തുടരും ഈ നേട്ടങ്ങള്‍…

കേരളത്തിന്റെ സര്‍വ മേഖലകളിലും വികസനത്തിന്റെയും സാമൂഹിക ക്ഷേമത്തിന്റെയും നവ മാതൃക തീര്‍ത്ത്, പുരോഗതിയുടെ വിജയത്തിളക്കം സൃഷ്‌ടിച്ച സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ജനഹൃദയങ്ങളില്‍ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചു കൊണ്ട് പരിസമാപ്‌തി.

ഒന്‍പത് വര്‍ഷം തുടര്‍ച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന സര്‍ക്കാരിന്റെ രണ്ടാം ഭരണ ഘട്ടം നാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കാസർഗോഡ് തുടക്കമിട്ട ആഘോഷങ്ങള്‍ക്ക് എല്ലാ ജില്ലകളിലും ഉത്സവഛായ പകർന്ന ശേഷം തലസ്ഥാന നഗരിയിലാണ് സമാപനം കുറിച്ചത്.

വെറും ആഘോഷ പരിപാടികള്‍ക്ക് അപ്പുറം കേരളത്തെ ഇനിയും ഊര്‍ജസ്വലമായി മുന്നോട്ട് നയിക്കാനും ജനകീയ ഇടപെടലിന്റെ സാധ്യതകളിലൂടെ എല്ലാ മേഖലകളെയും ഉണര്‍വിന്റെ ഭാഗമാക്കാനും ഉതകുന്ന വിധമാണ് എന്റെ കേരളം ആസൂത്രണം ചെയ്‌തത്. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തി ജില്ലാതല, മേഖലാതല യോഗങ്ങളില്‍ പങ്കെടുത്തതും അതത് ജില്ലകളിലെ സത്വര ശ്രദ്ധ ആവശ്യമായ വിഷയങ്ങള്‍ നേരില്‍ കേൾക്കുന്നതിനാണ്. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതല കമ്മിറ്റികള്‍ രൂപീകരിച്ചാണ് ഓരോ ജില്ലകളിലും പരിപാടികള്‍ കുറ്റമറ്റ രീതിയില്‍ ഏകോപിപ്പിച്ചത്. ‘എന്റെ കേരളം’ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഓരോ ജില്ലയിലും ഏഴ് ദിവസത്തെ പ്രദര്‍ശന വിപണന മേളകള്‍ നടന്നത് ഉത്സവ പ്രതീതി ഉണര്‍ത്തി.

വകുപ്പുകളുടെ സ്റ്റാളുകള്‍ക്ക് പുറമെ വിപണന സ്റ്റാളുകളും ജനശ്രദ്ധയാകര്‍ഷിച്ചു. വകുപ്പുകളുടെ സ്റ്റാളുകളില്‍ സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷത്തെ വികസന – ക്ഷേമ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും പ്രദര്‍ശിപ്പിച്ചു. ഐ&പി.ആര്‍.ഡിയുടെ തീം പവലിയന്‍, കെ.എസ്.എഫ്.ഡി.സിയുടെ മിനി തിയറ്റര്‍, പൊലീസിന്റെ ഡോഗ് ഷോ, കാരവന്‍ ടൂറിസം, മൃഗ സംരക്ഷണ വകുപ്പിന്റെ പ്രദര്‍ശനം, കുടുംബ ശ്രീ ഉള്‍പ്പെടെയുള്ളവരുടെ ഫുഡ് കോർട്ടുകൾ, പുസ്‌തക മേള, കാര്‍ഷിക പ്രദര്‍ശനം, ഹരിത കേരള മിഷന്റെ പ്രവര്‍ത്തനം സംബന്ധിച്ച ഇന്‍സ്റ്റലഷന്‍, സ്റ്റാർട്ടപ്പ് മിഷന്‍, ടൂറിസം, കിഫ്ബി, സ്പോര്‍ട്‌സ് എന്നിവയുടെ പ്രത്യേക ഇടങ്ങള്‍, കലാ പരിപാടികള്‍, കലാകാരന്‍മാരുടെ ലൈവ് ഡെമോൺസ്‌ട്രേഷൻ, വിദ്യാഭ്യാസ ചര്‍ച്ച, വനിതാ മുന്നേറ്റം സെമിനാറുകള്‍ എന്നിവയെല്ലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി.

ജനങ്ങള്‍ക്കാവശ്യമായ സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കാന്‍ കഴിയുന്ന രീതിയിലാണ് മേള സംഘടിപ്പിച്ചത്. പ്രദര്‍ശന-വിപണന മേളയുടെ ഏകോപനം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍വഹിച്ചു. കിഫ്ബിയാണ് അടിസ്ഥാന സൗകര്യം ഒരുക്കിയത്. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്‌ത വകുപ്പുകള്‍ സംഘടിപ്പിച്ച സംസ്ഥാനതല യോഗങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു.

മന്ത്രി സഭയുടെ നാലാം വാര്‍ഷിക ആഘോഷങ്ങളുടെ സമാപന സമ്മേളന ഉദ്ഘാടനവും സര്‍ക്കാരിന്റെ വാര്‍ഷിക പ്രോഗ്രസ് റിപ്പോർട് പ്രകാശനവും തിരുവനന്തപുരം പുത്തരിക്കണ്ടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ‘മിഴിവ്’ ഷോർട്ട് വീഡിയോ മത്സരത്തിലെ വിജയികള്‍ക്ക് മുഖ്യമന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്‌തു.

നമുക്ക് കരുത്തോടെ തുടരാം

സാമ്പത്തിക പുരോഗതിയും സാമൂഹ്യ നീതിയും ഉറപ്പു വരുത്തി വികസിത രാജ്യങ്ങള്‍ക്ക് സമാനമായ നിലയിലേയ്ക്ക് കേരളത്തെ ഉയര്‍ത്തുക എന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. സുസ്ഥിരവും സമത്വ പൂര്‍ണ്ണവുമായ വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് നാം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആ നവ കേരളം യാഥാര്‍ത്ഥ്യമാക്കാന്‍ കേരള ജനതയാകെ സര്‍ക്കാരിനൊപ്പമുണ്ട്. അടിയുറച്ച പിന്തുണയാണ് ജനങ്ങള്‍ സര്‍ക്കാരിനു ഓരോ ഘട്ടത്തിലും നല്‍കി വരുന്നത്. പ്രതിസന്ധികളില്‍ കരുത്തായും ഉപദേശ നിര്‍ദേശങ്ങള്‍ പകർന്നും അവര്‍ കൂടെയുണ്ട്. അതു നൽകുന്ന കരുത്താണ് ഈ നേട്ടങ്ങൾ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരിനു പ്രചോദനവും ഊര്‍ജ്ജവും പകർന്നത്. നാടിനെ വിഭജിക്കുന്ന ശക്തികളെ ഒറ്റക്കെട്ടായി ചെറുത്ത് നവ കേരളത്തിനായി നമുക്ക് ഒരുമിച്ചു മുന്നേറാം. ഈ നാലാം വാര്‍ഷികാഘോഷങ്ങള്‍ അതിനു സഹായകമാകട്ടെ. ഇതൊരു ചരിത്ര മുഹൂര്‍ത്തമാണ്. കേരളത്തിന് ആവശ്യമായതെന്തോ, കേരള ജനത ആഗ്രഹിക്കുന്നതെന്തോ, അത് മികച്ച രീതിയില്‍ തുടരാന്‍ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുന്ന മുഹൂര്‍ത്തം. ഈ കൂട്ടായ്‌മയും ഈ ആത്മ സമര്‍പ്പണവും ഈ മുന്നേറ്റവും കൂടുതല്‍ കരുത്തോടെ തുടരാം എന്നാണ് ഈ സന്ദര്‍ഭത്തില്‍ ആവര്‍ത്തിച്ച് പറയാനുള്ളത്.

Spread the love