വിഷ വൃക്ഷത്തിന്റെ വേരറുക്കും
വിഷ വ്യക്ഷത്തിന്റെ വേരറുക്കും
പിണറായി വിജയന്‍
മുഖ്യമന്ത്രി
നമ്മുടെ സമൂഹത്തില്‍ ആഴത്തിലും വ്യാപ്‌തിയിലും വേരു പടർത്തുന്ന ലഹരി എന്ന മഹാ വിപത്തിനെതിരെ ഒറ്റക്കെട്ടായി അണി നിരക്കേണ്ട സന്ദര്‍ഭമാണിത്. ലഹരി മാഫിയയുടെ നീരാളിപ്പിടുത്തത്തില്‍ അമർന്നവരിൽ ഭൂരിപക്ഷവും യുവാക്കളും വിദ്യാർഥികളുമാണെന്നത് ഗൗരവമായി കാണണം. ജീവിതത്തിന്റെ സൗന്ദര്യം മുഴുവന്‍ നഷ്‌ടപ്പെടുത്തിയ ചെറുപ്പക്കാരെയും സ്വപ്‌നങ്ങൾ കൈമോശം വന്ന് നിസ്സഹായരായി കേഴുന്ന രക്ഷിതാക്കളെയുമല്ല കേരളത്തിനാവശ്യം. അതു കൊണ്ടു തന്നെ നാളെയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്ന ലഹരി മാഫിയ സംഘത്തിനെതിരെ അതി ശക്തമായ ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തി വരുന്നത്.
ലഹരി മാഫിയയുടെ കണ്ണികള്‍ അറുത്തെറിയുന്നതിനായി പൊലീസിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരില്‍ പഴുതടച്ച പരിശോധനകള്‍ നടത്തി വരികയാണ്. എക്സൈസ്, പൊലീസ് ഏകോപിത ശ്രമങ്ങളുണ്ടാവും. ഈ പ്രക്രിയ കൂടുതല്‍ ഊര്‍ജിതമായി തുടരുന്നതിനു തന്നെയാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള കടകളിലും മറ്റും പരിശോധനകള്‍ ഊര്‍ജിതമാക്കാനും, മുമ്പ് ഇത്തരം കേസുകളില്‍ ഉൾപ്പെട്ടിട്ടുള്ളവരുടെ വീടുകളിലും ഒളിത്താവളങ്ങളിലും കൂടുതല്‍ പരിശോധനകള്‍ നടത്താനും നിര്‍ദേശം നൽകിയിട്ടുണ്ട്. അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍, ഡി ജെ പാർട്ടികൾ എന്നിവിടങ്ങളിൽ പൊലീസിന്റെ കര്‍ശന നിരീക്ഷണമുണ്ടാവും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ലഹരി വസ്‌തുക്കൾ കടത്തുന്നത് തടയുന്നതിനായി റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കും. റെയില്‍വേ പ്ലാറ്റ്ഫോമുകളില്‍ സ്‌നിഫർ നായകളെയും നിയോഗിക്കും.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ തീരുന്ന പ്രശ്‌നമല്ല ഇത്. അതു കൊണ്ട് തന്നെ ജനമൈത്രി പദ്ധതി സജീവമാക്കുകയും, ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിനും ലഹരി മാഫിയയുടെ പ്രാദേശിക വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായി റസിഡന്റ്സ് അസോസിയേഷനുകള്‍, എന്‍ ജി ഒകള്‍, കോര്‍ഡിനേഷന്‍ കമ്മിറ്റികള്‍ എന്നിവരുമായി ചേർന്ന് പോലീസ് പ്രവര്‍ത്തിക്കും. വിദ്യാലയങ്ങളിലും ക്യാമ്പസുകളിലും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍, സ്‌കൂള്‍ പ്രൊഡക്ഷൻ ഗ്രൂപ്പുകള്‍, ആന്റി നാർക്കോട്ടിക് ക്ലബ്ബുകള്‍, ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതികള്‍ എന്നിവ സജീവമാക്കും. സോണല്‍ ഐ ജി പിയും റേഞ്ച് ഡി ഐ ജിമാരും ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം പ്രതിമാസ അവലോകനം ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
വരുന്ന അധ്യയന വര്‍ഷം മുതല്‍ വിപുലമായ ഒരു എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം പൊലീസ് ആവിഷ്‌കരിക്കുകയാണ്. ലഹരി മാഫിയയുടെ വിവരങ്ങള്‍ കുട്ടികളിൽ നിന്നും മനസ്സിലാക്കി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈമാറുന്നതിനായി പേരന്റ് ആസ് ഫസ്റ്റ് ഡിഫെന്‍ഡര്‍ എഗെന്‍സ്റ്റ് ഡ്രഗ്‌സ് എന്ന പേരില്‍ രക്ഷിതാക്കള്‍ക്ക് അവബോധ പരിപാടി സംഘടിപ്പിക്കും. രക്ഷിതാക്കളെ ലഹരി വിരുദ്ധ പോരാട്ടത്തിൽ മുന്‍ നിര പ്രതിരോധക്കാരായി പ്രാപ്‌തരാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദേശീയ പാത വികസനത്തെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട പഴയ പാതയോരങ്ങളില്‍ ലഹരി മാഫിയ പ്രവര്‍ത്തനം ശക്തമാകുന്നു എന്ന പരാതി നിലവിലുണ്ട്. ഇത്തരം സ്ഥലങ്ങള്‍ പ്രത്യേക ബ്ലാക്ക് സ്‌പോട്ടുകളായി അടയാളപ്പെടുത്തി, അവിടെ സി സി ടി വി നിരീക്ഷണം, പട്രോളിങ് എന്നിവ നടത്തും.
സമൂഹത്തില്‍ അക്രമവാസന വളരുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. കുട്ടികളിലെ കുറ്റവാസന ലോക വ്യാപകമായിത്തന്നെ വർധിക്കുന്നുണ്ട്. അതിന്റെ കാരണങ്ങളെക്കുറിച്ച് ഇവിടെയും പഠന ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ട്. കുടുംബത്തോടോ സമൂഹത്തോടോ സഹജീവികളോടോ കരുണയും കരുതലുമില്ലാത്ത നിലയില്‍ ഒറ്റപ്പെട്ട നിലയിലാണെങ്കിലും കുട്ടികൾ കാണപ്പെടുന്നുണ്ട്. പരിഹാരം കാണേണ്ട ഗൗരവതരമായ വിഷയമാണിത്. എല്ലാം മയക്കു മരുന്നു കൊണ്ടു മാത്രമാണെന്നു പറഞ്ഞാല്‍ ശരിയാവില്ല. അടച്ചിടപ്പെടുന്ന ബാല്യങ്ങള്‍, സ്നേഹ രഹിതമായ വീട്ടന്തരീക്ഷങ്ങൾ, ചില പ്രത്യേക തരം സാമൂഹിക മാധ്യമങ്ങളുടെയും അവയിലെ ഉള്ളടക്കത്തിന്റെയും സ്വാധീനങ്ങള്‍, അതിതീവ്ര മത്സര ബോധം, ധനാര്‍ത്തി തുടങ്ങി പല കാര്യങ്ങളുണ്ട്. ഇവ സമഗ്രതയില്‍ കാണാതിരുന്നു കൂട. സഹ ജീവികളോടും പ്രകൃതിയോടും കരുണയുള്ളവരായി, കരുതലുള്ളവരായി കുട്ടികളെ വളർത്തുന്നതിന് പാഠ്യ പദ്ധതിയിലടക്കം മാറ്റം വരുത്തുന്നത് ആലോചിക്കണം.
ഇങ്ങനെ മയക്കു മരുന്നുകളുടെ ഉപയോഗവും അതിന്റെ വ്യാപനം, കടത്ത്, ഇത് ലോകമാകെ നേരിടുന്നൊരു പ്രശ്‌നമാണ്. പക്ഷെ നമുക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എന്ന രീതിയില്‍, കൈയും കെട്ടി നിഷ്‌ക്രിയമായി നിന്ന് ആ പ്രശ്‌നത്തെ അവഗണിക്കാനാവില്ല. ലഹരി ഉപയോഗിക്കുന്നവരെ നാശത്തിലേക്ക് തള്ളിവിടാതെ അവരിലെ അവസാനത്തെ ആളെപ്പോലും രക്ഷപ്പെടുത്തുക എന്ന ദൗത്യമാണ് നമുക്ക് ഏറ്റെടുക്കാനുള്ളത്.
അന്താരാഷ്ട്ര മയക്കു മരുന്ന് മാഫിയയും നമ്മുടെ രാജ്യവും തമ്മിലുള്ള ബന്ധമുണ്ട്. ആ ബന്ധത്തിന്റെ കണ്ണിയറുക്കണം. അത് വളരെ പ്രധാനമാണ്. പക്ഷെ അത് പൂര്‍ണ്ണമായും നമ്മുടെ നിയന്ത്രണത്തിലല്ല. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വിമാനങ്ങളിലൂടെ, കപ്പലുകളിലൂടെ മയക്കു മരുന്ന് വലിയ തോതില്‍ കൊണ്ടിറക്കുകയാണ്. അവ നമ്മുടെ സംസ്ഥാനത്തിന്റെ അതിര്‍ത്തി കടന്ന് ഇവിടേക്ക് വരുന്നത് തടയാന്‍ പൂര്‍ണ്ണമായും നമുക്ക് കഴിയണം. അതിനുള്ള ഭരണ നടപടികള്‍ സ്വീകരിക്കാനുണ്ട്. കണക്കുകള്‍ പരിശോധിച്ചാല്‍ സംസ്ഥാനം അത് കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട് എന്ന് കാണാന്‍ നമുക്ക് കഴിയും. കേന്ദ്ര പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫെബ്രുവരി 10 ന് പ്രസിദ്ധീകരിച്ച ഒരു കണക്കുണ്ട്. അതില്‍ അവര്‍ പറയുന്നത്, ‘2024 ല്‍ 25,000 കോടി രൂപയുടെ മയക്കു മരുന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ്. ഇത് 2023 ല്‍ 16,100 കോടിയായിരുന്നു. ‘ഒറ്റ വര്‍ഷം കൊണ്ടാണ് 25,000 കോടിയിലേക്ക് ഈ വര്‍ധനവ് ഉണ്ടാകുന്നത്. ദേശീയ തലത്തില്‍ ഒരു വര്‍ഷ കാലയളവില്‍ 55 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിന്റെ കണക്കു പരിശോധിച്ചാല്‍ ഇത്ര വലിയ തോതിലില്ല എന്നു കാണാന്‍ പറ്റും. ഇവിടെ പിടിച്ചെടുത്ത മയക്കു മരുന്നിന്റെ മൂല്യം 10 കോടിക്ക് താഴെയാണ്.
മയക്കു മരുന്നിന്റെ ഇവിടേക്കുള്ള വരവിന്റെ തോത് കുറവായതു തന്നെയാണ് ഇതിനു പിന്നിലുള്ള ഘടകം. ഇത് ഈ തലത്തില്‍ നിൽക്കുന്നത് ഇവിടെ കര്‍ക്കശമായ നടപടികള്‍ ഉണ്ടാവുന്നു എന്ന് മയക്കു മരുന്ന് ലോബിക്ക് അറിയാം എന്നതു കൊണ്ടു കൂടിയാണ്. കര്‍ക്കശ നടപടികളുടെ ഭാഗമായി നമുക്ക് കാണാന്‍ കഴിയുന്ന മറ്റൊരു തെളിവ്, നമ്മുടെ രാജ്യത്ത് ഏറ്റവും ഉയർന്ന ശിക്ഷ നിരക്ക് കേരളത്തിലാണ് എന്നതാണ്. സംസ്ഥാനത്തെ മയക്കു മരുന്ന് കേസുകളില്‍ ശിക്ഷാ നിരക്ക് 98.19% ആണ്. ദേശീയ ശരാശരി 78.1% ആണ്. 20% വര്‍ധനവ് ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തിയാല്‍ ശിക്ഷാ നിരക്കിന്റെ കാര്യത്തില്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. ചില സംസ്ഥാനങ്ങള്‍ എടുത്താല്‍, തെലങ്കാന, ശിക്ഷ നിരക്ക് 25.6% ആണ്. ആന്ധ്രപ്രദേശില്‍ 25.4% ആണ്. പക്ഷേ ഇതില്‍ സമാശ്വസിച്ച് ഇരിക്കുകയല്ല നമ്മള്‍ ചെയ്യുന്നത്. നമ്മള്‍ നടപടികള്‍ തുടരുന്നു. കൂടുതല്‍ ശക്തിപ്പെടുത്തുകയും വേണം.
ഇതു പോലെയാണ് ആക്രമണോത്സുകതയുടെ കാര്യവും. ഏത് വിഭാഗത്തില്‍ നിന്നായാലും അക്രമം ഉണ്ടാവാതെ സമൂഹത്തിന്റെ സ്വസ്ഥ ജീവിതമാണ് ഉറപ്പു വരുത്തണം. കുടുംബം മുതല്‍ സമൂഹം വരെ ഭദ്രവും ശാന്തവുമാകുന്ന പൊതു സ്ഥിതി ഉറപ്പു വരുത്തുക എന്നത് പ്രധാനമാണ്. ഇക്കാര്യത്തിലും ജാഗ്രതയോടെയുള്ള ഭരണ നടപടികള്‍ ഉണ്ടാകും. പക്ഷേ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ മാത്രം പോരാ. കുട്ടികളിൽ മയക്കു മരുന്നിലേക്കും ആയുധങ്ങളിലേക്കും തിരിയുന്ന മാനസികാവസ്ഥ രൂപപ്പെടുത്തുന്നു, സാമൂഹികവും മാനസികവുമായ കാരണങ്ങള്‍ കണ്ടെത്തല്‍ പ്രധാനമാണ്. അടുത്ത കാലത്ത് വന്ന ചില വാര്‍ത്തകള്‍ പ്രകാരം, വളരെ പ്രിയപ്പെട്ട അടുത്ത ബന്ധുക്കളെ വരെ അതി ക്രൂരമായ നിലയില്‍ കൊല ചെയ്യുന്ന മനോ വിഭ്രമത്തിലേക്ക് കുട്ടികൾ എത്തിച്ചേരുകയാണ്. മയക്കു മരുന്ന് മുതല്‍ ദുര്‍മന്ത്രവാദ സമാനമായ ഓജോ ബോര്‍ഡ് കളി വരെയുണ്ട് ഇവയ്ക്ക് പിന്നിൽ. ഒപ്പം അന്ധ വിശ്വാസങ്ങളും മനോ വിഭ്രമവും തമ്മിലുള്ള ബന്ധങ്ങള്‍ അപഗ്രഥിക്കാന്‍ കഴിയേണ്ടതുണ്ട്. മയക്കു മരുന്നും ഈ മാനസികാവസ്ഥയും തമ്മിലുള്ള ബന്ധവും മനസ്സിലാക്കാന്‍ കഴിയണം. മയക്കു മരുന്ന് മാത്രമല്ല വില്ലന്‍. പല ഘടകങ്ങള്‍ ഒത്തു ചേരുന്നുണ്ട്.
ആഴുംതോറും കയത്തിലേക്ക് എന്നപോലെ വലിച്ചു താഴ്‌ത്തുന്ന ഡിജിറ്റല്‍ ലോകത്തിന്റെ ദുഃസ്വാധീനങ്ങളില്‍ കുഞ്ഞു മനസ്സുകള്‍ തിരിച്ചു വരാന്‍ ആവാത്ത വിധം പെട്ടു പോവുന്നതും ഗൗരവമായ പ്രശ്‌നമാണ്. ഡിജിറ്റല്‍ ലോകം നിഷിദ്ധമായിട്ടുള്ളതല്ല. ഡിജിറ്റല്‍ അറിവ് അവര്‍ക്ക് വേണം. എന്നാൽ അത് എത്രത്തോളം ആകാം, എങ്ങനെയാകാം അതിനെ സംബന്ധിച്ച് കൃത്യമായ അറിവ് രക്ഷിതാക്കള്‍ക്ക് തന്നെ ഉണ്ടാകേണ്ടതായിട്ടുണ്ട്. ഇതോടൊപ്പം ഹിംസയുടേതായ ഒരു ഭീകര ലോകം കുട്ടിയുടെ മുന്നിലേക്ക് തുറന്നു വരുന്നുണ്ട്. അതില്‍ ഇലക്ട്രോണിക് മീഡിയകള്‍ വഹിക്കുന്ന പങ്കുണ്ട്. ഡിജിറ്റല്‍ ഗാഡ്‌ജറ്റുകൾ ഉണ്ട് ഇതിലൂടെയൊക്കെ കുട്ടിയിലേക്ക് വല്ലാത്തൊരു സ്വാധീനം കൂടുകയാണ്. പകരം കാരുണ്യത്തിന്റെ, കനിവിന്റെ, വാല്‍സല്യത്തിന്റെ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ മാനസികാവസ്ഥ രൂപപ്പെടുത്താന്‍ കഴിയണം അതിലൂടെ കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് കടന്നു ചെല്ലാൻ പറ്റണം. അവിടെ നന്മയുടെ വെളിച്ചം നിറയ്ക്കാന്‍ കഴിയണം. ഈ ബോധത്തോടെയുള്ള സമീപനം സമൂഹത്തില്‍ ആകെയുണ്ടാകണം.
സമകാലിക പ്രശ്‌നങ്ങളിൽ ഒന്നും ഒരു തരത്തിലുള്ള താല്‍പര്യം കാണരുത് എന്ന് ചിന്തിക്കുന്നവരുണ്ട്. അങ്ങനെ ചിന്തിക്കുന്ന ചില വിദ്യാലയങ്ങളുണ്ട്. പക്ഷേ നമ്മള്‍ കാണേണ്ടത് അത്തരം വിദ്യാലയങ്ങളില്‍ അക്രമവാസന കൂടുതലാണ്. മയക്കു മരുന്ന് ഉപയോഗവും കൂടുതലായി കാണുന്നു എന്ന വസ്‌തുതയുമുണ്ട്. അത്തരം പ്രദേശങ്ങളില്‍ വിദ്യാലയങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്. മറ്റൊന്ന് കുടുംബങ്ങളില്‍ നിന്നുള്ള നടപടികളാണ്. അതിന് ഫലപ്രദമായ നടപടി വീടുകളില്‍ നിന്നു തുടങ്ങണം വിദ്യാലയത്തിലേക്ക് പടരണം. കുട്ടികളോട് എല്ലാ രീതിയിലും മനുഷ്യത്വപരമായ സമീപനമാണ് സ്വീകരിക്കുക. മയക്കു മരുന്നുകൾക്ക് അടിപ്പെട്ടു പോയവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വരിക. ഡീ അഡിക്ഷന്‍ സെന്ററുകള്‍ നല്ല നിലയ്ക്ക് നമ്മള്‍ ആരംഭിക്കുന്നുണ്ട്. അവിടെ ചികിത്സിക്കേണ്ട അവസ്ഥയില്‍ എത്തിയിട്ടുണ്ടെങ്കിൽ അവരെ നിര്‍ബന്ധമായും ചികിത്സിക്കുക. എന്നിട്ട് അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരിക എന്നതാണ് ഏറ്റവും പ്രധാനം.
സര്‍ക്കാരും പൊതു സമൂഹവും ഒന്നു ചേർന്നുള്ള പ്രവര്‍ത്തനത്തിലൂടെ ലഹരിയെന്ന വൻ വൃക്ഷത്തെ നാം പിഴുതെറിയുക തന്നെ ചെയ്യും.
തിങ്ക് ടാങ്ക് അണി നിരന്നു കര്‍മ്മ പദ്ധതി തയ്യാര്‍
കുട്ടികളുടെയും കൗമാരക്കാരുടെയും സമഗ്ര മാനസിക, സാമൂഹിക വികാസത്തിനായി സംയോജിത പ്രവര്‍ത്തന പദ്ധതി തയ്യാറാക്കുന്നതിന് സര്‍ക്കാര്‍ വിവിധ മേഖലകളിലെ വിദഗ്‌ധരെയും ഉദ്യോഗസ്ഥരെയും പ്രൊഫഷണലുകളെയും ഉള്‍പ്പെടുത്തി തിങ്ക് ടാങ്ക് രൂപവല്‍ക്കരിച്ചു. കുട്ടികളിലും കൗമാരക്കാരിലും ആക്രമണോത്സുകത വര്‍ധിച്ചു വരുന്നതായി കാണുന്ന സാഹചര്യത്തിലാണ് കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്. കര്‍മ്മ പദ്ധതിയുടെ ഭാഗമായി ദീര്‍ഘകാല, മധ്യകാല, ഹ്രസ്വകാല ലക്ഷ്യങ്ങളും തീരുമാനിച്ചു. അതിന്‍ പ്രകാരം ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചു. ഓരോ കുഞ്ഞും ലഹരി മുക്തവും സുരക്ഷിതവുമായ അന്തരീക്ഷത്തില്‍ വളർന്ന് ഉത്തരവാദിത്വമുള്ള മികച്ച പൗരനാകുന്നതിനു വേണ്ട സാഹചര്യമൊരുക്കാന്‍ കര്‍മ്മ പദ്ധതി പ്രകാരമുള്ള ശക്തമായ നടപടികളുമായി മുന്നോട്ടു പോവുകയാണ് സര്‍ക്കാര്‍.
മയക്കു മരുന്ന് വിപണനം, വ്യാപനം, വ്യാപാരം എന്നിവ തടയുന്നതിനുള്ള നടപടികള്‍, മയക്കു മരുന്ന് കേസുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള നടപടികള്‍, ലഹരിക്കെതിരെ വിവിധ വകുപ്പുകള്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍, കുട്ടികളിലെ ഓൺലൈൻ ദുരുപയോഗം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, അടിയന്തര ശ്രദ്ധയും പരിചരണവും വേണ്ട കുട്ടികളെയും യുവാക്കളെയും കണ്ടെത്തുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിനുമുള്ള നിര്‍ദേശങ്ങള്‍, വീടുകള്‍ മുതല്‍ പൊതുവിടങ്ങള്‍ വരെ ബാല സുരക്ഷിതമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം കര്‍മ്മ പദ്ധതിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും സന്നദ്ധ സേവകരും കുടുംബങ്ങളും ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്.