കവര്‍‌സ്റ്റോറിസിനിമ

നല്ല സിനിമയുടെ വേര്

ഫിലിം സൊസൈറ്റികളുടെ ദീർഘകാല പ്രവർത്തനത്തിന്റെ പരിസമാപ്തിയാണ് ചലച്ചിത്രോത്സവങ്ങൾ. പല സ്ഥലങ്ങളിലും പ്രവർത്തിച്ചുകൊണ്ടിരുന്ന ഫിലിം സൊസൈറ്റികൾ നടത്തിയിരുന്ന ചലച്ചിത്രോത്സവങ്ങളുടെ തുടർച്ചയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേള പോലെ ഇത്ര വലിയൊരു ഫെസ്റ്റിവെലിലേക്ക് നയിച്ചത്. അതിൽ ഫിലിം സൊസൈറ്റി പ്രവർത്തകൻ എന്ന നിലയിൽ അഭിമാനമുണ്ട്. ഇത്തരം ഫെസ്റ്റിവെലുകളാണ് നല്ല സിനിമയുടെ വേര് ഉറപ്പിക്കുന്നത്. 1952 ൽ ബോംബെയിൽ നടന്ന ഫിലിമോത്സവ് ആണ് ഇന്ത്യയിലെ നവസിനിമയുടെ തുടക്കത്തിന് കാരണമായത്. അതേ മാതൃകയിലായിരുന്നു ലോകസിനിമയുടെ 100-ാം വാർഷികവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സൂര്യ നടത്തിയ ഫിലിം ഫെസ്റ്റിവെൽ. 100 സിനിമകളാണ് ഇതിൽ പ്രദർശിപ്പിച്ചത്.

1994 ൽ കോഴിക്കോട് നടന്ന ആദ്യ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ പതിപ്പ് കെ.ജയകുമാറിന്റെ നേതൃമികവ് കൊണ്ടുകൂടിയാണ് സാധ്യമായതെന്ന് ഓർമ്മിക്കുന്നു. അദ്ദേഹം കോഴിക്കോട് കളക്ടർ ആയിരുന്നു. ആ പരിചയങ്ങളും പിന്തുണയും സംഘാടനത്തിനും സ്പോസർഷിപ്പിനുമെല്ലാം കോഴിക്കോട്ടെ മേളയ്ക്ക് സഹായകമായി. കെടിസിയുടെ അമരക്കാരനും നിർമ്മാതാവുമായിരുന്ന പി. ഗംഗാധരന്റെയും കോഴിക്കോട്ടെ കലാ, സാംസ്‌കാരിക മേഖലയുടെയും വലിയ പിന്തുണ ജയകുമാറിന് ലഭിച്ചിരുന്നു. ആദ്യ ഫിലിം ഫെസ്റ്റിവെലിന് സെലക്ഷൻ ഒന്നും ഇല്ലായിരുന്നു.

1995 ൽ തിരുവനന്തപുരത്ത് നടന്ന രണ്ടാമത്തെ ഐഎഫ്എഫ്കെയിൽ സെലക്ഷൻ സമ്പ്രദായം നിലവിൽ വന്നു. അന്ന് മലയാള സിനിമകൾ തെരഞ്ഞെടുക്കുന്ന കമ്മിറ്റിയിൽ പി.കെ നായർ, കെ.ജി ജോർജ്, ജോൺപോൾ തുടങ്ങിയവർക്കൊപ്പം അംഗമായി പ്രവർത്തിക്കാനായത് തിരിഞ്ഞുനോക്കുമ്പോൾ വലിയ അഭിമാനമായി തോന്നന്നു. നടൻ സുകുമാരൻ ആയിരുന്നു കെഎസ്എഫ്ഡിസി ചെയർമാൻ.

അന്ന് ചലച്ചിത്ര മേളയുടെ ഭാഗമാകുന്നത് വലിയ ആവേശമായിരുന്നു. ഒരുമാസം മുമ്പ് തന്നെ മാനസികവും ശാരീരികവുമായി അതിന് തയ്യാറെടുപ്പ് നടത്തിയിരുന്നു. സിനിമയുമായി അടുത്ത ബന്ധമുള്ള എല്ലാവരും തന്നെ അന്ന് ചലച്ചിത്രോത്സവത്തിൽ പങ്കെടുത്തിരുന്നു. പിന്നീട് ഷാജി എൻ കരുൺ അക്കാദമി ചെയർമാൻ ആയി വന്നപ്പോഴാണ് വ്യക്തമായ ദിശാബോധത്തോടെ ഐഎഫ്എഫ്കെ നടത്താൻ തുടങ്ങിയത്. തുടർന്ന് അടൂർ ഗോപാലകൃഷ്ണൻ വന്നു. അവർക്ക് രണ്ടുപേർക്കും ലോകസിനിമയെ കുറിച്ചും ലോക ചലച്ചിത്ര മേളകളെക്കുറിച്ചുമുള്ള ആഴത്തിലുള്ള അറിവും കാഴ്ചപ്പാടുകളും ഉള്ളതുകൊണ്ടാണ് ആ ദിശാബോധം സാധ്യമായത്.

ഒട്ടേറെ പുതിയ ചലച്ചിത്രകാരന്മാരെ സൃഷ്ടിക്കാനായി എതാണ് ഐഎഫ്എഫ്കെയുടെ ഏറ്റവും വലിയ പ്രത്യേകത എന്നു തോന്നുന്നു. പുതിയ കാലത്തെ ഏറ്റവും ശ്രദ്ധേയരായ സംവിധായകരെല്ലാം ഐഎഫ്എഫ്കെയിൽ സിനിമ കണ്ട് വളർന്നവരാണ്. സനൽകുമാർ ശശിധരൻ, സുദേവൻ, സജിൻബാബു എന്നിവർ ഉൾപ്പടെ കുറേപ്പേരുണ്ട്. ഇപ്പോഴും നിരവധി പുതിയ സംവിധായകർ വന്നുകൊണ്ടിരിക്കുന്നു.

സിനിമയുടെ സെലക്ഷൻ പ്രധാനം

ലോകത്താകെ പഴയതു പോലെ നല്ല സിനിമകളുടെ വരവ് കുറഞ്ഞിട്ടുണ്ടെന്നാണ് സൂക്ഷ്മമായി നോക്കുമ്പോൾ മനസ്സിലാകുന്നത്. മുമ്പ് കാനിലും ബെർലിനിലും വെനീസിലുമെല്ലാം അവാർഡ് ലഭിച്ച സിനിമകൾ അത്ര മികവുറ്റതായിരിക്കും. സിനിമയുടെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായിരുന്നു അവ. പക്ഷേ കുറച്ച് വർഷങ്ങളായി കാനിൽ വരുന്ന സിനിമകൾ പലതും അത്ര നല്ലതല്ല.

ലോകത്ത് മുഴുവൻ ഉള്ള ഈ പ്രവണത നമ്മുടെ ഫെസ്റ്റിവെലിനെയും ബാധിച്ചിട്ടുണ്ട്. പലതവണ ഫെസ്റ്റിവെൽ പ്രീ-സെലക്ഷൻ കമ്മിറ്റിയിൽ ഞാൻ ഇരുന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സിനിമയുടെ നിലവാരത്തെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ട്. മുമ്പ് ഒന്നിനോടൊന്ന് മെച്ചമുള്ള സിനിമകൾ ഉണ്ടായിരുന്നു. അതിൽനിന്ന് ഏത് തിരഞ്ഞെടുക്കണം ഏത് ഒഴിവാക്കണം എത് പ്രയാസകരമായ ജോലിയായിരുന്നു. മത്സരവിഭാഗം ചിത്രങ്ങളിൽ പോലും ഈ നിലവാരത്തകർച്ച ഉണ്ട്. തിരഞ്ഞെടുക്കാൻ നല്ല സിനിമയുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. എന്നാൽകൂടി നിലവാരമില്ലാത്ത സിനിമകൾ തിരഞ്ഞെടുക്കാതിരിക്കാം. മോശം സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ അത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കും. അത് നമ്മുടെ ചലച്ചിത്ര മേളയുടെ നിലവാരത്തെയും ബോധിക്കും. അത് ഗൗരവത്തോടെ കാണണം.