തിളങ്ങുന്ന കേരളം

അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം >> അനുഷ പോള്‍
                                                                              മാധ്യമപ്രവര്‍ത്തക

logo 11anusha

വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്ന് ജീവിതം മനോഹരമായി തിരിച്ചുപിടിച്ചവര്‍. അവരുടെ പുഞ്ചിരികളിലാണ് കേരളം                             തിളങ്ങുന്നത്

 

കടുത്ത മാനസിക സമ്മര്‍ദങ്ങളിലും വിഷാദത്തിലും കഴിഞ്ഞിരുന്ന തിരുവനന്തപുരം പുല്ലമ്പാറ സ്വദേശി സരസുവിന്റെ ജീവിതം മാറ്റിമറിച്ചത് രണ്ട് സര്‍ക്കാര്‍ പദ്ധതികളാണ്. അറുപത് വയസ്സുകഴിഞ്ഞ സരസു ഒറ്റപ്പെടലിന്റെ കാണാക്കയത്തിലായിരുന്നു. ഭര്‍ത്താവും മകനും നഷ്ടപ്പെട്ടതിന്റെ വേദന, കടുത്ത ദാരിദ്യം, ശാരീരികവും മാനസികവുമായ പ്രതിസന്ധികള്‍, വേദന കള്‍ പങ്കുവെക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ. ഈ സമയത്താണ് പഞ്ചായത്തില്‍ നിന്ന് ആളുകള്‍ വരുന്നതും ഡിജിറ്റല്‍ സാക്ഷരതായജ്ഞത്തില്‍ പങ്കാളിയാകന്നതും. സരസുവിന്റെ പ്രയാസങ്ങള്‍ തിരിച്ചറിഞ്ഞ അധികൃതര്‍ അവരെ അതിദാരിദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ആവശ്യമായ പിന്തുണ നല്‍കുകയും കൂടി ചെയ്തു.

കഥയുടെ ബാക്കി ഭാഗത്ത്, സരസു ഒറ്റപ്പെട്ട തുരുത്തോ വേദനകളുടെ കടലോ അല്ല. അതിദാരിദ്യത്തില്‍ നിന്ന് സര്‍ക്കാര്‍ കൈപിടിച്ചുയര്‍ത്തിയോടെ ജീവിക്കാനുള്ള ധൈര്യം കൈവന്നു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ പഠിച്ചതോടെ ഡിജിറ്റല്‍ ബാങ്കിങ് ഉള്‍പ്പെടെ എല്ലാ ഇ-സേവനങ്ങളും കൈപ്പിടിയിലൊതുക്കി. ജീവിതം സുഗമമായി. ഒരിക്കല്‍ മൗനിയായിരുന്ന സരസുവിന്റെ ലോകത്ത് ഇന്നൊരു യൂട്യൂബ് ചാനല്‍ തന്നെയുണ്ട് മിണ്ടാനും പറയാനുമായി. സരസുവിന്റെ ലോകം എന്ന യൂട്യൂബ് ചാനലിന് ധാരാളം ഫോളോവര്‍മാരുമുണ്ട്. map

അതിദാരിദ്ര്യം തുടച്ചുനീക്കിയാല്‍, ഒന്നു കൈപിടിച്ചു കയറ്റിയാല്‍ ജീവിതം തന്നെ തിരിച്ചുപിടിക്കാമെന്നതിന് സരസു ഒരു ഉദാഹരണം മാത്രമാണ്. തൃശൂരിലെ ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന പതിമൂന്നുകാരിക്കും അത്താണിയായത് അതിദാരിദ്ര്യനിര്‍മ്മാര്‍ജന പദ്ധതിയാണ്. ഇന്നവള്‍ മികച്ച ചികിത്സ ലഭിച്ച്, മെച്ചപ്പെട്ട അവസ്ഥയില്‍ സുരക്ഷിതമായ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലാണ്. കൊച്ചി കോര്‍റേഷന്‍ പരിധിയിലെ തകര്‍ന്നു വീഴാറായ കൂരയില്‍, പ്രായമായ അമ്മയ്ക്കൊപ്പം കഴിയുന്ന മേരിക്ക് ആകെ ആശ്രയം അമ്മയ്ക്ക് കിട്ടുന്ന വാര്‍ധക്യ പെന്‍ഷനാണ്. ഇവിടെ ആദ്യസഹായമായെത്തിയത് ഭക്ഷ്യകിറ്റുകളാണ്. ഒടുവില്‍ വരുമാനമുണ്ടാക്കാനുള്ള സാഹചര്യംവരെ ഒരുങ്ങി. ഇങ്ങനെ 64006 കഥകളുണ്ട് കേരളത്തില്‍. വ്യത്യസ്തമായ സാഹചര്യങ്ങളില്‍നിന്ന് ജീവിതം മനോഹരമായി തിരിച്ചുപിടിച്ചവര്‍. അവരുടെ പുഞ്ചിരികളിലാണ് കേരളം തിളങ്ങുന്നത്.

സമൂഹപങ്കാളിത്തത്തിന് പ്രാധാന്യം

കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ കേരളം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തില്‍ ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചു. 1973-74-ല്‍ 59.8% ആയിരുന്ന ദാരിദ്ര്യനിരക്ക്, 1993-94 ആയപ്പോഴേക്കും 25.4% ആയും, 2011-12-ല്‍ 11.3% ആയും കുറഞ്ഞു. ഈ നേട്ടങ്ങള്‍ ദാരിദ്ര്യസൂചികകളില്‍ കേരളത്തെ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലെത്തിച്ചു.

ഈ പുരോഗതിക്കിടയിലും ജനസംഖ്യയുടെ ഒരു ചെറിയ വിഭാഗം അതിതീവ്രമായ ദാരിദ്ര്യത്തില്‍ തുടര്‍ന്നു. ‘ആശ്രയ’, ‘അഗതിരഹിത കേരളം’ പോലുള്ള നിരവധി ക്ഷേമപദ്ധതികള്‍ നിലവിലുണ്ടായിരുന്നിട്ടും അവ സമൂഹത്തിലെ ഏറ്റവും ദുര്‍ബലമായ വിഭാഗങ്ങളിലേക്ക് പൂര്‍ണ്ണമായി എത്തിച്ചേര്‍ന്നിരുന്നില്ല. നിലവിലുള്ള സര്‍ക്കാര്‍ സഹായങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ട വ്യക്തികളെയും കുടുംബങ്ങളെയും കണ്ടെത്തി സഹായിക്കുന്നതിന്, അതിദാരിദ്ര്യം എന്താണെന്ന് വ്യക്തമായി നിര്‍വചിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ന്നു.

വ്യക്തികളെയും കുടുംബങ്ങളെയും ദുരിതത്തിലാക്കുന്ന മോശം ആരോഗ്യം, ഭക്ഷ്യദൗര്‍ലഭ്യം, ഭൂരാഹിത്യം, പാര്‍പ്പിടമില്ലായ്മ, സ്ഥിര വരുമാനമില്ലായ്മ, അംഗവൈകല്യം, വാര്‍ധക്യം എന്നിവയെല്ലാം ദാരിദ്ര്യത്തിന്റെ പ്രധാന കാരണങ്ങളാണ്. പലപ്പോഴും വിവിധ സാഹചര്യങ്ങള്‍ ഒരുമിച്ച് ചേര്‍ന്നാണ് ഈ അവസ്ഥയെ കൂടുതല്‍ രൂക്ഷമാകുന്നത്.

പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങളെപ്പോലുള്ള പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ വാസസ്ഥലങ്ങളുടെ വിദൂരത, താഴ്ന്ന വിദ്യാഭ്യാസനിലവാരം, പോഷകാഹാരക്കുറവ്, വൈദ്യുതി, കുടിവെള്ളം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവയെല്ലാം അവരുടെ ദുര്‍ബലതയും സാമൂഹികമായ ഒറ്റപ്പെടലും വര്‍ധിപ്പിച്ചു.

പ്രാദേശിക, വാര്‍ഡ് തലങ്ങളില്‍ പൊതുജന പങ്കാളിത്തത്തോടെ നടത്തിയ സര്‍വേകളിലൂടെയാണ് അതീവ ദാരിദ്ര്യത്തിലുള്ള കുടുംബങ്ങളുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയത്. സമൂഹപങ്കാളിത്തത്തിന് നല്‍കിയ അസാധാരണമായ പ്രാധാന്യമാണ് ഈ പ്രവര്‍ത്തനത്തെ വേറിട്ടുനിര്‍ത്തിയത്.
മുന്‍കാലങ്ങളില്‍ കുടുംബശ്രീ യൂണിറ്റുകള്‍ വഴി നടത്തിയിരുന്ന പ്രവര്‍ത്തങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ജനകീയാസൂത്രണത്തിന്റെ വിപുലമായ രൂപമാണ് ഇവിടെ ആവിഷ്‌കരിച്ചത്. പഞ്ചായത്ത് തലത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. ഓരോ വാര്‍ഡിലും വിവിധ സാമൂഹ്യ-രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കുടുംബശ്രീ യൂണിറ്റുകള്‍, നഗരങ്ങളിലെ എന്‍.ജി.ഒ-കള്‍ സ്വയംസഹായ സംഘങ്ങള്‍, യുവജന-വനിതാ സംഘടനകള്‍ എന്നിവയടങ്ങിയ ടീമുകള്‍ രൂപീകരിച്ചു.
കേരളത്തിന്റെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി കാണിച്ചുതരുന്നത്, ആഴത്തില്‍ വേരൂന്നിയ സാമൂഹിക പ്രശ്നങ്ങളെ ദാനധര്‍മ്മങ്ങളിലൂടെയല്ല, മറിച്ച് അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ളതും ജനങ്ങളില്‍ കേന്ദ്രീകരിക്കുന്നതുമായ ഭരണത്തിലൂടെയാണ് പരിഹരിക്കേണ്ടത് എന്നാണ്. ഈ സമീപനം, ദാരിദ്ര്യത്തെ ആരോഗ്യം, പാര്‍പ്പിടം, ഉപജീവനമാര്‍ഗ്ഗം, അന്തസ്സ്, പൊതുസേവനങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രശ്നമായി കൈകാര്യം ചെയ്തു.

സരസുവിന്റെ ഡിജിറ്റല്‍ ലോകത്തേക്കുള്ള യാത്ര, മേരിയുടെ സ്വയംപര്യാപ്തതയിലേക്കുള്ള പാത, ദുര്‍ബലരായ കുട്ടികള്‍ക്ക് നല്‍കിയ സംരക്ഷണം എന്നിയൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല, വലിയൊരു പ്രതിജ്ഞാബദ്ധതയുടെ പ്രതിഫലനങ്ങളാണ്. കേരളം അതിന്റെ 69-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇന്ത്യയില്‍ അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക്  കുതിക്കുകയാണ് നാം.

Spread the love