നിറചിരിയിൽ ജീവിതങ്ങൾ
സംഗീതം ജിവിതവും ഉപജീവനമാർഗമാക്കിയ അന്ധദമ്പതിമാരാണ് തൊടുപുഴ സ്വദേശമായ ഷൈ വർഗീസും സുനിതയും. ബസ് സ്റ്റാൻഡിലും പൊതുസ്ഥലങ്ങളിലും പാട്ട് പാടി കിട്ടുന്ന തുകയിലാണ് അവർ കഴിഞ്ഞിരുന്നത്. വിദ്യാർഥിയായ മകളുമൊപ്പമുള്ള ജീവിതത്തിൽ അവരുടെ ഏറ്റവും വലിയ ദു:ഖം തലചായ്ക്കാൻ സുരക്ഷിതത്വമേകുന്ന ഒരു വീട് സ്വന്തമായില്ലെന്നതായിരുന്നു. എന്നാൽ ഇന്ന് അവരുടെ ജീവിതം സന്തോഷമുള്ളതാണ്. സംസ്ഥാനസർക്കാരിന്റെ ലൈഫ് മിഷനിലൂടെ ഒരു വീട് ലഭിച്ചു. ഒപ്പം കുടുംബശ്രീ പാട്ടിലൂടെയുള്ള ഉപജീവനത്തിന് ഉതകുന്ന സംഗീതോപകരണങ്ങളും സമ്മാനിച്ചു.
ലൈഫ് മിഷനിലൂടെയുള്ള കരുതലിന്റെ നേർസാക്ഷ്യങ്ങൾ ഇതുപോലെ അനവധിയുണ്ട്. അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കി അവരുടെ ജീവിതങ്ങളിൽ സംതൃപ്തിയുടെ നിറചിരികൾ വിരിയിക്കാൻ ലൈഫിനു കഴിഞ്ഞിട്ടുണ്ട്. ലൈഫ് സമ്പൂർണ്ണ പാർപ്പിട സുരക്ഷ പദ്ധതിയിലൂടെ സംസ്ഥാനത്തെ എല്ലാ ഭവനരഹിതർക്കും അടച്ചുറപ്പുള്ള ഭവനങ്ങൾ ലഭ്യമാക്കുവാനാണ് ലക്ഷ്യം. നാലരലക്ഷത്തിലധികം പേർക്കാണ് ഇതുവരെ പദ്ധതിയിലൂടെ വീടുകൾ ലഭിച്ചിരിക്കുന്നത്. ഒന്നേകാൽ ലക്ഷത്തിലധികം വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുന്നു. നന്മയുള്ള മനസ്സുകളുടെ ഹൃദയപൂർവമുള്ള പിന്തുണയും ലൈഫിന്റെ സവിശേഷതയാണ്. ഭുമിയില്ലാത്ത ഭവനരഹിതർക്ക് വീട് നിർമ്മിക്കാൻ മനസ്സോടിത്തിരി മണ്ണ് പദ്ധതി വഴി ഭൂമി ദാനം ചെയ്യാൻ അനേകംപേർ ഇതിനകം മുന്നോട്ടുവന്നു.
ഇതൊടൊപ്പം പട്ടികവിഭാഗത്തിൽ പെട്ട ഭൂരഹിതർക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള പദ്ധതികൾ, കടലാക്രമണഭീഷണി നേരിടുന്ന തീരദേശജനതയുടെ പുനരധിവാസത്തിനായുള്ള പുനർഗേഹം പദ്ധതി എന്നിവയും ശ്രദ്ധേയമായ പുരോഗതി നേടിയിട്ടുണ്ട്. ഭൂരഹിതരും ഭവനരഹിതരുമില്ലാത്ത ഒരു കേരളം എന്ന ലക്ഷ്യപ്രാപ്തിക്കായുള്ള സംസ്ഥാനസർക്കാരിന്റെ പ്രവർത്തനങ്ങളാണ് സമകാലിക ജനപഥം ഈ ലക്കത്തിന്റെ ചർച്ചാവിഷയം.
ടി വി സുഭാഷ് ഐ എ എസ്
എഡിറ്റർ
