വീണ്ടെടുത്ത ചെറു പുഞ്ചിരികള്‍
വീണ്ടെടുത്ത ചെറുപുഞ്ചിരികള്‍
ആരോമല്‍ പ്രസാദ്
ഐ പി ആര്‍ ഡി
പടുതയും ഷീറ്റും ഉപയോഗിച്ച് മറച്ച, മഴയത്ത് ചോർന്നൊലിക്കുന്ന, കാറ്റില്‍ നിലം പൊത്താവുന്ന ഒട്ടും സുരക്ഷിതമല്ലാത്ത ഒറ്റ മുറി വീട്ടിലായിരുന്നു അവരുടെ ജീവിതം. കാറ്റും മഴയും വരുമ്പോള്‍ പേടിച്ചാണ് ദിവസങ്ങള്‍ തള്ളി നീക്കിയിരുന്നതെന്ന് പറയുമ്പോള്‍ ഷൈബിയുടെ കണ്ണുകളില്‍ ആ ഭീതി കാണാം. ഓട്ടിസം ബാധിതരായ രണ്ട് കുഞ്ഞു പെൺകുട്ടികളാണ് ഒപ്പം. ചോർന്നൊലിക്കുന്ന ഷെഡ്ഡില്‍ നിന്ന് കോൺക്രീറ്റ് വീട്ടിലേക്ക് മാറുമ്പോള്‍ വീട് അനുവദിച്ച് തന്ന സര്‍ക്കാരിനും സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ കൂടെ നിന്ന ഓരോരുത്തരോടുമുള്ള നന്ദിയും സ്‌നേഹവും പേരെടുത്തു പറയുകയാണ് ഇടുക്കി രാജക്കാട് ഗ്രാമപഞ്ചായത്തിലെ എന്‍.ആര്‍ സിറ്റി സ്വദേശിനി കാനാട്ട് വീട്ടിൽ ഷൈബിയും കുടുംബവും.
പന്ത്രണ്ട് വര്‍ഷത്തോളമാണ് ഇങ്ങനെ അടച്ചുറപ്പില്ലാത്ത കുടിലില്‍ ഷൈബി കഴിഞ്ഞത്. സുരക്ഷിതമായ ഒരു വീട് ആ അമ്മയ്ക്കും മക്കള്‍ക്കും സ്വപ്‌നം മാത്രമായിരുന്നു. പലപ്പോഴും സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത വിദൂരമായ ഒരാഗ്രഹം മാത്രം. കാലം മാറി, എല്ലാവര്‍ക്കും അടച്ചുറപ്പുള്ള വീട് എന്നത് നയമായി സ്വീകരിച്ച സര്‍ക്കാര്‍ വന്നു. ലൈഫ് ഭവന പദ്ധതിയിലൂടെ വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമായി. കൊതിച്ചു കാത്തിരുന്ന ഒന്നിനെ കൈപ്പറ്റിയതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം.
ഇരട്ടകളായ അനന്യയും അനാമികയുമാണ് ഷൈബിയുടെ മക്കള്‍. ഓട്ടിസം ബാധിതരായ ഇവര്‍ എന്‍.ആര്‍ സിറ്റി എസ്.എന്‍.വി.എച്ച്.എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥികളാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വീണ് പരിക്കു പറ്റിയതിനെ തുടർന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനാൽ ജോലിക്ക് പോകാനും ഷൈബിക്ക് കഴിയുന്നില്ല. നിര്‍ധനയായ തനിക്ക് ഒരു വീട് പണിയുവാന്‍ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ഷൈബി പറയുന്നു.
പ്രത്യാശയോടെ പുതുജീവിതം
ഒറ്റ മുറി വീട്ടിൽ നിന്ന് കോൺക്രീറ്റ് വീട്ടിലേക്ക് മാറുമ്പോള്‍ പ്രതീക്ഷയുടെയും സുരക്ഷിതത്വത്തിന്റെയും പുതിയ വെളിച്ചമാണ് ലൈഫ് ഭവന പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ നൽകുന്നത്. ഹാള്‍, രണ്ട് ബെഡ്‌റൂം, അടുക്കള, ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങളാണ് പുതിയ വീട്ടിലുള്ളത്. നാല് ലക്ഷം രൂപ ലൈഫ് പദ്ധതിയിലും ഒരു ലക്ഷം രൂപ കുടുംബശ്രീ ലോണുമടക്കം അഞ്ച് ലക്ഷം രൂപ ചെലവിലാണ് ഷൈബി പുതിയ ഭവനം നിര്‍മ്മിച്ചത്. ഓട്ടിസം ബാധിതരായ മക്കള്‍ക്ക് സാമൂഹ്യനീതി വകുപ്പ് നൽകുന്ന ധന സഹായമാണ് ഷൈബിയുടെ കുടുംബത്തിന്റെ പ്രധാന വരുമാന മാര്‍ഗം. ഏഴ് സെന്റ് സ്ഥലത്തില്‍ വീട് കഴിഞ്ഞ് ബാക്കിയുള്ള സ്ഥലത്ത് തനിക്ക് ആകും വിധം ഏലച്ചെടി നട്ടു പിടിപ്പിച്ച് പരിപാലിക്കുന്നുണ്ട് ഈ വീട്ടമ്മ. പുതിയ വീട്ടിലേക്ക് മാറിയതോടെ മഴ നനയണ്ട, പേടിക്കണ്ട എന്നു പറയുമ്പോള്‍ അനന്യയുടെയും അനാമികയുടെയും ചുണ്ടില്‍ ചെറുപുഞ്ചിരി വിരിയുന്നു.
