കവര്‍‌സ്റ്റോറി

ഇന്‍ഫോ പാര്‍ക്ക് ഉയര്‍ച്ചയും പടര്‍ച്ചയും

– സുശാന്ത് കുറുന്തില്‍
സി.ഇ.ഒ. ഇന്‍ഫോ പാര്‍ക്ക്

രാജ്യത്തെ ഐ.ടി വികസനത്തില്‍ നിർണായക പങ്കു വഹിച്ച് മുന്നേറുകയാണ് ഇൻഫോ പാർക്ക്.  ഐ.ടി കയറ്റുമതിയിലും തൊഴില്‍ സൃഷ്‌ടിയിലും വർധനയുണ്ടാക്കുന്നതിന് പുറമേ ഭാവിയെ മുൻ നിർത്തിയുള്ള പുതിയ നിർമ്മാണ പ്രവർത്തനങ്ങളും നടത്തിക്കൊണ്ടാണ് ഇൻഫോ പാർക്കിൻ്റെ വളർച്ച. സംസ്ഥാനത്തെ ഐ.ടി കയറ്റുമതി വരുമാനത്തില്‍ കഴിഞ്ഞ സാമ്പത്തിക വർഷം ശ്രദ്ധേയമായ  നേട്ടമാണ് ഇൻഫോ പാർക്ക് നേടിയത്. 2021-22 സാമ്പത്തിക വർഷം 8,500 കോടി രൂപയുടെ സോഫ്‌റ്റ്‌വെയർ കയറ്റുമതി വരുമാനം ഇൻഫോ പാർക്ക്  നേടി.

കൂടാതെ ജീവനക്കാരുടെ എണ്ണത്തിലും ഇൻഫോ പാർക്കിൽ വന്‍ വർധനയുണ്ടായിരിക്കുന്നു. 12,600 പേരാണ് 2021 -22 സാമ്പത്തിക വർഷം മാത്രം ഇൻഫോ പാർക്കിൽ ജോലി നേടിയത്. 9.2 ദശലക്ഷം ചതുരശ്രയടി സ്ഥലത്ത് 572 കമ്പനികളിലായി ആകെ 64,900 പേര്‍ നിലവില്‍ ഇൻഫോ പാർക്കിൽ  ജോലി ചെയ്യുന്നുണ്ട്.

കൊച്ചി ഇൻഫോ പാർക്കിൽ രണ്ട് ഫെയ്‌സുകളിലും 395 കമ്പനികളിലുമായി 62,400 ജീവനക്കാരും തൃശൂര്‍ ഇൻഫോ പാർക്കിൽ 49 കമ്പനികളിലായി 1,800 ജീവനക്കാരും ചേർത്ത് ഇൻഫോ പാർക്കിൽ 18 കമ്പനികളിലായി 350 ജീവനക്കാരും കലൂര്‍ ടി.ബി.സിയില്‍ 110 കമ്പനികളിലായി 350 ജീവനക്കാരും ജോലി ചെയ്യുന്നു.

വികേന്ദ്രീകൃത ഐ.ടി. വികസനം

എമർജിംഗ് ടെക്നോളജി ഡെസ്റ്റിനേഷനായാണ് കൊരട്ടിയിലെ ഇൻഫോ പാർക്കിൻ്റെ വളർച്ച. ഇ-കൊമേഴ്‌സ്, ഡിജിറ്റല്‍ മാർക്കറ്റിങ്ങ് എന്നിവ കൈകാര്യം ചെയ്യുന്ന ഇവിടത്തെ കമ്പനികള്‍ ഭാവി സാങ്കേതിക വിദ്യയിലധിഷ്‌ഠിതമായാണ് പ്രവർത്തിക്കുന്നത്. ഒമ്പത് വില്ലകളിലും ഏഴു നില കെട്ടിട സമുച്ചയത്തിലുമാണ്  തൃശൂര്‍ ഇൻഫോ പാർക്കിൻ്റെ പ്രവർത്തനം.  ഗ്രാമീണ പശ്ചാത്തലത്തില്‍ ടെക്നോളജി വികസനം സാധ്യമാക്കിയാണ് ചേർത്തല ഇൻഫോ പാർക്ക് കേരളത്തിൻ്റെ ഐ.ടി ഭൂപടത്തില്‍ ഇടം പിടിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ കേരളാ വീഡിയോ കോൺഫറൻസ് പ്ലാറ്റ്ഫോമായ വീകസോളിൻ്റെ നിർമ്മാതാക്കളായ  ടെക്ജെൻഷ്യ അടക്കമുള്ളവ ചേർത്തല ഇൻഫോ പാർക്കിൽ  പ്രവർത്തിക്കുന്നുണ്ട്.

കൊച്ചി കലൂരിലെ ഇൻഫോ പാർക്കിൽ ടെക്നോളജി ബിസിനസ് സെൻ്ററിൽ (ടി.ബി.സി) പ്രവർത്തിക്കുന്നതിൽ ഭൂരിഭാഗവും ഇടത്തരം കമ്പനികളും സ്റ്റാർട്ടപ്പുകളുമാണ്.

റേറ്റിങ്ങില്‍ ഉയർച്ച 

2004-ല്‍ പ്രവർത്തനം ആരംഭിച്ച ഇൻഫോ പാർക്ക് ചുരുങ്ങിയ കാലം കൊണ്ട് ദേശീയ തലത്തിലും ആഗോള തലത്തിലും ശ്രദ്ധിക്കപ്പെട്ടു. കോവിഡ് മഹാമാരിയുടെ കാലത്തു പോലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിലും കയറ്റുമതി വരുമാനത്തിലും ഇൻഫോ പാർക്കിൻ്റെ നേട്ടം കൊയ്‌തു. കഴിഞ്ഞ രണ്ടര വർഷമായി 16 ശതമാനത്തോളം പുതിയ തൊഴിലവസരങ്ങള്‍ ഇൻഫോ പാർക്കിൽ സൃഷ്‌ടിക്കപ്പെട്ടു. തൊഴിൽ മേളകളും ഇൻ്റേൺഷിപ്പ് ഫെയറുകളും ഇതിന് തുണയായി. ധനകാര്യ സ്ഥാപനങ്ങൾക്ക് ക്രിസില്‍ (ക്രെഡിറ്റ് റേറ്റിങ്ങ് ഇൻഫർമേഷൻ സീരീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്) നൽകുന്ന റേറ്റിങ്ങില്‍ ഇൻഫോ പാർക്ക് എന്ന മൈനസില്‍ നിന്ന് എന്ന സ്റ്റേബിളിലേക്ക് ഉയർന്നു. സാമ്പത്തിക നിലയില്‍ കൃത്യമായ പുരോഗതി ഉറപ്പാക്കുകയും സംസ്ഥാന സർക്കാരിൻ്റെ സഹായത്തോടെ പദ്ധതികളില്‍ കൃത്യമായി പണം ചെലവഴിക്കുകയും ഭാവിയെ മുൻ നിർത്തി പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുന്നത് പരിഗണിച്ചാണ് അംഗീകാരം. പുതിയ സംസ്ഥാന ബജറ്റില്‍ ഇൻഫോ പാർക്കിൻ്റെ വികസന പ്രവർത്തനങ്ങൾക്കായി 35.75 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

വരുന്നത് വലിയ വളർച്ച

ഐ.ബി.എം ഇന്ത്യ ഇൻഫോ പാർക്കിൽ സോഫ്‌റ്റ്‌വെയർ ലാബ് ആരംഭിച്ചതോടെ കൊച്ചി ആഗോള ഐ ടി ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നു. എച്ച് സി എൽ ഇൻഫോ പാർക്കിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനു പുറമേ കാക്കനാടുള്ള ഇൻഫോ പാർക്ക് ക്യാമ്പസില്‍ ജിയോജിത്ത്, ജിയോ എയര്‍ ഗ്രൂപ്പ് തുടങ്ങിയ കമ്പനികള്‍ ഐ ടി സമുച്ചയങ്ങള്‍ നിർമ്മിക്കുകയാണ്. ഇൻഫോ പാർക്ക് ഫെയ്‌സ് വണ്ണില്‍ രണ്ടര ഏക്കര്‍ സ്ഥലത്തായി ഏഴ് ലക്ഷം ചതുരശ്രയടി വിസ്‌തീർണ്ണത്തിലായി ജിയോ എയര്‍ ഗ്രൂപ്പിൻ്റെ 12 നില കെട്ടിടവും ഇൻഫോ പാർക്ക് ഫെയ്‌സ് രണ്ടിൽ ഒന്നേകാൽ ഏക്കര്‍ സ്ഥലത്തായി ഒന്നേകാൽ ലക്ഷത്തോളം ചതുരശ്രയടി വിസ്‌തീർണ്ണത്തിലായി ജിയോജിത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളും  ഒരുങ്ങുന്നുണ്ട്.

ഇൻഫോ പാർക്ക് ഫെയ്‌സ് ടുവില്‍ ഒമ്പത് നിലകളിലായി പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന മുക്കാടന്‍ ഗ്രൂപ്പിൻ്റെ കാസ്‌പിയൻ ടെക് പാർക്ക് ഐ.ടി. സമുച്ചയം (ഡൊമെസ്റ്റിക്ക് താരിഫ് ഏരിയ), ഇൻഫോ പാർക്ക് ഫെയ്‌സ് വണ്ണിൽ ഉദ്ഘാടനം ചെയ്യാനാരിക്കുന്ന ഐ.ബി.എസിൻ്റെ പുതിയ ക്യാമ്പസ്, അടുത്ത മൂന്ന് വർഷത്തിനകം ഇൻഫോപാർക്ക് ഫെയ്‌സ് വണ്ണില്‍ 1.6 ഏക്കറിലായി ഒരുക്കാനുദ്ദേശിക്കുന്ന പുതിയ ഇൻഫോ പാർക്ക് കെട്ടിടം തുടങ്ങിയവ കൊച്ചിയുടെ പുരോഗതിയില്‍ നാഴികക്കല്ലാകുമെന്നതിൽ സംശയമില്ല. ഈ പദ്ധതികളെല്ലാം കൂടുതല്‍ കമ്പനികളെയും ജീവനക്കാരെയും ഇൻഫോ പാർക്കിലേക്കെത്തിക്കും.

കോ-വർക്കിംഗ് സൗകര്യങ്ങളും ലഭ്യം

പ്ലഗ് ആൻഡ് പ്ലേ മോഡല്‍, വാം ഷെല്‍ മോഡല്‍ ഓഫീസ് സംവിധാനങ്ങൾക്ക് പുറമെ കോ-വർക്കിംഗ് ഓഫീസ് സൗകര്യവും ഇൻഫോ പാർക്കിൽ ലഭ്യമാണ്. സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയായ വർക്ക് നിയർ ഹോമിൻ്റെ പ്രവർത്തനങ്ങളും ഇൻഫോ പാർക്കിന് പുതിയ ഊർജ്ജം പകരും.

കയറ്റുമതി വരുമാനം
2020-21   6,310 കോടി രൂപ
2021-22 8,500 കോടി രൂപ
2,190 കോടി രൂപയുടെ വളർച്ച
മുൻ വർഷത്തേക്കാൾ 34.70 ശതമാനം കൂടുതല്‍

തൊഴില്‍ 
നിലവില്‍ 64,900 പേര്‍
പുതുതായി ജോലി നേടിയവര്‍ 12,600 പേര്‍
(2021 -22)
മുൻ വർഷത്തേക്കാൾ 24.7 ശതമാനം പേര്‍ കൂടുതല്‍