കേരളം ഡിജിറ്റലായ കഥ
ഡിജിറ്റല്‍ സാക്ഷരത >> സജിനാ സത്താർ
അസിസ്റ്റന്റ് ഡയറക്ടർ, തദ്ദേശസ്വയംഭരണവകുപ്പ്
![]()
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം |
സമൂഹത്തിന്റെ സര്‍വതോന്മുഖമായ വികസനത്തിന് കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. വിദ്യാഭ്യാസം, ആരോഗ്യപരിചരണം, ലിംഗസമത്വം, സാമൂഹ്യനീതി എന്നിവയിലൊക്കെ കേരളം ദേശീയ തലത്തില്‍ മുന്‍നിരയില്‍ നിലകൊള്ളുന്നു. ലോകാരോഗ്യ സംഘടനയും യുനിസെഫും അടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ കേരള മോഡല്‍ വികസനത്തെ അഭിനന്ദിച്ചിട്ടുണ്ട്. ജനസംഖ്യാ നിയന്ത്രണം, സാക്ഷരത, കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ എന്നിവയില്‍ കേരളം കൈവരിച്ച നേട്ടങ്ങളും കേരളത്തിലെ വികേന്ദ്രീകൃത ആസൂത്രണത്തിന്റെ മാതൃകയും മറ്റ് സംസ്ഥാനങ്ങള്‍ പല ഘട്ടങ്ങളിലായി പഠന വിധേയമാക്കിയിട്ടുണ്ട്. ആ കൂട്ടത്തിലേക്ക് ഇനി ഡിജിറ്റല്‍ സാക്ഷരതയും. കേരളം ആദ്യം നടപ്പിലാക്കും, രാജ്യം അത് മാതൃകയാക്കും എന്ന പ്രശസ്ത മാധ്യമപ്രവര്‍ത്തകന്റെ വാക്കുകള്‍ യാഥാര്‍ഥ്യമാകുന്ന മറ്റൊരു കേരളാ സ്റ്റോറിക്കാണ് ഡിജികേരളത്തിലൂടെ നാം സാക്ഷ്യം വഹിക്കുന്നത്.
സാങ്കേതികതയില്‍ ഉണ്ടാവുന്ന മുന്നേറ്റങ്ങള്‍ പലപ്പോഴും ഏറ്റവും അവസാനം എത്തുന്നത് സ്ത്രീകളിലാണ്. സമൂഹത്തില്‍ അവര്‍ നേരിടുന്ന പിന്നാക്കാവസ്ഥയുടെ ബാക്കിപത്രമാണ് അത്. അവരുടെ നിരക്ഷരതയും വിവരസാങ്കേതിക വിദ്യാവബോധത്തിന്റെ അഭാവവും കാരണം പലപ്പോഴും സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നു. കോവിഡ് മഹാമാരി നമ്മുടെയൊക്കെ ലോകം വീടിനുള്ളില്‍ ചുരുക്കിയ സമയത്ത് സാങ്കേതികവിദ്യയുടെ പ്രാധാന്യം നമുക്ക് കൃത്യമായി മനസ്സിലാവുകയും ചെയ്തു. ഇത് എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിനുള്ള ബൃഹത് പദ്ധതിയാണ് ഡിജി കേരളം.

ആദ്യ ചുവടുവയ്പ്
തിരുവനന്തപുരത്തെ പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ ഡിജിറ്റല്‍ സാക്ഷരതയ്ക്കായി ഡിജി പുല്ലമ്പാറ എന്ന പദ്ധതി നടപ്പാക്കിയതാണ് തുടക്കം. നിലവിലുണ്ടാരുന്ന പദ്ധതികളില്‍ നിന്നുള്ള മാറിനടം കൂടിയായിരുന്നു അത്. ഡിജിറ്റല്‍ സാക്ഷരത എന്ന ആശയം അടിസ്ഥാനമാക്കി ‘ഡിജിറ്റല്‍ ഇന്ത്യ’ പദ്ധതിയിന്‍ കീഴില്‍ ‘ദേശീയ ഡിജിറ്റല്‍ സാക്ഷരത മിഷന്‍’ വിവിധ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്. അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഒരു കുടുംബത്തിലെ ഒരാള്‍ക്ക് വീതം ഡിജിറ്റല്‍ സാക്ഷരത നല്‍കുന്ന പദ്ധതിയാണ് പ്രധാനമായും ഏറ്റെടുത്തത്. എന്നാല്‍ ഒരു പഞ്ചായത്തിലെയോ ഗ്രാമത്തിലെയോ മുഴുവന്‍ ആളുകള്‍ക്കും ഡിജിറ്റല്‍ സാക്ഷരത നല്‍കുന്ന പദ്ധതി രാജ്യത്ത് എവിടെയും ഉണ്ടായിട്ടില്ല. സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുമായി സഹകരിച്ച് കേരള സംസ്ഥാന ഐ.ടി. മിഷന്‍ ഒരു കുടുംബത്തിലെ ഒരാള്‍ക്ക് വീതം ഡിജിറ്റല്‍ സാക്ഷരത നല്‍കുന്ന പദ്ധതി ആരംഭിച്ചിരുന്നു.
ദേശീയ ഡിജിറ്റല്‍ സാക്ഷരതാ മിഷന്റെ മാനദണ്ഡം അനുസരിച്ച് 14 വയസ്സ് മുതല്‍ 60 വയസ്സ് വരെയുള്ളവര്‍ക്കാണ് ഡിജിറ്റല്‍ സാക്ഷരതാപരിശീലനം നല്‍കുന്നത്. എന്നാല്‍ ഡിജി പുല്ലമ്പാറ പദ്ധതിയില്‍ 14 വയസ്സ് മുതല്‍ 65 വയസ്സ് വരെയുള്ളവരെ പരിശീലിപ്പിക്കുവാന്‍ തീരുമാനിച്ചു. പഠിതാക്കള്‍ക്കുള്ള പരിശീലന മോഡ്യൂള്‍ എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല അംഗീകരിച്ചു നല്കി. വോളന്റിയര്‍മാര്‍ വീടുകള്‍ കയറിയും, തൊഴിലുറപ്പ് പദ്ധതി
യുടെ സൈറ്റുകളില്‍ ഒഴിവ് സമയങ്ങളിലും, പഠിതാക്കളുടെ കൂട്ടായ്മകള്‍ ഉണ്ടാകാനിടയുള്ള മറ്റ് ഇടങ്ങളിലും വച്ചാണ് പരിശീലനം നല്കിയത്.
ഡിജി കേരളത്തിന്റെ തുടക്കം
ഡിജി പുല്ലമ്പാറ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ ഉജ്ജ്വലവിജയം മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇതേ മാതൃക സ്വീകരിക്കുന്നതിന് പ്രചോദനമായി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കേരളമൊട്ടാകെ ഏറ്റെടുത്ത് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തല്‍ഫലമായി ‘ഡിജി കേരളം’ എന്ന പേരില്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിക്ക് തുടക്കം കുറിച്ചു.
ഡിജി കേരളം
അവലംബിച്ച രീതികള്‍
കേരളത്തിലാകമാനം 2,57,000 വോളന്റിയര്‍മാര്‍ പദ്ധതിയുടെ ഭാഗമായി. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നിര്‍വഹണം പൂര്‍ത്തിയായത്. ആദ്യ ഘട്ടത്തില്‍ സൂക്ഷ്മമായ ഡാറ്റാ ശേഖരണത്തോടെ അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത ഇല്ലാത്തവരെ തിരിച്ചറിഞ്ഞു. സംസ്ഥാനത്ത് ആകെയുള്ള 1.5 കോടി വീടുകളില്‍ ആള്‍താമസം ഇല്ലാത്തവ ഒഴികെ 83,45,879 കുടുംബങ്ങളിലായി 1,50,82,536 വ്യക്തികളില്‍ നടത്തിയ വിവരശേഖരണം വഴി ഡിജിറ്റല്‍ സാക്ഷരതയില്ലാത്ത 21,88,398 പൗരാരെ തിരിച്ചറിഞ്ഞു. രണ്ടാം ഘട്ടത്തില്‍ സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തനത്തെ സംബന്ധിച്ച പരിശീലനം നല്‍കിക്കൊണ്ട് അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കി. 21,87,966 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. കുടുംബശ്രീ പ്രവര്‍ത്തകര്‍, കോളേജ് വിദ്യാര്‍ഥികള്‍, കേരള സ്റ്റേറ്റ് സാക്ഷരതാമിഷന്‍ പ്രേരക്മാര്‍, ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍, എന്‍എസ്എസ്, എന്‍സിസി കേഡറ്റുകള്‍, യുവജന സംഘടനകളിലെ അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ 2,57,000-ത്തിലധികം സന്നദ്ധപ്രവര്‍ത്തകര്‍ പദ്ധതിയുടെ വിവരശേഖരണം, പരിശീലനം എന്നിവയില്‍ പങ്കാളികളായി.

14 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കിയത്. ഒരു കുടുംബത്തിലെ ഒരു വ്യക്തിയ്ക്ക് മാത്രം പരിശീലനം നല്‍കുന്ന, മുമ്പ് നടപ്പിലാക്കിയ പദ്ധതികളില്‍നിന്ന് വിഭിന്നമായി മുഴുവന്‍ പൗരന്മാരുടെയും ഡിജിറ്റല്‍ സാക്ഷരത ഈ പദ്ധതി വഴി ഉറപ്പാക്കി. വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കി, അവര്‍ മുഖേനയാണ് പരിശീലനം നല്‍കിയത്. പരിശീലനം ആവശ്യമുള്ള 21,88,398 പേരില്‍ 21,87,966 (99.98%) പഠിതാക്കളും പരിശീലനം പൂര്‍ത്തിയാക്കി. ശാസ്ത്രീയമായി തയ്യാറാക്കിയ മോഡ്യൂളുകള്‍ ഉപയോഗിച്ചാണ് പഠിതാക്കള്‍ക്ക് ക്ലാസ്സുകളെടുത്തത്.
പരിശീലനം പൂര്‍ത്തിയാക്കിയവരെ മൂല്യനിര്‍ണ്ണയ പ്രക്രിയയ്ക്ക് വിധേയരാക്കുകയും മൂല്യനിര്‍ണ്ണയത്തില്‍ പരാജയപ്പെട്ടവര്‍ക്ക് വീണ്ടും പരിശീലനം നല്‍കുകയും അവരെ ഒരിക്കല്‍ കൂടി മൂല്യനിര്‍ണ്ണയത്തിന് വിധേയരാക്കുകയും ചെയ്തു. 14 വയസ്സുമുതല്‍ 65 വരെ പ്രായമുള്ള എല്ലാവരെയും നിര്‍ബന്ധിത മൂല്യനിര്‍ണ്ണയത്തിന്റെ ഭാഗമാക്കി. പരിശീലനം പൂര്‍ത്തിയാക്കിയ 21,87,966 പഠിതാക്കളില്‍ 21,87,667 പേരും മൂല്യനിര്‍ണ്ണയത്തില്‍ വിജയിച്ച് ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചു.
‘ഡിജി കേരളം’ പദ്ധതിയുടെ സുതാര്യത ഉറപ്പാക്കുന്നതിനായി മൂന്ന് തലങ്ങളില്‍ സൂപ്പര്‍ചെക്ക് നടത്തി. ഇവാലുവേഷന്‍ പൂര്‍ത്തിയാക്കിയ പഠിതാക്കളില്‍ അഞ്ച് ശതമാനം ജില്ലാ തലത്തിലും ഒരു ശതമാനം സംസ്ഥാന തലത്തിലും തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ മുഖേന സൂപ്പര്‍ചെക്ക് നടത്തി. ഇതിന് പുറമേ ഇവാലുവേഷന്‍ പൂര്‍ത്തിയാക്കിയ ആകെ പഠിതാക്കളില്‍ രണ്ടുശതമാനം പേരെ സാമ്പത്തിക സ്ഥിതിവിവര വകുപ്പ് മുഖേനയും സൂപ്പര്‍ ചെക്ക് നടത്തി.
കേരളത്തിലാകമാനം 2,57,000 വോളന്റിയര്‍മാര്‍ പദ്ധതിയുടെ ഭാഗമായി. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നിര്‍വഹണം പൂര്‍ത്തിയായത് |
കുടുംബശ്രീ പ്രവര്‍ത്തകര്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, സാക്ഷരതാ മിഷന്‍ പ്രേരക്മാര്‍, എസ്.സി.-എസ്.റ്റി. പ്രൊമോട്ടര്‍മാര്‍, തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്‍, എന്‍എസ്എസ്, എന്‍സിസി, എന്‍വൈകെ, സന്നദ്ധസേനാ വോളന്റിയര്‍മാര്‍, ലൈബ്രറി കൗണ്‍സില്‍, യുവജനക്ഷേമ ബോര്‍ഡ്, സന്നദ്ധ സംഘടനകള്‍, യുവതീയുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍പ്പെട്ട ഡിജിറ്റല്‍ സാക്ഷരരായ വോളന്റിയര്‍ എന്നിവരെ ഉപയോഗിച്ചാണ് വിവരശേഖരണവും പരിശീലനവും മൂല്യനിര്‍ണ്ണയവും നടത്തിയത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും സജ്ജീകരിച്ചിരുന്നു. പദ്ധതിയുടെ വിജയത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും പൊതുസമൂഹത്തിന്റെയും പരിപൂര്‍ണ്ണ സഹകരണവും ലഭിച്ചു.

തുടര്‍പ്രവര്‍ത്തനം
കേരളത്തിലെ എല്ലാ പൗരന്മാര്‍ക്കും ഡിജിറ്റല്‍ സാക്ഷരത നല്‍കുന്ന പദ്ധതി പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം മാത്രമേ പൂര്‍ത്തിയാകുന്നുള്ളൂ. രണ്ടാംഘട്ടം എന്ന നിലയില്‍ ഡിജിറ്റല്‍ സാക്ഷരത എന്നതിലുപരി ഡിജിറ്റല്‍ വിദ്യാഭ്യാസം നല്‍കുന്നതിനും പദ്ധതിയുണ്ട്. ഓണ്‍ലൈന്‍ ബാങ്കിങ് ഉള്‍പ്പെടെ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങളില്‍ അവബോധം വളര്‍ത്തല്‍, പരസഹായമില്ലാതെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കെ-സ്മാര്‍ട്ട് പോലുള്ള പോര്‍ട്ടലുകള്‍ ഉപയോഗിക്കാന്‍ പഠിക്കല്‍, തുടങ്ങി ഡിജിറ്റലായ എല്ലാ സേവനങ്ങളും ഓരോ പൗരനും ഉപയോഗിക്കാവുന്ന തരത്തിലും യുവതീയുവാക്കള്‍ക്ക് ഭാവിജീവിതത്തിന് സഹായകമാകുന്ന തരത്തിലും പ്രായവും വിദ്യാഭ്യാസവും അടിസ്ഥാനമാക്കി കൂടുതല്‍ ആഴത്തിലുള്ള പരിശീലനം നല്‍കാനാണ് സര്‍ക്കാര്‍ രണ്ടാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.
1. തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേനയുള്ള സേവനങ്ങള്‍ നല്‍കുന്ന കെ-സ്മാര്‍ട്ടില്‍ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും ഐഡി നല്‍കുന്നതിനും എല്ലാ സേവനങ്ങളും ഓരോ കുടുംബവും മറ്റുള്ളവരുടെ സഹായമില്ലാതെ ഓണ്‍ലൈനായി അനുഭവവേദ്യമാക്കുന്നതിനും നടപടി സ്വീകരിക്കും. തുടര്‍ന്ന് ഇത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന എല്ലാ സേവനങ്ങളിലേക്കും വ്യാപിപ്പിക്കും.
ഡിജി കേരളം 2.0-ന്റെ ഭാഗമായി ‘സീറോ സൈബര്‍ ക്രൈം കേരളം’ എന്ന പേരില്‍ ക്യാമ്പയിന്‍ നടത്തും |

2. ഡിജി കേരളം 2.0-ന്റെ ഭാഗമായി ‘സീറോ സൈബര്‍ ക്രൈം കേരളം’ എന്ന പേരില്‍ ക്യാമ്പയിന്‍ നടത്തും. കേരളത്തിലുടനീളം 10 ലക്ഷം ഡിജിറ്റല്‍ വോളന്റിയര്‍മാരെ കണ്ടെത്തുകയും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, കോളേജുകള്‍, സ്‌കൂളുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ സൈബര്‍ സുരക്ഷയെയും ഡിജിറ്റല്‍ തട്ടിപ്പുകളെയും കുറിച്ചുള്ള ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്യുകയാണ് പ്രധാന ലക്ഷ്യം. ഓരോ ക്ലാസും 2 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സെമിനാര്‍, വെബിനാര്‍ ആയി സംഘടിപ്പിച്ച ശേഷം, 15 മിനിറ്റുള്ള 20 ചോദ്യങ്ങളടങ്ങിയ പരീക്ഷ നടത്തും. വിജയിക്കുന്നവര്‍ക്ക് ഡിജി കേരളം 2.0ന്റെ പേരിലുള്ള ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ നിലവില്‍ അറിഞ്ഞിരിക്കേണ്ട വിവിധ പ്രശ്നങ്ങള്‍, അവയുടെ പരിഹാരങ്ങള്‍ എന്നിവയില്‍ അവബോധം നല്‍കുന്നതിനനുയോജ്യമായ രീതിയില്‍ പാഠ്യപദ്ധതി തയ്യാറാക്കും. പരിശീലനം ലഭിച്ചവരുടെ വിവരങ്ങള്‍ ശാസ്ത്രീയമായി ഡാറ്റാബേസിലൂടെ സൂക്ഷിക്കുകയും ഭരണസംവിധാനങ്ങള്‍ക്കായി ലഭ്യമാക്കുകയും ചെയ്യും. ഇതിന്റെ പ്രചാരണര്‍ഥം മാരത്തോണ്‍, ഹാക്കത്തോണ്‍, കായിക മത്സരങ്ങള്‍, ഹോര്‍ഡിങ്സ്, പത്ര-ദൃശ്യ മാധ്യമങ്ങളില്‍ പരസ്യങ്ങള്‍, ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയവ സംഘടിപ്പിക്കും.
3. DEED – Digitalisation of Every Essential Document എന്ന പേരില്‍ പൗരന്മാരുടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും മറ്റ് പ്രധാനപ്പെട്ട രേഖകളും ഡിജിലോക്കറുമായി ബന്ധിപ്പിക്കുകയും ‘പേപ്പര്‍രഹിത സേവനം’ എന്ന വിശാലമായ കാഴ്ചപ്പാട് നടപ്പാക്കുകയും ചെയ്യും.


കേരളത്തിലാകമാനം 2,57,000 വോളന്റിയര്‍മാര്‍ പദ്ധതിയുടെ ഭാഗമായി. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നിര്‍വഹണം പൂര്‍ത്തിയായത്