ജനകീയം ഈ കരുതല്‍
-ജയന്‍ ഇടയ്ക്കാട്
കാലം ആവശ്യപ്പെടുന്ന ജനക്ഷേമ വഴികളിലുടെ സര്‍ക്കാരിന്റെ യാത്ര തുടരുന്നു. ഉയര്‍ന്ന ലക്ഷ്യ ബോധത്തോടെ ജനോപകാര പ്രദമായ അനവധി കര്‍മ്മ പരിപാടികളാണ് സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കുന്നത്. ജനക്ഷേമ സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിന് നേര്‍ സാക്ഷ്യമായി മാറുകയാണ് ‘കരുതലും കൈത്താങ്ങും’.
സംസ്ഥാന മന്ത്രി സഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തില്‍ മെയ്-ജൂണ്‍ മാസങ്ങളിലായാണ് താലൂക്ക് തലത്തില്‍ കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തുകള്‍ക്ക് തുടക്കമായത്. ആറ് ജില്ലകളിലെ ആറ് താലൂക്കുകളില്‍ മെയ് രണ്ടിനാണ് ജനകീയാംഗീകാരം നേടിക്കൊണ്ട് അദാലത്തുകളുടെ തുടക്കം. ജൂണ്‍ നാലുവരെയാണ് ഇവ തുടരുക.
ഓരോ ജില്ലയിലും ജില്ലയുടെ ചുമതലയുള്ള മന്ത്രിയും ഇതര മന്ത്രിമാരും അദാലത്തില്‍ പങ്കെടുക്കുന്നു. ജില്ലാതലത്തില്‍ പരിശോധിച്ച് തീരുമാനം കൈക്കൊള്ളാന്‍ സാധിക്കുന്ന പരാതികളാണ് പരിഗണിക്കുന്നത്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടതും പൊതുജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യമായി വരുന്നതുമായ 27 വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് സ്വീകരിച്ച് തീര്‍പ്പാക്കുന്നത്.
അദാലത്തില്‍ ലഭിക്കുന്ന പരാതികളില്‍ സാധ്യമായ പരിഹാരം ഉണ്ടാകണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിഗണിക്കേണ്ട പരാതികള്‍ ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെ തീയതികളില്‍ ഓണ്‍ലൈനായും, താലൂക്ക് ഓഫീസുകളിലെ ഹെല്‍പ്പ് ഡെസ്‌ക് മുഖേനയും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും സ്വീകരിച്ച് തുടര്‍ നടപടിയ്ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി നല്‍കിയിട്ടുണ്ട്.
പരാതികള്‍ മുന്‍കൂട്ടി വകുപ്പുകള്‍ക്ക് ലഭിച്ചത് വഴി അവ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. അദാലത്ത് ദിനത്തില്‍ വ്യക്തമായ തീരുമാനം കൈക്കൊള്ളുന്നതിന് ഇത് സഹായകമായി. വിവിധ കാരണങ്ങളാല്‍ തീരുമാനം കൈക്കൊള്ളാന്‍ കഴിയാതിരുന്നതും കാലതാമസം നേരിട്ടതുമായ പരാതികള്‍ക്ക് സാധ്യമായ പരിഹാരം കാണുന്നത് അദാലത്തിന്റെ മുഖ്യ സവിശേഷതയാണ്.
മന്ത്രിമാരുടെ സാന്നിധ്യം
അദാലത്തിലേക്ക് മന്ത്രിമാരുടെ സാന്നിധ്യം ഉറപ്പാക്കുക വഴി പ്രശ്ന പരിഹാരത്തിന്റെ ഗതി വേഗമാണ് കൂട്ടാനായത്. ഉദ്യോഗസ്ഥ തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ക്ക് കൂടുതല്‍ ദിശാബോധം പകരാന്‍ ഇതു സഹായകമായി. ജനത്തിന്റെ സ്പന്ദനം തിരിച്ചറിയുന്ന ജന പ്രതിനിധികള്‍ നിയമപരമായി ഒരുക്കേണ്ട പരിരക്ഷ ഒരുക്കുന്നതില്‍ ബദ്ധ ശ്രദ്ധയാണ് പുലര്‍ത്തിയത്. ഇങ്ങനെ തടസ്സ രഹിതമായ പരാതി പരിഹാര വേദിയായി മാറുകയാണ് അദാലത്തുകള്‍.
ആകെ ലഭിച്ച പരാതികള്‍ – 51,495
അദാലത്ത് ദിനത്തില്‍ മന്ത്രിമാര്‍ നേരിട്ട് കൈപ്പറ്റിയ പരാതികള്‍ – (3,532)
ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ച ജില്ല – തിരുവനന്തപുരം (14,589)
ഏറ്റവും കുറച്ച് പരാതികള്‍ ലഭിച്ച ജില്ല – വയനാട് (1,324)
ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ച വകുപ്പ് – തദ്ദേശ സ്വയംഭരണ വകുപ്പ് (16,524)
14 ജില്ലകളിലായി 78 താലൂക്കുകളിലാണ് അദാലത്തുകള്‍
1-ാം ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മെയ് 2 ന് അദാലത്തുകള്‍ ആരംഭിച്ചു.
2-ാം ഘട്ടത്തില്‍ ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, എന്നീ 5 ജില്ലകളില്‍
അവസാനഘട്ട അദാലത്തുകള്‍ ആലപ്പുഴ, വയനാട്, കാസര്‍ഗോഡ് ജില്ലകളിലാണ് നടക്കുന്നത്.
മേയ് ആറുവരെ അദാലത്ത് നടന്ന 17 താലൂക്കുകളിലായി 11,575 പരാതികള്‍ പരിഗണിച്ചു.
ഇതുവരെ ലഭിച്ച 51,495 പരാതികളില്‍ 15,439 എണ്ണം മാത്രമാണ് അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ സമര്‍പ്പിച്ചത്. 22,807 പരാതികള്‍ പൊതു ജനങ്ങള്‍ നേരിട്ടും 13,249 പരാതികള്‍ താലൂക്ക് ഓഫീസുകളിലെ ഹെല്‍പ്പ് ഡെസ്‌ക് മുഖേനയുമാണ് സമര്‍പ്പിച്ചത്.
അദാലത്ത് ദിനങ്ങളില്‍ ലഭിക്കുന്ന പരാതികള്‍ അദാലത്തിന് നേതൃത്വം നല്‍കുന്ന മന്ത്രിമാരുടെ നിര്‍ദ്ദേശാനുസരണം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അദാലത്ത് സോഫ്റ്റ് വെയറിലൂടെ അതത് ദിവസം തന്നെ കൈമാറും. അത്തരം പരാതികളില്‍ 10 ദിവസത്തിനുള്ളില്‍ തീരുമാനം കൈക്കൊണ്ട് അപേക്ഷകരെ അറിയിക്കുന്നതാണ് രീതി.
ഒരു ഫയല്‍ തീര്‍പ്പാകുമ്പോള്‍ ഒരു ജീവിത പ്രശ്‌നം കൂടി പരിഹരിക്കപ്പെടുന്നു. ഈ തിരിച്ചറിവാണ് പരാതിക്കാരും പരിഹാരം കാണേണ്ടവരുടേയും കുട്ടായ്മയിലൂടെ സാധ്യമാകുന്നത്. അദാലത്തുകളുടെ ജനപ്രിയതയ്ക്ക് കാരണവും മറ്റൊന്നല്ല. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പരിഹരിക്കാനാകാത്ത പരാതികള്‍ എളുപ്പത്തില്‍ തീര്‍പ്പാക്കാനാകുന്നത് ഭരണ രംഗത്തെ വലിയ നേട്ടം കൂടിയായാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നതും.