സമ്പൂര്‍ണ്ണ ശുചിത്വ കേരളത്തിനായി കൈകോര്‍ക്കാം

-എം. ബി. രാജേഷ്
തദ്ദേശ സ്വയം ഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി

 

 

മാലിന്യ പരിപാലനത്തില്‍ ഇതുവരെയുണ്ടായിരുന്ന രീതികളും സംവിധാനങ്ങളും ജനങ്ങളുടെ മനോഭാവവും മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. മാലിന്യം എവിടെയും വലിച്ചെറിയാമെന്നുള്ള മനോഭാവത്തില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. ജല സ്രോതസ്സുകള്‍ മലിനമാക്കുന്ന പ്രവണതയിലും കുറവ് കാണാം.

മാലിന്യം ശാസ്ത്രീയമായി തരംതിരിച്ച് സംസ്‌കരിക്കാനുള്ള പ്രക്രിയയില്‍ വീടുകള്‍ മുതല്‍ വലിയ സ്ഥാപനങ്ങള്‍ വരെ ഒരേ മനസ്സോടെ അണിനിരക്കാന്‍ തുടങ്ങി. അതിന്റെ കൂടി ഫലമായി കൊതുക് നിയന്ത്രണം സാധ്യമാക്കാനുമായി.

പകര്‍ച്ച വ്യാധികളില്‍ കുറവുണ്ടാകുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഈ മാറ്റത്തെ വളര്‍ത്തിയെടുത്ത് വലിയ പരിവര്‍ത്തനമുണ്ടാക്കാനാകും. സര്‍ക്കാരും വിവിധ ഏജന്‍സികളും ജനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയാണ് പ്രധാനം.

പ്രതിദിനം 10,000 ടണ്ണിലധികം മാലിന്യം കേരളത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇതത്രയും ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള ആധുനിക സംവിധാനങ്ങളാണ് ഒരുക്കുന്നത്. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാനും എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഹരിത കര്‍മ്മസേന മുഖേന ശേഖരിക്കുന്ന ഖര-അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് എം.സി.എഫുകളിലേക്കും ബ്ലോക്ക്‌തല ആര്‍.ആര്‍.എഫുകളിലേക്കും മാറ്റി, അവിടെ നിന്ന് ക്‌ളീന്‍ കേരള കമ്പനിക്കോ അംഗീകൃത സ്വകാര്യ ഏജന്‍സികള്‍ക്കോ കൈമാറാനും ഇപ്പോള്‍ സംവിധാനമുണ്ട്. 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 30349 ഹരിതകര്‍മ്മ സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

മാലിന്യ കര്‍മ്മ പദ്ധതി

ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാന്‍ ആവശ്യമായ പരിശീലനം നല്‍കി. ശുചിമുറി മാലിന്യ സംസ്‌കരണത്തിന് ഗ്രാമ പഞ്ചായത്തുകളുടെ ക്ലസ്റ്ററുകള്‍ രൂപീകരിച്ച് എസ്.ടി.പികളും എഫ്.എസ്.ടി.പികളും സ്ഥാപിച്ചു. ജൈവമാലിന്യ സംസ്‌കരണത്തിന് മുച്ചട്ടി കമ്പോസ്റ്റ്, മണ്‍കല കമ്പോസ്റ്റ്, റിങ് കമ്പോസ്റ്റ്, ബയോ ഗ്യാസ് പ്ലാന്റ്, ബയോ കംപോസ്റ്റര്‍ ബിന്‍, ബക്കറ്റ് കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, പോര്‍ട്ടബിള്‍ ബയോ ബിന്‍ കമ്പോസ്റ്റ് എന്നീ സംവിധാനങ്ങള്‍ വിതരണം ചെയ്യുന്നു. കോഴി മാലിന്യ സംസ്‌കരണത്തിന് മിക്ക ജില്ലകളിലും റെന്‍ഡറിങ്ങ് യൂണിറ്റുകളുണ്ട്.

ശുചിത്വ മിഷന്‍, ഹരിത കര്‍മ്മസേന, ക്ലീന്‍ കേരള കമ്പനി, കേരള ഖരമാലിന്യ പരിപാലന പദ്ധതി(KSWMP), അമൃത്, കില എന്നീ ഏജന്‍സികളെ ഏകോപിപ്പിച്ച് മാലിന്യ പരിപാലനത്തിന് വ്യക്തമായ കര്‍മ്മ പദ്ധതി നടപ്പാക്കുകയാണ്. ദ്രവമാലിന്യ സംസ്‌കരണത്തിനായി കേന്ദ്രാവിഷ്‌കൃത പദ്ധതികളായ സ്വച്ഛ ഭാരത് മിഷന്‍ (അര്‍ബന്‍, റൂറല്‍), സംസ്ഥാന പദ്ധതികളായ ശുചിത്വ കേരളം (റൂറല്‍) എന്നിവ മുഖാന്തരം പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. റിട്രോ ഫിറ്റിങ്ങ്, സ്വീവേജ് ട്രീറ്റുമെന്റ് പ്ലാന്റ്, ഗ്രേ വാട്ടര്‍ മാനേജമെന്റ് പദ്ധതികള്‍, കമ്മ്യൂണിറ്റി/ഇന്‍സ്റ്റിട്യൂഷന്‍തല സ്വീവേജ് ട്രീറ്റുമെന്റ് പ്ലാന്റുകള്‍ എന്നിവയ്ക്ക് ഫണ്ട് വകയിരുത്തുന്നുണ്ട്. മുന്‍സിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയിലെ ഖരമാലിന്യ സംസ്‌കരണത്തിന് ലോക ബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റുമെന്റ് ബാങ്ക് എന്നിവയുടെ സഹായത്തോടെ 2300 കോടിയുടെ പദ്ധതി ആരംഭിച്ചു.

ബ്രഹ്‌മപുരത്ത് നിലവിലുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കാനും ഭാവിയിലുണ്ടാകുന്ന മാലിന്യ പരിപാലനത്തിനും വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ചുകഴിഞ്ഞു. ബയോമൈനിങ്ങിലും മറ്റ് പ്രവൃത്തികളിലും വീഴ്ച വരുത്തിയ സോണ്ട ഇന്‍ഫ്രാടെക് കമ്പനിയെ ചുമതലയില്‍ നിന്ന് ഒഴിവാക്കി. പകരം പുതിയ ഏജന്‍സിയെ ടെന്‍ഡറിലൂടെ കൊച്ചി കോര്‍പ്പറേഷന്‍ കണ്ടെത്തും. യാത്രക്കാര്‍ക്ക് പ്രാഥമിക കൃത്യം നിര്‍വഹിക്കുന്നതിന് പാതയോരങ്ങളില്‍ 716 ടേക്ക് എ-ബ്രേക്ക് കേന്ദ്രങ്ങള്‍ തുടങ്ങി. 1842 എണ്ണം നിര്‍മ്മിക്കുകയാണ് ലക്ഷ്യം.

മഴക്കാലപൂര്‍വ ശുചീകരണം പൂര്‍ത്തിയായി

മഴക്കാല പൂര്‍വ ശുചീകരണവും അനുബന്ധ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. ദുരന്തങ്ങള്‍ നേരിടുന്നതിന് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്. തദ്ദേശ സ്ഥാപന തലത്തില്‍ ഒരു കെട്ടിടം കണ്ടെത്തി രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍ വാങ്ങുകയോ മഴക്കാലത്തേക്ക് വാടകക്കെടുത്തോ സൂക്ഷിക്കണം. ആപതാമിത്ര, സിവില്‍ ഡിഫന്‍സ് തുടങ്ങിയ പരിശീലനം നേടിയ സന്നദ്ധ പ്രവര്‍ത്തകരെ അഗ്‌നി സുരക്ഷ വകുപ്പിന്റെ മേല്‍ നോട്ടത്തില്‍ ഈ കേന്ദ്രവുമായി ബന്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഓരോ ഗ്രാമ പഞ്ചായത്തിനും ഒരു ലക്ഷം രൂപയും മുനിസിപ്പാലിറ്റിക്ക് മൂന്ന് ലക്ഷം രൂപയും കോര്‍പ്പറേഷന് അഞ്ച് ലക്ഷം രൂപയും വരെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്ന ഉപകരണങ്ങള്‍ വാങ്ങുവാനും സംഭരണ കേന്ദ്രം ആരംഭിക്കുന്നതിനും ആവശ്യാനുസരണം ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്ന് അനുവദിക്കും.

ഡ്രയിനേജ് സംവിധാനങ്ങള്‍ വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. സുരക്ഷയ്ക്കുള്ള എല്ലാ നടപടികളും മുന്നറിയിപ്പുകളും നല്‍കും. ഓടകള്‍ വൃത്തിയാക്കാന്‍ തുറന്നിടുകയോ സ്‌ളാബുകള്‍ തകരുകയോ ചെയ്ത സ്ഥലങ്ങളില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നു.

പ്രളയ ബാധിതരെ താത്കാലികമായി മാറ്റിപ്പാര്‍പ്പിക്കാന്‍ തയ്യാറാക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ ശുചിമുറികള്‍, വൈദ്യുതി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തണം. ക്യാമ്പുകള്‍ നടത്താന്‍ കണ്ടെത്തിയ കെട്ടിടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും പരസ്യപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ കൂട്ടായ നേതൃത്വത്തില്‍ മറ്റ് വകുപ്പുകള്‍, വിവിധ ഏജന്‍സികള്‍ എന്നിവയുടെ ഏകോപനത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും ‘ആരോഗ്യ ജാഗ്രത 2023’പരിപാടിയും നടക്കുകയാണ്.

ജനപങ്കാളിത്തം ആവശ്യം

കേരളത്തെ സമ്പൂര്‍ണ്ണ ശുചിത്വമുള്ള സംസ്ഥാനമായി പ്രഖ്യാപിക്കണമെങ്കില്‍ ഇതുവരെ ഉണ്ടാക്കിയ നേട്ടങ്ങളും സംവിധാനങ്ങളും നില നിര്‍ത്തി അവ കൂടുതല്‍ മെച്ചപ്പെടുത്തുകയും ജനങ്ങള്‍ പൂര്‍ണ്ണ മനസ്സാലെ ഇതില്‍ ഭാഗഭാക്കാകുകയും വേണം. ആധുനിക ജീവിതം നയിക്കുന്ന ഒരു ജനതയാണ് കേരളീയരുടേത്. മനുഷ്യ വികസന സൂചികയിലെ കേരളത്തിന്റെ സ്ഥാനം അത് വെളിപ്പെടുത്തുന്നുണ്ട്. വികസിത രാഷ്ട്രങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ ഇതിനകം ആര്‍ജിച്ചു കഴിഞ്ഞ കേരളം മാലിന്യ സംസ്‌കരണ രംഗത്ത് വേണ്ടവിധം മുന്നോട്ടു പോയിട്ടില്ല. വ്യക്തി ശുചിത്വത്തിലും സാമൂഹിക ശുചിത്വത്തിലുമുള്ള അന്തരം ഇന്നും നിലനില്‍ക്കുകയാണ്.

ജനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വത്തെ തുടരെത്തുടരെ ഓര്‍മ്മിപ്പിച്ചും സഹകരിച്ചും സമ്പൂര്‍ണ്ണ ശുചിത്വ കേരളത്തെ നമുക്ക് സാധ്യമാക്കാം. അതിനായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാം.

Spread the love