ക്ലാസ് മുറികളിൽ ഡിജിറ്റല്‍ വിപ്ലവം
ക്ലാസ് മുറികളിൽ ഡിജിറ്റല്‍ വിപ്ലവം
കെ. അന്‍വര്‍ സാദത്ത്
സിഇഒ, കൈറ്റ്
കേരള ഇൻഫ്രാസ്‌ട്രക്‌ടർ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (K-ITE) കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കേരളത്തിലെ ഡിജിറ്റല്‍ വിദ്യാഭ്യാസത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടു വന്നത്. മുമ്പ് IT@SCHOOL പ്രോജക്റ്റ്സ് എന്നറിയപ്പെട്ടിരുന്ന പദ്ധതി 2001-ലാണ് ആരംഭിച്ചത്. അധ്യാപക ശേഷി വര്‍ദ്ധിപ്പിക്കല്‍, ICT ഉള്ളടക്ക വികസനം, സ്‌കൂളുകളിലെ കഇഠ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കല്‍, ഇ-ഗവേണന്‍സ് സംവിധാനങ്ങള്‍ നടപ്പിലാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ KITE ഇപ്പോള്‍ എ ഐ അധിഷ്‌ഠിത പരിശീലനത്തിലാണ് പരിശീലനത്തിലാണ് ശ്രദ്ധ ചെലുത്തുന്നത്. അധ്യാപകര്‍ക്കുള്ള ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ് (AI) പരിശീലനം, വിദ്യാര്‍ത്ഥികള്‍ക്കുള്ള റോബോട്ടിക് കിറ്റുകളുടെ വിന്യാസം, സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ AI സംയോജിപ്പിക്കല്‍ എന്നിവയിലേക്ക് KITE പ്രവര്‍ത്തനം വ്യാപിപ്പിച്ചു.
ഹൈടെക് ക്ലാസ് റൂം വിപ്ലവം
2016-നും 2019-നും ഇടയില്‍ കിഫ്ബി ധനസഹായത്തോടെ 4,752 സെക്കന്‍ഡറി സ്‌കൂളുകളിലെ 8 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ 45,000 ക്ലാസ് മുറികളെ കൈറ്റ് ഹൈടെക് ആക്കി മാറ്റി. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ ഐസിടി സംരംഭമാണ് ഈ പദ്ധതി. ദശ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ഓരോ ഹൈടെക് ക്ലാസ് മുറിയിലും ലാപ്‌ടോപ്പ്, സീലിംഗ്-മൗണ്ടഡ് പ്രൊജക്‌ടർ, യുഎസ്ബി ല്‌പീക്കറുകൾ, നെറ്റ്‌വർക്കിങ്ങ്, സമഗ്ര റിസോഴ്‌സ് പോർട്ടലിലേക്കുള്ള ആക്‌സസ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. തുടർന്ന് ഹൈടെക് ലാബ് പ്രോജക്റ്റ് വഴി പ്രാഥമിക വിദ്യാഭ്യാസത്തിലും കൈറ്റ് പ്രവര്‍ത്തനം വ്യാപിപ്പിച്ചു, സെക്കന്‍ഡറി സ്‌കൂളുകളുടെ സാങ്കേതിക നിലവാരവുമായി പൊരുത്തപ്പെടുന്നതിന് 11,257 പ്രൈമറി സ്‌കൂളുകളെ അപ്‌ഗ്രേഡ് ചെയ്‌തു. ഈ പദ്ധതികള്‍ വഴി 450,000 ത്തിലധികം ഐസിടി ഉപകരണങ്ങളാണ് സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്‌ഡഡ് സ്‌കൂളുകളില്‍ നല്‍കിയത്. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, അഞ്ച് വര്‍ഷത്തെ വാറന്റി, കോള്‍ സെന്റര്‍, വെബ് പോർട്ടൽ, ലാപ്‌ടോപ്പുകള്‍ക്കും പ്രോജക്‌ടറുകൾക്കുമുള്ള വാര്‍ഷിക അറ്റകുറ്റപ്പണി കരാറുകള്‍ എന്നിവയുൾപ്പെടെ ഉറപ്പാക്കുന്നുണ്ട്. അക്കാദമിക് മികവ്, പഠനാന്തരീക്ഷം, ലബോറട്ടറികൾ, ലൈബ്രറികള്‍, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന സമഗ്ര വികസന കാഴ്‌ചപ്പാടിന്റെ ഭാഗമായിരുന്നു ഈ അടിസ്ഥാന സൗകര്യ നവീകരണം.
സമഗ്ര- ഡിജിറ്റല്‍ നിധി ശേഖരം
കൈറ്റിന്റെ വിവിധ ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങളുടെ നട്ടെല്ല് 1 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സഹായികളുടെ സമഗ്രമായ ശേഖരമായ ‘സമഗ്ര’ റിസോഴ്‌സ് പോർട്ടലാണ്. ചിത്രങ്ങള്‍, വീഡിയോകള്‍, അനിമേഷനുകള്‍, സംവേദനാത്മക വിവരണങ്ങള്‍, ട്യൂട്ടോറിയലുകൾ എന്നിവയുൾപ്പെടെ വിവിധ ഫോര്‍മാറ്റുകളിലുള്ള ഇ-റിസോഴ്‌സുകള്‍, പാഠ പുസ്‌തകങ്ങൾ. ചോദ്യ ബാങ്കുകള്‍ എന്നിവപോർട്ടലിൽ ലഭ്യമാണ്. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ നാല് ഭാഷകളില്‍ ഇവ ലഭിക്കും. കേരളത്തിന്റെ വൈവിധ്യമാർന്ന ഭാഷാ ഭൂപ്രകൃതിയെക്കൂടി തൃപ്‌തിപ്പെടുത്തുന്നതാണ് ഈ പോർട്ടൽ. ഉയർന്ന നിലവാരമുള്ളതും പാഠ്യപദ്ധതിക്ക് അനുസൃതവുമായ ഡിജിറ്റല്‍ ഉള്ളടക്കം നൽകുന്നതിലൂടെ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഒരു പോലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുന്നു.
ലിറ്റില്‍ കൈറ്റ്സ്- സാങ്കേതിക വിദഗ്‌ധരെ പരിപോഷിപ്പിക്കല്‍
2018-19ല്‍ വിദ്യാര്‍ഥികളില്‍ സര്‍ഗാത്മകതയും സാങ്കേതിക വൈദഗ്ധ്യവും വളര്‍ത്തുതിനായി ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബ്ബുകള്‍ ആരംഭിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ളതാണ് പരിപാടി. ഐസിടിയിലുള്ള താല്‍പര്യം വിലയിരുത്തുന്ന ഒരു അഭിരുചി പരീക്ഷയിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. 20 മുതല്‍ 40 വരെ വിദ്യാര്‍ഥികള്‍ ഉൾപ്പെടുന്ന ഓരോ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റും നയിക്കുന്നത് ഒരു യൂണിറ്റ് ലീഡറും ഡെപ്യൂട്ടി ലീഡറുമാണ്. പ്രധാനാധ്യാപകന്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന അധ്യാപകരായ കൈറ്റ് മാസ്റ്ററും കൈറ്റ് മിസ്ട്രസും പ്രവര്‍ത്തനങ്ങള്‍ക്ക് മേൽനോട്ടം വഹിക്കുന്നു. പ്രത്യേക ക്യാമ്പുകളിലൂടെ എഐ, റോബോട്ടിക്‌സ്, 3ഡി ക്യാരക്‌ടർ ഡിസൈനിങ്, സൈബര്‍ സേഫ്റ്റി, ഭാഷാ കമ്പ്യൂട്ടിങ്ങ് തുടങ്ങിയ നൂതന മേഖലകളില്‍ ക്ലബ്ബുകള്‍ പ്രായോഗിക പരിശീലനം നൽകുന്നു.
2023-24-ല്‍ കൈറ്റ് 29,000 ആര്‍ഡ്വിനോ യുനോ റോബോട്ടിക് കിറ്റുകള്‍ ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബ്ബുകള്‍ക്ക് വിതരണം ചെയ്‌തു. ഇത് വിദ്യാര്‍ഥികളെ റോബോട്ടിക്‌സ് പര്യവേക്ഷണം ചെയ്യാനും പ്രായോഗിക കഴിവുകള്‍ വികസിപ്പിക്കാനും പ്രാപ്‌തരാക്കി. മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്ന ക്ലബ്ബുകളെയും വിദ്യാര്‍ഥികളെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കാത്ത യൂണിറ്റുകളെ ഘട്ടംഘട്ടമായി ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്യുന്നു. അറിവ് പകരുന്നതിനൊപ്പം സാങ്കേതിക വിദ്യയുടെ സാമൂഹിക പ്രയോഗം പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുകയാണ് ലിറ്റില്‍ കൈറ്റ്സ്.
അധ്യാപകര്‍ക്കുള്ള എഐ പരിശീലനം
2024ല്‍ 80,000 അധ്യാപകര്‍ക്കായി കൈറ്റ് വിപ്ലവകരമായ എഐ പരിശീലന പരിപാടി അവതരിപ്പിച്ചു. സമ്മറൈസേഷന്‍ സാങ്കേതിക വിദ്യകള്‍, ഡേറ്റ വിഷ്വലൈസേഷന്‍, പ്രോംപ്റ്റ് എഞ്ചിനീയറിങ്, മെഷീന്‍ ലേണിങ് എന്നിവയുൾപ്പെടെ അവശ്യ എഐ ആശയങ്ങള്‍ മൂന്ന് ദിവസത്തെ പരിപാടിയില്‍ ഉൾപ്പെടുത്തിയിരുന്നു. ഉത്തരവാദിത്വമുള്ള എഐ ഉപയോഗത്തിന്റെ സംസ്‌കാരം വളർത്തിയെടുക്കുന്നതിനായി ഡീപ്ഫേക്കുകള്‍, സ്വകാര്യത, അല്‍ഗോരിതം ബയസ് തുടങ്ങിയ നിര്‍ണായക വിഷയങ്ങള്‍ പഠന വിഷയമാക്കി. പ്രായോഗിക പഠനം പ്രോത്സാഹിപ്പിക്കല്‍, അധ്യാപകരുടെ ജോലിഭാരം കുറയ്ക്കല്‍, അധ്യാപന രീതികളില്‍ എഐ ഫലപ്രദമായി സംയോജിപ്പിക്കല്‍ എന്നിവ ഉൾപ്പെട്ട പരിശീലനം വ്യാപകമായി പ്രശംസിക്കപ്പെട്ടു.
പാഠ്യപദ്ധതിയില്‍ എഐ രാജ്യത്ത് ആദ്യം
2024-ല്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ എഐ ഉള്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി കേരളം മാറി. ഏഴാം ക്ലാസിലെ ICT പാഠ പുസ്‌തകത്തിൽ എഐയെക്കുറിച്ചുള്ള ഒരു പ്രത്യേക അധ്യായം ഉള്‍പ്പെടുത്തി. അതില്‍ ‘കമ്പ്യൂ’ര്‍ വിഷന്‍’ പോലുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ ഉൾപ്പെടുന്നു. മനുഷ്യന്റെ മുഖഭാവങ്ങള്‍ തിരിച്ചറിയുന്നതിനും ഏഴ് വികാരങ്ങള്‍ വരെ തിരിച്ചറിയുന്നതിനും കഴിയുന്ന എഐ പ്രോഗ്രാമുകള്‍ വിദ്യാര്‍ഥികള്‍ക്ക് സൃഷ്‌ടിക്കാനാകും. വിഷ്വല്‍ പ്രോഗ്രാമിങ്, പഠിപ്പിക്കുകയും എഐ, റോബോട്ടിക്‌സ്, മറ്റ് ICT കഴിവുകള്‍ എന്നിവയിൽ പഠനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന സ്‌ക്രാച്ചിന് സമാനമായ ‘Pictobox’ പാക്കേജും പാഠ്യപദ്ധതിയില്‍ ഉൾപ്പെടുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക വൈദഗ്ധ്യം വളര്‍ത്തുക മാത്രമല്ല, ജീവിതനൈപുണ്യം, സൈബര്‍ സുരക്ഷ, വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയാനുള്ള കഴിവ് എന്നിവ പ്രോത്സാഹിപ്പിക്കുകയും സമഗ്രമായ വിദ്യാഭ്യാസ അനുഭവം ഉറപ്പാക്കുകയും ചെയ്യുന്നു.
സമഗ്ര പ്ലസ് എഐ -പ്രത്യേക എഐ എഞ്ചിന്‍
നിലവിലെ എഐ സങ്കേതങ്ങളുടെ പരിമിതികള്‍ പരിഹരിച്ച് കേരളത്തിന്റെ അക്കാദമിക് ചട്ടക്കൂടിന് അനുസൃതമാക്കുന്നതിനായി കൈറ്റ് സമഗ്ര പ്ലസ് എഐ എന്ന പ്രത്യേക എഐ എഞ്ചിന്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിലവില്‍ പ്രോട്ടോടൈപ്പ് പരീക്ഷണ ഘട്ടത്തിലുള്ള ഈ പ്ലാറ്റ്‌ഫോം പാഠ്യ പദ്ധതിക്കനുസൃതമായ ഡിജിറ്റല്‍ വിഭവങ്ങള്‍ അധ്യാപകര്‍ക്ക് നൽകുന്നതിനും ലെസന്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും എഐ അധിഷ്‌ഠിത വ്യക്തിഗത ക്ലാസ്റൂം പഠനം സാധ്യമാക്കുന്നതിനും ഉതകുതാണ്. വിദ്യാര്‍ഥികളുടെ തുടര്‍ വിലയിരുത്തലിനും വ്യക്തിഗത ഫീഡ്ബാക്ക് ശേഖരണത്തിനും പ്രയോജനകരമാണിത്.
ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനുള്ള ആഗോള മാതൃക
എഐ, റോബോട്ടിക്‌സ് ഉള്‍പ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളെ സ്വതന്ത്ര ഓപ്പൺ സോഴ്‌സ് സോഫ്റ്റുവെയറുമായി (FOSS) സംയോജിപ്പിക്കുന്നതിലൂടെ കൈറ്റ് സമഗ്രമായ ഒരു വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്‌ടിക്കുകയാണ് ചെയ്‌തത്. കേരളത്തിന്റെ തനതായ അധ്യാപന ആവശ്യങ്ങളുമായി അത്യാധുനിക ഉപകരണങ്ങളെ സംയോജിപ്പിച്ച് കൈറ്റ് ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് ഒരു ആഗോള മാനദണ്ഡം ഉണ്ടാക്കി. ഹൈടെക് ക്ലാസ് മുറികള്‍, സമഗ്ര എന്നിവ മുതല്‍ ലിറ്റില്‍ കൈറ്റ്സ്, സമഗ്ര പ്ലസ് എഐ വരെയുള്ള അതിന്റെ സംരംഭങ്ങള്‍ വിദ്യാഭ്യാസത്തില്‍ നവീകരണം, തുല്യത, മികവ് എന്നിവ വളർത്തിയെടുക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ പ്രതിജ്ഞാബദ്ധത പ്രകടമാക്കുന്നു.