കവര്‍‌സ്റ്റോറി

തുറമുഖങ്ങള്‍ക്ക് ഗതി വേഗം പുരാ രേഖകള്‍ക്ക് വീണ്ടെടുപ്പ്

-അഹമ്മദ് ദേവര്‍ കോവില്‍
തുറമുഖം, മ്യൂസിയം, വകുപ്പ് മന്ത്രി

വിഴിഞ്ഞം അന്താ രാഷ്ട്ര തുറമുഖ നിര്‍മ്മാണം 7700 കോടി രൂപ മുതല്‍ മുടക്കില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ്. 3100 മീറ്റര്‍ പുലിമുട്ടിന്റെ 2000 മീറ്റര്‍ പൂര്‍ത്തിയാക്കി. ബര്‍ത്ത് ഡ്രഡ്‌ജിങ്ങ് റിക്ലമേഷന്‍, ഇലക്‌ട്രിക് സബ് സ്റ്റേഷനുകള്‍, യന്ത്രോപകരണങ്ങള്‍ തുടങ്ങിയ വിവിധ ഘടകങ്ങളുടെ നിര്‍മ്മാണവും സ്ഥാപനവും പൂര്‍ത്തിയായി വരുന്നു. സെപ്‌തംബറിൽ ആദ്യ കപ്പല്‍ തുറമുഖത്തെത്തി ക്കുകയാണ് ലക്ഷ്യം.

കൊല്ലം തുറമുഖം

ചെറുകിട തുറമുഖങ്ങളില്‍ ബേപ്പൂര്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ള കൊല്ലം തുറമുഖത്ത് അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. തുറമുഖത്തെ ഇമിഗ്രേഷന്‍ ചെക്പോയിന്റായി പ്രഖ്യാപിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി.

തീരദേശ പര്യവേക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി വിഴിഞ്ഞത്ത് ഹൈഡ്രോ ഗ്രാഫിക് സര്‍വെ വിങ്ങിന്റെ അസിസ്റ്റന്റ് മറൈന്‍ സര്‍വെയര്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. പൊന്നാനി കേന്ദ്രമായി ഹൈഡ്രോ ഗ്രാഫിക് സര്‍വെ വിങ്ങിന്റെ കീഴിലുള്ള കേരള ഹൈഡ്രോ ഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഇവിടെ കേരള ഇന്‍ലന്‍ഡ് വെസല്‍സ് റൂള്‍സ് അടിസ്ഥാനമാക്കിയുള്ള വിവിധ കോഴ്‌സുകൾ നടത്തി ലൈസന്‍സുകള്‍ നല്‍കി വരുന്നു.

ചരിത്രത്തിന്റെ ശേഷിപ്പുകളെ തലമുറകള്‍ക്കായി കരുതി വയ്ക്കുന്നതിന് മുമ്പെങ്ങുമില്ലാത്ത പ്രാധാന്യമാണ് ഈ സര്‍ക്കാര്‍ നല്‍കുന്നത്. മ്യൂസിയങ്ങളുടെ നവീകരണവും പുതിയവയുടെ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുന്നു. പുരാ രേഖകളുടെ വീണ്ടെടുപ്പിലും പുരാവസ്‌തു സംരക്ഷണത്തിലും കാര്യമായ പുരോഗതി കൈവരിക്കാനുമായി.

താളിയോല മ്യൂസിയം

പുരാ രേഖ വകുപ്പിന്റെ കൈവശം 13-ാം നൂറ്റാണ്ട് മുതലുള്ള താളിയോല രേഖകളുടെയും, ചെപ്പേടുകളുടെയും, മുളക്കരണങ്ങളുടെയും ശേഖരമുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ വളരെ നിര്‍ണായകമായ സ്വാധീനം ചെലുത്തിയ ഈ രേഖകളില്‍ തിരഞ്ഞെടുത്തവ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പൊതു ജനങ്ങള്‍ക്കു ലഭ്യമാകുന്ന തരത്തില്‍ തിരുവനന്തപുരം ഫോര്‍ട്ടിലുള്ള പുരാ രേഖ വകുപ്പിന്റെ സെന്‍ട്രല്‍ ആര്‍ക്കൈവ്സില്‍ മ്യൂസിയം ആരംഭിച്ചു.

അന്താ രാഷ്ട്ര ഹെറിറ്റേജ് സെന്റര്‍ പുരാ രേഖ വകുപ്പിലെ താളിയോല രേഖകളും, ചെപ്പേടുകളും, മുളക്കരണങ്ങളും നിലവില്‍ സെന്‍ട്രല്‍ ആര്‍ക്കൈവ്സിലാണ് സൂക്ഷിച്ചിരിക്കുന്നത്. അമൂല്യമായ ഈ രേഖകള്‍ ശാസ്‌ത്രീയമായ സംരക്ഷണത്തിന് വിധേയമാക്കി കേരള യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടം ക്യാമ്പസില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ച് ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കും. ആറ് കോടി രൂപ ചെലവില്‍ ഹെറിറ്റേജ് സെന്റര്‍ കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നു.

ഇടുക്കി ഹെറിറ്റേജ് സെന്റര്‍

ജില്ലകളുമായി ബന്ധപ്പെട്ട പുരാ രേഖകള്‍ അതതു ജില്ലകളില്‍ സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം. ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട പുരാ രേഖാ മൂല്യമുള്ള രേഖകളുടെ സംരക്ഷണവും പ്രദര്‍ശനവും നടത്തുന്നതിന് ഇടുക്കിയില്‍ 175 ലക്ഷം രൂപ ചെലവില്‍ ഹെറിറ്റേജ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.

പുരാ രേഖ വകുപ്പിലെ സുപ്രധാന രേഖകളെല്ലാം ഡിജിറ്റല്‍ രൂപത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഗവേഷകര്‍ക്ക് പുരാ രേഖ ആസ്ഥാനത്ത് എത്താതെ തന്നെ പുരാ രേഖകള്‍ ലഭിക്കുന്നതിനുള്ള പേയ്മെന്റ് നടത്തുന്നതിന് ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തി.

കോഴിക്കോട് പഴശ്ശി രാജാ മ്യൂസിയം പുനഃ സജ്ജീകരണം

കോഴിക്കോടിന്റെ പൈതൃകത്തെ വരച്ചു കാട്ടുന്ന ചരിത്ര നിര്‍മ്മിതിയായി പഴശ്ശി രാജാ മ്യൂസിയത്തെ മാറ്റി. പൊതു ജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആകര്‍ഷകമായ തരത്തില്‍ നാല് കോടി രൂപ ചെലവിലാണ് രൂപകൽപന.

പത്മനാഭപുരം കൊട്ടാരം സംരക്ഷണം

തക്കലയിലെ പത്മനാഭപുരം കൊട്ടാരത്തില്‍ കൊട്ടാരത്തിന്റെ ഘടനാ പരമായ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഒരു മ്യൂസിയം സജ്ജീകരിക്കുന്നതിനുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. സന്ദര്‍ശകര്‍ക്ക് കാത്തിരിപ്പു കേന്ദ്രത്തിന്റെയും കഫറ്റേരിയയുടെയും നിര്‍മ്മാണവും പൂര്‍ത്തിയാക്കി.

തിരൂരങ്ങാടി പൈതൃക മ്യൂസിയം

മലബാര്‍ കലാപവുമായി ബന്ധപ്പെട്ട സ്‌മാരകം എന്ന നിലയില്‍ ബ്രിട്ടീഷ് ഭരണ കാലത്തെ ജയിലും കോടതിയും ഉള്‍പ്പെട്ട തിരൂരങ്ങാടിയിലെ പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. 3.88 കോടി രൂപ ചെലവില്‍ ജില്ലാ പൈതൃക മ്യൂസിയമാക്കി വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. മ്യൂസിയം 2023 അവസാനത്തോടെ തുറന്നു കൊടുക്കും. സംരക്ഷിത സ്‌മാരകമായി പ്രഖ്യാപിച്ച ആറ്റിങ്ങല്‍ കൊട്ടാരത്തിന്റെ മുഖ മണ്ഡപത്തിന്റെ സമഗ്ര സംരക്ഷണ പ്രവൃത്തികള്‍ ഒരു കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കി. അകക്കെട്ടുകളും നവീകരിച്ചു വരികയാണ്.

പുരാതന കോവിലകങ്ങളുടെ സംരക്ഷണം

തൃശ്ശുര്‍ തെക്കേ മഠം, ഇരിട്ടി തെക്കേ കോവിലകം, ആലുവ യൂണിയന്‍ ക്രിസ്റ്റ്യന്‍ കോളേജിലെ കച്ചേരി മാളിക, പാലക്കാട് തിരുമുറ്റക്കോട് അഞ്ച് മൂര്‍ത്തി ക്ഷേത്രം, തളി നെടുമ്പ്രയൂര്‍ ശിവ ക്ഷേത്രം, കണ്ണൂര്‍ അറക്കല്‍ കൊട്ടാരം തുടങ്ങിയ പൈതൃക നിര്‍മ്മിതികളുടെ സംരക്ഷണം പൂര്‍ത്തിയാക്കി.

എ.കെ.ജി മ്യൂസിയം

കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരിയില്‍ സ്ഥാപിക്കുന്ന മ്യൂസിയത്തിനായി 3.21 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. കെട്ടിട നിര്‍മ്മാണം നടത്തി വരുന്നു. പൂര്‍ത്തിയാകുന്ന മുറയ്ക്ക് മ്യൂസിയം സജ്ജീകരിക്കുന്നതിന് 2023-24 ലെ ബജറ്റില്‍ ആറ് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ശ്രീ ചിത്തിര ആര്‍ട്ട് ഗാലറിയില്‍ കണ്‍സര്‍വേഷന്‍ ലാബ്

ശ്രീ ചിത്തിര ആര്‍ട്ട് ഗാലറിയില്‍ രാജാ രവി വര്‍മ്മയുടെ ചിത്രങ്ങള്‍ക്ക് പുറമെ ചൈനീസ് ടിബറ്റന്‍ പെയിന്റികളുടെയും ജാപ്പനീസ് വുഡ് കട്ടറുടെയും വലിയ ശേഖരം ഉണ്ട്. ബംഗാള്‍ സ്‌കൂള്‍ ഓഫ് ആർട്‌സ് ചിത്രങ്ങളും തഞ്ചാവൂര്‍ മിനിയേച്ചറുകളും ശേഖരത്തില്‍ ഉള്‍പ്പെടുന്നു. ഇവയുടെ രാസ സംരക്ഷണത്തിന് കണ്‍സര്‍വേഷന്‍ ലാബ് സ്ഥാപിച്ചു.

വിജയ മുദ്രകള്‍ ഭാവി രേഖകള്‍

  • വയനാട് പഴശ്ശി കുടീരത്തില്‍ ജില്ലാ പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിന് പ്രവര്‍ത്തനം തുടങ്ങി.

  • കോഴിക്കോട് മേഖലാ ആര്‍ക്കൈവ്സ് ഓഫീസിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനായി മിനി സിവില്‍ സ്റ്റേഷനില്‍ സബ് സെന്റര്‍ ആരംഭിച്ചു.

  • സാഹിത്യകാരന്‍ പി. കേശവ ദേവുമായും നിരണം സെന്റ് മേരീസ് ഓർത്തഡോക്‌സ് സിറിയന്‍ പള്ളിയുമായും ബന്ധപ്പെട്ട പുരാ രേഖകളുടെയും വസ്‌തുക്കളുടെയും ശാസ്‌ത്രീയമായ സംരക്ഷണം പൂര്‍ത്തിയാക്കി.

  • സ്വാതന്ത്യ സമര സേനാനികളുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങളും, തിരുവിതാംകൂറിലെ മാനസിക രോഗ ചികിത്സാ സമ്പ്രദായത്തിന്റെ ആവിര്‍ ഭാവത്തെറിച്ചുമുള്ള പ്രസിദ്ധീകരണങ്ങള്‍ നടത്തി. പുരാ രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്നു.

  • വയനാട് ജില്ലയുടെ കാര്‍ഷിക, സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന മ്യൂസിയം കുങ്കിച്ചിറയില്‍ സ്ഥാപിക്കുന്നതിന് കെട്ടിട നിര്‍മ്മാണവും അനുബന്ധ വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി.

  • കണ്ണൂര്‍ ടൗണിലെ 200 വര്‍ഷം പഴക്കമുള്ള കേരള സംസ്ഥാന ഹാൻഡ് ലൂം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ പഴയ ആസ്ഥാന മന്ദിരത്തില്‍ കൈത്തറി മ്യൂസിയത്തിന്റെ പ്രദര്‍ശന സംവിധാനം 90% പൂര്‍ത്തീകരിച്ചു.