ചരിത്ര നേട്ടത്തിലേക്ക് ഒരു ചുവട്
അതിദാരിദ്ര്യ നിർമ്മാർജനം >>
| എം. ബി. രാജേഷ് തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി |
![]() അതിദാരിദ്ര്യം സമ്പൂർണ്ണമായി നിർമ്മാർജനം ചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. 2025 നവംബർ ഒന്നിന്റെ കേരളപ്പിറവി ദിനത്തിൽ കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാന മായി പ്രഖ്യാപിക്കുന്നതോടെ ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ലോകത്തിലെ രണ്ടാമത്തെ ഭൂപ്രദേശമായി കേരളം മാറുകയാണ്. ജനാധിപത്യ-മതനിരപേക്ഷ കേരളത്തിന്റെ മറ്റൊരു നേട്ടം |
രണ്ടാം പിണറായി വിജയൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ആദ്യ ദിവസമായ 2021 മെയ് 20ന് ചേർന്ന മന്ത്രിസഭാ യോഗം കൈക്കൊണ്ട ചരിത്രപരമായ തീരുമാനമായിരുന്നു അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അതിദാരിദ്ര്യം നിർമ്മാർജനം ചെയ്യുമെന്ന്. അതിനുള്ള വിശദമായ സർവെ ഉടൻ ആരംഭിക്കാനും നിർദേശിച്ചു. ഭക്ഷണം, ആരോഗ്യം, വരുമാനം, പാർപ്പിടം എന്നീ ക്ലേശ ഘടകങ്ങളെ അടിസ്ഥാനമാക്കി 2021 ജൂലൈയിൽ ആരംഭിച്ച് 2022 ജനുവരിയിൽ പൂർത്തിയാക്കിയ സർവെയിലൂടെ ലഭിച്ച വിവരങ്ങൾ സൂക്ഷ്മവിശകലനം ചെയ്തും നേരിൽ പോയി പരിശോധിച്ചും 64006 അതിദരിദ്ര കുടുംബങ്ങളുണ്ടെന്ന് കണ്ടെത്തി. അവർക്കുള്ള വെവ്വേറെ മൈക്രോ പ്ലാനുകൾ തയ്യാറാക്കുകയും അടിയന്തരമായി നൽകേണ്ട സഹായങ്ങളും രേഖകളും സേവനങ്ങളും നൽകുകയും ചെയ്തു. ദീർഘകാല പദ്ധതികളിലൂടെ മൂന്ന് വർഷത്തിനുള്ളിൽ മുഴുവൻ അതിദരിദ്രരെയും ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കുകയും അന്തസ്സായ ജീവിതം ഉറപ്പുവരുത്തുകയും ചെയ്യുമെന്ന പ്രഖ്യാപനമനുസരിച്ച് ചിട്ടയായ, സമയബന്ധിതമായ പ്രവർത്തനമാണ് പൂർത്തീകരണ ത്തിലേക്കെത്തുന്നത്. കണ്ടെത്തിയ 64006 അതിദരിദ്ര കുടുംബങ്ങളിൽ ഇതിനകം (2025 ആഗസ്റ്റിലെ കണക്ക്) 53027 കുടുംബങ്ങളെ പദ്ധതിപ്രകാരം ദാരിദ്ര്യമുക്തമാക്കി. ഇത് 83 ശതമാനമാണ്. പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ 2023 നവംബർ ഒന്നിന് പൂർത്തിയായിരുന്നു. അന്ന് ‘കേരളീയം’ പരിപാടിയിൽ വച്ച് 30658 (47.89%) കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്ന് മുക്തരാക്കിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇനി 2025 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ മുഴുവൻ അതിദരിദ്രരേയും ദാരിദ്ര്യത്തിൽനിന്ന് മുക്തമാക്കിയതിന്റെ പ്രഖ്യാപനം നടത്തും.

സർവെ പ്രകാരം കണ്ടെത്തിയ 64,006 കുടുംബങ്ങളിലെ അംഗങ്ങളിൽ 4405 പേർ കഴിഞ്ഞ നാല് വർഷത്തിനിടയിൽ മരണപ്പെട്ടു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന 313 പേർക്ക് സേവനം നൽകാൻ കഴിയുന്നില്ല. 745 പേർ മറ്റ് സംസ്ഥാനങ്ങളിലേക്കും മറ്റ് ജില്ലകളിലേക്കും കുടിയേറി. 2645 പേർക്ക് മൈക്രോ പ്ലാൻ ആവശ്യമില്ലെന്ന് പദ്ധതി നിർവഹണ വേളയിൽ കണ്ടെത്തി. 46 പേരുടെ പേര് ഇരട്ടിച്ചുവന്നു. ഇങ്ങനെ ആകെ 8154 പേർ അതിദരിദ്രരുടെ കണക്കിൽ കുറഞ്ഞു. ഇങ്ങനെ കുറഞ്ഞ
ശേഷമുള്ള ആകെ അതിദരിദ്ര കുടുംബങ്ങൾ 55852 ആണ്. ഇതിൽ 53027 കുടുംബങ്ങൾ ഇതിനകം ദാരിദ്ര്യമുക്തരാക്കപ്പെട്ടു. അങ്ങനെ നോക്കുമ്പോൾ യഥാർഥത്തിൽ 94.94 ശതമാനം പേർ ഇതുവരെ ദാരിദ്ര്യമുക്തരാക്കപ്പെട്ടുകഴിഞ്ഞു.
ഇന്ത്യയിൽ 16.4 ശതമാനം
കേരളത്തിൽ 0.55 ശതമാനം
മാത്രം ദരിദ്രർ
എല്ലാ തരത്തിലുമുള്ള ദാരിദ്ര്യം തുടച്ചുനീക്കുകയെന്നത് ലോകരാജ്യങ്ങൾ നിശ്ചയിച്ചിട്ടുള്ള സഹസ്രാബ്ദ വികസന ലക്ഷ്യങ്ങളിൽ ഏറ്റവും പ്രധാനമാണ്. ഇന്ത്യയിലാകട്ടെ ദാരിദ്ര്യം ഏറ്റവും കുറവുള്ള കേരളം അതിദാരിദ്ര്യം പൂർണമായും തുടച്ചുനീക്കുമെന്ന ലക്ഷ്യത്തോടെയാണ് അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി പ്രഖ്യാപിച്ച് പൂർത്തീകരണത്തിലേക്കടുക്കുന്നത്. യു എൻ ഡി പിയുടെ 2022 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ അതിദാരിദ്ര്യം 16.4 ശതമാനമാണ്. ‘നീതി ആയോഗ്’ തയാറാക്കിയ ബഹുമുഖ ദാരിദ്ര്യ സൂചിക അനുസരിച്ച് ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിൽ ജനസംഖ്യയുടെ 0.55 ശതമാനം മാത്രമാണ് ദരിദ്രർ. ഈ ചെറിയ ശതമാനം ജനങ്ങളെയും ദാരിദ്ര്യത്തിൽനിന്ന് മുക്തരാക്കാനുള്ള പ്രതിബദ്ധതയോടെയുള്ള പ്രവർത്തനമാണ് രണ്ടാം പിണറായി സർക്കാർ പ്രഥമ പരിഗണന നൽകി ഏറ്റെടുത്തത്.
സംസ്ഥാന സർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വിവിധ ഏജൻസികളുടെ സഹകരണത്തോടെ നടത്തിയ കൂട്ടായ പ്രവർത്തനം വഴി ഭക്ഷണം, ആരോഗ്യം എന്നീ ക്ലേശഘടങ്ങൾ ഉള്ള കുടുംബങ്ങൾക്ക് തുടർച്ചയായി തടസ്സമില്ലാത്ത ഭക്ഷണവും ആരോഗ്യ പരിരക്ഷയും പദ്ധതി വഴി ഉറപ്പാക്കാൻ കഴിഞ്ഞു. ഇനി അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുവാനുള്ളത് 2812 കുടുംബങ്ങൾ മാത്രമാണ്. ഇതിൽ ഏറിയ പങ്കും സുരക്ഷിതമായ വാസസ്ഥലം
(വസ്തുവും വീടും, വീട് മാത്രം, നിലവിലെ വീടുകളുടെ പുനരുദ്ധാരണം) ആവശ്യമുള്ളവരുമാണ്. വരുമാനം ക്ലേശഘടകമായുള്ള 5350 കുടുംബങ്ങളിൽ ജീവനോപാധിക്കുള്ള പ്രവർത്തനങ്ങൾ നടത്താൻ ശേഷിയുള്ള 4395 കുടുംബങ്ങൾക്ക് കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന ‘ഉജ്ജീവനം’ പദ്ധതി വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരിട്ടും മറ്റ് വകുപ്പുകൾ മുഖേനയും വരുമാനദായക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് സഹായം നൽകിയിട്ടുണ്ട്.
വീട് മാത്രം ആവശ്യമുള്ള 3773 കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിനുള്ള ആനുകൂല്യം നൽകി. അവരുടെ വീട് നിർമ്മാണം പൂർത്തിയായിട്ടുണ്ട്. വസ്തുവും വീടും ആവശ്യമുള്ള 1253 കുടുംബങ്ങളുടെ വീട് നിർമ്മാണം പൂർത്തിയായി. ഭവന പുനരുദ്ധാരണം ആവശ്യമുള്ള കുടുബങ്ങൾക്ക് വർധിപ്പിച്ച ആനുകൂല്യം നൽകുകയും 5144 വീടുകളുടെ പുനരുദ്ധാരണം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. വീട് മാത്രം/വസ്തുവും വീടും ലഭിയ്ക്കുവാൻ അർഹതയുള്ള കുടുംബങ്ങളിൽ വാടക വീടുകളിൽ താമസിക്കുന്നതിന് താൽപര്യം പ്രകടിപ്പിച്ച 610 കുടുംബങ്ങളെ അങ്ങനെ മാറ്റിപ്പാർപ്പിച്ചു.
|
കണക്കുകൾ നീതി ആയോഗിന്റെ പ്രഥമ ബഹുമുഖ ദാരിദ്ര്യ സൂചക (എംപിഐ) റിപ്പോർട്ട് (2021) പ്രകാരം, ഇന്ത്യയിലെ ഏറ്റവും കുറവ് ദാരിദ്ര്യമുളള സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്. കേരളത്തിന് (0.71 ശതമാനം) പിന്നിലായി, ഗോവ (3.76 ശതമാനം), സിക്കിം (3.82 ശതമാനം), തമിഴ് നാട് (4.89 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് ഉളളത്. കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക് (0.19 ശതമാനം), മാതൃ ആരോഗ്യം (1.73 ശതമാനം), സ്‌കൂൾ വിദ്യാഭ്യാസം (1.78 ശതമാനം), സ്‌കൂൾ ഹാജർ നില (0.3 ശതമാനം), ശുചിത്വം (1.86 ശതമാനം) തുടങ്ങി ദാരിദ്ര്യത്തിന്റെ ഒട്ടുമിക്ക മാനദണ്ഡങ്ങളിലും കേരളം കുറഞ്ഞ ശതമാനമാണ് രേഖപ്പെടുത്തിയിട്ടുളളത്. പോഷകാഹാരം, പാചക ഇന്ധനം, ശുചിത്വം, കുടിവെളളം, വൈദ്യുതി, ഭവനം, ആസ്തികൾ, ബാങ്ക് അക്കൗണ്ടുകൾ എന്നീ മാനദണ്ഡങ്ങളിൽ വളരെക്കുറച്ച് കുടുംബങ്ങൾ മാത്രമേ പുറത്ത് നിൽക്കുന്നതെന്നും കാണാവുന്നതാണ്. ജില്ലകളിൽ പൂജ്യം ശതമാനത്തോളം ദരിദ്രരോടെ കോട്ടയം മുന്നിൽ നിൽക്കുന്നു. 3.48% ഉളള വയനാൽ ആണ് ബഹുമുഖ ദാരിദ്ര്യത്തിന്റെ ഏറ്റവും ഉയർന്ന ശതമാനം കാണിക്കുന്നത്. ദരിദ്രരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായുളള സംസ്ഥാനത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത എംപിഐ സൂചികയിൽ നിന്നും പ്രകടമാണ്. |
സ്വന്തമായി ഭൂമിയില്ലാത്തവർക്ക് ഭൂമി കണ്ടെത്തുന്നതിനായി ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയുടെ രണ്ടാം ഘട്ടം എല്ലാ ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങളിലും നടന്നുവരുന്നു. പദ്ധതി വഴി ഇതുവരെ 205.7 സെന്റ് ഭൂമിയും റവന്യു വകുപ്പ് മുഖേന 2863.508 സെന്റ് റവന്യു ഭൂമിയും കണ്ടെത്തിയിട്ടുണ്ട്. തദ്ദേശസ്ഥാപന പരിധിയിൽ ഒഴിഞ്ഞുകിടക്കുന്ന റവന്യൂ ഭൂമിയും മറ്റ് വകുപ്പുകളുടെ അധീനതയിലുള്ള ഭൂമിയും ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ കണ്ടെത്തി അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട ഭൂമിയും വീടും ആവശ്യമുള്ളവർക്ക് അനുവദിച്ച് നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഭൂമി കണ്ടെത്തി അതിദരിദ്രർക്ക് ലഭ്യമാക്കുക, വ്യക്തിഗത ഗുണഭോക്താക്കൾ നേരിട്ട് ഭൂമി വാങ്ങുക എന്നീ സാധ്യതകളും പരിശോധിച്ച് വരുന്നു.
ഭക്ഷണം, ആരോഗ്യം,
ഉപജീവനമാർഗം
ഭക്ഷണം ആവശ്യമുണ്ടെന്ന് കണ്ടെത്തിയ 20654 കുടുംബങ്ങളിൽ സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ കഴിയുന്ന 18421 കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റുകളും അതിന് കഴിയാത്ത 2233 കുടുംബങ്ങൾക്ക് ജനകീയ ഹോട്ടലുകൾ, സാമൂഹ്യ അടുക്കളകൾ എന്നിവ വഴി പാകം ചെയ്ത ഭക്ഷണവും എത്തിക്കുന്നു. ആരോഗ്യം ക്ലേശഘടകമായ കുടുംബങ്ങളിൽ 29478 ഗുണഭോക്താക്കൾക്ക് മരുന്ന് ഉൾപ്പെടെയുള്ള ചികിത്സാസൗകര്യങ്ങൾ ലഭ്യമാക്കുന്നു. സാന്ത്വന ചികിത്സ ആവശ്യമുള്ള 4870 ഗുണഭോക്താക്കൾക്ക് അത് കൃത്യമായി നൽകുന്നു. ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട സാമഗ്രികൾ ആവശ്യമുള്ള 425 ഗുണഭോക്താക്കൾക്ക് അത് നൽകി. അവയവ മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് ഗുണഭോക്താക്കൾക്ക് വേണ്ട സഹായം നൽകുവാനും കഴിഞ്ഞു.
ഉപജീവനമാർഗം ആവശ്യമായ ഗുണഭോക്താക്കൾക്കായി ‘ഉജ്ജീവനം’ എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചു. 4005 പേർക്ക് നിലവിൽ ഉപജീവന മാർഗങ്ങൾ ലഭ്യമാക്കി. ആധാർ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ആരോഗ്യ ഇൻഷുറൻസ്, സാമൂഹികക്ഷേമ പെൻഷൻ, തൊഴിലുറപ്പ് പദ്ധതി തൊഴിൽ കാർഡ്, ഭിന്നശേഷി തിരിച്ചറിയൽ കാർഡ് എന്നിവയടക്കമുള്ള അവകാശരേഖകൾ ഇല്ലാതിരുന്ന 21263 പേർക്ക് അവ നൽകി. ആവശ്യമായവർക്ക് പാചകവാതക കണക്ഷൻ, വൈദ്യുതി കണക്ഷൻ എന്നിവ ലഭ്യമാക്കി. 1747 വിദ്യാർഥികൾക്ക് സൗജന്യ യാത്രാപാസ് ലഭ്യമാക്കി.
ചൈന കഴിഞ്ഞാൽ അതിദാരിദ്ര്യനിർമ്മാർജനമെന്ന ലക്ഷ്യം കൈവരിക്കുന്ന മറ്റൊരു പ്രദേശമായി ഇതോടെ കേരളം മാറും.


അതിദാരിദ്ര്യം സമ്പൂർണ്ണമായി നിർമ്മാർജനം ചെയ്യപ്പെടുന്ന ആദ്യത്തെ