കവര്‍‌സ്റ്റോറി

പുത്തൻ പ്രതീക്ഷയുടെ നയപ്രഖ്യാപനം

സമകാലിക ജനപഥം 2026
ജൂൺ 1 പുസ്തകം 12 ലക്കം 11

നയപ്രഖ്യാപനം>>

കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തിൽനിന്ന്

”സാമൂഹ്യനീതിയോടുകൂടിയ സാമ്പത്തിക വളർച്ചയും പാരിസ്ഥിതിക ഉത്തരവാദിത്വത്തോടുകൂടിയ ആധുനിക അടിസ്ഥാനസൗകര്യവും മാനുഷിക സഹാനുഭൂതിയോടുകൂടിയ സാങ്കേതിക പുരോഗതിയും അവസരസമത്വവും സമന്വയിപ്പിക്കുന്ന ഒരു പുതിയ കാലഘട്ടത്തിലെ കേരളം ‘പുതുയുഗ കേരളം’ സൃഷ്ടിക്കുന്നത് സർക്കാർ വിഭാവനം ചെയ്യുന്നു. വികസനം സാധാരണ ജനതയുടെ ജീവിതത്തെ സ്പർശിക്കേണ്ടതാണെന്ന് സർക്കാർ വിശ്വസിക്കുന്നു. ഭരണ നിർവഹണം ഓഫീസുകളിലും ഫയലുകളിലും മാത്രമായി പരിമിതപ്പെടേണ്ടതല്ല”

”ഒറ്റയ്ക്ക് പ്രവർത്തിക്കുന്നതിനേക്കാൾ ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് നല്ലത്, പൊതുനന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് ഏറ്റവും നല്ലത്’ എന്ന ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഐക്യത്തിന്റെയും സഹകരണത്തിന്റെയും സമ്പന്നത സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും ഊട്ടിയുറപ്പിച്ചുകൊണ്ട് സർക്കാർ അതിന്റെ യാത്ര ആരംഭിക്കുകയാണ്.

കേരളം ഇന്ന് അതിന്റെ യാത്രയിലെ ഒരു നിർണ്ണായക ഘട്ടത്തിലാണ്. നിരവധി ദശാബ്ദങ്ങളായി നമ്മുടെ സംസ്ഥാനം ഉയർന്ന വിദ്യാഭ്യാസം, ശക്തമായ ജനാധിപത്യം, ഉയർന്ന സാമൂഹികവികസന സൂചികകൾ, ആഗോളതലത്തിൽ ശ്രദ്ധേയമായ പൊതുജനാരോഗ്യ സംവിധാനം, ഊർജ്ജസ്വലമായ സാംസ്‌കാരിക ധാർമ്മികത, പ്രബുദ്ധമായ സമൂഹം തുടങ്ങിയ ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ, സമീപകാലത്ത് സൂചകങ്ങളിൽ ചിലത് താഴ്ചയുടെ ലക്ഷണങ്ങൾ പ്രകടമാക്കുന്നു. സാക്ഷരതയിലും ആയുർദൈർഘ്യത്തിലും പൊതുപങ്കാളിത്തത്തിലും പ്രാഗൽഭ്യനിപുണതയിലും സാമൂഹ്യ സൗഹാർദത്തിലുമുള്ള അതിന്റെ നേട്ടങ്ങളിൽ കേരളം ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ശക്തികളോടൊപ്പം, അടിയന്തരവും ഉത്തരവാദിത്വപരമായ ഇടപെടൽ ആവശ്യപ്പെടുന്ന ഗുരുതരമായ വെല്ലുവിളികളും കേരളം നേരിടുന്നു. പൊതുധനകാര്യം കടുത്ത സമ്മർദ്ദത്തിലാണ്. യുവജനങ്ങളുടെ തൊഴിലില്ലായ്മ ആശങ്കയായി നിലകൊള്ളുന്നു. വർധിച്ചുവരുന്ന ജീവിതച്ചെലവ് സാധാരണ കുടുംബങ്ങൾക്കുമേൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. കർഷകർ അനിശ്ചിതമായ ഭാവിയെ അഭിമുഖീകരിക്കുകയാണ്. പരമ്പരാഗത മേഖലകൾ മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുകയാണ്.

കാലാവസ്ഥാവ്യതിയാനവും പാരിസ്ഥിതികശോഷണവും മുഖ്യ ഭീഷണികളായി ഉയർന്നു വന്നിട്ടുണ്ട്. എല്ലാ മേഖലകളിലെയും പൊതുസ്ഥാപനങ്ങൾക്ക് പുതുക്കിയ ദിശാബോധവും ഊർജ്ജസ്വലതയും പരിഷ്‌കരണവും ആവശ്യമാണ്. വെല്ലുവിളിയുടെ സന്ദർഭങ്ങൾ അവസരത്തിന്റെ സന്ദർഭങ്ങൾ കൂടിയാണെന്ന് സർക്കാർ ഉറച്ചു വിശ്വസിക്കുന്നു.

കേരളത്തിലെ ജനങ്ങൾക്ക് വിഷമഘട്ടങ്ങളെ തരണം ചെയ്യുന്നതിൽ പൊതുവായ വിവേകവും ഉൾക്കരുത്തും സാമൂഹിക ശക്തിയും ഉണ്ടെന്ന് കേരളം ആവർത്തിച്ച്  തെളിയിച്ചിട്ടുണ്ട്. ആത്മവിശ്വാസത്തോടെയും ശൂഭാപ്തിവിശ്വാസത്തോടെയുമാണ് സർക്കാർ ഭാവിയെ സമീപിക്കുന്നത്. സാമൂഹ്യനീതിയോടുകൂടിയ സാമ്പത്തിക വളർച്ചയും പാരിസ്ഥിതിക ഉത്തരവാദിത്വത്തോടുകൂടിയ ആധുനിക അടിസ്ഥാനസൗകര്യവും മാനുഷിക സഹാനുഭൂതിയോടുകൂടിയ സാങ്കേതിക പുരോഗതിയും അവസരസമത്വവും സമന്വയിപ്പിക്കുന്ന ഒരു പുതിയ കാലഘട്ടത്തിലെ കേരളം ‘പുതുയുഗ കേരളം” സൃഷ്ടിക്കുന്നത് സർക്കാർ വിഭാവനം ചെയ്യുന്നു. വികസനം സാധാരണ ജനതയുടെ ജീവിതത്തെ സ്പർശിക്കേണ്ടതാണെന്ന് സർക്കാർ വിശ്വസിക്കുന്നു. ഭരണ നിർവഹണം ഓഫീസുകളിലും ഫയലുകളിലും മാത്രമായി പരിമിതപ്പെടേണ്ടതല്ല.

ജനവിശ്വാസം ആർജ്ജിക്കുമ്പോൾ മാത്രമേ പൊതുസ്ഥാപനങ്ങൾ ശക്തമാകൂ. അതിനാൽ, സർക്കാരിന്റെ എല്ലാ വകുപ്പുകളും, ഉത്തരവാദിത്വം സംബന്ധിച്ച വ്യക്തമായ മാനദണ്ഡങ്ങൾ സ്വീകരിക്കും. കേരളം എല്ലായ്പ്പോഴും മതനിരപേക്ഷതയുടെയും സാമൂഹ്യ ഐക്യത്തിന്റെയും ജനാധിപത്യമൂല്യങ്ങളുടെയും പ്രതീകമായി നിലകൊണ്ടിട്ടുണ്ട്. ഈ മൂല്യങ്ങളെ അങ്ങേയറ്റത്തെ പ്രതിജ്ഞാബദ്ധതയോടെ സർക്കാർ സംരക്ഷിക്കും. നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയും, ജനാധിപത്യ പോരാട്ടങ്ങളിലൂടെയും കൂട്ടായ സാമൂഹ്യ മുന്നേറ്റത്തിലൂടെയുമാണ് കേരളത്തിന്റെ സാമൂഹിക പുരോഗതി കെട്ടിപ്പടുത്തിട്ടുള്ളത്. ഈ സാമൂഹികഘടന കാത്തുസൂക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെ ഭാവിക്ക് അത്യന്താപേക്ഷിതമാണ്.

വികസനം ക്ഷേമവും വിരുദ്ധ ആശയങ്ങളല്ല. ക്ഷേമ പ്രവർത്തനങ്ങൾ സമൂഹത്തിലെ നിരാലംബരായ വിഭാഗങ്ങൾക്ക് സുരക്ഷയും അന്തസ്സും പ്രദാനം ചെയ്യുമ്പോൾ സാമ്പത്തിക പുരോഗതി അവസരങ്ങൾ സൃഷ്ടിക്കേണ്ടതാണ്. നീതിപൂർവമല്ലാത്ത വികസനം അസമത്വം സൃഷ്ടിക്കുമ്പോൾ വികസനമില്ലാത്ത ക്ഷേമം സുസ്ഥിരമല്ലാതായിത്തീരുന്നു. അതിനാൽ, സന്തുലിതവും സമഗ്രവുമായ ഒരു വികസന മാതൃക സർക്കാർ പിൻതുടരും.

സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് സംബന്ധിച്ച സമഗ്രമായ ധവളപത്രം തയ്യാറാക്കുന്നതിന് ഒരു വിദഗ്ധ സമിതി രൂപീകരിക്കുക എന്നതായിരുന്നു സർക്കാരിന്റെ ആദ്യ തീരുമാനങ്ങളിലൊന്ന്. ബാധ്യതകളും തീർപ്പാക്കാതെയുള്ള പ്രതിബദ്ധതകളും സാമ്പത്തിക ബാധ്യതകളും ഉൾപ്പെടെയുള്ള സംസ്ഥാനത്തിന്റെ യഥാർഥ ധനസ്ഥിതിയെക്കുറിച്ച് കേരളത്തിലെ ജനങ്ങൾക്ക് വ്യക്തത ഉണ്ടായിരിക്കണം. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് വ്യക്തമായ ചിത്രം നൽകുന്നതിനും സുതാര്യവും ഉത്തരവാദിത്വപൂർണ്ണവുമായ സാമ്പത്തിക വീണ്ടെടുക്കൽ തന്ത്രത്തിന് അടിത്തറയിടുന്നതിനും വേണ്ടി ധവളപത്രം ജനങ്ങൾ മുമ്പാകെ സമർപ്പിക്കുന്നതാണ്.

സംസ്ഥാനം ഇന്ന് ഗുരുതരമായ സാമ്പത്തിക വെല്ലുവിളികൾ നേരിടുകയാണ്. നിലവിലുള്ള ബാധ്യതകളും സാമ്പത്തിക ഞെരുക്കവും പൊതുധനകാര്യത്തിൽ കടുത്ത സമ്മർദ്ദം സൃഷ്ടിച്ചിട്ടുണ്ട്. ഈ യാഥാർഥ്യങ്ങളെ സത്യസന്ധതയോടും ഉത്തരവാദിത്വത്തോടുംകൂടി സർക്കാർ നേരിടും. അതേസമയം, ദരിദ്രർക്കും നിരാലംബർക്കും വേണ്ടി ക്ഷേമ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ച ചെയ്യുകയില്ല. സാമൂഹ്യസുരക്ഷാപെൻഷനുകൾ, പൊതുജനാരോഗ്യം, വിദ്യാഭ്യാസ സഹായം, ക്ഷേമപരിപാടികൾ എന്നിവ മുന്തിയ പരിഗണനയോടുകൂടി തുടരുന്നതാണ്.

ഇന്ത്യൻ ഫെഡറലിസത്തിന്റെ ചട്ടക്കൂടിനുള്ളിലെ കേരളത്തിന്റെ അവകാശങ്ങൾ, ഭാരതത്തിന്റെ ഭരണഘടനയുടെ നെടുംതൂണുകളിന്മേൽ സംരക്ഷിക്കപ്പെടേണ്ടതാണ്. കേന്ദ്രസർക്കാരിൽ നിന്നും അവകാശപ്പെട്ട സാമ്പത്തിക വിഹിതവും, ന്യായവും നീതിയുക്തവുമായ പരിഗണനയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ ശക്തിപ്പെടുത്തും. കേരളത്തിന്റെ ഭരണഘടനാപരവും സാമ്പത്തികവുമായ അവകാശങ്ങൾ ദൃഢമായി സംരക്ഷിക്കുന്നതിനോടൊപ്പം സഹകരണ ഫെഡറലിസത്തിലും കേന്ദ്രസർക്കാരുമായുള്ള ക്രിയാത്മകമായ ഇടപെടലുകളിലും സർക്കാർ ഉറച്ച് വിശ്വസിക്കുന്നു.

ഇന്ദിരാ ഗ്യാരന്റി

സർക്കാർ പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റികൾ കേരളത്തിലെ ജനങ്ങളോടുള്ള അതിന്റെ സാമൂഹിക പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു. സർക്കാർ അധികാരമേറ്റ അതേദിവസം തന്നെ സംസ്ഥാനത്തുടനീളമുള്ള കെ.എസ്.ആർ.ടി.സി. ബസ്സുകളിൽ കേരളത്തിലെ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചു.

പ്രതിമാസം 1000 രൂപ വീതം കോളേജ് വിദ്യാർഥിനികൾക്ക് അവരുടെ വിദ്യാഭ്യാസ സഹായമായി നൽകും.
അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും ക്ഷേമപെൻഷൻ പ്രതിമാസം 3,000 രൂപയായി ഉയർത്തും.
‘ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി’ പ്രകാരം കേരളത്തിലെ ഓരോ കുടുംബത്തിനും പ്രതിവർഷം 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ.
സംരംഭകരാകാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്ക് 5 ലക്ഷം രൂപ പലിശരഹിത വായ്പ.
മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ തന്നെ, രാജ്യത്താദ്യമായി വയോജനങ്ങളുടെ ക്ഷേമത്തിനായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കാൻ തീരുമാനിച്ചു.

സ്വപ്ന പദ്ധതികൾ

കേരളത്തിന്റെ 600.15 കിലോമീറ്റർ ദൈർഘ്യമുള്ള തീരദേശം, 44 നദികൾ, 34 തടാകങ്ങൾ, നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ എന്നിവയുടെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് സംയോജിത വികസന പദ്ധതി നടപ്പിലാക്കും. സംസ്ഥാനത്തെ സംയോജിത തുറമുഖ കേന്ദ്രമാക്കി മാറ്റും. കേരളത്തിന്റെ വ്യോമയാന മേഖലയെ സമഗ്രമായി വികസിപ്പിക്കും. ദക്ഷിണേഷ്യയിലെ സിവിൽ വ്യോമയാനത്തിന്റെ പ്രധാന കേന്ദ്രമായി കേരളത്തെ മാറ്റുന്നതിന് വ്യോമയാന അടിസ്ഥാന സൗകര്യ പദ്ധതികൾ വികസിപ്പിക്കും. പതിനായിരത്തിലധികം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഉന്നത തലത്തിലുള്ള മത്സരക്ഷമത കൈവരാൻ പ്രാപ്തമാക്കുന്നതിന് സമഗ്ര പിന്തുണ നൽകും.

കൃഷി വകുപ്പ്

കർഷക വരുമാനം മെച്ചപ്പെടുത്തുന്നതിനും സംഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും തറവില പുതുക്കുന്നതിനും നെല്ല്, തേങ്ങ, റബ്ബർ, മറ്റ് കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് സമയബന്ധിതവും ന്യായവുമായ വില ഉറപ്പാക്കുന്നതിനും നടപടി.
മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിന് നഷ്ടപരിഹാര സംവിധാനങ്ങളും ഫലപ്രദമായ പ്രതിരോധ സംവിധാനങ്ങളും ശക്തിപ്പെടുത്തും.
ഓരോ പഞ്ചായത്തിലും വനിതാ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതി.
ഈ വർഷം വനിതാ കർഷക കൺസോർഷ്യം ആരംഭിക്കും.
സമഗ്ര മണ്ണ് പരിശോധന നയം അവതരിപ്പിക്കുകയും മണ്ണ്-പരിശോധന രജിസ്റ്റർ ആരംഭിക്കുകയും ചെയ്യും.
കയറ്റുമതി അധിഷ്ഠിത സുഗന്ധവ്യഞ്ജന ഉൽപ്പാദനത്തിനായി മേഖല തിരിച്ചുള്ള പദ്ധതികൾ.
പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ സുഗന്ധവ്യഞ്ജന പാർക്കുകളും സംഭരണ കേന്ദ്രങ്ങളും പ്രോത്സാഹിപ്പിക്കും.
ജി.ഐ-ടാഗ് ചെയ്ത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും വിപണനവും വർധിപ്പിക്കുന്നതിന് പ്രത്യേക പരിപാടികൾ.
ഡിജിറ്റൽ വിള സർവേകൾ പൂർണ്ണമാക്കും.
ഉപഭോക്തൃ വിലയിൽ കർഷകരുടെ പങ്ക് വർധിപ്പിക്കുന്നതിനായി ഡിജിറ്റൽ മാർക്കറ്റിങ് പ്ലാറ്റ്‌ഫോം.

പിന്നാക്ക വിഭാഗ വികസന വകുപ്പ്
ഡോക്ടറൽ ഗവേഷകർക്ക് വർധിപ്പിച്ച ഫെലോഷിപ്പുകൾ വിതരണം ചെയ്യും.
റിസർച്ച് കണ്ടിജൻസി ഗ്രാന്റുകൾ അനുവദിക്കും.
എളുപ്പത്തിൽ ലഭ്യമാകുന്ന പലിശ കുറഞ്ഞതുമായ വായ്പാ പദ്ധതികൾ രൂപപ്പെടുത്തും.
പിന്നാക്ക വിഭാഗങ്ങളിൽപ്പെടുന്ന വിശിഷ്ട വ്യക്തികളുടെയും സാമൂഹിക പരിഷ്‌കർത്താക്കളുടെയും പൈതൃകം
സംരക്ഷിക്കുന്നതിനായി പഠന, ഗവേഷണ സ്ഥാപനങ്ങൾ.

സഹകരണ വകുപ്പ്
നിക്ഷേപകർക്കും വായ്പ എടുക്കുന്നവർക്കും സഹകാരികൾക്കും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്ന സംവിധാനങ്ങൾ 1969-ലെ കേരള സഹകരണ സംഘം ആക്ടിൽ ഉൾപ്പെടുത്തും.
സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾ അഴിമതിരഹിതവും സുതാര്യവുമാണെന്ന് ഉറപ്പാക്കാൻ സഹകരണ വിജിലൻസ് വിങിനെ ശക്തിപ്പെടുത്തും.

സാംസ്‌കാരിക വകുപ്പ്
ചലച്ചിത്രനിർമ്മാണം, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ്‌സ്, ഗെയിമിങ്, ഡിജിറ്റൽ മീഡിയ, കണ്ടെന്റ് ക്രിയേഷൻ ഇൻഡസ്ട്രി എന്നിവയെ ഒരൊറ്റ കാമ്പസിൽ കൊണ്ടുവരുന്ന മീഡിയ സിറ്റിയും ക്രിയേറ്റീവ് ഇൻഡസ്ട്രീസ് ഹബ്ബും വികസിപ്പിക്കും.
ആനിമേഷനെയും വി.എഫ്.എക്‌സ്. മേഖലയെയും പ്രത്യേകമായി പിന്തുണയ്ക്കും.
പരമ്പരാഗത കലാരൂപങ്ങൾക്കും കലാകാരന്മാരുടെ ക്ഷേമത്തിനും ഗ്രാമീണ ലൈബ്രറികൾക്കും വേണ്ടി
പ്രത്യേക പദ്ധതികൾ നടപ്പിലാക്കും.
കല, സാഹിത്യം, സംസ്‌കാരം, നാട്ടറിവ്, ഗോത്ര സംസ്‌കാരം എന്നിവയുൾപ്പെടെയുള്ള പൈതൃക സമ്പത്തിനെ സംരക്ഷിക്കുന്നതിന് സംസ്ഥാന പ്ലാൻ ഫണ്ട് വിഹിതം വർധിപ്പിക്കും.
60 വയസ്സിന് മുകളിലുള്ള സാംസ്‌കാരിക പ്രവർത്തകർക്ക് പെൻഷനും ആരോഗ്യ ഇൻഷുറൻസും.
ഡിജിറ്റൽ ആർട്ട് മ്യൂസിയങ്ങൾ സ്ഥാപിക്കും, അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.
പരമ്പരാഗത ജീവിതം, ചരിത്രം, കല, സംസ്‌കാരം എന്നിവ പ്രതിഫലിപ്പിക്കുന്ന ലിവിങ് മ്യൂസിയം സ്ഥാപിക്കും.

ദേവസ്വം വകുപ്പ്
പ്രധാന ക്ഷേത്രങ്ങളെ ഏകീകൃത തീർഥാടന സർക്യൂട്ടായി ബന്ധിപ്പിക്കുന്ന മലബാർ ടെമ്പിൾ പിൽഗ്രിം പ്രോജക്റ്റ് (Malabar Temple Pilgrim Project) നടപ്പിലാക്കും.
എല്ലാ ദേവസ്വം സ്ഥാപനങ്ങളിലും ഇക്കോഫ്രണ്ട്‌ലി ആക്‌സിഡന്റ് സേഫ് യാത്ര-ഈസി (EASY) ദർശൻ പ്രോജക്റ്റ് നടപ്പിലാക്കും.

വിദ്യാഭ്യാസ വകുപ്പ്
എല്ലാ ജില്ലകളിലെയും പ്ലസ് ടു സീറ്റുകളുടെ എണ്ണം ആവശ്യകതയുടെ അടിസ്ഥാനത്തിൽ വർധിപ്പിക്കും.
അക്കാദമിക് പലായനം കുറയ്ക്കുന്നതിനും പ്രാഗത്ഭ്യമുള്ള വിദ്യാർഥികളെ കേരളത്തിൽ നിലനിർത്തുന്നതിനും
സംസ്ഥാനത്ത് ആഗോളതലത്തിൽ മത്സരാധിഷ്ഠിതമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വികസിപ്പിക്കും.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഭരണസംബന്ധവും ഭരണ നിർവഹണപരവുമായ പ്രശ്‌നങ്ങൾ ഏകോപിപ്പിക്കുന്നതിന് പരമോന്നത സമിതിയായി അക്കാദമിക് സിൻഡിക്കേറ്റ് രൂപീകരിക്കും.
വിദ്യാർഥികളെയും വ്യവസായത്തെയും ബന്ധിപ്പിക്കുന്ന സംസ്ഥാന വ്യാപക അപ്രന്റീസ്ഷിപ്പ് എക്‌സ്‌ചേഞ്ച്
പ്ലാറ്റ്‌ഫോം വികസിപ്പിക്കും.
വിദ്യാർഥികൾക്കിടയിൽ ശാസ്ത്രാവബോധം വളർത്തുന്നതിന് ജവഹർലാൽ നെഹ്‌റു സയന്റിഫിക് സെന്ററുകൾ.
‘സെമസ്റ്റർ ഇൻ കേരള’ പാഠ്യപദ്ധതി ആവിഷ്‌കരിക്കും, അക്കാദമിക് ടൂറിസം ശക്തിപ്പെടുത്തും.

പരിസ്ഥിതി വകുപ്പ്
ക്ലീൻ എനർജി ഇനിഷ്യേറ്റീവ്‌സ് (Clean Energy Initiatives), ഇലക്ട്രിക് മൊബിലിറ്റി, പാരിസ്ഥിതിക ഉത്തരവാദിത്വമുള്ള വ്യാവസായിക വികസനം എന്നിവ പ്രോത്സാഹിപ്പിക്കും.
കാലാവസ്ഥാപ്രതിരോധം, മാലിന്യ സംസ്‌കരണം, ജലസംരക്ഷണം, നദീ സംരക്ഷണം, സുസ്ഥിര നഗരാസൂത്രണം എന്നിവയ്ക്ക് എല്ലാ ബജറ്റുകളിലും എല്ലാ വികസന പരിപാടികളിലും മുൻഗണന.
അക്കാദമിക് പാഠ്യപദ്ധതിയിൽ പരിസ്ഥിതിക്കും സുസ്ഥിരതയ്ക്കും ഊന്നൽ.

എക്‌സൈസ് വകുപ്പ്
മെച്ചപ്പെട്ട നിർവഹണ ശേഷി, ഡിജിറ്റൽ നിരീക്ഷണ ഉപകരണങ്ങൾ, ശക്തിപ്പെടുത്തിയ ഇന്റലിജൻസ് ശൃംഖലകൾ, സൈബർ മോണിറ്ററിങ് സമ്പ്രദായങ്ങൾ എന്നിവയിലൂടെ മയക്കുമരുന്നിന്റെയും നിയമവിരുദ്ധ പദാർഥങ്ങളുടെയും വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുന്നതിനും സംഘടിത മയക്കുമരുന്ന് ശൃംഖലകളെ ഇല്ലാതാക്കുന്നതിനും പ്രത്യേക പരിശീലനം നൽകി വകുപ്പിനെ ആധുനികവൽക്കരിക്കും.
ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനെതിരായ നയം മൂന്ന് തുല്യ സ്തംഭങ്ങളിൽ അധിഷ്ഠിതമായിരിക്കും – വിതരണ ശൃംഖലകളെ ഇല്ലാതാക്കുന്നതിനുള്ള ശക്തമായ നിർവഹണം, ആവശ്യകത കുറയ്ക്കുന്നതിന് സുസ്ഥിരമായ അവബോധവും സ്വഭാവമാറ്റം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ, ഇതിനകം ബാധിച്ചവരെ പിന്തുണയ്ക്കാൻ പുനരധിവാസ കേന്ദ്രീകൃത പൊതുജനാരോഗ്യ സമീപനം.
വർധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ദുരുപയോഗ ഭീഷണിയിൽനിന്നും കുട്ടികളെയും യുവജനങ്ങളെയും സംരക്ഷിക്കുന്നതിന് പ്രത്യേക ശ്രദ്ധ. ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ ഏകോപനത്തോടെ സംസ്ഥാനവ്യാപക ലഹരിവിരുദ്ധ ദൗത്യം.
ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനെതിരെ ശക്തവും സമഗ്രവുമായ നയം പിന്തുടരും. ഘട്ടം ഘട്ടമായി മദ്യ ഉപഭോഗം കുറയ്ക്കുക ലക്ഷ്യം.

ധനകാര്യ വകുപ്പ്
പൊതുവായ ധനകാര്യത്തെ സുതാര്യതയോടും ധനസംബന്ധമായ ഉത്തരവാദിത്വത്തോടും, ജനങ്ങളുടെ ക്ഷേമത്തിനായുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയോടും കൂടി സമീപിക്കും.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സമഗ്രമായ ധവളപത്രം തയ്യാറാക്കുന്നതിനായി വിദഗ്ദ്ധ സമിതി രൂപീകരിച്ചു.

മത്സ്യബന്ധന വകുപ്പ്

മിഷൻ സമുദ്രയ്ക്ക് കീഴിൽ യാനങ്ങൾ നവീകരിക്കും.
ജനകീയ മത്സ്യകൃഷിയുടെ വ്യാപ്തി, വനാമി ചെമ്മീൻ കൃഷി, കടൽജീവി കൃഷി എന്നിവ വിപുലീകരിക്കും.
വിത്ത് പര്യാപ്തത, നഷ്ടസാധ്യത കുറയ്ക്കുന്നതിന് കർഷകർക്ക് വിള ഇൻഷുറൻസ്.
കടലിൽ മരണപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് പുതിയ പരിരക്ഷ, മാരകമായ രോഗങ്ങൾക്കുള്ള ചികിത്സ തുടരൽ, പീലിങ് തൊഴിലാളികൾക്കുള്ള ക്ഷേമപദ്ധതി ഉൾപ്പെടെ ഗ്രൂപ്പ് ഇൻഷുറൻസ്, ക്ഷേമ പെൻഷനുകൾ, സേവിങ്‌സ്-കം-റിലീഫ് സപ്പോർട്ട് എന്നിവ വിപുലീകരിക്കും.
നിക്ഷേപ താൽപര്യങ്ങളെ പ്രായോഗിക തലത്തിൽ എത്തിക്കുന്നതിനായി ബ്ലൂ ഇക്കോണമി സെല്ലും കേരള-ഇ.യു. ജോയിന്റ് വർക്കിങ് ഗ്രൂപ്പും.
തീരദേശ പരിസ്ഥിതി വികസന സമിതികൾ മുഖേന പെസ്‌കാ ടൂറിസത്തെ പ്രോൽസാഹിപ്പിക്കും.

ഭക്ഷ്യവും സിവിൽ സപ്ലൈസും വകുപ്പ്
അവശ്യവസ്തുക്കളുടെ കൃത്രിമ വിലക്കയറ്റം തടയുന്നതിനായി വില നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തും.
തിരഞ്ഞെടുത്ത സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ ആധുനികവൽക്കരിക്കും.
സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ/റേഷൻ കടകൾ എന്നിവയുടെ എണ്ണം വർധിപ്പിക്കും.

വനം വന്യജീവി വകുപ്പ്
മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിന് കാര്യക്ഷമവും മാനുഷികവുമായ നടപടികൾ സ്വീകരിക്കും.
പഴയ റിസർവ് – വന വിജ്ഞാപനങ്ങൾ മൂലം ബാധിക്കപ്പെട്ട കർഷകരുടെ ഭൂമിയിന്മേലുള്ള അവകാശം സംരക്ഷിച്ചുകൊണ്ട് കാർഷിക ഭൂമിയും വനഭൂമിയും തമ്മിലുള്ള അതിർത്തി നിർണ്ണയിക്കുന്നതിനുള്ള നടപടി ഏറ്റെടുക്കും.
മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും സമാധാനപരമായ സഹവർത്തിത്വം ഉറപ്പുവരുത്തുന്നതിനുമായി നിയന്ത്രണവിധേയമാക്കൽ, ലഘൂകരിക്കൽ, നഷ്ടപരിഹാരം നൽകൽ എന്നിങ്ങനെയുള്ള ത്രിതല തന്ത്രത്തിലൂടെ കൈകാര്യം ചെയ്യും.
വന്യജീവികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന കൊണ്ടാണോ വന ആവാസ മേഖലയ്ക്കുള്ളിലെ ഭക്ഷണ സ്രോതസ്സുകളുടെ ദൗർബല്യം അല്ലെങ്കിൽ കുടിവെള്ളക്ഷാമം കൊണ്ടാണോ ഇത്തരം സംഭവം ഉണ്ടാകുന്നത് എന്നുള്ളത് നിർണ്ണയിക്കുന്നതിന് വിശദമായ പഠനങ്ങൾ.

ആരോഗ്യ വകുപ്പ്
മതിയായ ശ്രദ്ധ ലഭിക്കാതിരുന്ന പ്രധാന പൊതുജനാരോഗ്യ സ്ഥാപനങ്ങളെ പുനഃസ്ഥാപിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് മുന്തിയ പരിഗണന.
മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, ഉപകരണങ്ങൾ, മരുന്നുകളുടെ ലഭ്യത, മനുഷ്യവിഭവശേഷി പിന്തുണ എന്നിവ ഉറപ്പാക്കും.
എല്ലാ തലങ്ങളിലുമുള്ള ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളെയും ആധുനികവൽക്കരിക്കും.
ജീവിതശൈലി രോഗങ്ങൾ, ക്യാൻസർ പരിചരണം, മാതൃ-ആരോഗ്യം, ശിശു-പോഷണം, സാമൂഹ്യ അധിഷ്ഠിത ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ, പ്രതിരോധ ആരോഗ്യ സംരക്ഷണം, മാനസികാരോഗ്യ സേവനങ്ങൾ, പാലിയേറ്റീവ് പരിചരണം, വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും.
ഗുണമേന്മയുള്ളതും ചെലവ് കുറഞ്ഞതുമായ ആരോഗ്യ സേവനങ്ങളുടെ പ്രധാന കേന്ദ്രമായി കേരളത്തെ ഉയർത്തിക്കൊണ്ട് വരുന്നതോടൊപ്പം, മെഡിക്കൽ വിദ്യാഭ്യാസം, നഴ്‌സിങ് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണ രംഗത്തെ ഗവേഷണം എന്നിവ ശക്തിപ്പെടുത്തും.

ആഭ്യന്തര വകുപ്പ്
മയക്കുമരുന്ന് ശൃംഖല പൂർണ്ണമായും ഉന്മൂലനം ചെയ്യുന്നതിന് കേരള പോലീസിന്റെ പുതിയ ദൗത്യം ‘ഓപ്പറേഷൻ തൂഫാൻ’.
അന്തർ-സംസ്ഥാന വിതരണശൃംഖലകൾ വിഘടിപ്പിക്കുന്നതിനും ആസ്തികൾ സ്ഥിരമായി മരവിപ്പിക്കുന്നതിനും എൻഡിപിഎസ് ആക്ട്, പിഐടിഎൻഡിപിഎസ് ആക്ട് എന്നിവ പോലുള്ള സ്റ്റാറ്റിയൂട്ടറി നിയമങ്ങൾ ആയുധമാക്കും.
പ്രൊഫഷണലിസം, സുതാര്യത, ഉത്തരവാദിത്വം, പൗര-സൗഹൃദ പോലീസിങ് എന്നിവയിൽ ഊന്നൽ നൽകിക്കൊണ്ട് പോലീസ് സംവിധാനം ആധുനികവൽക്കരിക്കും
ഓൺലൈൻ മയക്കുമരുന്ന് ശൃംഖലകളുടെ സൈബർ നിരീക്ഷണം ഉൾപ്പെടെ വിദഗ്ധ എൻഫോഴ്‌സ്‌മെന്റിനായി പ്രത്യേക സ്റ്റേറ്റ് നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് ബ്യൂറോ സ്ഥാപിക്കും. എൻഫോഴ്‌സ്‌മെന്റ്, ബോധവൽക്കരണം, പുനരധിവാസം എന്നിവ ഉൾപ്പെടുന്ന സമഗ്രമായ ത്രിമുഖ കർമ്മ പദ്ധതി നടപ്പിലാക്കും.
വർധിച്ചുവരുന്ന ഡിജിറ്റൽ തട്ടിപ്പ് ഭീഷണി പ്രതിരോധിക്കുന്നതിനായി കർശനവും ശാസ്ത്രീയവുമായ നടപടികൾ സ്വീകരിക്കും.

വിവര സാങ്കേതികവിദ്യാ വകുപ്പ്
‘ഇലക്ട്രോണിക്‌സ് ആൻഡ് ഐ.ടി വകുപ്പിനെ’ ‘കേരള ടെക്’ എന്ന പുതിയ ബ്രാൻഡോടുകൂടി ‘ഐ.ടി, ഫ്യൂച്ചർ ടെക്‌നോളജീസ് ആൻഡ് സ്റ്റാർട്ടപ്പ് വകുപ്പ്’ എന്ന് പുനർനാമകരണം ചെയ്യും.
‘കേരള I.T മിഷനെ’, കേരള AI മിഷനും കേരള എമർജിങ് ടെക്‌നോളജീസ് മിഷനും ഉൾപ്പെടുത്തിക്കൊണ്ട് ‘ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ മിഷൻ’ എന്ന് മാറ്റം വരുത്തും.
സെമികണ്ടക്ടർ ഇനിഷ്യേറ്റീവിനെ മുന്നോട്ട് നയിക്കാൻ ‘ദി ഇലക്ട്രോണിക്‌സ് ആൻഡ് സെമികണ്ടക്ടർ മിഷനെ’ചുമതലപ്പെടുത്തും.
ഡിജിറ്റൽ സാങ്കേതിക വിദ്യകളും എഐയും ഉപയോഗിച്ച് ഡിജിറ്റൽ ഗവൺമെന്റ് മാതൃക രൂപീകരിക്കും.
ഇൻഫർമേഷൻ ടെക്‌നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രോണിക്‌സ്, ബയോടെക്‌നോളജി, ടൂറിസം, ലോജിസ്റ്റിക്‌സ്, ക്രിയേറ്റീവ് ഇൻഡസ്ട്രീസ്, നോളജ് എക്കോണമി എന്നിവയ്ക്ക് ഉയർന്ന നയപരമായ മുൻഗണന നൽകും.
നിലവിലുള്ള ഐടി പാർക്കുകൾ വിപുലീകരിക്കുകയും പുതിയ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

വ്യവസായ വകുപ്പ്
സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ ഉപയോഗിച്ച് സംസ്ഥാനത്ത് ലാൻഡ് ബാങ്കിന്റെ രൂപീകരണത്തിന് മുൻഗണന നൽകും.
ഉയർന്ന മൂല്യമുള്ള നിക്ഷേപങ്ങൾ ലക്ഷ്യമിട്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ബോർഡ് രൂപീകരിക്കൽ, ഇന്റഗ്രേറ്റഡ് ഡിജിറ്റൽ സിംഗിൾ വിൻഡോ ക്ലിയറൻസ് പ്ലാറ്റ്‌ഫോമായി കെസ്വിഫ്റ്റിന്റെ ആധുനികവൽക്കരണം, വേഗതയിലും സമയബന്ധിതവുമായ അനുമതിക്കായി കേരള സംസ്ഥാന ഏകജാലക ക്ലിയറൻസ് ബോർഡിന്റെ ശാക്തീകരണം, മെച്ചപ്പെടുത്തിയ പ്രോജക്റ്റ് ഫെസിലിറ്റേഷൻ സംവിധാനം എന്നിവയിലൂടെ നിക്ഷേപകരുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തും.

സമഗ്രമായ വ്യാവസായികവൽക്കരണം ഉറപ്പാക്കാൻ എംഎസ്എംഇ കൾക്കും പരമ്പരാഗത മേഖലകൾക്കും നൽകുന്ന പിന്തുണയോടൊപ്പം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോ ടെക്‌നോളജി, മെഡിക്കൽ ഉപകരണങ്ങൾ, ഗ്രീൻ എനർജി, ഇലക്ട്രോണിക്‌സ് ആൻഡ് സ്‌പേസ് ടെക്‌നോളജി എന്നീ വളർന്നുവരുന്ന മേഖലകളുടെ ഉന്നമനത്തിനും കേന്ദ്രീകൃത ശ്രമങ്ങൾ ഏറ്റെടുത്തുവരുന്നു.
ഇഎസ്ജി പിന്തുണയുള്ള വ്യാവസായിക ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിന് പ്രതിജ്ഞാബദ്ധമായിരിക്കും.

തൊഴിലും നൈപുണ്യവും വകുപ്പ്
അതിഥി തൊഴിലാളികൾക്ക് കാര്യക്ഷമവും സുഗമവുമായ പിന്തുണ ലഭ്യമാകുന്നതിന്, ബന്ധപ്പെട്ട വകുപ്പുകൾക്കിടയിൽ ഏകോപനവും എല്ലാ വകുപ്പുതല സേവനങ്ങളുടെ സംയോജനവും ഉറപ്പാക്കി, ഒരു ഏകീകൃത പോർട്ടൽ വഴി രജിസ്‌ട്രേഷൻ പ്രക്രിയ നടപ്പിലാക്കും
വിവിധ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലുടനീളം ഉൽപാദന കേന്ദ്രങ്ങൾ സ്ഥാപിക്കും.
ഹബ് ആൻഡ് സ്‌പോക്ക് മാതൃകയിലൂടെ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളെ ആധുനികീകരിക്കും.
എല്ലാ മേഖലയിലുമുള്ള തൊഴിലാളികൾക്ക് വ്യക്തിയധിഷ്ഠിത, ബഹുഭാഷാ, തൊഴിൽ സുരക്ഷാ ആരോഗ്യ പരിശീലനം നൽകുന്നതിന് ഒരു എഐ ഇന്റഗ്രേറ്റഡ് വെർച്വൽ ട്രെയിനിങ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കും.

തദ്ദേശ സ്വയംഭരണ വകുപ്പ്
കൂടുതൽ സാമ്പത്തിക സഹായവും വർധിപ്പിച്ച അധികാര കൈമാറ്റവും ശാക്തീകരിക്കപ്പെട്ട വികേന്ദ്രീകൃതാസൂത്രണവും വഴി വികേന്ദ്രീകൃത ഭരണസംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തും.
കേരളത്തിന്റെ പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ ജനാധിപത്യ ശക്തി എല്ലാ കേരളീയരുടെയും ദൈനംദിന അനുഭവത്തിൽ ഗണ്യമായ പുരോഗതിയിലേക്ക് നയിക്കുന്നതിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക്
പുനഃസ്ഥാപിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും.

ന്യൂനപക്ഷ ക്ഷേമ വകുപ്പ്
ഹജ്ജ് തീർത്ഥാടനം സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട ഭരണ സംവിധാനങ്ങൾ, വഖഫ് ആസ്തികളുടെ സംരക്ഷണവും പരിപാലനവും, വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളുടെ ആധുനികവൽക്കരണം എന്നിവയ്ക്ക് പ്രഥമ പരിഗണന നൽകും.

നോർക്ക (കേരളീയ പ്രവാസി കാര്യ വകുപ്പ്)
സംസ്ഥാനത്തിന്റെ വളർച്ചയിലും പുരോഗതിയിലും കേരളത്തിന്റെ പ്രവാസി സമൂഹം നൽകിയിട്ടുള്ള വലിയ സംഭാവനയെ ആഴത്തിൽ വിലമതിക്കുകയും അവരുടെ ക്ഷേമത്തിനും പുനരധിവാസത്തിനും നിക്ഷേപ പങ്കാളിത്തത്തിനുമുള്ള പദ്ധതികൾ ശക്തിപ്പെടുത്തുന്നത് തുടരുകയുംചെയ്യും.
പ്രവാസി ജോലിക്കാർക്ക് വേണ്ടിയുള്ള ക്ഷേമ പ്രവർത്തനങ്ങളും മടങ്ങി വന്നിട്ടുള്ള വിദേശവാസികൾക്ക് വേണ്ടിയുള്ള പുനരധിവാസ പദ്ധതികളും കേരളത്തിന്റെ വികസനത്തിൽ ഫലപ്രദമായ പ്രവാസി നിക്ഷേപത്തിന് ഘടനാപരമായ മാർഗങ്ങൾ വികസിപ്പിക്കുകയും കൂടുതൽ പ്രാപ്യമാക്കുകയുംചെയ്യും.

ഊർജ്ജ വകുപ്പ്
സൗരോർജ്ജം, കാറ്റിൽ നിന്നുള്ള വൈദ്യുതി, മറ്റ് മാർഗങ്ങൾ എന്നിവയിലൂടെ വൈദ്യുതോൽപ്പാദനം വർധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുകയും അതുവഴി വൈദ്യുതോൽപ്പാദനത്തിൽ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുകയും ചെയ്യും
പുരപ്പുറ സൗരോർജ്ജ സംവിധാനത്തിന്റെ എണ്ണം വർധിക്കുന്നതിനാൽ വൈദ്യുത ലൈൻ തിരക്ക് പരിഹരിക്കുന്നതിന് വിതരണ ട്രാൻസ്‌ഫോർമറുകളിൽ കപ്പാസിറ്റി ബാറ്ററി സ്റ്റോറേജ് സംവിധാനം ഏർപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കും.
വൈദ്യുത ചാർജ്ജിങ് സ്റ്റേഷനുകളെ പ്രാദേശിക സൗരോർജ്ജ പ്ലാന്റുകളുമായും ബാറ്ററി-സ്റ്റോറേജ് സംവിധാനങ്ങളുമായും ബന്ധിപ്പിക്കുന്നതിനും നടപടികൾ സ്വീകരിക്കും
പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിൽ സ്വാഭാവികമായി ഇടവിട്ടുണ്ടാകുന്ന അപര്യാപ്തത പരിഹരിക്കുന്നതിനും പീക്ക് ഡിമാൻഡ് നേരിടുന്നതിനുമായി കൂടുതൽ മെച്ചപ്പെട്ട ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങൾസ്ഥാപിക്കും.
പിഴവുകൾ കാലേകൂട്ടി കണ്ടെത്തുന്നതിനും പ്രസരണനഷ്ടം കുറയ്ക്കുന്നതിനും സമയോചിതമായി തീരുമാനമെടുക്കുന്നതിന് സഹായകരമാകുന്ന പ്രെഡിക്റ്റീവ് മെയിന്റനൻസിനായി കൃത്രിമ ബുദ്ധി, ഇൻഡസ്ട്രിയൽ ഇന്റർനെറ്റ് ഓഫ് തിങ്‌സ് പോലുള്ള ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും.

പൊതുമരാമത്ത് വകുപ്പ്
പൊതു-സ്വകാര്യ പങ്കാളിത്തങ്ങളുടെ പ്രയോജനം പൂർണ്ണമായും ഉപയോഗപ്പെടുത്തി, ലഭ്യമായ ഏറ്റവും നല്ല സാങ്കേതിക വിദ്യ ഉപയോഗിച്ച് ബൈപ്പാസുകളെ നാലുവരിപ്പാതയാക്കി വരുമാനം ലഭിക്കുന്ന രീതിയിൽ വികസിപ്പിക്കും
വകുപ്പ് ഏറ്റെടുക്കുന്ന മരാമത്ത് പണികളിലെല്ലാം തന്നെ ഊർജ്ജസംരക്ഷണത്തിനും പൈതൃക സംരക്ഷണത്തിനും മുന്തിയ പരിഗണന നൽകി ഹരിത, പരിസ്ഥിതിസൗഹൃദ കെട്ടിടങ്ങൾക്ക് മുൻഗണനനൽകും.

റവന്യൂ വകുപ്പ്
നിലവിലുള്ള എല്ലാ ഭൂനിയമങ്ങളും കാലാനുസൃതമായി നവീകരിക്കുംനിസ്സാര കാരണങ്ങളിന്മേൽ കൃഷിഭൂമിയിൽ നിന്ന് കർഷകരെ ഇറക്കിവിടുന്നതിനുള്ള ശ്രമങ്ങൾക്ക് ശാശ്വത പരിഹാരമായി ”ഉപാധികളില്ലാത്ത ഉടമസ്ഥാവകാശം (പട്ടയങ്ങൾ)” എന്ന ആശയം നടപ്പിലാക്കും.
തോട്ടം മേഖലയിൽ ഭൂവിനിയോഗത്തിന് നിലവിലുള്ള നിയന്ത്രണങ്ങൾ ശാസ്ത്രീയമായി പരിഷ്‌കരിക്കും.
തോട്ടഭൂമിയുടെ സ്വാഭാവിക തരം സംരക്ഷിച്ചുകൊണ്ട് വൈവിധ്യം അനുവദിക്കുന്നതിന് ഭേദഗതികൾ അവതരിപ്പിക്കും.
ഭൂപരിവർത്തനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിന് 2008-ലെ കേരള നെൽവയൽ തണ്ണീർത്തടസംരക്ഷണനിയമം സമഗ്രമായി പരിഷകരിക്കും. ഭൂസംബന്ധമായ എല്ലാ നിയമങ്ങളും പുന:പരിശോധിക്കുന്നതിനായി സർക്കാർ കമ്മീഷൻ രൂപീകരിക്കും.
വകുപ്പിനെ സമ്പൂർണ്ണ ഡിജിറ്റൽ, പൗര-കേന്ദ്രീകൃത സംവിധാനമായി രൂപാന്തരപ്പെടുത്തുന്നതിന് മുന്തിയ പരിഗണന നൽകും.
എല്ലാ കേരളീയർക്കും ഭൂരേഖകളിലേക്കും എല്ലാ അനുബന്ധ സർക്കാർ സേവനങ്ങളിലേക്കും സുരക്ഷിതവും സുതാര്യവും വേഗതയിലുള്ളതുമായ ലഭ്യതയ്ക്ക്, പൂർണ്ണമായും ഡിജിറ്റൈസ് ചെയ്യപ്പെട്ട ഭൂഭരണ സംവിധാനം വിഭാവനം ചെയ്യുന്നു.

പട്ടികജാതി വികസനം
ലൈഫ് മിഷന്റെ കീഴിലുള്ള പട്ടികജാതി ഗുണഭോക്താക്കൾക്കുള്ള ഭവന സഹായ ചട്ടക്കൂടിന്റെ സമഗ്ര പരിവർത്തനം
പട്ടികജാതി യുവാക്കളെയും സ്ത്രീകളെയും മറ്റുള്ളവരെയും ശാക്തീകരിക്കുന്നതിനായി ‘തൊഴിലും സംരംഭകത്വവും’ കേന്ദ്രീകരിച്ച പുതുക്കിയ ദൗത്യം
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള വ്യാവസായിക പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സമഗ്ര നവീകരണം

പട്ടികവർഗ വികസന വകുപ്പ്
2006-ലെ പട്ടിക ഗോത്രവർഗങ്ങളും മറ്റ് പരമ്പരാഗത വനവാസികളും (വനാവകാശങ്ങൾ അംഗീകരിക്കൽ) ആക്റ്റ് പൂർണ്ണമായി നടപ്പിലാക്കും
ഗോത്രഭൂമി തുടർ കൈമാറ്റം തടയുന്നതിന് ഉറച്ച നടപടികൾ
മുടങ്ങിക്കിടക്കുന്ന എല്ലാ വ്യക്തിഗത വനാവകാശവാദങ്ങളും സാമൂഹിക വനാവകാശ വാദങ്ങളും തീർപ്പാക്കുന്നതിന് സമയബന്ധിത ദൗത്യം
പട്ടിക ഗോത്രവർഗ കുടുംബങ്ങൾക്കുവേണ്ടി ഭവന പദ്ധതികൾ. ജീർണ്ണിച്ചതും വാസയോഗ്യമല്ലാത്തതുമായ വാസസ്ഥലങ്ങൾ പുനർനിർമ്മിക്കുന്നതിന്
പ്രത്യേക പദ്ധതി.
വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വർധിപ്പിച്ച് പരിഷ്‌കരിച്ച ഇ-ഗ്രാന്റ്‌സ് പോർട്ടലിലൂടെ സമയബന്ധിത വിതരണം
പട്ടികജാതി/പട്ടികഗോത്രവർഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം നിർദ്ദിഷ്ട മാനദണ്ഡങ്ങളിൽ കുറവായിട്ടുള്ള മേഖലകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഡ്രൈവ്
പട്ടികജാതി/പട്ടികഗോത്രവർഗ സംരംഭകർക്കുള്ള വായ്പാ സഹായം വർധിപ്പിക്കും
വകുപ്പിന്റെ കീഴിലുള്ള അധിക കടബാധ്യതയിൽപ്പെട്ട സഹകരണ സംഘങ്ങളുടെ ബാധ്യതകൾ പരിഹരിക്കും.
ദേവസ്വം ബോർഡ് നിയമനങ്ങളിൽ പട്ടികജാതി/പട്ടികഗോത്രവർഗ വിഭാഗങ്ങൾക്ക് ജനസംഖ്യയ്ക്ക് ആനുപാതികമായി സംവരണം

സാമൂഹിക നീതി
മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പുതിയ വകുപ്പ്
സംസ്ഥാനത്തെ എല്ലാ നഗരങ്ങളും ഘട്ടഘട്ടമായി വയോജന സൗഹൃദമാക്കും മാറ്റും.
‘വയോമിത്രം’ പദ്ധതി എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.
മുതിർന്ന പൗരന്മാർക്ക് നിയമസഹായം, ആരോഗ്യപരിരക്ഷ, സംരക്ഷണസേവനങ്ങൾ എന്നിവ നൽകുന്നതിനായി ‘കെയർ കാബിൻ’ പദ്ധതി. എല്ലാ കളക്ടറേറ്റുകളിലും സപ്പോർട്ട് സെന്ററുകൾ
വർധിച്ചു വരുന്ന കോഗ്‌നിറ്റീവ് ഇംപെയർമെന്റ്, ഡിമൻഷ്യ എന്നിവ പരിഹരിക്കുന്നതിനായി സ്മൃതി കഫേകളും ഡിമൻഷ്യ ഡേ കെയർ സെന്ററുകളും സ്‌പെഷ്യലൈസ്ഡ് മെമ്മറി ക്ലിനിക്കുകളും
ഭിന്നശേഷിയുള്ളവർക്ക് വേണ്ടിയുള്ള സംസ്ഥാന നയം – 2015 പരിഷ്‌കരിക്കും.
സംസ്ഥാനവ്യാപകമായി ഒരു ഭിന്നശേഷി സെൻസസും സമഗ്രമായ ഓൺലൈൻ രജിസ്ട്രിയും

കായികവും യുവജനകാര്യവും
കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും
കായിക പരിശീലന കേന്ദ്രങ്ങളെ ലോകോത്തര നിലവാരത്തിലുള്ള പരിശീലനം, കായിക ശാസ്ത്ര പിന്തുണ, മത്സരാധിഷ്ഠിത പരിശീലന അന്തരീക്ഷം എന്നിവ നൽകുന്നതിന് പ്രാപ്തിയുള്ള ശ്രേഷ്ഠതലത്തിലുള്ള ഉയർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സ്ഥാപനങ്ങളായി ഉയർത്തും

വിനോദസഞ്ചാരം
ഉത്തരവാദിത്തമുള്ള സ്വകാര്യ പങ്കാളിത്തവും സുസ്ഥിരമായ അടിസ്ഥാനസൗകര്യ വികസനവും പ്രോത്സാഹിപ്പിക്കുന്ന നിക്ഷേപ സൗഹൃദനയം
മെഡിക്കൽ ടൂറിസം, വെൽനെസ്സ് ടൂറിസം, ഇക്കോ ടൂറിസം, ഡെസ്റ്റിനേഷൻ അധിഷ്ഠിത ടൂറിസം സർക്യൂട്ടുകൾ എന്നിവയ്ക്ക് പ്രത്യേക ഊന്നൽ
കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും കലാപാരമ്പര്യങ്ങളും വിനോദസഞ്ചാര മേഖലയുമായി സംയോജിപ്പിച്ചിക്കുന്നതിലൂടെ കലാകാരന്മാർക്കും സാംസ്‌കാരിക പ്രവർത്തകർക്കും നേരിട്ട് പ്രയോജനം

ഗതാഗത വകുപ്പ്
നികുതി പിരിവ് വർധിപ്പിക്കാൻ അതിർത്തി
ചെക്ക്-പോസ്റ്റുകൾക്ക് എ.എൻ.പി.ആർ (ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ) സാങ്കേതികവിദ്യ
പൊതു ഗതാഗതവും ഷെയേർഡ് ട്രാൻസ്‌പോർട്ട് നെറ്റ്വർക്കുകളും ജനകീയമാക്കും.
റോഡ് സുരക്ഷയ്ക്ക് ഡാറ്റാ അധിഷ്ഠിത ഇടപെടലുകളും ആധുനിക സാങ്കേതിക വിദ്യയും.

ജലവിഭവ വകുപ്പ്
സുസ്ഥിരമായ ജല ഉപഭോഗം, കാലാവസ്ഥാ വ്യതിയാന പ്രതിരോധം, ജലഗുണനിലവാരം മെച്ചപ്പെടുത്തൽ, സംയോജിത ജലവിഭവ മാനേജ്‌മെന്റ് എന്നിവയ്ക്കായി പുതിയ ജലനയം.
തടങ്ങളിലെ ജലമാനേജ്‌മെന്റിനെ പ്രോത്സാഹിപ്പിക്കുന്നതിനായി വാട്ടർ ക്രെഡിറ്റുകൾ.
എല്ലാവർക്കും ഗുണമേന്മയുള്ള കുടിവെള്ളം തടസ്സമില്ലാതെ വിതരണം
കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി പുതിയ ലബോറട്ടറികൾ

വനിതാ ശിശുവികസന വകുപ്പ്
എല്ലാ പൊതു ഓഫീസുകളിലും വ്യാവസായിക സ്ഥാപനങ്ങളിലും ഐ.ടി. പാർക്കുകളിലും 50-ലധികം ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ ഡേ കെയർ സെന്ററുകളും ക്രഷുകളും.
വിദ്യാർഥിനികളോടുള്ള പ്രതിബദ്ധത – ‘മെൻസ്ട്രൽ ഡിഗ്‌നിറ്റി’
സ്‌കൂൾ വിദ്യാർഥിനികൾക്ക് മാസത്തിൽ 3 ദിവസം വരെ ആർത്തവ അവധി. അവർ പഠനത്തിൽ പിന്നിലാകാതിരിക്കാൻ വാരാന്ത്യത്തിൽ ക്യാച്ച് അപ്പ് ക്ലാസ്സുകൾ.
കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ ‘അനാഥ രഹിത’ സംസ്ഥാനമാക്കി മാറ്റാൻ ‘അഗതി-അനാഥ രഹിത കേരളം’ സംരംഭം
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് തുല്യ വേതനം
എല്ലാ പ്രധാന പട്ടണങ്ങളിലും പൊതുവിശ്രമമുറികൾ
അസംഘടിത മേഖലയിൽ സ്ത്രീകൾക്ക് ആറ് മാസത്തെ പ്രസവാവധി