കവര്‍‌സ്റ്റോറി

വിളിപ്പുറത്തുണ്ട് പോലീസ്

വി.പി. പ്രമോദ് കുമാര്‍
ഡെപ്യൂട്ടി ഡയറക്‌ടർ
സ്റ്റേറ്റ് പോലീസ് മീഡിയ  സെൻ്റർ
സ്‌മാർട് പോലീസ് സ്റ്റേഷന്‍

സാങ്കേതിക വിദ്യയുടെ സഹായം ഏറെ പ്രയോജനപ്പെടുത്തും സ്മാർട് പോലീസ് സ്റ്റേഷനുകളില്‍. ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ സാധാരണക്കാരന് പരാതി നല്‍കാം. പോലീസ് ഉദ്യോഗസ്ഥരോ മറ്റ് ജീവനക്കാരോ ഇല്ലാത്ത സംവിധാനമാണിത്. അധികം വൈകാതെ സംവിധാനം കേരള പോലീസിൻ്റെ ഭാഗമാകും.

എമര്‍ജന്‍സി റെസ്‌പോൺസ് സപ്പോർട് സിസ്റ്റം

ഇൻ്റർനെറ്റും സാങ്കേതിക വിദ്യയും ഉപയോഗിക്കുന്ന സംവിധാനമാണ് എമര്‍ജന്‍സി റെസ്‍പോൺസ് സപ്പോർട് സിസ്റ്റം. 112 എന്ന നമ്പറിലേക്ക് കേരളത്തില്‍ എവിടെ നിന്നു വിളിച്ചാലും തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലാണ് സന്ദേശം ലഭിക്കുക. സഹായാഭ്യര്‍ഥനകള്‍ വിളിക്കുന്നയാൾ നിൽക്കുന്ന സ്ഥലത്തിന് സമീപമുള്ള പോലീസ് സ്റ്റേഷനിലേക്കും കൺട്രോൾ റൂം വാഹനങ്ങളിലേക്കും വളരെ വേഗം കൈമാറും.

നിഴല്‍

എമര്‍ജന്‍സി റെസ്‌പോൺസ് സപ്പോർട് സിസ്റ്റം നടപ്പാക്കുന്ന പദ്ധതിയാണ് നിഴല്‍. അസമയത്ത് വഴിയില്‍ ഒറ്റപ്പെട്ടു പോകുന്ന വനിതകള്‍ക്കും മുതിർന്ന പൗരന്‍മാര്‍ക്കും സഹായം എത്തിക്കാനുള്ള പദ്ധതിയാണിത്. 112 എന്ന നമ്പറില്‍ ബന്ധപ്പെട്ടാൽ വിളിക്കുന്നയാൾ നിൽക്കുന്ന സ്ഥലം കൃത്യമായി മനസ്സിലാക്കി സഹായമെത്തിക്കാന്‍ കഴിയും. നമ്പര്‍ ഡയൽ ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണെങ്കില്‍ ഫോണിൻ്റെ പവര്‍ ബട്ടൺ മൂന്നു തവണ അമര്‍ത്തിയാല്‍ കൺട്രോൾ റൂമിൽ സന്ദേശം ലഭിക്കുകയും പോലീസ് ഉദ്യോഗസ്ഥര്‍ തിരികെ വിളിച്ച് വിവരം അന്വേഷിക്കുകയും ചെയ്യും. 112 ഇന്ത്യ എന്ന മൊബൈല്‍ ആപ്പ് ഡൗൺലോഡ് ചെയ്‌ത് ഫോണില്‍ പ്രവര്‍ത്തന ക്ഷമമാക്കിയതിനു ശേഷം ഈ ആപ്പിലെ പാനിക് ബട്ടൺ അമര്‍ത്തിയാലും കൺട്രോൾ റൂം സന്ദേശമെത്തും.

പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്‌ട് 

സ്ത്രീധനവുമായി ബന്ധപ്പെട്ട ഉപദ്രവങ്ങള്‍, സൈബര്‍ ലോകത്തിലെ അതിക്രമങ്ങള്‍, പൊതുയിടങ്ങളിലെ അവഹേളനങ്ങള്‍ തുടങ്ങി സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനമാണ് പിങ്ക് പ്രൊട്ടക്ഷൻ  പ്രോജക്ട്. വനിതാ ഉദ്യോഗസ്ഥര്‍ മാത്രമടങ്ങുന്ന പിങ്ക് പട്രോൾ വാഹനങ്ങൾ, പിങ്ക് ജനമൈത്രി ബീറ്റ്, പിങ്ക് കൺട്രോൾ റൂം, പിങ്ക് ഷാഡോ മുതലയാവ സംവിധാനത്തിൻ്റെ ഭാഗമാണ്.

പോലീസ് സ്റ്റേഷനില്‍ സി.സി.ടി.വി ക്യാമറ

ലോക്കല്‍ പോലീസ് സ്റ്റേഷനുകൾ അടക്കം സംസ്ഥാനത്തെ 500ലേറെ പോലീസ് സ്റ്റേഷനുകളിൽ സി.സിടി.വി ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതി അന്തിമ ഘട്ടത്തിലാണ്. ഒരു പോലീസ് സ്റ്റേഷനിൽ സ്ഥാപിക്കുന്ന 12 ക്യാമറകളിലൂടെ ദൃശ്യങ്ങള്‍ പൂർണമായും റെക്കോര്‍ഡ് ചെയ്യാനും മാസങ്ങളോളം ശേഖരിച്ചു വയ്ക്കാനും കഴിയും. ജില്ലാ പോലീസ് മേധാവിമാര്‍ക്കും മുതിർന്ന ഉദ്യോഗസ്ഥര്‍ക്കും ദൃശ്യങ്ങള്‍ പരിശോധിക്കാനുമാകും.

നിര്‍ഭയം ആപ്പ്   

സ്ത്രീ സുരക്ഷയ്ക്കായാണ് നിര്‍ഭയം മൊബൈൽ ആപ്പ്. ഹെല്‍പ് ബട്ടൺ അഞ്ച് സെക്കൻ്റ് അമർത്തി പിടിച്ചാല്‍ ഏറ്റവും അടുത്ത പോലീസ് കൺട്രോൾ റൂമിൽ സന്ദേശമെത്തും. ഇൻ്റർനെറ്റ് കവറേജ് ഇല്ലാതെയും സംവിധാനം പ്രവര്‍ത്തിക്കും. ഫോട്ടോ, വീഡിയോ എന്നിവ എടുത്ത് അയയ്ക്കാനും സംവിധാനമുണ്ട്.

കൂട്ട്

സൈബർ ലോകത്തെക്കുറിച്ച് കുട്ടികൾക്ക് അറിവു പകരാനായി ഒരുക്കിയ സംവിധാനമാണ് കൂട്ട്. കുട്ടികൾ, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരിൽ  ബോധവല്‍ക്കരണവും ഓൺലൈൻ കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്ന കുട്ടികളെ പുനരധിവസിപ്പിക്കുന്നതുമാണ് ലക്ഷ്യം. സന്നദ്ധ സംഘടനകളെയും പദ്ധതിയില്‍ സഹകരിപ്പിക്കും.