നിരക്ഷരതയുടെ തുരുത്തുകള്‍ ഇല്ലാതാകുമ്പോള്‍

നിരക്ഷരതയുടെ തുരുത്തുകള്‍ ഇല്ലാതാകുമ്പോള്‍
എ. ജി ഒലീന
ഡയറക്‌ടർ, സാക്ഷരതാ മിഷന്‍

സമ്പൂര്‍ണ്ണ സാക്ഷരത നേടിയ സംസ്ഥാനമെന്ന നിലയില്‍ രാജ്യത്തിന് തന്നെ മാതൃകയാണ് നമ്മുടെ നാട്. ‘നിരക്ഷരതയുടെ തുരുത്തുകള്‍ ഇല്ലാതാക്കുക’ എന്ന സര്‍ക്കാര്‍ നയം പ്രാവര്‍ത്തികമാക്കാനായി അനൗപചാരിക വിദ്യാഭ്യാസത്തിന്റെ വഴികളിലൂടെ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ജനകീയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. തുടര്‍ വിദ്യാഭ്യാസ പരിപാടികള്‍ക്കും വ്യത്യസ്‌തങ്ങളായ വൈജ്ഞാനിക പരിപാടികള്‍ക്കും സംസ്ഥാന സാക്ഷരതാ മിഷന്‍ നേതൃത്വം നൽകുന്നു.

ലോക സാക്ഷരത ദിനത്തില്‍ സംഘടിപ്പിച്ച കേന്ദ്ര യോഗത്തില്‍ കേരളത്തില്‍ നടത്തുന്ന നൂതന പദ്ധതികള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന അഭിപ്രായമുണർന്നതും സാക്ഷരതാ പാഠാവലി നിര്‍മ്മാണത്തില്‍ കേരളത്തിന്റെ സമീപനം മാതൃകയാക്കണമെന്ന് മാതൃകയാക്കണമെ് എന്‍ സി ഇ ആര്‍ ടിയോട് യോഗം നിര്‍ദേശിച്ചതും അഭിമാനകരമാണ്.

ചങ്ങാതി പദ്ധതി

ഇതര സംസ്ഥാന തൊഴിലാളികളെ മലയാളവും കേരള സംസ്‌കാരവും പഠിപ്പിക്കുന്ന പദ്ധതിയാണിത്. രാജ്യത്താദ്യമാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയില്‍ സാക്ഷരരാക്കുക എന്നതാണെങ്കിലും ആരോഗ്യ-സാമ്പത്തിക-ശുചിത്വ സാക്ഷരതയെക്കുറിച്ചും അവബോധം വളർത്തുന്ന നിലയില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ മൈനോറിറ്റി ഗവേഷണ വിഭാഗവുമായി ചേർന്നു കൊണ്ട് പദ്ധതി പരിഷ്‌കരിച്ചു നടപ്പാക്കുകയാണ്. 469 പേര്‍ സാക്ഷരരായി. പദ്ധതിയുടെ മൂന്ന് ഘട്ടങ്ങൾ പൂര്‍ത്തിയായി.

സമന്വയ

ട്രാൻസ്‌ജെൻഡർ, എല്‍.ജി.ബി.ടി.ക്യൂ+ വിഭാഗങ്ങളെ പഠനത്തോടൊപ്പം സാംസ്‌കാരികവും വൈജ്ഞാനികവുമായി മികവുള്ളവരാക്കി മാറ്റി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് സമന്വയ തുടര്‍ വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ സാക്ഷരതയില്‍ തുടങ്ങി ഹയര്‍ സെക്കന്‍ഡറി തലം വരെയാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. പദ്ധതിയില്‍ തൊഴില്‍/ജീവിത നൈപുണി സാധ്യതകള്‍കൂടി ഉള്‍പ്പെടുത്തി ട്രാൻസ്‌ജെൻഡർ വിഭാഗക്കാരെ കൂടുതല്‍ ആത്മവിശ്വാസമുള്ള സമൂഹമായി മാറ്റുവാനുള്ള ശ്രമമാണ് നടക്കുന്നത്. സാക്ഷരതാ-തുല്യതാ കോഴ്‌സുകളില്‍ പഠിക്കുന്ന ട്രാൻസ്‌ജെൻഡർ പഠിതാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് പുറമേ പഠന കാലയളവില്‍ താമസിക്കുന്നതിനായുള്ള പഠന വീട് സമ്പ്രദായവും ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലാണ് പഠനവീട് പ്രവർത്തിക്കുന്നത്.

സമഗ്ര

ആദിവാസി വിഭാഗക്കാര്‍ക്കും അറിവ് ലഭ്യമാക്കാനുള്ള ശ്രമമാണ് സമഗ്ര ആദിവാസി തുടര്‍ വിദ്യാഭ്യാസ പദ്ധതി. പട്ടിക വർഗ വികസന വകുപ്പിന്റെ സഹകരണത്തോടെ 100 ആദിവാസി സാങ്കേതങ്ങളില്‍ ആരംഭിച്ച സമഗ്ര ആദിവാസി തുടര്‍ വിദ്യാഭ്യാസ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 1966 പേരാണ് സാക്ഷരരായത്. രണ്ടാം ഘട്ടം 100 ഊരുകളിലേക്ക് കൂടി വ്യാപിച്ചിരുന്നു. ഊരുകളില്‍ നാലും ഏഴും തുല്യതാ കോഴ്‌സുകള്‍ നടത്തി.

പരിസ്ഥിതി സാക്ഷരതാ പദ്ധതി

പാരിസ്ഥിതിക മലിനീകരണ വിഷയങ്ങളില്‍ ജനങ്ങളുടെ അവബോധം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 2023 ഓഗസ്റ്റില്‍ കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, വയനാട് ജില്ലകളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. പഠിതാക്കള്‍ക്കും ജീവനക്കാര്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസുകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി പരിസ്ഥിതി ക്യാമ്പുകള്‍, സംസ്ഥാന ജില്ലാ ഓഫീസുകളിലും പഠന കേന്ദ്രങ്ങളിലും പരിസ്ഥിതി ദിനാഘോഷം എന്നിവ സംഘടിപ്പിച്ചു. കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.

അക്ഷര സാഗരം

സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കിയ തീരദേശ സാക്ഷരതാ പരിപാടിയാണ് അക്ഷര സാഗരം. 2017-ല്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാവുമ്പോള്‍ 39 തദ്ദേശ സ്ഥാപനങ്ങളിലെ 234 തീരദേശ വാര്‍ഡുകളില്‍ സാക്ഷരതാ തുല്യതാ പരിപാടി നടപ്പിലാക്കി.

തുല്യതാ കോഴ്‌സുകള്‍

ഇന്ത്യയില്‍ തുല്യതാ വിദ്യാഭ്യാസ പരിപാടി നടക്കുന്ന ഏക സംസ്ഥാനമാണ് കേരളം. മാറുന്ന ലോകത്തിനും കാലത്തിനും അനുസരിച്ച് അറിവ് പകർന്നു കൊടുക്കുകയെന്ന സാമൂഹിക കടമ നിർവഹിക്കുന്ന സാക്ഷരതാ മിഷന്‍ സാക്ഷരത പദ്ധതിയ്ക്ക് പിന്നാലെ നാലാം തരം, ഏഴാം തരം, പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സുകള്‍ നടപ്പാക്കുന്നു. സാക്ഷരത നേടിയ എല്ലാ വിഭാഗം ആളുകളെയും തുടര്‍ വിദ്യാഭ്യാസത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാലാം തരം തുല്യതാ കോഴ്‌സ് മിഷന്‍ പ്രാവർത്തികമാക്കുന്നത്. മലയാളം, ഇംഗ്ലീഷ്, പരിസ്ഥിതി പഠനം, ഗണിതം, തൊഴില്‍ പരിശീലനം എന്നീ അഞ്ചു വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നാലാം തരം പാഠ്യ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഔപചാരിക നാലാം ക്ലാസിന് അവസരം ലഭിക്കാത്ത, 15 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഈ  കോഴ്സില്‍ ചേരാം. സാമൂഹിക-സാമ്പത്തിക അരക്ഷിതാവസ്ഥകള്‍ക്കിടയില്‍ മുടങ്ങിപ്പോയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും ജോലി ലഭിക്കുതിനും തൊഴില്‍ മേഖലയില്‍ സ്ഥാനക്കയറ്റത്തിനും നിരവധിപേര്‍ക്ക് തുല്യതാ കോഴ്‌സുകളിലൂടെ അവസരം ലഭിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കോഴ്‌സുകൾ നടപ്പാക്കുന്നത്. പൂര്‍ണ്ണമായും സൗജന്യമായി നടത്തുന്ന നാലാം തരം, ഏഴാം തരം ക്ലാസുകളുടെ കോഴ്‌സുകള്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് നടപ്പാക്കുന്നത്.

പത്താം തരം തുല്യത

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ഫീസ് തദ്ദേശ സ്ഥാപനങ്ങള്‍ വകയിരുത്തുന്നു. പട്ടികജാതി, പട്ടികവർഗ, ട്രാൻസ്‌ജെൻഡർ പഠനം സൗജന്യമാണ്. ഭാഷാ ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി തമിഴ്, കന്നഡ മീഡിയങ്ങളിലും വിദ്യാഭ്യാസം നേടാന്‍ അവസരം തുല്യതാ കോഴ്‌സുകളിൽ ഒരുക്കിയിട്ടുണ്ട്. പൊതു പരീക്ഷ നടത്തിപ്പിന്റെയും സർട്ടിഫിക്കറ്റ് വിതരണത്തിന്റെയും പൂര്‍ണ്ണ ചുമതല സംസ്ഥാന സര്‍ക്കാര്‍ പൊതു പരീക്ഷാ ബോര്‍ഡിനാണ്. എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യതയായി നിഷ്‌കർഷിച്ചിട്ടുള്ള തസ്‌തികകളിലേക്ക്  പി.എസ്.സി പത്താം തരം തുല്യതാ സർട്ടിഫിക്കറ്റും അംഗീകരിച്ചിട്ടുണ്ട്. ലക്ഷദ്വീപ്, ദുബായ്, അജ്‌മാൻ എന്നിവിടങ്ങളിൽ പത്താം തരം തുല്യതാ സെന്ററുകള്‍ അനുവദിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ പത്താമുദയം, ആലപ്പുഴ ജില്ലയില്‍ പാഠം ഒന്ന് ആലപ്പുഴ എന്ന രണ്ടു പദ്ധതികളിലൂടെ സമ്പൂര്‍ണ്ണ പത്താം തരം നടപ്പാക്കുകയാണ്. ജയില്‍ ജ്യോതി പദ്ധതിയിലൂടെ കേരളത്തിലെ ജയിലുകളില്‍ തുല്യതാ പഠനത്തിന് അവസരം ഒരുക്കുന്നതിനോടൊപ്പം കേരള പോലീസിന്റെ ഹോപ്പ് പദ്ധതിയിലൂടെ നിരവധി ആളുകള്‍ക്ക് ജീവിത വെളിച്ചം പകരാനും മിഷന് കഴിയുന്നുണ്ട്.

ഹയര്‍ സെക്കന്‍ഡറി തുല്യത

കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ നേത്യത്വത്തില്‍ ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് മാനവിക വിഷയങ്ങളായ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളാണ് ആരംഭിച്ചിട്ടുള്ളത്. തുല്യതാ കോഴ്‌സിന്റെ ഒന്നാം വർഷം 10 വിഷയങ്ങളിലായി 13 സ്വയം പഠന സാമഗ്രികളും രണ്ടാം വര്‍ഷം 10 വിഷയങ്ങളിലായി 15 സ്വയം പഠന സാമഗ്രികളുമാണ് തയ്യാറാക്കിയിട്ടുള്ളത്. ഔപചാരിക പത്താം ക്ലാസ് വിജയിച്ച ശേഷം പഠനം തുടരാന്‍ കഴിയാത്തവര്‍, പത്താം തരം തുല്യത വിജയിച്ചവര്‍, വിദ്യാഭ്യാസത്തിന്റെ പഠനാനുഭവങ്ങള്‍ പൂര്‍ണ്ണമായി ലഭിക്കാത്തവര്‍ തുടങ്ങി തുടര്‍ പഠനത്തിന് അവസരം ലഭിക്കാത്തവരാണ് ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സിന്റെ ഗുണഭോക്താക്കള്‍. ഏഴു ബാച്ചുകള്‍ പൂര്‍ത്തിയായി. എട്ടാം ബാച്ചിന്റെ രണ്ടാം വര്‍ഷ ക്ലാസുകളും ഒന്‍പതാം ബാച്ചിന്റെ ഒന്നാം വര്‍ഷ ക്ലാസുകളും നടന്നു വരുന്നു. പൊതു പരീക്ഷ 2025 ജൂലൈ മാസത്തില്‍ നടക്കും.

പച്ച മലയാളം, അച്ഛീ ഹിന്ദി, ഗുഡ് ഇംഗ്ലീഷ്

മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ പ്രാപ്‌തരാക്കുന്നതിനായി ആരംഭിച്ച പദ്ധതികളാണ് പച്ച മലയാളം, അച്ഛീ ഹിന്ദി, ഗുഡ് ഇംഗ്ലീഷ്.

പതിനേഴ് വയസ്സ് പൂര്‍ത്തിയായ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും മലയാളത്തില്‍ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവർക്കും മലയാളം പഠിക്കാന്‍ അവസരം നൽകുന്ന  കോഴ്‌സാണ് പച്ച മലയാളം കോഴ്‌സ്. പത്താ തരം മലയാളം ഭാഷാ ശേഷികള്‍ പഠിതാവ് ആർജിക്കുന്ന വിധത്തില്‍ ഒരു വര്‍ഷം ദൈര്‍ഘ്യത്തില്‍ കോഴ്‌സ് പരിഷ്‌കരിച്ചു രണ്ടു ഘട്ടങ്ങളിലായാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. പച്ച മലയാളം അടിസ്ഥാന കോഴ്‌സിന്റെ (ഒന്നാം ഘട്ടം) പൊതു പരീക്ഷ നടത്തുന്നത് സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും അഡ്വാന്‍സ് കോഴ്‌സിന്റെ (രണ്ടാം ഘട്ടം) പൊതു പരീക്ഷ നടത്തുന്നത് പരീക്ഷാ ഭവനുമായിരിക്കും. വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പച്ച മലയാളം കോഴ്‌സ് നടപ്പാക്കുന്നുണ്ട്.

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്കും പത്താം ക്ലാസ്/പത്താം തരം തുല്യത വിജയിച്ചവര്‍ക്കും ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി കോഴ്‌സുകളില്‍ ചേരാം. പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി എന്നീ സർട്ടിഫിക്കറ്റ് കോഴ്‌സുകള്‍ നിലവില്‍ ആറ് ബാച്ചുകള്‍ പൂര്‍ത്തീകരിച്ചു.

ഇ-മുറ്റം

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സമൂഹത്തില്‍ നില നിൽക്കുന്ന ഡിജിറ്റല്‍ വിടവ് മറി കടക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷന്‍ അതോറിറ്റി, കൈറ്റ് കേരള എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഡിജിറ്റല്‍ ബോധവത്കരണ പരിപാടിയാണ് ഇ-മുറ്റം.

ഇന്റര്‍നെറ്റില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍, തെറ്റായ പ്രചരണങ്ങള്‍, കുറ്റ കൃത്യങ്ങള്‍, അക്രമവാസന ഉളവാക്കുന്ന പരിപാടികള്‍ എന്നിവയ്‌ക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ആവശ്യകതയില്‍ നിന്നുമാണ് ഇത്തരമൊരു പദ്ധതി ഉടലെടുക്കുന്നത്. ഓരോ ജില്ലയിലെയും ഒരു പഞ്ചായത്തിലെ അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത ഇല്ലാത്തവരെ കണ്ടെത്തി ആ പഞ്ചായത്തിനെ ഡിജിറ്റല്‍ പഞ്ചായത്താക്കി മാറ്റുക എതാണ് പദ്ധതിയുടെ ലക്ഷ്യം. 14 ജില്ലകളിലായി പദ്ധതിയില്‍ ആകെ 26,971 പേര്‍ പദ്ധതിയില്‍ ഗുണഭോക്താക്കളാണ്. ഡിജി കേരളം പദ്ധതി പ്രഖ്യാപിച്ചതോടെ ഇ-മുറ്റം അതിന്റെ ഭാഗമായി മാറി.

മുന്നേറ്റം

തുടര്‍ വിദ്യാഭ്യാസം നൽകുന്നതോടൊപ്പം സ്ത്രീകളുടെ ഉന്നമനം, സ്ത്രീ ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി കേരള സംസ്ഥാന സാക്ഷരതാ മിഷനും മഹിളാ സമഖ്യ സൊസൈറ്റിയുമായി ചേർന്നുള്ള പദ്ധതിയാണ് മുന്നേറ്റം. സാക്ഷരതാ മിഷന്റെ ബഹു ഭൂരിഭാഗം വരുന്ന ഗുണഭോക്താക്കളായ സ്ത്രീകളുടെ വിദ്യാഭ്യാസം നിലവാരം, ജീവിത നൈപുണി, തൊഴില്‍ നൈപുണി എന്നിവ മെച്ചപ്പെടുത്തി സമൂഹത്തില്‍ അവരുടെ അന്തസ്സ് ഉയർത്തുന്നതിന് അനുയോജ്യമായ വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്‌തിട്ടുള്ളത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ എസ്.ടി. വിഭാഗത്തിലെ പഠിതാക്കള്‍ നാല്, ഏഴ്, പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളില്‍ രജിസ്‌ട്രേഷന്‍ ചെയ്‌തു. രണ്ടാം ഘട്ടത്തിൽ ജന്‍ഡര്‍ അവബോധം, കുട്ടികൾക്കെതിരെയുള്ള അക്രമം, ഗാര്‍ഹിക പീഡനം, ആരോഗ്യം, പോഷകാഹാരം, ശുചിത്വം, സാങ്കേതിക പരിജ്ഞാനം എന്നീ വിഷയങ്ങളില്‍ പഠന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ആകെ 807 പഠിതാക്കളെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്‌തു. (നാലാം തരം-79, ഏഴാം തരം-125, പത്താം തരം-313, ഹയര്‍ സെക്കന്‍ഡറി-290).

ദീപ്‌തി-ബ്രെയിലി സാക്ഷരതാ പദ്ധതി

കാഴാ‌ച പരിമിതർക്ക് ബ്രെയില്‍ ലിപിയില്‍ സാക്ഷരരാക്കുന്ന പദ്ധതിയാണ് ‘ദീപ്‌തി-ബ്രെയിലി സാക്ഷരതാ പദ്ധതി’. കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈൻഡ് എന്ന സംഘടനയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. കാഴ്‌ച വെല്ലുവിളി നേരിടുന്നവരുടെ ആത്മ വിശ്വാസവും ആത്മാഭിമാനവും വര്‍ധിപ്പിക്കുക, ഒറ്റപ്പെട്ടു നിൽക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക, കലാപരമായ കഴിവുകള്‍ വികസിപ്പിക്കാനും പ്രകടിപ്പിക്കാനും അവസരം ഒരുക്കുക, തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുക്ക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. അസാപ് കേരളയുമായി ചേർന്നു കൊണ്ട് ബ്രെയിലി സാക്ഷരതാ പഠിതാക്കള്‍ക്ക് തൊഴില്‍ മുന്നേറ്റം സൃഷ്‌ടിക്കാനുള്ള മുറ്റേം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സാക്ഷരാതാമിഷന്‍.

Spread the love