ഗോത്ര ജനതയ്ക്ക് ഇ-രേഖകള്‍
– രമേഷ്കുമാര്‍ വെള്ളമുണ്ട
എല്ലാ ആദിവാസി കുടുംബങ്ങൾക്കും ആധികാരിക രേഖകള്‍ ഉറപ്പാക്കിയ ആദ്യ ജില്ലയെന്ന അഭിമാന നേട്ടം ഇനി വയനാടിന് സ്വന്തം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ വസിക്കുന്ന ഗോത്ര ഭൂമികയാണ് ഇവിടം. പിന്നാക്കാവസ്ഥയെ മറി കടക്കാന്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വഴികളും വയനാട് വിജയകരമായി നടന്നു കൊണ്ടിരിക്കുകയാണ്. അക്ഷയ ബിഗ് കാംപയിന് ഫോര്‍ ഡോക്യുമെൻ്റ് ഡിജിറ്റലൈസേഷൻ (എ.ബി.സി.ഡി) ജില്ലയ്ക്കും തദ്ദേശവാസികളായ ആദിവാസി കൾക്കു പുതു പ്രതീക്ഷകളാണ് പകരുന്നത്.
ഇ-രേഖകള്‍ ഒരു കുടക്കീഴില്
വയനാടിൻ്റെ വിവിധ പ്രദേശങ്ങള്‍, പ്രത്യേകിച്ച് വനാതിർത്തികളിലെ ഗ്രാമങ്ങളില്‍ ഒട്ടേറെ കുടുംബങ്ങൾക്ക് ആധാര്‍ കാർഡ് ഉൾപ്പെടെയുള്ള രേഖകളില്ലാത്ത അവസ്ഥയായിരുന്നു നില നിന്നിരുന്നത്. വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാമ്പുകളില്‍ അഭയം തേടുന്നവർക്കും സർക്കാരിൻ്റെ ധനസഹായം പ്രതീക്ഷിച്ചിരിക്കുന്നവർക്കും ആധികാരിക രേഖകളുടെ അഭാവം ബുദ്ധിമുട്ടുകൾക്കിടയാക്കി. അക്ഷയ കേന്ദ്രങ്ങൾ വഴി രേഖകള്‍ ലഭ്യമാക്കുക എന്ന ദൗത്യത്തിന് ഈ പശ്ചാത്തലത്തിലാണ് തുടക്കമായത്.
തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിലാണ് ആദ്യ എ.ബി.സി.ഡി ക്യാമ്പ് നടത്തിയത്. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാർഡ് മുതല്‍ ബാങ്ക് അക്കൗണ്ട് വരെയുള്ള ആധികാരിക രേഖകളെല്ലാം ഒരു കുടക്കീഴില് തത്സമയം ക്യാമ്പില്‍ ലഭ്യമാക്കി. ഓരോ തദ്ദേശ സ്ഥാപനത്തിലും മൂന്ന് ദിവസങ്ങൾ വരെ നീണ്ടു നിന്ന ക്യാമ്പുകളില്‍ നൂറുകണക്കിനാളുകളാണ് എത്തിയത്.
ആദിവാസികൾക്കായി ഡിജി ലോക്കറും
ജില്ലാ ഭരണകൂടത്തിൻ്റെ കാര്യക്ഷമവും വേഗതയുമേറിയ പരിശ്രമമായിരുന്നു എ.ബി.സി.ഡി ക്യാമ്പുകള്‍. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ക്യാമ്പുകള്‍ കൃത്യതയോടെ നടത്തി. 23 ഗ്രാമ പഞ്ചായത്തുകളിലും മൂന്ന് നഗര സഭകളിലുമുള്ള എല്ലാ പട്ടിക വർഗ്ഗ കുടുംബങ്ങൾക്കും ആധികാരിക രേഖകള്‍ ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. റേഷൻ കാർഡ്, ആധാര്‍ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാർഡ്, ജനന-മരണ സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇൻഷ്വറൻസ് എന്നിങ്ങനെ ആറ് പ്രധാന രേഖകളാണ് ലഭ്യമാക്കിയത്.
കൈവശമുള്ള രേഖകള്‍ സൂക്ഷിക്കാനാകാതെ ആദിവാസി കുടുംബങ്ങള്‍ നേരിട്ട വെല്ലുവിളിക്ക് പരിഹാരമായി മാറി ക്യാമ്പുകള്‍. അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ ക്യാമ്പില്‍ ഡിജിറ്റല്‍ ലോക്കര്‍ സംവിധാനവും ഒരുക്കാനായി. പാസ്വേഡ് ഉപയോഗിച്ച് ഏതു കാലത്തും ലോക്കറിലെ രേഖകള്‍ ഇനി തുറന്നെടുക്കാം.
ജില്ലയില്‍ 26 ക്യാമ്പുകളിലൂടെ 64,670 പട്ടിക വർഗ്ഗ ഗുണഭോക്താക്കൾക്ക് 1,42,563 സേവനങ്ങളാണ് നൽകിയത്. 22,036 ഡിജിറ്റല്‍ ലോക്കറിലായി രേഖകള്‍ ഇപ്പോള്‍ സുരക്ഷിതമാണ്. തദ്ദേശ സ്വയം ഭരണം, റവന്യൂ, പട്ടിക വർഗ്ഗ വികസനം, ആരോഗ്യം, സിവില്‍ സപ്ലൈസ്, ഐ.ടി മിഷന്, അക്ഷയ കേന്ദ്രം, ലീഡ് ബാങ്ക് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഓരോ തദ്ദേശ സ്ഥാപന പരിധിയിലും എ.ബി.സി.ഡി ക്യാമ്പുകള്‍ പൂർത്തിയായത്. ജന പ്രതിനിധികള്‍, പട്ടിക വർഗ്ഗ പ്രൊമോർട്ടർമാർ സാമൂഹിക സന്നദ്ധ സംഘടനാ പ്രവർത്തികൾ തുടങ്ങിയവരെല്ലാം ആദിവാസി കോളനികള്‍ സന്ദർശിച്ച് രേഖകള്‍ ഇല്ലാത്തവരെ കണ്ടെത്തി ക്യാമ്പിലെത്തിച്ചു. ഇവർക്കായി യാത്രാ സൗകര്യവും ഒരുക്കി. ഓരോ വകുപ്പും ക്യാമ്പില്‍ പ്രത്യേകം കൗണ്ടറുകള്‍ സജ്ജമാക്കി.
ക്യാമ്പിലെത്തുന്നവർക്ക് ആശങ്കകളില്ലാതെ സേവനം ലഭ്യമാക്കാന്‍ അക്ഷയ കേന്ദ്രങ്ങള്‍ ഗോത്ര സൗഹൃദ കൗണ്ടറുകളും ഒരുക്കിയിരുന്നു. ജില്ലാ കളക്ടര്‍ എ.ഗീത, എ.ബി.സി.ഡി നോഡല്‍ ഓഫീസറും സബ് കളക്ടറുമായ ആര്. ശ്രീലക്ഷ്മി തുടങ്ങിയവര്‍ ക്യാമ്പുകളിലെത്തി ആവശ്യമായ പിന്തുണയും നൽകി.
ഗോത്ര ജനതയുടെ മുന്നേറ്റത്തിനുള്ള സർക്കാർ ഉദ്യമങ്ങൾക്കൊപ്പം എല്ലാവർക്കും ആധികാരിക രേഖകള്‍ ഉറപ്പാക്കി എ.ബി.സി.ഡി മറ്റൊരു കേരള മാതൃകയായി മാറുകയാണ്.
എ.ബി.സി.ഡി വയനാട്
- 142563 സേവനങ്ങള്‍
- 64670 ഗുണഭോക്താക്കള്‍
- 15796 റേഷൻ കാർഡുകൾ
- 31252 ആധാര്‍ കാർഡുകൾ
- 11300 ജനന-മരണ സർട്ടിഫിക്കറ്റുകൾ
- 22488 തിരിച്ചറിയല്‍ കാർഡുകൾ
- 7258 ബാങ്ക് അക്കൗണ്ടുകള്‍
- 2337 ആരോഗ്യ ഇൻഷ്വറൻസ് കാർഡുകൾ
- 12797 ഇ- ഡിസ്ട്രിക്റ്റ് സേവനം
