുടെ ഉടമകള്‍. തിരുനെല്ലിയിലെത്തുന്ന തീര്‍ത്ഥാടകരും വിനോദ സഞ്ചാരികളുമെല്ലാം നങ്ക അങ്ങാടിയുടെ ഇറയത്ത് അതിഥികളായി എത്തുന്നു. നാടന്‍ ഭക്ഷണങ്ങള്‍ കൂടി വിളമ്പുന്നുണ്ട് ഇവിടെ. തിരുനെല്ലിയുടെ കാടുകളിറങ്ങി ജില്ലയിലെ അറുപതോളം ഗോത്ര ഗ്രാമങ്ങളിലേക്കും നങ്ക അങ്ങാടികള്‍ വ്യാപിക്കുകയാണ്.

നൂറാങ്ക് കാടിന്റെ കിഴങ്ങുകള്‍

ഇരുമ്പുപാലം കോളനിയിലെ നങ്ക അങ്ങാടിയോട് ചേര്‍ന്നാണ് നൂറാങ്കുമുള്ളത്. കാടിന്റെ തണലില്‍ മണ്ണിലേക്ക് കാലങ്ങള്‍ക്ക് മുമ്പേ ആഴ്ന്നിറങ്ങിയ കിഴങ്ങു വര്‍ഗ്ഗങ്ങളെയാണ് നൂറാങ്ക് പരിചയപ്പെടുത്തുന്നത്. ഗോത്ര വിഭാഗങ്ങളുടെ സ്വാശ്രയ കൂട്ടായ്‌മയാണ് നൂറാങ്ക് എന്ന കാട്ടു കിഴങ്ങുകളുടെ സംഭരണി ഒരുക്കിയിരിക്കുന്നത്. നാരക്കിഴങ്ങ്, നൂറ, കാട്ടു ചേന, തൂണ്‍ കാച്ചില്‍ തുടങ്ങി ഭക്ഷ്യ യോഗ്യവും പോഷക ദായകവുമായ കിഴങ്ങുകളുടെ ശേഖരം ഇവിടെയുണ്ട്.

ഒരു കാലത്തുണ്ടായിരുന്ന കാടിന്റെയും നാടിന്റെയും ഭക്ഷ്യ വൈവിധ്യങ്ങളെയാണ് നൂറാങ്ക് പുതിയ തലമുറകള്‍ക്കായി പരിചയപ്പെടുത്തുന്നത്. അന്യമാകുന്ന ഈ കിഴങ്ങു വര്‍ഗ്ഗങ്ങളുടെ സംരക്ഷണവും പ്രചാരണവുമാണ് നിര്‍വഹിക്കപ്പെടുന്നത്.

80 വ്യത്യസ്‌തങ്ങളായ കിഴങ്ങു വര്‍ഗങ്ങള്‍ നൂറാങ്ക് സംരക്ഷിച്ചു വരുന്നുണ്ട്. കാച്ചില്‍, കൂര്‍ക്ക, ചേമ്പ്, മഞ്ഞള്‍, കൂവ എന്നിവയുടെ വ്യത്യസ്‌ത ഇനങ്ങളാണ് നൂറാങ്കിലുള്ളത്. സുഗന്ധ കാച്ചില്‍, പായസ കാച്ചില്‍, കരിന്താള്‍, വെട്ടു ചേമ്പ്, വെള്ള കൂവ, നീല കൂവ, കാച്ചില്‍, ആറാട്ടുപുഴ കണ്ണന്‍ ചേമ്പ്, തൂള്‍ കാച്ചില്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കിഴങ്ങു ശേഖരങ്ങള്‍ നുറാങ്കിന്റെ പ്രത്യേകതയാണ്.