ശ്രേഷ്‌ഠം രാജകീയം
-അമിയ എം
അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഐ.പി.ആര്‍.ഡി
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ റാങ്കിങ്ങ് ഫ്രെയിം വര്‍ക്കില്‍ (എന്‍.ഐ.ആര്‍.എഫ്) പ്രായവും പാരമ്പര്യവും അവകാശപ്പെടുന്ന ആയിരക്കണക്കിന് കോളജുകള്‍ ഉള്ള ഇന്ത്യയിലെ ഏറ്റവും മികച്ച 26- ാമത് കോളജായി യൂനിവേഴ്‌സിറ്റി കോളജ് ഇടം നേടിയിരിക്കുന്നു സംസ്ഥാനത്തെ ഏറ്റവും മികച്ച കോളജായി തുടര്‍ച്ചയായ ആറാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. 157 വയസ് പൂര്‍ത്തിയായ യൂനിവേഴ്‌സിറ്റി കോളജ് പല നിലയ്ക്കും കേരളത്തില്‍ ഒന്നാമതാണ്. 18 ബിരുദ കോഴ്‌സുകള്‍, 21 ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍, 18 ഗവേഷണ വകുപ്പുകള്‍, 500 ഓളം ഗവേഷണ വിദ്യാര്‍ഥികള്‍, 223 അധ്യാപക തസ്തികകളില്‍ മുഴുവന്‍ പേരും സ്ഥിര നിയമനക്കാര്‍, അധ്യാപകരില്‍ ബഹു ഭൂരിഭാഗവും എം.ഫില്‍/പി.എച്ച്.ഡി യോഗ്യതയുള്ളവര്‍, റിസര്‍ച്ച് ഗൈഡ് യോഗ്യതയുള്ളവര്‍, ശാസ്ത്ര വകുപ്പുകളിലെ ഫാക്കല്‍റ്റികളില്‍ പലരും കണ്ടു പിടുത്തങ്ങള്‍ക്ക് പേറ്റന്റ് ഉള്ളവര്‍, ആകെയുള്ള 3850 ഓളം വിദ്യാര്‍ഥികളില്‍ 70 ശതമാനത്തില്‍ അധികം പെണ്‍കുട്ടികള്‍… ഇങ്ങനെ പലതു കൊണ്ടും കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള വിദ്യാര്‍ഥികളുടെ പ്രാഥമിക പരിഗണയുള്ള മികവിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു യൂനിവേഴ്‌സിറ്റി കോളജ്.
‘അധ്യാപക-വിദ്യാര്‍ഥി അനുപാതം, എം.ഫില്‍/പി.എച്ച്.ഡി ഉള്ള അധ്യാപകരുടെ എണ്ണം, സര്‍വകലാശാലാ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ എണ്ണം, ആകെ വിദ്യാര്‍ഥികളില്‍ പെണ്‍കുട്ടികളുടെ എണ്ണം എന്നീ ഘടകങ്ങളില്‍ ഉയര്‍ന്ന സ്‌കോര്‍ നേടാനായി. മികച്ച അധ്യയന അന്തരീക്ഷം പുലര്‍ത്തുന്നതില്‍ പ്രതിജ്ഞാബദ്ധരായ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അധ്യാപകേതര ജീവനക്കാര്‍, എല്ലാവിധ പിന്തുണയും നല്‍കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവരാണ് ഈ അഭിമാനാര്‍ഹമായ നേട്ടത്തിന് പിന്നില്‍’ യൂനിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പല്‍ ടി. സുഭാഷ് പറയുന്നു.
കഴിഞ്ഞ വര്‍ഷം 2500 കോളജുകളാണ് എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങില്‍ വന്നിരുന്നെങ്കില്‍ ഇക്കുറി അത് 3500 ആയി കുത്തനെ ഉയര്‍ന്നു. അതിലാണ് യൂനിവേഴ്‌സിറ്റി കോളജ് 26 ല്‍ ഇടം നേടിയത്. ദല്‍ഹി, കൊല്‍ക്കത്ത, തമിഴ്‌നാട് എന്നിവിടങ്ങളിലുള്ള, രാജ്യത്തിലെ തന്നെ പേരുകേട്ട കോളജുകളായ മിറാന്‍ഡ ഹൗസ്, പ്രസിഡന്‍സി കോളജ്, സെന്റ് സേവ്യേഴ്‌സ് കോളജ്, ലൊയോള, ലേഡീ ശ്രീറാം, രാമകൃഷ്ണ മിഷന്‍ വിദ്യാമന്ദിര്‍ തുടങ്ങിയവ മാത്രമാണ് യൂനിവേഴ്‌സിറ്റി കോളജിന് മുന്നില്‍ വന്നത്.
ഇതേ റാങ്കിങ്ങില്‍ 2018ല്‍-18, 2019-23, 2020-23, 2021-23, 2022-24 എന്നിങ്ങനെയായിരുന്നു കോളജിന്റെ സ്ഥാനം. മുന്‍ വര്‍ഷങ്ങളില്‍ പക്ഷേ, എന്‍.ഐ.ആര്‍.എഫില്‍ ഉള്‍പ്പെട്ട കോളജുകളുടെ എണ്ണം താരതമ്യേന കുറവായിരുന്നു.
ഗവേഷണത്തിന് കൂടുതല്‍ ശ്രദ്ധ
‘ഏറ്റവും കൂടുതല്‍ സാധാരണ കുടുംബങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമാണ് യൂനിവേഴ്‌സിറ്റി കോളജ്. കുറേയേറെ പേര്‍ സ്‌കോളര്‍ഷിപ്പ്, ഇ-ഗ്രാന്റ് വാങ്ങി പഠിക്കുന്നവരാണ്. തിരുവനന്തപുരം നഗരപരിധി വിട്ടുള്ള പ്രദേശങ്ങളില്‍ നിന്ന് വരുന്നവരാണ് വിദ്യാര്‍ഥികളില്‍ ഏറെയും. അധ്യയന മികവില്‍ തുടര്‍ച്ചയായുള്ള ഉജ്ജ്വല നേട്ടം കാരണം ഇപ്പോള്‍ വടക്കന്‍ കേരളത്തില്‍ നിന്നും കുട്ടികള്‍ പഠിക്കാനെത്തുന്നു. വിവിധ ഗവേഷണ വകുപ്പുകളുടേയും മികച്ച ഗവേഷണാന്തരീക്ഷത്തിന്റേയും സാന്നിധ്യം ഗവേഷക വിദ്യാര്‍ഥികളേയും അക്കാദമിക വിദഗ്‌ധരെയും ഒരു പോലെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു, ‘ കോളജിലെ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ കോര്‍ഡിനേറ്റര്‍ ഡോ. മനോ മോഹന്‍ ആന്റണി പറയുന്നു.
ജിയോളജിയില്‍ ബിരുദാനന്ത ബിരുദവും ജോഗ്രഫിയില്‍ ഗവേഷണ വകുപ്പുമുള്ള അപൂര്‍വം ക്യാമ്പസാണ് യൂനിവേഴ്‌സിറ്റി കോളജ്. കേരള സര്‍വകലാശാലയ്ക്ക് കീഴില്‍ ഈ അധ്യയന വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിച്ചതും ഈ കോളജില്‍ തന്നെ. നാക് എ ഗ്രേഡും യൂനിവേഴ്‌സിറ്റി ഗ്രാന്റസ് കമ്മീഷന്റെ ‘കോളജ് വിത്ത് പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്‌സലന്‍സ്’ കീര്‍ത്തിയുമുള്ള ഈ പുരാതന കോളജിനെ പൈതൃക സ്ഥാപനമായി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനം നല്‍കുന്ന പ്രത്യേക സെല്ലും കോളജില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണം, കോളജിനെക്കുറിച്ച് പുറമെ നിന്നുള്ളവരുടെ അഭിപ്രായം എന്നീ രണ്ട് സൂചികകളില്‍ കൂടി നില മെച്ചപ്പെടുത്തിയാല്‍ കോളജ് ഇന്ത്യയിലെ ഏറ്റവും മികച്ച ആദ്യത്തെ 10 കോളജുകളില്‍ ഇടം നേടുമെന്നുറപ്പ്. അതിനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് കോളജ് ഒന്നടങ്കം.