കേരള ടൂറിസം വെബ് സൈറ്റ് രാജ്യത്ത് ഒന്നാമത്
കേരള ടൂറിസം വെബ് സൈറ്റ് രാജ്യത്ത് ഒന്നാമത്
രാജ്യത്ത് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള ടൂറിസം വെബ്സൈറ്റ് എന്ന ഖ്യാതിയുമായി കേരള ടൂറിസം വെബ്സൈറ്റ്. രണ്ടാം സ്ഥാനം വഹിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’യെ മറി കടന്നാണ് കേരള ടൂറിസം ഒന്നാം സ്ഥാനത്തെത്തിയത്. ആഗോള റാങ്കിങില്‍ യാത്രാ, ടൂറിസം സൈറ്റുകളില്‍ രണ്ടാം സ്ഥാനത്താണ് keralatourism.org എന്ന സൈറ്റ്. ടൂറിസം വ്യവസായ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തും.
അനലിറ്റിക്‌സ് കമ്പനിയായ സിമിലര്‍ വെബ്ബിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ കണക്കനുസരിച്ചാണ് ഇത്. 2007-ല്‍ ആരംഭിച്ച similarweb. വെബ്-ട്രാഫിക് വിശകലനത്തിന് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടതാണ്. ഗൂഗിള്‍ വിശകലനം അനുസരിച്ച്, 2024-25 കാലയളവില്‍ ആറ് ദശലക്ഷം ഉപയോക്താക്കള്‍ കേരള ടൂറിസം വെബ്‌സൈറ്റ് സന്ദര്‍ശിച്ചു. ഒരു ദശലക്ഷത്തിലധികം പേര്‍ keralatourism.org എന്ന് ടൈപ്പ് ചെയ്‌ത് തന്നെയാണ് സൈറ്റില്‍ കയറിയത്. മറ്റുള്ളവര്‍ പരസ്യങ്ങള്‍ വഴിയും. ഇരുൂറിലധികം രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശകരുണ്ടായി.
100,000-ത്തിലധികം പേജുകള്‍ വെബ്‌സൈറ്റിലുണ്ട്. ഒരു യാത്രാ പ്ലാനര്‍, തത്സമയ വെബ് കാസ്റ്റുകൾ, ഇ-ന്യൂസ് ലെറ്ററുകൾ എന്നിവയും ഇതില്‍ ഉൾപ്പെടുന്നു.
ഇരുപതിലധികം ഭാഷകളില്‍ ലഭ്യമായ കേരള ടൂറിസം വെബ്‌സൈറ്റ്, സംസ്ഥാനത്തിന്റെ തനതായ ആകര്‍ഷണങ്ങള്‍, സംസ്‌കാരം, യാത്ര എന്നിവ ഉൾക്കൊള്ളുന്ന ഒരു സമഗ്ര ഡിജിറ്റല്‍ ഗൈഡാണ്. കേരള ടൂറിസത്തിന്റെ ഔദ്യോഗിക ഐടി സൊല്യൂഷന്‍ പങ്കാളിയായ ഇന്‍വിസ് പ്രൈവറ്റ് ലിമിറ്റഡാണ് വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്‌ത് പരിപാലിക്കുന്നത്.
ഏഷ്യ-പസഫിക്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ മികച്ച 10 ടൂറിസം വെബ്‌സൈറ്റുകളില്‍ ഒന്നായി കേരള ടൂറിസം സൈറ്റ് ഇതിനകം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 2023-24 കാലയളവില്‍ ഈ സൈറ്റ് ഏകദേശം 10 ദശലക്ഷം സന്ദര്‍ശകരെയും 20 ദശലക്ഷത്തിലധികം പേജ് വ്യൂകളെയും രേഖപ്പെടുത്തി.
മൂന്ന് ആഗോള റാങ്കിങുകളിലും തായ്‌ലന്‍ഡ് ടൂറിസമാണ് ഒന്നാം സ്ഥാനത്ത്. വിയറ്റ്നാം, ഇന്‍ക്രെഡിബിള്‍ ഇന്ത്യ, ഇന്തോനേഷ്യ എന്നിവ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങള്‍ വഹിക്കുന്നു.
