പാട്ടിന് കൂട്ട് മുതല്‍ ബിസിനസ് പാര്‍ട്ട്ണര്‍ വരെ
ഡിജിറ്റല്‍ സാക്ഷരത >>
നൂറ്റിയഞ്ച് വയസ്സുണ്ട് എറണാകുളം പെരുമ്പാവൂര്‍ ആശമണ്ണൂര്‍ മഠത്തിക്കുടിയില്‍ എം.എ.അബ്ദുള്ളയ്ക്ക്. വലിയ സാമൂഹിക അസമത്വങ്ങളും ജാതി വിവേചനങ്ങളും നില നിന്നിരുന്ന കാലത്തായിരുന്നു ജനിച്ചത്. വിദ്യാലയങ്ങളും ആശുപത്രികളും വൈദ്യുതിയും ഫോണ്‍ സേവനങ്ങളും ഗതാഗത സൗകര്യങ്ങളും വിരളമായ കാലമായിരുന്നു അത്. നാട് എത്രയോ വളര്‍ന്നെന്നും മാറ്റങ്ങള്‍ എല്ലായിടത്തും പ്രകടമാണെന്നും അബ്ദുള്ള പറയുന്നു. ‘ഇപ്പോള്‍ വ്യക്തിജീവിതത്തിലും സര്‍ക്കാര്‍ ഇടപെടല്‍ കാണാം. ഫോണ്‍ ഉപയോഗിക്കാന്‍പോലും അറിയാതിരുന്ന ഞങ്ങളുടെ തലമുറ ഇപ്പോള്‍ എല്ലാ സേവനങ്ങളും മൊബൈല്‍ വഴി നേടുന്നു. പഞ്ചായത്തില്‍നിന്നും ആളുകള്‍ വന്നാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പഠിപ്പിച്ചത്. ഇപ്പോള്‍ ഓണ്‍ലൈനായാണ് ഖുറാന്‍ വായിക്കുന്നത്. മുമ്പ് മകന്റെ സഹായം വേണ്ടിയിരുന്ന കാര്യങ്ങളെല്ലാം സ്വയം ചെയ്യുന്നു.’ സമ്പൂര്‍ ഡിജിറ്റല്‍ സാക്ഷരത എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ നടപ്പിലാക്കിയ ഡിജി കേരള പദ്ധതിയുടെ ഗുണഭോക്താക്കളുടെ അനുഭവസാക്ഷ്യമാണിത്.
103 വയസ്സുള്ള പുല്ലമ്പാറ പഞ്ചായത്തിലെ കരുണാകര പണിക്കരും 75 വയസ്സുകാരിയായ ആര്‍.സരസ്വതി അമ്മയും ഇങ്ങനെ പഞ്ചായത്ത് ഇടപെടലിലാണ് ഡിജിറ്റല്‍ ലോകത്തേക്ക് കടന്നത്. കരുണാകര പണിക്കരുടെ മകന്‍ രാജന്‍ മൊബൈല്‍ ഫോണ്‍ വഴി കൃഷി പാഠം പദ്ധതി മനസ്സിലാക്കി, അതുവഴിയാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. ‘മുമ്പ് ഇടനിലക്കാര്‍ വഴി മാത്രമാണ് സാധനങ്ങള്‍ വില്‍ക്കാന്‍ കഴിഞ്ഞിരുന്നത്. ഇപ്പോള്‍ ഓരോ സുഗന്ധവ്യഞ്ജനത്തിന്റെയും പടം വില സഹിതം വാട്ട്സാപ്പില്‍ ഇടും. ആവശ്യക്കാര്‍ ഓര്‍ഡര്‍ തരുന്നതനുസരിച്ച് അയച്ചുകൊടുക്കും. സാധനത്തിന്റെ വില ഓണ്‍ലൈന്‍ പെയ്മെന്റ് ആയി കിട്ടും. ചെറുപ്പക്കാര്‍ക്ക് വേണ്ടി മാത്രമാണ് സ്മാര്‍ട്ട്ഫോണ്‍ എന്നായിരുന്നു എന്റെ വിചാരം. ഇന്നിപ്പോള്‍ അതെന്റെ ബിസിനസ് പാര്‍ട്ട്നര്‍ ആണ്’ – 56 വയസ്സുള്ള മേരിക്കുട്ടി ജോസഫ് സന്തോഷവും അഭിമാനവും പങ്കുവയ്ക്കുന്നു. 82 വയസ്സുള്ള ലക്ഷ്മിയമ്മ പറഞ്ഞത്, ‘മുമ്പ് കറന്റ് ബില്ലടയ്ക്കാന്‍ മകനെ കാത്തിരിക്കണമായിരുന്നു. ചിലപ്പോളൊക്കെ അത് വൈകുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഞാന്‍തന്നെ മൊബൈല്‍ ആപ്പ് വഴി ബില്ലടയ്ക്കുന്നു. അത്തരം കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഞാനിപ്പോള്‍ നിസ്സഹായയല്ല.” ആലപ്പുഴ ജില്ലയിലെ തേയില കച്ചവടക്കാരനായ സജീവിന്റെ അനുഭവം ഇതിലും രസകരമാണ്- ”ഞാന്‍ ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ ജോലി ഇപ്പോള്‍ ചെയ്യുന്നത് എന്റെ മൊബൈലിലെ പെയ്മെന്റ് വാലറ്റ് ആണ്.’
ഡിജിറ്റല്‍ പഠിതാക്കളുടേതുപോലെ രസകരമാണ് പഠിപ്പിക്കാനെത്തിയ കോ-ഓര്‍ഡിനേറ്റര്‍മാരുടെ അനുഭവങ്ങളും. ഡിജി കേരളയുടെ പൈലറ്റ് പ്രൊജക്റ്റായ ഡിജി പുല്ലമ്പാറയിലെ കോര്‍ഡിനേറ്റര്‍മാര്‍ക്ക് പ്രതിസന്ധികളില്‍ ആശ്രയിക്കാന്‍ മുന്‍ഗാമികളുമുണ്ടായിരുന്നില്ല. ഡിജി പുല്ലമ്പാറയുടെ ഗ്രാമപഞ്ചായത്ത് തല കോ-ഓര്‍ഡിനേറ്റര്‍ ഷംനാദ് പുല്ലമ്പാറ പറയുന്നു, ‘ആദ്യം ജനങ്ങളിലേക്ക് ചെല്ലുമ്പോള്‍ എനിക്ക് ഇത്രയും പ്രായമായി, എന്തിനാ ഞങ്ങളെ ഇത് പഠിപ്പിക്കുന്നത്, ഇനി എന്താ ഇതിന്റെ ഉപയോഗം എന്ന രൂപത്തിലായിരുന്നു ചര്‍ച്ച. നെഗറ്റീവ് ആയിരുന്നു ആദ്യ പ്രതികരണങ്ങള്‍. പക്ഷെ ഞങ്ങളുടെ പ്രചരണവും പ്രവര്‍ത്തനവും വഴി ഇതൊക്കെ മാറി. ഈ നാട്ടിലെ ജനങ്ങള്‍ രാഷ്ട്രീയ ഭേദമന്യേ ഇത് ഏറ്റെടുക്കുകയും ഏറ്റവും വലിയ പദ്ധതിയായി മാറുകയും ചെയ്തു.’
പുല്ലമ്പാറയിലെ ‘കുട്ടികള്‍’
പുല്ലമ്പാറയിലെ തന്നെ ബേബി ഗിരിജ വാട്ട്സാപ്പ് ഉപയോഗിക്കുന്നത് പഠിക്കാനായാണ് ഡിജിറ്റല്‍ പഠനത്തിന് തയ്യാറായത്. പിന്നീട് വാട്ട്സാപ്പ് മെസേജുകള്‍ക്ക് പുറമെ കോളുകള്‍ വിളിക്കാനും വീഡിയോ കോള്‍ വിളിക്കാനും പഠിച്ചു. അതോടൊപ്പം കൂടെയുള്ളവര്‍ക്കെല്ലാം പറഞ്ഞുകൊടുക്കാനും കഴിഞ്ഞു. അങ്ങനെ പഠിതാവില്‍നിന്ന് അധ്യാപനത്തിലേക്ക് കടന്നു. ‘പണം കൈമാറുന്ന ആപ്പുകള്‍ പഠിച്ചത് വലിയ സഹായമായി. പണം കൈയില്‍ കൊണ്ടുനടക്കണ്ട. ചില്ലറയില്ലെന്ന പേടി വേണ്ട. സാധനങ്ങള്‍ വാങ്ങുമ്പോള്‍ കൃത്യം തുക സ്‌കാന്‍ ചെയ്ത് കൊടുക്കാന്‍ കഴിയും. മീന്‍ വാങ്ങുന്നതുവരെ ഇപ്പോള്‍ സ്‌കാനര്‍ ഉപയോഗിച്ചാണ്’- ബേബി ഗിരിജ പറയുന്നു.
പള്ളിച്ചല്‍ പഞ്ചായത്തിലെ പുഷ്പകല ഡിജിറ്റല്‍ സാക്ഷരത ലഭിച്ച ശേഷം കൃഷി ആവശ്യങ്ങള്‍ക്കായി കിസാന്റെ കതിര്‍ ആപ്പ് ഉപയോഗിക്കുമ്പോള്‍ പാട്ടുപാടാന്‍ ഇഷ്ടമുള്ള വയനാട്ടിലെ മറിയാമ്മ ജോസഫ് യൂട്യൂബ് വഴി കരോക്കെ വെച്ച് പാട്ടുപാടി പഠിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയുടെ ജോലികള്‍ കഴിഞ്ഞു വന്നശേഷം അടുത്ത ദിവസത്തെ കുറിച്ചുള്ള ഗ്രൂപ്പ് ചര്‍ച്ചയൊക്കെ ഇപ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ചാണെന്നും അവര്‍ പറയുന്നു.
ഇടമലക്കുടിയിലും മാറ്റം
ഡിജി കേരളം പദ്ധതി ഏറ്റവും ബുദ്ധിമുട്ടി പൂര്‍ത്തിയാക്കിയ ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ രാമകൃഷ്ണന്‍ പറയുന്നത് ഒരു നാടിനുതന്നെ ഉണ്ടായ മാറ്റമാണ്.
”ഡിജിറ്റല്‍ സാക്ഷരത ഇടമലക്കുടി നിവാസികള്‍ക്ക് ഏറെ ഉപകാരപ്രദമായിട്ടുണ്ട്. പണ്ടുകാലത്തൊക്കെ ഒരു വിവരം അറിയിക്കണമെങ്കില്‍ കുടികളില്‍നിന്ന് കുടികളിലേക്ക് ആളെ വിടണമായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ധിക്കുകയും മൊബൈല്‍ ടവര്‍ വരികയും ചെയ്തതുകൊണ്ട് ഞങ്ങള്‍ക്ക് ജീവിതം കുറച്ചുകൂടി സുഖകരമായി.’ ഇടമലക്കുടിയിലെ തന്നെ അനുശേഖറും ഈ മാറ്റം ശരിവെക്കുന്നു.
വനാശ്രിതയായ പഠിതാവാണ് നാരായണി. അവരിപ്പോള്‍ ടിവി കാണുന്നതും സിനിമ കാണുന്നതും ഫോണിലാണ്. ഇതൊക്കെ അന്യമായ ജീവിതമായിരുന്നു അവരുടേത്. കുട്ടികള്‍ ഗെയിം ഒക്കെ പഠിപ്പിച്ചതോടെ കളിക്കാനും തുടങ്ങിയതായി പറഞ്ഞ് നാരായണി ചിരിക്കുന്നു. വനാശ്രിതനായ പഠിതാവായ മാധവനും സമാനമായ അഭിപ്രായമാണ്. വാട്ട്സാപ്പും യൂട്യൂബും ഗെയിമും ഒക്കെ ജീവിതം കളറാക്കി. ഏറ്റവും സന്തോഷം മോളുടെ വീഡിയോ കോളാണെന്നും ചിരിച്ചുകൊണ്ട് മാധവന്‍ പറയുന്നു. വനാശ്രിതയായ മറ്റൊരു പഠിതാവ് വേശുവിന്റെ ആശയവിനിമയങ്ങളെല്ലാം ഇപ്പോള്‍ ഫോണ്‍ വഴിയാണ്. പണി സ്ഥലത്തുനിന്ന് മേസ്തിരിമാര്‍ വിളിക്കുന്നതിന് മറുപടി പറയാന്‍ ഫോണുണ്ടെന്ന അഭിമാനം അവര്‍ പങ്കുവെക്കുന്നു.
വാര്‍ധക്യത്തിന്റെ ഏകാന്തതയ്ക്ക് കൂട്ടാണ് ആന്റണി ഫിലിപ്പിന് സ്മാര്‍ട്ട് ഫോണ്‍. ‘കുട്ടികളോ മരുമക്കളോ പുറത്തായിരിക്കുമ്പോള്‍ വലിയ പ്രയോജനമാണ്. അവരെ നേരില്‍ കണ്ട് സംസാരിക്കുമ്പോളുള്ള സന്തോഷം!’ അന്റണിയുടെ കണ്ണുനിറയുന്നു.
തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളായ ഒരുകൂട്ടം അമ്മമാര്‍ തേമ്പാമ്മൂട് എടിഎ മ്മിന് മുന്നില്‍ വരിവരിയായി നിന്നിരുന്നത് അവരുടെ അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാനാണ്. ഇന്നത് പഴങ്കഥയാണ്. ബാങ്കില്‍ പോകാതെ, ആരെയും ആശ്രയിക്കാതെ, സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് സ്വന്തം അക്കൗണ്ടില്‍ വന്ന തുക അറിയുകയും സ്വന്തം ഇഷ്ടപ്രകാരം ചെലവഴിക്കുയുമാണവര്‍. ഈ സ്വയം പര്യാപ്തതയിലേക്ക് അവരെ നയിച്ച നിശ്ശബ്ദ വിപ്ലവത്തിന്റെ പേരാണ് ഡിജി കേരള.
