മുന്നേറുന്ന കേരള മാതൃക
മുന്നേറുന്ന കേരള മാതൃക
വീണാ ജോര്‍ജ്
ആരോഗ്യ, വനിത-ശിശുവികസന വകുപ്പ് മന്ത്രി
കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ തുടക്കത്തിലാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ ചുമതലയേൽക്കുന്നത്. കോവിഡ് പ്രതിരോധത്തിനായി നാം ഒരുക്കിയ സംവിധാനങ്ങളും പ്രവര്‍ത്തനങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. കോവിഡിനോടൊപ്പം നിപ, മങ്കി പോക്‌സ്, സിക തുടങ്ങിയ പകര്‍ച്ച വ്യാധികളും പകര്‍ച്ചേതര വ്യാധികളുടെ ആധിക്യവും കൂടി സമാനതകളില്ലാത്ത വെല്ലുവിളികളാണ് ഈ കാലയളവില്‍ പൊതുജനാരോഗ്യ രംഗത്ത് സൃഷ്‌ടിച്ചത്. ആ വെല്ലുവിളികളെ സുശക്തമായി നേരിട്ട് മികച്ച മുന്നേറ്റം നടത്താന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കഴിഞ്ഞു. ആരോഗ്യ രംഗത്ത് കാലോചിതമായ സമൂല മാറ്റങ്ങള്‍ എല്ലാ രംഗത്തും വരുത്താന്‍ സര്‍ക്കാരിനായി. വിവിധ ആശുപത്രികളില്‍ കിഫ്ബിയുടെ ധന സഹായത്തോടെ പതിനായിരം കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. മികവിന്റെ അംഗീകാരമെന്നോണം ഈ കാലഘട്ടത്തിൽ ആരോഗ്യ വനിതാ ശിശു വികസന വകുപ്പിന് ദേശീയ തലത്തില്‍ 28ലധികം ദേശീയവും അന്തര്‍ ദേശീയങ്ങളുമായ പുരസ്‌കാരങ്ങളും ബഹുമതികളുമാണ് ലഭിച്ചത്.
രാജ്യത്ത് ഏറ്റവും അധികം സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണ്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് 30 ലക്ഷത്തോളം പേര്‍ക്ക് ആകെ 7,000 കോടിയുടെ സൗജന്യ ചികിത്സ ലഭ്യമാക്കി. ഇതിനായി നൽകപ്പെടുന്ന ആരോഗ്യ മന്ഥന്‍ പുരസ്‌കാരം ഇക്കഴിഞ്ഞ തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളില്‍ നമുക്കായിരുന്നു. നീതി ആയോഗിന്റെ കണക്കനുസരിച്ച് ആരോഗ്യത്തിന്റെ സുസ്ഥിര ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിൽ രാജ്യത്ത് ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം മാത്രമല്ല, ഒന്നാം സ്ഥാനത്ത്, മുന്നേറിക്കൊണ്ടേയിരിക്കുന്ന സംസ്ഥാനവും കേരളം തന്നെയാണ്.
ചെലവേറിയ ശസ്ത്ര ക്രിയകള്‍ സര്‍ക്കാര്‍ മേഖലയിലും
സ്വകാര്യ മേഖലയില്‍ 40 ലക്ഷത്തിലധികം ചെലവ് വരുന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആരംഭിക്കാന്‍ കഴിഞ്ഞു. സൗജന്യമായോ മിതമായ നിരക്കിലോ ആണ് ചെയ്യുന്നത്. 2022 ഫെബ്രുവരിയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആദ്യമായി വിജയകരമായി നടന്നത്. തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും നടന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കും. സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി റോബോട്ടിക് സര്‍ജറി ആര്‍സിസിയിലും എംസിസിയിലും ആരംഭിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയയും ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും ആരംഭിച്ചു. രാജ്യത്ത് ആദ്യമായി ഹൃദയം മാറ്റി വയ്‌ക്കുന്ന ജില്ലാ തല ആശുപത്രിയായി മാറാന്‍ എറണാകുളം ജനറല്‍ ആശുപത്രിയെ സജ്ജമാക്കി. സ്‌ട്രോക്ക്, പക്ഷാഘാതം തുടങ്ങിയ നിരവധി കാരണങ്ങള്‍ മൂലം ചലന ശേഷി നഷ്‌ടമായവരെ വീണ്ടും നടത്താന്‍ പഠിപ്പിക്കുന്ന എ ഐ സാങ്കേതിക വിദ്യയോടെയുള്ള ജിഗെയ്റ്റര്‍ രാജ്യത്ത് ആദ്യമായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ചു.
കാന്‍സര്‍ മരുന്നുകൾ ഏറ്റവും കുറഞ്ഞ നിരക്കില്‍ നൽകുന്ന കാരുണ്യ സ്‌പർശം സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ് കൗണ്ടറുകള്‍ ആരംഭിച്ചു. ഇതുവരെ മൂന്ന് കോടിയോളം രൂപയുടെ മരുന്ന് വിതരണം നടത്തി. അപൂര്‍വ രോഗ ചികിത്സാ രംഗത്തെ നിര്‍ണായക ചുവടുവയ്പ്പ് ‘കേരള യുണൈറ്റഡ് എഗൈന്‍സ്റ്റ് റെയര്‍ ഡിസീസസ്’ കെയര്‍ പദ്ധതി നടപ്പിലാക്കി. സംസ്ഥാനത്ത് ആദ്യമായി ലൈസോസോമല്‍ സ്റ്റോറേജ് രോഗങ്ങള്‍ക്ക് മരുന്ന് നൽകുന്ന പദ്ധതി ആരംഭിച്ചു.
ആരോഗ്യ സ്ഥാപനങ്ങള്‍ അത്യാധുനികം, ദേശീയാംഗീകാരം
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ സെന്റര്‍ ഓഫ് എക്‌സലന്‍സായി കേന്ദ്രം ഉയര്‍ത്തി. എസ്.എ.ടി. ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയും ഉയര്‍ത്തി. ആദ്യമായി കേരളത്തിലെ മെഡിക്കല്‍ കോളേജും ദന്തല്‍ കോളേജും ദേശീയ റാങ്കിങില്‍ ഉൾപ്പെടുന്നു. ചികിത്സാപരമായും അക്കാദമിക് തലത്തിലും മെഡിക്കല്‍ കോളേജുകളില്‍ ഈ കാലഘട്ടത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതിലൊന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ സെന്ററാണ്. ഹൃദയാഘാതം ഉടനടി ചികില്‍സിച്ച് ഭേദമാക്കാന്‍ ഉതകുന്ന കാത്ത് ലാബ് സൗകര്യം സംസ്ഥാനത്ത് ഉടനീളം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ന്യൂറോ കാത്ത് ലാബ് ഉൾപ്പെടെ ഉള്‍പ്പെ’ 14.3 കോടിയുടെ സമഗ്ര സ്‌ട്രോക്ക് സെന്റര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കി. ന്യൂറോ ഇന്റര്‍വെന്‍ഷനില്‍ ഫെലോഷിപ്പ് പ്രോഗ്രാം ആരംഭിച്ചു. രാജ്യത്ത് ഏറ്റവും മികച്ച ഇന്റര്‍വെന്‍ഷന്‍ സെന്ററായി അതിനെ മാറ്റാന്‍ കഴിഞ്ഞു.
ഇന്ത്യയില്‍ ആദ്യമായി വൺ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കി. കേരള വൺ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചു. രാജ്യത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ന്യൂറോ കാത്ത്‌ലാബ് ഉൾപ്പെട്ട സമഗ്ര സ്‌ട്രോക്ക് യൂണിറ്റ് സജ്ജമാക്കി. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക് സജ്ജമാക്കി. നിര്‍ണയ ഹബ് ആന്‍ഡ് സ്‌പോക്ക് മോഡല്‍ ലാബ് നെറ്റ്‌വർക്ക് ഉടന്‍ യാഥാര്‍ഥ്യമാകും. പകര്‍ച്ച വ്യാധി-പകര്‍ച്ചേതര വ്യാധി പ്രതിരോധത്തിനും കേരള സെന്റര്‍ ഫോര്‍ ഡിസീസ് കൺട്രോൾ ആന്‍ഡ് പ്രിവന്‍ഷന്‍ അഥവാ കേരള സിഡിസി യാഥാർത്ഥ്യമാകുന്നു. സംസ്ഥാനത്ത് അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം നടപ്പിലാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ നൂതന സൗകര്യങ്ങളോടു കൂടിയ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി എസ്.എം.എ. (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി) ക്ലിനിക് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ആരംഭിച്ചു. കരള്‍ രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന് ഫാറ്റി ലിവര്‍ ക്ലിനിക് ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായി ക്രിറ്റിക്കല്‍ കെയര്‍, ജനറ്റിക്‌സ്, ജെറിയാട്രിക്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, റുമറ്റോളജി, പീഡിയാട്രിക് ഗ്യാസ്ട്രോ, ഫീറ്റല്‍ മെഡിസിന്‍ വിഭാഗങ്ങള്‍ ആരംഭിച്ചു. കോന്നി, ഇടുക്കി എന്നീ രണ്ട് മെഡിക്കല്‍ കോളേജുകള്‍ യാഥാര്‍ഥ്യമാക്കി. ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ മേഖലയില്‍ 1020 പുതിയ ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകള്‍ അനുവദിച്ചു.
ഇതുവരെ 202 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണ നിലവാര അംഗീകാരമായ എന്‍ക്യുഎഎസ് ലഭിച്ചു. 12 ആശുപത്രികള്‍ക്ക് ദേശീയ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചു.
ഇ ഹെല്‍ത്ത് പദ്ധതി വ്യാപിപ്പിച്ചു
ഇ-ഹെല്‍ത്ത് പദ്ധതി നാളിതു വരെ 684 ആശുപത്രികളില്‍ നടപ്പിലാക്കി. 5415 ആരോഗ്യ ഉപ കേന്ദ്രങ്ങളെയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി പരിവര്‍ത്തനം ചെയ്‌തത് ഈ സര്‍ക്കാരിന്റെ കാലത്താണ്. 711 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. താലൂക്ക് ആശുപത്രികളേയും ജില്ലാ ജനറല്‍ ആശുപത്രികളേയും ആര്‍ദ്രം മിഷന്റെ ഭാഗമായി ശാക്തീകരിച്ചു കൊണ്ടു വരികയാണ്. ഈ താലൂക്ക് ആശുപത്രികളില്‍ മെച്ചപ്പെട്ട ഒപി സേവനങ്ങളോടൊപ്പം സ്പെഷ്യാലിറ്റി സേവനങ്ങളും ലേബര്‍ റൂമും ഡയാലിസിസ് യൂണിറ്റും സജ്ജമാക്കി വരുന്നു.
ജില്ലാ ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങളും ലേബര്‍ റൂമും ഡയാലിസിസ് യൂണിറ്റും ട്രോമ കെയര്‍ സംവിധാനവും കാത്ത് ലാബും കാന്‍സര്‍ യൂണിറ്റുകളും സജ്ജമാക്കി വരുന്നു. മെഡിക്കല്‍ കോളേജുകളിലെ ഒ.പി സംവിധാനം ജന സൗഹൃദമാക്കാനും ശാക്തീകരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. കോവിഡ് പോലുള്ള മഹാമാരികളും പകര്‍ച്ച വ്യാധികളും നേരിടാന്‍ ലക്ഷ്യമിട്ട് ഓരോ നിയോജക മണ്ഡലത്തിലും പത്ത് കിടക്കകള്‍ വീതമുള്ള ഐസോലേഷന്‍ വാര്‍ഡുകള്‍ സൃഷ്‌ടിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. നിലവില്‍ 55 ഐസോലേഷന്‍ വാര്‍ഡുകള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തീകരിച്ചു.
അര്‍ബുദ ചികിത്സാരംഗത്ത് മാതൃകയാവുന്നു
കാന്‍സര്‍ ചികിത്സാ രംഗത്ത് സംസ്ഥാനത്ത് നിര്‍ണായക ചുവടു വെയ്പ്പ് നടത്തി. ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി സര്‍ഫസ് ഗൈഡഡ് റേഡിയേഷന്‍ തെറാപ്പി (എസ്.ജി.ആര്‍.ടി.) തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ആരംഭിച്ചു. ഗര്‍ഭാശയഗള കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള ‘സെര്‍വി സ്‌കാന്‍’ വികസിപ്പിച്ചു. സ്‌തനാർബുദം പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും ഒരു ജില്ലാ, താലൂക്ക് തല ആശുപത്രിയിലെങ്കിലും മാമോഗ്രാം, ബയോപ്‌സി, പാപ്‌സ്‌മിയർ സംവിധാനം. മലബാര്‍ കാന്‍സര്‍ സെന്ററില്‍ മജ്ജമാറ്റി വയ്ക്കല്‍ ചികിത്സയ്ക്കായി ബോൺമാരോ ഡോണര്‍ രജിസ്ട്രി ആരംഭിച്ചു.
കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാരംഭ ഘട്ടത്തിൽ തന്നെ കാൻസർ രോഗം കണ്ടു പിടിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കി. ഈ പ്രവര്‍ത്തനങ്ങളെ ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിന് കാന്‍സര്‍ കെയര്‍ ഗ്രിഡ് ഒരുക്കി. ലോകത്തിന് തന്നെ മാതൃകയായി ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ ആരംഭിച്ചു.
കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് നടത്തുന്ന സുപ്രധാന ഇടപെടലുകളുടെ ഭാഗമായി പാലിയേറ്റീവ് കെയര്‍ ഗ്രിഡ് സ്ഥാപിച്ചു. നമ്മുടെ പാലിയേറ്റീവ് പരിചരണത്തെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചു.
രോഗികള്‍ക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി 14 ജില്ലകളിലും ആരംഭിച്ചു.
സൗജന്യ സ്‌ട്രോക്ക് ചികിത്സ ലഭ്യമാകുന്ന സംവിധാനം 12 ജില്ലകളില്‍ യാഥാര്‍ഥ്യമാക്കി. എല്ലാ ജില്ലകളിലും കാത്ത് ലാബ് ചികിത്സ ഉടന്‍ യാഥാര്‍ത്ഥ്യമാകും.
ആരോഗ്യ മേഖലയെ ഹെല്‍ത്ത് ഹബ്ബായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.
ആര്‍ദ്രം ആരോഗ്യം ജീവിത ശൈലി രോഗ നിര്‍ണയ സ്‌ക്രീനിങിന്റെ രണ്ടാം ഘട്ടത്തിൽ 1.20 കോടിയോളം പേരുടെ സ്‌ക്രീനിങ് നടത്തി ആവശ്യമായവര്‍ക്ക് തുടര്‍ പരിചരണം ഉറപ്പാക്കി.
എ.എം.ആര്‍. പ്രതിരോധത്തില്‍ രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനം നടത്തി.
ആന്റി ബയോഗ്രാം പുറത്തിറക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗം 30 ശതമാനം വരെ തടയാനായി.
സര്‍ക്കാര്‍ മേഖലയില്‍ പുതുതായി എട്ട് നഴ്‌സിങ് കോളേജുകളും സിമെറ്റിന്റെ കീഴില്‍ ഏഴ് നഴ്‌സിങ് കോളേജുകളും ആരംഭിച്ചു.
ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായുള്ള കോഡ് ഗ്രേ പ്രോട്ടോക്കോൾ യാഥാര്‍ഥ്യമാക്കി.
ആയുഷ് മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തെ നീതി ആയോഗ് അഭിനന്ദിച്ചു. 150 സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭിച്ചു.
ആയുര്‍വേദ ചികിത്സാ രംഗം ശക്തിപ്പെടുത്തുന്നതിലേക്കായി പുതുതായി 116 തസ്‌തികകൾ സൃഷ്‌ടിച്ചു.
കണ്ണൂരിലെ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ആദ്യ ഘട്ടമായ ഗവേഷണ ആശുപത്രി, മാനുസ്‌ക്രിപ്റ്റ് സെന്റര്‍ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.
ആയുര്‍വേദ സാന്ത്വന ചികിത്സാ പദ്ധതിയായ സ്‌നേഹധാര മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപിച്ചു.
പൂജപ്പുര സര്‍ക്കാര്‍ പഞ്ചകര്‍മ്മ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പദ്ധതി.
വര്‍ക്കല ഗവ. പ്രകൃതി ചികിത്സാ ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 16.65 കോടി രൂപയുടെ പദ്ധതി.
ഗവേഷണ പഠനവുമായി ബന്ധപ്പെട്ട് ഹോമിയോപ്പതി വകുപ്പ് ആദ്യമായി ഹോമിയോപ്പതിയിലെ സെന്‍ട്രല്‍ കൗൺസിൽ ഓഫ് റിസര്‍ച്ചുമായി കരാറില്‍ ഒപ്പിട്ടു.
രോഗികളുടെ നിരവധി കാലത്തെ ആവശ്യമായ കിഡ്‌നി കെയര്‍ പ്രോജക്‌ട് കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനമാരംഭിച്ചു.
സ്ത്രീപക്ഷം ശിശു സൗഹൃദം
ലിംഗ സമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമായുള്ള ഐക്യരാഷ്ട്ര സ്ഥാപനമായ യു.എന്‍ വിമൺ കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. വനിതാ-ശിശു വികസന വകുപ്പിന്റെ െജന്‍ഡര്‍ പാര്‍ക്കിനു സാങ്കേതിക സഹായം നൽകുന്നതിന് ധാരണാ പത്രം ഒപ്പിട്ടു.
സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ വഴി മൂന്ന് വര്‍ഷ കാലയളവിനുള്ളില്‍ 1,42,450 പേര്‍ക്ക് തൊഴില്‍ നല്‍കി. വനിതകളെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രാപ്‌തരാക്കാൻ ഡിജിറ്റല്‍ പാഠശാല പദ്ധതി.
സ്ത്രീകള്‍ക്ക് വേണ്ടിയുള്ള റീ സ്‌കില്ലിങ് പ്രോഗ്രാം നടപ്പിലാക്കി. വിദേശത്ത് പോകുന്ന നഴ്‌സുമാര്‍ക്ക് വേണ്ടി പ്രത്യേക പരിശീലന പരിപാടി. വനിതാ വികസന കോര്‍പ്പറേഷന്‍ വായ്‌പാ വിതരണത്തില്‍ റെക്കോഡിട്ടു.
സ്ത്രീ സുരക്ഷയ്ക്കായി കനല്‍ കാമ്പയിന്‍ ആവിഷ്‌ക്കരിച്ചു. പുതിയ നിര്‍ഭയ പോളിസി കൊണ്ടു വന്നു.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പരാതി ഓൺലൈനായി നല്‍കാന്‍ ആദ്യ പോഷ് കംപ്ലയന്‍സ് പോർട്ടൽ.
ബാല്യത്തില്‍ തന്നെ പെൺകുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും വളര്‍ത്താന്‍ ധീര പദ്ധതി നടപ്പിലാക്കി. ബാല സുരക്ഷയുമായി ബന്ധപ്പെട്ടുള്ള എല്ലാ ട്രെയിനിങ് മോഡ്യൂളുകളും അടങ്ങുന്ന ഇ-ലേണിങ് പോർട്ടൽ ആരംഭിച്ചു.
നിയമവുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്ത കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ സുസ്ഥിതി ഉറപ്പാക്കുന്നതിനും കുട്ടികളെ സാമൂഹിക ക്രമവുമായി പുനഃ സംയോജിപ്പിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കാവല്‍, കാവല്‍ പ്ലസ് പദ്ധതികളെ സുപ്രീം കോടതി അഭിനന്ദിച്ചു.
സംസ്ഥാനത്തെ അങ്കണവാടി പുസ്‌തകങ്ങളുടെ ജെന്‍ഡര്‍ ഓഡിറ്റ് നടത്തി.
അങ്കണവാടികള്‍ സമ്പൂര്‍ണ വൈദ്യുതിവത്ക്കരണത്തിന് നടപടിയെടുത്തു.
204 സ്‌മാർട് അങ്കണവാടികള്‍ക്ക് അനുമതി നല്‍കി.