പാഠ്യ പദ്ധതി പരിഷ്‌കരണത്തിലൂടെ നവ കേരളത്തിലേക്ക്
പാഠ്യ പദ്ധതി പരിഷ്‌കരണത്തിലൂടെ നവ കേരളത്തിലേക്ക്
ഡോ. ജയപ്രകാശ് ആര്‍ കെ
ഡയറക്‌ടർ, എസ് സി ഇ ആര്‍ ടി
കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖല ലോകത്തിലെ വികസിത രാജ്യങ്ങള്‍ക്കു കൂടി മാതൃകയാണ്. നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ പരിവര്‍ത്തനവും വികാസവും ജനകീയമായ ഇടപെടലിന്റെയും സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പിന്‍ബലത്തോടെയും ഉണ്ടായി വന്നതാണ്. മത നിരപേക്ഷ ജനാധിപത്യ സമൂഹത്തെ സൃഷ്‌ടിച്ചെടുത്തു എന്നതാണ് ഈ മേഖലയില്‍ നാം നേടിയെടുത്ത നേട്ടങ്ങളുടെ അടിത്തറ. സമൂഹത്തിന്റെ വ്യത്യസ്‌ത ശ്രേണികളില്‍ ജീവിച്ചിരുന്ന മുഴുവന്‍ മനുഷ്യരെയും ചേര്‍ത്തു പിടിച്ച പൊതുവിടം കൂടിയാണ് നമ്മുടെ പൊതു വിദ്യാഭ്യാസ മേഖല.
നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ നാം നേടിയെടുത്ത നേട്ടങ്ങൾ നിലനിർത്തുന്നതോടൊപ്പം തന്നെ പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ കൂടി നാം സജ്ജമാകേണ്ടതുണ്ട്. ജ്ഞാന സമൂഹ നിര്‍മ്മിതിയിലൂടെ നവകേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രീപ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറിതലം വരെ സമഗ്രമായ പാഠ്യ പദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തത്. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി പരിഷ്‌കരിക്കാതിരുന്ന പാഠ്യ പദ്ധതി പരിഷ്‌കരിക്കുക എന്ന കാലികമായ ഉത്തരവാദിത്വം ഏറ്റെടുത്ത എസ്.സി.ഇ.ആര്‍.ടി. രണ്ടര വര്‍ഷം കൊണ്ട് ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു.
ജനാഭിപ്രായം അറിഞ്ഞ് പരിഷ്‌കരണം
പൊതു വിദ്യാഭ്യാസ മേഖലയിലെ നയങ്ങള്‍ എക്കാലത്തും കേരളം രൂപപ്പെടുത്തിയത് ജനകീയാഭിപ്രായങ്ങളും അഭിലാഷങ്ങളും പരിഗണിച്ചാണ്. കേരളത്തിലെ ജനങ്ങളുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചും ചരിത്രത്തില്‍ ആദ്യമായി ക്ലാസ് മുറികളിൽ പാഠ്യ പദ്ധതി രൂപവല്‍ക്കരണ ചര്‍ച്ചകള്‍ സംഘടിപ്പിച്ചും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങള്‍ കേട്ടുമാണ് പാഠ പദ്ധതി ചട്ടക്കൂട് രൂപവല്‍ക്കരണ പ്രക്രിയ ആരംഭിച്ചത്. ഇതിനെ തുടർന്ന് 26 മേഖലകളില്‍ നിലപാട് രേഖകള്‍ തയ്യാറാക്കി. തുടർന്ന് സ്‌കൂള്‍ വിദ്യാഭ്യാസം, പ്രൈമറി വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം എന്നീ നാലു മേഖലകളില്‍ പാഠ്യ പദ്ധതി ചട്ടക്കൂട് വികസിപ്പിച്ചു. പിന്നീട് സിലബസ് ഗ്രിഡിലേക്കും പാഠ പുസ്‌തക നിര്‍മ്മാണത്തിലേക്കും പ്രവേശിച്ചു.
1. പാഠ്യ പദ്ധതി പരിഷ്‌കരിക്കുമ്പോള്‍ അതി സങ്കീര്‍ണ്ണമായ സാമൂഹിക യാഥാര്‍ഥ്യങ്ങളെ പരിഗണിക്കേണ്ടതായുണ്ട്. മുന്‍കാലങ്ങളില്‍ പരിവര്‍ത്തനത്തിന്റെ ഒരു ഘട്ടം കഴിഞ്ഞ് അടുത്ത ഘട്ടം എത്താന്‍ ഒരു നൂറ്റാണ്ടിനടുത്ത് സമയമെടുക്കുമായിരുന്നു. എന്നാൽ ഇപ്പോള്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് താഴെ സമയം മാത്രമേ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുവാന്‍ എടുക്കുന്നുള്ളൂ. ആർട്ടിഫിഷ്യൽ ഇന്റലിജന്‍സിന്റെ ലോകം അനിയന്ത്രിതമായ ഒന്നായി രൂപപ്പെട്ട ഈ കാലഘട്ടത്തിൽ ഭാവി സമൂഹത്തിന്റെ പ്രതീക്ഷകളെ രൂപപ്പെടുത്തണമെങ്കില്‍ സൂക്ഷ്‌മമായ ആസൂത്രണവും ഗവേഷണത്തിലധിഷ്‌ഠിതമായ മുന്നൊരുക്കവും അത്യാവശ്യമാണ്. ഈ ഘടകങ്ങളെല്ലാം പരിഗണിച്ചാണ് 21-ാം നൂറ്റാണ്ടിന്റെ ശേഷികളായ സര്‍ഗ ശേഷിയും സഹവര്‍ത്തന നൈപുണിയും വിമര്‍ശനാത്മക ചിന്തയും വിശകലന നൈപുണിയും ആശയവിനിമയ ശേഷിയും പ്രശ്‌ന പരിഹാര നൈപുണിയും വികസിപ്പിക്കാനുതകുന്ന തരത്തില്‍ പുതിയ പാഠ്യ പദ്ധതി കേരളം വികസിപ്പിച്ചത്.
വൈജ്ഞാനിക സമൂഹവും വൈജ്ഞാനിക സമ്പദ് വ്യവസ്ഥയും തുടർന്ന് ക്രിയേറ്റീവ് ഇക്കോണമിയും ലോകത്ത് യാഥാര്‍ഥ്യമായിരിക്കുകയാണ്. ഈ സവിശേഷമായ കാലത്ത് പാഠ പുസ്‌തകങ്ങൾ മാത്രമാണ് ഏക പഠനോപാധി എന്ന കാഴ്‌ചപ്പാടിൽ മാറ്റമുണ്ടായേ തീരൂ. അനുദിനം മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്ന സമൂഹത്തില്‍ വര്‍ഷങ്ങളോളം ഒരേ പാഠ പുസ്‌തകങ്ങൾ പഠിക്കുക എന്നത് ആത്മഹത്യാപരമായ ഒന്നായിരിക്കും. ആയതിനാല്‍ വളരുന്ന പാഠ പുസ്‌തകം (evolving text) എന്ന ആശയത്തിനാണ് ഈ പരിഷ്‌കരണത്തില്‍ പ്രാധാന്യം നല്‍കിയത്. എല്ലാ വര്‍ഷവും പാഠ പുസ്‌തകങ്ങൾ മാറ്റത്തിന് വിധേയമാകും എന്നർത്ഥം.
2. ഈ പരിഷ്‌കരണ ഘട്ടത്തിൽ നേരത്തെ സൂചിപ്പിച്ച വിശാലമായ ലക്ഷ്യങ്ങളെ എല്ലാം പരിഗണിച്ചു. ആദ്യ ഘട്ടം 1, 3, 5, 7, 9 ക്ലാസുകളിലെ 238 ടൈറ്റില്‍ പാഠ പുസ്‌തകങ്ങൾ നാല് ഭാഷകളിലായി പരിഷ്‌കരിച്ചു. രണ്ടാം ഘട്ടം 2, 4, 6, 8, 10 ക്ലാസുകളിലെ 205 ടൈറ്റില്‍ പുസ്‌തകങ്ങളും പരിഷ്‌കരിച്ചു. രാജ്യത്ത് ആദ്യമായി രക്ഷിതാക്കള്‍ക്കായുള്ള പാഠ പുസ്‌തകങ്ങളും കേരളം നിര്‍മ്മിച്ചു. ഓരോ ഘട്ടത്തിലും കുട്ടികൾ നേടേണ്ട ശേഷികളെക്കുറിച്ചും കുട്ടികൾക്ക് അത്യന്താപേക്ഷിതമായി നല്‍കേണ്ട ശാരീരിക മാനസിക പിന്തുണയെക്കുറിച്ചുമെല്ലാം ഈ പുസ്‌തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. കൂടാതെ ടീച്ചര്‍ ടെക്സ്റ്റും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു എന്നത് അഭിനാര്‍ഹമായ നേട്ടമാണ്.
മാറുന്ന ക്ലാസ് മുറികള്‍
നേരത്തെ സൂചിപ്പിച്ച ജ്ഞാന സമൂഹ സൃഷ്‌ടിയും ജ്ഞാന സമ്പദ് വ്യവസ്ഥയും സൃഷ്‌ടിപര സമ്പദ് വ്യവസ്ഥയും കെട്ടിപ്പടുക്കണമെങ്കിൽ നമ്മുടെ ക്ലാസ് മുറികളും വലിയ മാറ്റത്തിന് സജ്ജമാകേണ്ടതുണ്ട്. ആരോഗ്യ-കായിക വിദ്യാഭ്യാസം, കലാ വിദ്യാഭ്യാസം, തൊഴില്‍ ഉദ്ഗ്രഥിത വിഭ്യാഭ്യാസം എന്നിവ ഏറെ പ്രാധാന്യത്തോടെയാണ് ഈ പരിഷ്‌കരണ ഘട്ടത്തിൽ പരിഗണിച്ചത്. ഈ മേഖലയെയും അനുഭവാധിഷ്‌ഠിത പഠനത്തിലൂടെ കുട്ടികൾക്ക് നല്‍കാന്‍ കഴിഞ്ഞാല്‍ ആധുനിക ലോകം പ്രതീക്ഷിക്കുന്ന ശേഷികള്‍ നമ്മുടെ കുട്ടികൾക്കും നല്‍കാന്‍ കഴിയും. 21-ാം നൂറ്റാണ്ടിന്റെ ശേഷികളില്‍ പ്രധാനപ്പെട്ടവയായ വിവര വിനിമയ സാങ്കേതിക വിദ്യ സാക്ഷരതയും ശാസ്ത്ര, സാമ്പത്തിക സാക്ഷരതകളും നമ്മുടെ സാംസ്‌കാരിക വൈജാത്യങ്ങളെക്കുറിച്ചുള്ള അറിവും നൽകുന്നതിനായുള്ള ശ്രമങ്ങളും ഈ പാഠ്യ പദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി നൽകിയിട്ടുണ്ട്. ഒന്ന്, രണ്ട് ക്ലാസുകള്‍ കഴിയുമ്പോള്‍ തന്നെ അടിസ്ഥാന സാക്ഷരതയും അടിസ്ഥാന ഗണിത ജ്ഞാനവും നേടുന്നതിന് കുട്ടികൾക്ക് ചെയ്‌തു പഠിക്കാൻ കഴിയുന്ന തരത്തില്‍ പ്രവര്‍ത്തന പുസ്‌തകങ്ങളും തയ്യാറാക്കി നൽകിയിട്ടുണ്ട്. കലാ വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യം നല്‍കിയാണ് പുസ്‌തകങ്ങൾ തയ്യാറാക്കിയത്. 5 മുതല്‍ 10 വരെ ക്ലാസുകളില്‍ നൃത്തം, സംഗീതം, നാടകം, സിനിമ, ചിത്രകല എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പുസ്‌തകങ്ങൾ തയ്യാറാക്കിയത്. തൊഴില്‍ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിന് കേരളത്തില്‍ ആദ്യമായാണ് വലിയ പ്രാധാന്യത്തോടെ 2 മുതല്‍ 12 ക്ലാസ് വരെ പാഠ പുസ്‌തകങ്ങൾ നിർമ്മിക്കുന്നത്. അറിവിനും കഴിവിനും നൈപുണിക്കും പ്രാധാന്യം കൽപ്പിക്കുന്ന ആധുനിക ലോകത്ത് കുട്ടികൾക്ക് അവരവരുടെ അഭിരുചികൾക്ക് അനുസൃതമായി വ്യത്യസ്‌ത മേഖലകൾ തിരഞ്ഞെടുക്കാന്‍ കഴിയുന്ന രൂപത്തില്‍ 12 മേഖലകളില്‍ പാഠ പുസ്‌തകങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. കൃഷി, ഭക്ഷ്യ വ്യവസായം, വസ്ത്രം, പാര്‍പ്പിടം, പ്ലമ്പിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഹരിത സാങ്കേതിക വിദ്യ, ധനകാര്യം, പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി, ടൂറിസം, മാധ്യമങ്ങളും വിനോദവും കരകൗശലം എന്നിവയാണവ. നിര്‍മ്മിത ബുദ്ധിയുടെ വികാസവും വളര്‍ച്ചയും എല്ലാം കുട്ടികൾക്ക് പഠിക്കാനും പരിചയപ്പെടാനുമായി ഏഴാം ക്ലാസ് മുതല്‍ ഐടി പാഠ പുസ്‌തകത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
മൂല്യ നിര്‍ണ്ണയം
പാഠ്യ പദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ അവിഭാജ്യ ഘടകമാണ് മൂല്യ നിര്‍ണ്ണയം. ആധുനിക ലോകത്തിന് അനുയോജ്യമാകുന്ന തരത്തില്‍ ഇവ പരിഷ്‌കരിക്കേണ്ടതുണ്ട്. കാണാതെ പഠിച്ച് പരീക്ഷ എഴുതി മാര്‍ക്ക് വാങ്ങുന്ന പഴയ കാലം ഓര്‍മ്മയായി. നിരന്തര മൂല്യ നിര്‍ണ്ണയ പ്രക്രിയയ്ക്ക് പ്രാധാന്യം നല്‍കിയും കൂടുതല്‍ പ്രകടനാധിഷ്‌ടിത വിശകലന രീതികള്‍ പരീക്ഷിച്ചും ആധുനിക സാങ്കേതിക വിദ്യയിലധിഷ്‌ഠിതമായ മൂല്യ നിര്‍ണ്ണയ ഉപാധികള്‍ വികസിപ്പിച്ചും മുന്നോട്ടു പോകേണ്ടതുണ്ട്.
കേവലമായ പാഠ പുസ്‌തക പരിഷ്‌കരണ പ്രവര്‍ത്തനത്തിലൂടെ മാത്രം നമുക്ക് ഗുണമേന്മ ഉറപ്പു വരുത്താന്‍ കഴിയില്ല. പാഠ്യ പദ്ധതി മുന്നോട്ടു വെക്കുന്ന രീതി ശാസ്ത്രം മുന്നിൽ നിർത്തി നവീനമായ ആശയങ്ങള്‍ സ്വയം പഠനത്തിലൂടെ ഓരോ അധ്യാപകനും ആര്‍ജിച്ച് ക്ലാസ് മുറികളെ സൃഷ്‌ടിപരമായ ക്ലാസ് മുറികളാക്കി മാറ്റുമ്പോൾ മാത്രമെ ആധുനിക ലോകം ആവശ്യപ്പെടുന്ന തരത്തിലുള്ള ഗുണമേന്മാ വിദ്യാഭ്യാസം കുട്ടികൾക്ക് നല്‍കാന്‍ കഴിയൂ. കേരളം എക്കാലവും ഉയര്‍ത്തിപ്പിടിച്ച ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളും ഭരണ ഘടന മുന്നോട്ടു വെച്ച ലക്ഷ്യങ്ങളും മുന്‍ നിര്‍ത്തിയാണ് ഈ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുന്നത്.
ലിംഗ നീതിയും പാരിസ്ഥിതിക അവബോധവും ശാസ്ത്രീയ മനോഭാവവും പരിഗണിക്കുന്ന ഈ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ മുന്നോട്ടു പോക്കിന് ഊര്‍ജം പകരുമെന്ന് പ്രതീക്ഷിക്കുന്നു.