വിദൂര പഠനം  എല്ലാവര്‍ക്കും എപ്പോഴും

-പി.എം. മുബാറക് പാഷ

വൈസ് ചാന്‍സലര്‍

ഉന്നത വിദ്യാഭ്യാസം പ്രായഭേദമന്യേ സമൂഹത്തിലേക്ക് വ്യാപിപ്പിക്കുക എന്ന ആത്യന്തിക ലക്ഷ്യമാണ് ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല നിര്‍വഹിക്കുന്നത്. വിദൂര പഠന സാധ്യകള്‍ പരമാവധിപേരിലേക്കെത്തിക്കുന്നതിനുള്ള പഠന സമ്പ്രദായമാണ് അനുവര്‍ത്തിക്കുന്നതും. പുതിയ കാലത്തിന്റെ ആവശ്യകതകള്‍ കൂടി പരിഗണിച്ചുള്ള പാഠ്യക്രമം ഒരുക്കുന്നതിലും ബദ്ധ ശ്രദ്ധ പുലര്‍ത്തുന്നു.

2020 ലാണ് പ്രവര്‍ത്താനാരംഭം. യു.ജി.സി 2-എഫ് ല്‍ ഉള്‍പ്പെടുത്തി അംഗീകാരം നല്‍കി. അടുത്ത 10 വര്‍ഷത്തേക്കുള്ള സ്ട്രാറ്റജിക് പ്ലാന്‍ തയ്യാറാക്കി. 35 വിഷയങ്ങളില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിലവില്‍ വന്നു.

കേരളത്തിനകത്തും പുറത്തു നിന്നുമുള്ള അക്കാദമിക് പണ്ഡിതരാണ് സിലബസ് നിര്‍മ്മാണത്തിനു പിന്നില്‍. പഠന സാമഗ്രികളുടെ നിര്‍മ്മാണവും നടത്തി. നൂറിലധികം അക്കാദമിക് വിദഗ്‌ധർ പഠന സാമഗ്രികള്‍ വികസിപ്പിക്കുന്ന പ്രക്രിയയില്‍ പങ്കാളികളായി.

യു.ജി.സിയുടെ അംഗീകാരത്തിനനുസരിച്ച് പാഠ്യ പദ്ധതികള്‍ തുടങ്ങി. 2023 ജനുവരിയില്‍ ആറ് പുതിയ പാഠ്യ പദ്ധതികള്‍ക്കു കൂടി അംഗീകാരം കിട്ടി. 2022-23 അധ്യയന വര്‍ഷത്തില്‍ 13 പാഠ്യ പദ്ധതികളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കി.

degree12
പ്രവേശനം ലഭിച്ചവര്‍ക്ക് അക്കാദമിക് കൗണ്‍സലിങ്ങിനായി കേരളത്തിലെ 14 പ്രശസ്ത കലാലയങ്ങളെ ലേണര്‍ സപ്പോര്‍ട്ട്‌ സെന്റേഴ്‌സായി അംഗീകരിച്ചു.

2023-24 അധ്യയന വര്‍ഷം ആറ് ബിരുദ പ്രോഗ്രാമുകളും എട്ട് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും ആരംഭിക്കാന്‍ യു.ജി.സിക്ക് അപേക്ഷ സമര്‍പ്പിച്ചു.

പ്രാദേശികകേന്ദ്രങ്ങള്‍

തലശ്ശേരി സര്‍ക്കാര്‍ ബ്രണ്ണന്‍ കോളജ്, കോഴിക്കോട് സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, എസ്.എന്‍.ജി.എസ് കോളജ് പട്ടാമ്പി, തൃപ്പൂണിത്തുറ സര്‍ക്കാര്‍ കോളജ് എന്നിവിടങ്ങളില്‍ സര്‍വകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

പഠനകേന്ദ്രങ്ങള്‍

മാര്‍ ഇവാനിയോസ് കോളജ് (തിരുവനന്തപുരം), ഫാത്തിമ മാതാ നാഷണല്‍ കോളജ് (കൊല്ലം),  എം.എസ്.എം കോളജ് (കായംകുളം), കോളജ് ഓഫ് അപ്ലൈഡ് സയന്‍സസ് (അടൂര്‍), സര്‍ക്കാര്‍ കോളജ് (നാട്ടകം),  കോട്ടയം സര്‍ക്കാര്‍ കോളജ് (കട്ടപ്പന), മഹാരാജാസ് കോളജ് (എറണാകുളം),  സി.അച്യുത മേനോന്‍ സര്‍ക്കാര്‍ കോളജ് (തൃശൂര്‍),  എസ്.എന്‍.ജി.എസ് കോളജ് (പട്ടാമ്പി), സര്‍ക്കാര്‍ കോളജ് (മലപ്പുറം), ഫറൂക്ക് കോളജ് (കോഴിക്കോട്), സര്‍ക്കാര്‍ ബ്രണ്ണന്‍ കോളേജ് (തലശ്ശേരി), എന്‍.എം.എസ്.എം. സര്‍ക്കാര്‍ കോളജ് (വയനാട്), സര്‍ക്കാര്‍ വിദ്യാ നഗര്‍ (കാസര്‍ഗോഡ്) എന്നീ 14 പഠന കേന്ദ്രങ്ങളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

സമ്പൂര്‍ണ്ണ ബിരുദസംസ്ഥാനം

ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ വരുന്ന വര്‍ഷത്തെ ഏറ്റവും മികവാര്‍ന്നതും അര്‍ഥവത്തായതുമായ പഠന പരിപാടിയാണ് അറുപതു വയസു പൂര്‍ത്തിയാക്കുന്ന പൗരന്മാരെ എല്ലാം ബിരുദധാരികളാക്കാന്‍ ലക്ഷ്യമിട്ടുള്ളത്. എല്ലാവരും ബിരുദധാരികളാകുന്ന ആദ്യ സംസ്ഥാനം എന്ന ലക്ഷ്യ സാക്ഷാത്കാരത്തിലേക്കുള്ള പ്രയാണത്തിലാണ് സര്‍വകലാശാല.

സൂക്ഷ്‌മ സംരംഭകര്‍ക്ക് പരിശീലനം

കേരളത്തിന്റെ സാമ്പത്തിക വികസനത്തിന്റെ പുതിയ സാഹചര്യത്തില്‍ സൂക്ഷ്‌മ സംരംഭകര്‍ക്കുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി സൂക്ഷ്‌മ സംരംഭങ്ങള്‍ എന്ന പാഠ്യ വിഷയം ബിരുദ തലത്തില്‍ നടപ്പിലാക്കും. കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥിയുടെ അഭിരുചിക്കനുസരിച്ച് ഒരു ജീവനോപായ മേഖലയില്‍ പ്രായോഗിക പരിശീലനം അസാപ് കേരളയുമായി ചേര്‍ന്ന് സാധ്യമാക്കും.

വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ പഠിതാക്കളെ സംരംഭകരാക്കി മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പഠിതാക്കള്‍ക്ക് പ്രോജക്ട് റിപ്പോര്‍ട്ടും മൂലധന സമാഹരണ മാര്‍ഗങ്ങളും ലഭ്യമാക്കുന്നതും കോഴ്‌സിന്റെ ഭാഗമായി ലക്ഷ്യമാക്കുന്നു. കിലയുടെയും ജില്ലാ പഞ്ചായത്തുകളുടെയും സജീവ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുക.

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികള്‍ക്ക് ആറ് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. തുടര്‍ പഠനം സാധ്യമാകാതെ പോയവരുടെ പുനരുജ്ജീവനത്തെ ലക്ഷ്യംവെച്ചു കൊണ്ടുള്ള ബിരുദ പാഠ്യ പദ്ധതിയായ ദര്‍പ്പണം. 2023 ജനുവരിയില്‍ ആറ് പുതിയ പാഠ്യപദ്ധതികള്‍ക്കു കൂടി അംഗീകാരം കിട്ടി.
Spread the love