മാറ്റം തിരിച്ചറിഞ്ഞ് ജനങ്ങള്‍
സജിനി മഠപ്പറമ്പില്‍
മാധ്യമപ്രവർത്തക
‘ഇപ്പൊ പഴയപോലൊന്നുമല്ലെന്നേ പഞ്ചായത്തൊക്കെ ഒരുപാട് മാറി.. എല്ലാം ഓൺലൈനാ…. കാര്യങ്ങളൊക്കെ വേഗം നടക്കും”.
തിരുവനന്തപുരം കടയ്ക്കാവൂര്‍ പഞ്ചായത്തിൻ്റെ ഫ്രണ്ട് ഓഫിസില്‍ അപേക്ഷ നൽകുന്നതിനിടെ ഇതു പറയുമ്പോള്‍ 64 കാരി ഓമനയുടെ മുഖത്ത് നിറഞ്ഞ സംതൃപ്തി. സർക്കാർ സംവിധാനത്തിൻ്റെ മികവ് സാധാരണ ജനങ്ങള്‍ തിരിച്ചറിയുന്നതിൻ്റെ ഉദാഹരണമാണിത്. ജനങ്ങൾക്ക് ഓൺലൈൻ വഴി ഏറ്റവും വേഗത്തില്‍ സേവനമെത്തിക്കുന്നതിന് തദ്ദേശ വകുപ്പ് സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ നടപ്പാക്കിയതാണ് ഐ എല്‍ ജി എം എസ് (ഇൻ്റഗ്രേറ്റഡ് ലോക്കല്‍ ഗവേണൻസ് മാനേജ്മെൻ്റ് സിസ്റ്റം). ഈ സംവിധാനത്തെക്കുറിച്ച് കൂടുതല്‍ അറിയില്ലെങ്കിലും ഓൺലൈൻ ആയപ്പോള്‍ എല്ലാം പെട്ടെന്നാകുന്നുവെന്ന് ഉറപ്പിച്ചു പറയുന്നു ഓമന.
ആൻഡമാനിൽ ജോലി ചെയ്യുന്ന മകന് ഓൺലൈൻ വഴി ഏത് സേവനങ്ങൾക്കും അപേക്ഷ നൽകാനാകും. എങ്കിലും പഞ്ചായത്തില്‍ നേരിട്ടെത്തി അപേക്ഷ കൊടുക്കുന്നത് വർഷങ്ങളായുള്ള ശീലമാണ് ഓമനയ്ക്ക്. ”ഇവിടെ കൊടുത്താലും ഓൺലൈനിൽ കേറും.” ഏത് രീതിയില്‍ ലഭിക്കുന്ന അപേക്ഷകളും ഐ എല്‍ ജി എം എസ് സംവിധാനത്തിലൂടെയാണ് കൈകാര്യം ചെയ്യുന്നതെന്ന അറിവിനെ അവര്‍ ലളിതമായി പറഞ്ഞതിങ്ങനെ. ഭിന്ന ശേഷിക്കാരനായ ഇളയ മകൻ്റെ സ്കോളർഷിപ്പിനുള്ള രേഖകള്‍ നൽകി മടങ്ങുമ്പോള്‍ കാലതാമസമില്ലാതെ സേവനം ലഭിക്കുമെന്ന ഉറപ്പുണ്ടായിരുന്നു അവർക്ക്.
അപേക്ഷകള്‍ തീർപ്പാക്കുന്നതിൽ അതിവേഗം
2021 ഏപ്രില്‍ മാസത്തിലാണ് കടയ്ക്കാവൂര്‍ പഞ്ചായത്തില്‍ ഐ എല്‍ ജി എം എസ് സംവിധാനം നടപ്പാക്കിയത്. ഇതു വഴി 11,000 ത്തോളം അപേക്ഷകള്‍ ലഭിച്ചതില്‍ 96 ശതമാനവും തീർപ്പാക്കാൻ സാധിച്ചത് നേട്ടമാണ്. സിറ്റിസന്‍ പോർട്ടൽ വഴിയും പഞ്ചായത്തിലെ ഫ്രണ്ട് ഓഫീസ് വഴിയും ലഭിക്കുന്ന അപേക്ഷകള്‍ ഐ എല്‍ ജി എം എസിലൂടെ മികച്ച രീതിയില്‍ കൈകാര്യം ചെയ്താണ് കടയ്ക്കാവൂര്‍ മുന്നോട്ടു പോകുന്നത്.
2022 ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളില്‍ അപേക്ഷകള്‍ സമയ ബന്ധിതമായി തീർപ്പാക്കുന്നതിൽ മികവ് തെളിയിച്ചതിന് കടയ്ക്കാവൂര്‍ തദ്ദേശ വകുപ്പില്‍ നിന്ന് പ്രശംസ നേടിയിരുന്നു. ഡിസംബര്‍, ജനുവരി മാസങ്ങളിലും തിരുവനന്തപുരം ജില്ലയില്‍ ഒന്നാമതായി നിൽക്കാൻ പഞ്ചായത്തിന് സാധിച്ചു. ജനങ്ങൾക്ക് സൗകര്യ പ്രദമായ രീതിയില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഐ എല്‍ ജി എം എസ് സംവിധാനം കാര്യക്ഷമമാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് എസ് ഷീല പറയുന്നു.
ഉദ്യോഗസ്ഥർക്കും സൗകര്യം
പഞ്ചായത്ത് ഓഫിസിലെ കമ്പ്യൂട്ടറുകളിൽ മാത്രമല്ല, മൊബൈല്‍ ഫോൺ വഴിയും ഐ എല്‍ ജി എം എസില്‍ ലോഗിന്‍ ചെയ്യാനാകുമെന്നത് ഉദ്യോഗസ്ഥർക്ക് കൂടുതല്‍ സൗകര്യ പ്രദമാകുന്നു. അവധി ദിനങ്ങളില്‍ പോലും അവശ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇതുവഴി സാധിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി എസ്. എസ് രാജേഷ് വ്യക്തമാക്കുന്നു. വകുപ്പിലെ ഉന്നതോദ്യോഗസ്ഥരുടെ നിരന്തര നിരീക്ഷണം സാധ്യമായതിനാല്‍ കൃത്യ നിർവഹണം കൂടുതല്‍ കാര്യക്ഷമമാണ്.
മൊബൈല്‍ ഫോൺ, ലാപ്ടോപ് എന്നിവ വഴി സ്വന്തമായും അക്ഷയ കേന്ദ്രങ്ങളിലൂടെയും പഞ്ചായത്തിലെ ഫ്രണ്ട് ഓഫീസ് വഴിയും ജനങ്ങൾക്ക് അപേക്ഷ നൽകാം. താമസ സർട്ടിഫിക്കറ്റ്, കെട്ടിട നിർമ്മാണ അനുമതി, കെട്ടിട നമ്പര്‍, ലൈസൻസ്, ഉടമസ്ഥാവകാശം മാറ്റല്‍, ജനന, മരണ രജിസ്ട്രേഷന്, വിവാഹ രജിസ്ട്രേഷന് തുടങ്ങി പഞ്ചായത്തില്‍ നിന്ന് ലഭിക്കേണ്ട എല്ലാ സേവനങ്ങൾക്കും ഇതുവഴി അപേക്ഷിക്കാം.
കാല താമസമില്ലെന്നത് ആശ്വാസം’
‘ഇപ്പൊ അനാവശ്യ കാല താമസമൊന്നുമില്ല, അപേക്ഷ കൊടുത്താല്‍ എല്ലാം വേഗത്തില്‍ നടക്കും. എവിടെയിരുന്നും അപേക്ഷിക്കാനുള്ള സംവിധാനം പുതു തലമുറയിലുള്ളവർക്കും വിദേശത്ത് താമസിക്കുന്നവർക്കും ഉപകാരപ്പെടും.” പഞ്ചായത്തില്‍ പെൻഷൻ രേഖകള്‍ നൽകാനെത്തിയ കെ. സുരേഷ് പറയുന്നു.
ഇനി ഓൺലൈനിലേക്ക് മാറണം
”ഓൺലൈൻ വഴി സേവനങ്ങൾക്ക് അപേക്ഷിക്കാനാകുമെന്ന് ഏറെ ഉപകാര പ്രദമാണ്. ഇനി മുതല്‍ ഐ എല്‍ ജി എം എസ് സിറ്റിസന്‍ പോർട്ടൽ ഉപയോഗിച്ച് തുടങ്ങണം.” സഹോദരൻ്റെ ബിസിനസ് ആവശ്യത്തിനായി അപേക്ഷ നൽകാനെത്തിയ ഷനസ് പറയുന്നു.
