വിഷാദങ്ങളുടെ നിഴല്‍ വീണ തിര സാക്ഷ്യങ്ങള്‍

വിഷാദങ്ങളുടെ നിഴല്‍ വീണ തിര സാക്ഷ്യങ്ങള്‍
ജിതിന്‍ കെ. സി
ചലച്ചിത്ര നിരൂപകന്‍

പിറവി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങും മുന്‍പ്, ഷാജി എന്‍. കരുൺ താനുമൊത്ത് ആന്ദ്രേ തര്‍ക്കോവ്സ്‌കിയുടെ സാക്രിഫൈസ് കാണുവാന്‍ പോയത് പിറവിയുടെ ഛായാഗ്രാഹകനായ സണ്ണി ജോസഫ് ഓർക്കുന്നുണ്ട്. പിറവിയുടെ കഥയുമായോ സന്ദര്‍ഭങ്ങളുമായോ ഏതെങ്കിലും നിലക്ക് സാമ്യമുള്ള ചിത്രമല്ല സാക്രിഫൈസ്. പക്ഷേ സാക്രിഫൈസിന്റെ ദൃശ്യ പശ്ചാത്തലത്തെ മാസ്റ്റര്‍ സംവിധായകന്‍ തര്‍ക്കോവ്സ്‌കിയും വിഖ്യാത ഛായാഗ്രാഹകന്‍ സ്വെന്‍ നിക്വിസ്റ്റും പ്രത്യേകമായി ഒരുക്കിയെടുത്തതായി കാണാം. മൂടല്‍മഞ്ഞ് മാഞ്ഞ പ്രകൃതിയുടെ, ഒരൽപം വെളിച്ചം മങ്ങിയ, എങ്കിലും തെളിഞ്ഞ ആകാശവും പുല്‍മേടുകളും സാക്രിഫൈസിന്റെ ദൃശ്യാനുഭൂതിയെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്.

പിറവി എന്ന ചിത്രത്തിന്റെ ദൃശ്യ പശ്ചാത്തലത്തിലും ഈ നിഴല്‍ വീണു കിടക്കുന്നതായി കാണാം. മഴ തോർന്നു തീരുകയോ, മഴ പെയ്യാന്‍ നില്‍ക്കുകയോ, മഴയോടു കൂടി ആയതോ ആയ ഒരു പ്രകൃതിയുടെ പശ്ചാത്തലവും വെളിച്ചത്തില്‍ ഇരുള്‍ പടർന്ന ആകാശവും പിറവിയുടെ വിഷാദത്തെ കാണിയില്‍ കോർത്തിടുന്നു. ഒരു സിനിമയുടെ കഥയുടെയും സന്ദര്‍ഭങ്ങളുടെയും വൈകാരികതയെ അതു പോലെ ഉൾക്കൊള്ളുന്ന ദൃശ്യ പശ്ചാത്തലം ഒരുക്കുക എന്നത് ശ്രമകരമായ ജോലിയാണ്. വിഷാദവും നഷ്‌ടങ്ങളും കാത്തിരിപ്പും സ്വപ്‌നങ്ങളും നിറഞ്ഞ സന്ദർഭങ്ങളായിരുന്നു ഷാജി എന്‍. കരുണിന്റെ ചിത്രങ്ങളില്‍ നിറഞ്ഞിരുന്നത്.

ഛായാഗ്രാഹകന്റെ കൈയൊപ്പ്

പിറവിയില്‍ മകനെ കാത്തിരുന്ന് മകന്‍ വരാതെ, മകനെ കാണാതെ തിരിച്ചെത്തുന്ന അച്ഛന്റെ പശ്ചാത്തലത്തില്‍ അച്ഛന്റെ സങ്കടത്തോളം ഇരുണ്ടതും മകന്‍ വരുമെന്ന പ്രതീക്ഷയോളം തെളിഞ്ഞതുമായ ഒരു പശ്ചാത്തലത്തെ, സന്ധ്യാ സമയം അടുക്കുമ്പോഴുള്ള വെളിച്ചത്തിന്റെ വിതാനത്തെ, അപ്പോള്‍ പെയ്യുന്ന ഒരു ചാറ്റല്‍ മഴയെ ഒക്കെ ഉൾക്കൊള്ളിക്കുന്നുണ്ട് ഷാജി എന്‍ കരുൺ എന്ന സംവിധായകന്‍. ദൃശ്യത്തിന്റെ അനുഭൂതിയെ ഏറ്റവും വ്യക്തമായി പ്രേക്ഷകരിലേക്കെത്തിക്കാന്‍ നിര്‍ബന്ധം കാട്ടിയിരുന്ന സംവിധായകനായിരുന്നു ഷാജി. ഛായാഗ്രാഹകന്‍ കൂടിയായിരുന്ന ഷാജി എന്‍ കരുൺ സംവിധായകനായതിന്റെ കരുത്ത് കൊണ്ട് കൂടിയാവാം അത്. കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷത്തില്‍ ഏറ്റവും കോളിളക്കം സൃഷ്‌ടിച്ച രാജന്‍ വധക്കേസുമായും ഈച്ചരവാര്യരുടെ പോരാട്ടവുമായും ചേർന്നു നിൽക്കുന്ന കഥാ പശ്ചാത്തലമാണ് പിറവിയുടേത്. എന്നാൽ ആ രാഷ്ട്രീയ സാഹചര്യത്തെ ചോർത്തുന്നതും വൈകാരികതയെ മാത്രം പിന്‍പറ്റുകയും ചെയ്യുന്നതായിരുന്നു പിറവി എന്ന വിമര്‍ശനം സാധുവാണ്. രാജനും ഈച്ചര വാര്യരും അല്ല പിറവിയിലെ അച്ഛനും മകനും എന്ന് സംവിധായകന്‍ പിന്നീട് വിശദീകരണം നല്‍കുമ്പോഴും പിറവിയില്‍ നിന്ന് ആ പശ്ചാത്തലം ഇല്ലാതെയാകുന്നില്ല.

അരവിന്ദന്റെ തമ്പ്, കാഞ്ചന സീത, കുമ്മാട്ടി, എസ്‌തപ്പാൻ, ചിദംബരം തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ ഷാജി എന്‍ കരുണായിരുന്നു. അരവിന്ദന്റെ ദൃശ്യ ഭാഷയുടെ ഒരു തുടര്‍ച്ച ഷാജി സംവിധാനം ചെയ്‌ത ചിത്രങ്ങളില്‍ കാണാനാവും. അരവിന്ദന്റെ ചിത്രങ്ങളിലെ ദൃശ്യങ്ങളുടെ ശിൽപ ഭംഗിയിൽ ഷാജി എന്‍ കരുൺ എന്ന ഛായാഗ്രാഹകന്റെയും കൈയൊപ്പുണ്ട്. കെ ജി ജോര്‍ജിന്റെ പഞ്ചവടിപ്പാലം, ഹരിഹരന്റെ പഞ്ചാഗ്നി, സര്‍ഗം തുടങ്ങി സാമാന്യം വലിയൊരു ഛായാഗ്രഹക ജീവിതം ഷാജി എന്‍ കരുണിനുണ്ടായിരുന്നു. വിഖ്യാതമായ കാന്‍ ചലച്ചിത്ര മേളയില്‍ മൂന്നു തവണ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. പിറവിക്ക് കാമറ ദി ഓര്‍ ലഭിച്ചു (പ്രഥമ ചിത്രത്തിന് ലഭിക്കുന്ന പുരസ്‌കാരം). ‘സ്വം’ പാം ദി ഓറിന് മത്സരിച്ച ഏക മലയാള ചിത്രമാണ്. വാനപ്രസ്ഥവും കാനില്‍ പ്രദർശിപ്പിക്കപ്പെട്ടു. ഷാജി എന്‍ കരുണിന്റെ കഥാപാത്രങ്ങളില്‍ നിഴലിച്ചു നിന്നിരുന്നത് പ്രതീക്ഷയും പ്രതീക്ഷ അസ്‌തമിക്കുമ്പോഴുള്ള വിഷാദവുമാണ്. പിറവിയിലും വാനപ്രസ്ഥത്തിലും നമുക്ക് ഈ പ്രതീക്ഷയുടെയും വിഷാദത്തിന്റെയും ഇരട്ട നാടകം കാണാനാവും. മൂന്ന് പേരുടെ ഓര്‍മ്മകളിലൂടെ ഒരാളെ തിരയുന്ന കുട്ടിസ്രാങ്കും ബാക്കിയാക്കുന്നത് വിഷാദം തന്നെയാണ്. വിഷാദങ്ങളുടെ നിഴല്‍ വീണ തിര സാക്ഷ്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.

Spread the love