കേരളം തെളിയിക്കുന്നു

-ഡോ. എസ്. നസീബ്
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം-
അക്കാദമിക്ക് ആന്‍ഡ് റിസര്‍ച്ച് കമ്മിറ്റി കണ്‍വീനര്‍

സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 15 (കലാമണ്ഡലം ഡീംഡ് ഉള്‍പ്പെടെ) സര്‍വകലാശാലകളും ഒരു കേന്ദ്ര സര്‍വകലാശാല, നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്‌ഡ് ലീഗല്‍ സ്റ്റഡീസ്, ഒരു ഐ.ഐ.എസ്.ഇ.ആര്‍ (IISER), നാല് ഇതര ഡീംഡ് സര്‍വകലാശാലകളുമാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രധാനമായുള്ളത്. വിവിധ സര്‍വകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള 270 എയിഡഡ്-ഗവണ്മന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളും ഒട്ടേറെ അണ്‍ എയിഡഡ് കോളേജുകളും മെഡിക്കല്‍ -എഞ്ചിനീയറിങ്ങ് കോളേജുകളും ഉള്‍പ്പെടെയുള്ള വിവിധ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില മായി 13.76 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്.

ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രോഗ്രാമുകള്‍ കാലോചിതമായി ക്രമീകരിക്കാനും പാഠ്യ പദ്ധതി കൂടുതല്‍ ക്രിയാത്മകമാക്കാനും സര്‍വകലാശാലകള്‍ ബദ്ധശ്രദ്ധമാണ്. ഇതിനായി സര്‍വകലാശാലകളെ കൂടുതല്‍ സജ്ജമാക്കാനാവശ്യമായ പിന്തുണ സംവിധാനങ്ങളെല്ലാം സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്നു. അക്കാദമിക്ക് കലണ്ടറിനനുസരിച്ച് പ്രോഗ്രാമുകള്‍ തുടങ്ങുന്നു. സമയബന്ധിതമായി കൃത്യതയുള്ള പരീക്ഷാ ഫലം ലഭ്യമാക്കുന്നുമുണ്ട്. സര്‍വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ഥി സൗഹൃദ സ്ഥാപനങ്ങളായി തുടരുകയുമാണ്. ജീവിക്കുന്ന ചുറ്റുവട്ടത്തെ നന്നായി അറിയുകയും അത് വിദ്യാഭ്യാസ വിഷയമാക്കുകയും ചെയ്യുന്ന പഠന-ഗവേഷണങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അതു തിരിച്ചറിഞ്ഞാണ് സര്‍വകലാശാലകളുടെ ഭൗതിക സൗകര്യ വികസനത്തില്‍, ലബോറട്ടറികളെ നവീകരിക്കുന്നതില്‍, സേവനങ്ങള്‍ അതിവേഗം ലഭ്യമാകുന്ന പുത്തന്‍ സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍, അക്കാദമിക രംഗത്തെ അത്യന്താധുനികമാക്കുന്നതില്‍ തുടങ്ങി കിഫ്ബി വഴിയും നേരിട്ടും അനസ്യൂതമായ സഹായ പ്രവാഹം സര്‍ക്കാര്‍ ലഭ്യമാക്കുകയാണ്.

നാക്, എന്‍.ഐ.ആര്‍.എഫ് റാങ്കുകള്‍ തെളിയിക്കുന്നത്

വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാരിന്റെ ലക്ഷ്യാധിഷ്ഠിതമായ വലിയ മുന്നേറ്റത്തിനു കൂടി ലഭിച്ച സമ്മാനമാണ് കേരള സര്‍വകലാശാല നാക്ക്, എന്‍.ഐ.ആര്‍.എഫ്  റാങ്കിങ്ങില്‍ നേടിയ മുന്നേറ്റം. നാക് അക്രഡിറ്റേഷനില്‍ മികവാര്‍ന്ന  എ++ നേട്ടമാണ്. രാജ്യത്തെ 462 സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികളില്‍ 3.67 എന്ന ഗ്രേഡ്‌ പോയിന്റോടെ കേരളത്തിലെ മാതൃ സര്‍വകലാശാല ഒന്നാം സ്ഥാനത്തു നിലയുറപ്പിച്ചു. കാലിക്കറ്റ് സര്‍വകലാശാലയും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയും സംസ്‌കൃത സര്‍വകലാശാലയും എ+ ഗ്രേഡുകള്‍ നേടിയാണ് മുന്‍ നിരയിലെത്തിയത്. കേരളത്തിലെ 13 കോളജുകളാണ് എ++ തിളക്കത്തില്‍ ഉയര്‍ന്നു നിന്നത്. 41 കോളേജുകള്‍ എ+ നേട്ടവും വിവിധ കോളേജുകള്‍ തൊട്ടടുത്ത ഗ്രേഡുകളുമായി മികവു കാട്ടിയിട്ടുമുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക മികവ് പരിശോധിക്കുന്ന കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ എന്‍.ഐ.ആര്‍.എഫ് (NIRF) റാങ്കിങ്ങില്‍ കേരള സര്‍വകലാശാല ദേശീയ തലത്തില്‍ 24 സ്ഥാനത്തും, മഹാത്മാഗാന്ധി സര്‍വകലാശാല 31ലും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി 37ലും കാലിക്കറ്റ് സര്‍വകലാശാല 70-ാം സ്ഥാനത്തുമാണ്

കോളേജുകളുടെ വിഭാഗത്തില്‍ ദേശീയ തലത്തില്‍ 26-ാം റാങ്കോടെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജാണ് സംസ്ഥാനത്ത് ഒന്നാമത് തുടരുന്നത് മറ്റൊരു അഭിമാനത്തിളക്കമാണ്.

പുതിയ വിദ്യാഭ്യാസ നയവും കേരളവും

പുതിയ ദേശീയ വിദ്യാഭ്യാസ നയം (NEP) രാജ്യത്ത് നടപ്പാക്കുകയാണ്.  2035-ല്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ ജി.ഇ.ആര്‍ (Gross Enrolment Ratio) 50% ആകും എന്നതാണ് നയത്തില്‍ പ്രധാനമായി പറയുന്നത്. ഗവേഷണ തല്‍പരരും ഒരേ സമയം വിവിധ മേഖലകളില്‍ സമര്‍ത്ഥരുമായ ഒരു തലമുറ ഉണ്ടാകുമെന്നതാണ് പുതിയ നയ സ്വപ്നം. കേരളത്തിന്റെ മഹത്തായ ഉന്നത വിദ്യാഭ്യാസ സമീപനങ്ങളുടെ സത്ത നഷ്ടപ്പെടാതെ പുതിയ നയം നടപ്പാക്കാനുള്ള സാധ്യതകള്‍ പരിശോധിച്ച് വിദഗ്‌ധ നിര്‍ദ്ദേശം നൽകുന്നതിനായി പ്രമുഖ അക്കാദമിക്കുകളെയും വിദഗ്‌ധരേയും ഉള്‍പ്പെടുത്തി മൂന്നു പഠന കമ്മിഷനുകളെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. കമ്മിഷനുകള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ അതതു മേഖലകളുമായി ചര്‍ച്ച ചെയ്ത് ജനാധിപത്യപരമായി നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. വിവിധ തലങ്ങളില്‍ സാമാന്യ അറിവ് മാത്രം നേടാനുതകുന്ന ലിബറല്‍ ആര്‍ട്‌സ് എഡ്യൂക്കേഷന്‍ രീതിയിലാണ് ബിരുദ തലത്തിലെ പഠന രീതിയെ പുതിയ നയം വിഭാവന ചെയ്തിരുന്നതെങ്കില്‍, അതില്‍ മൂല്യവത്തായ മാറ്റമുണ്ടാക്കാനും നാലു വര്‍ഷത്തെ ബിരുദ പഠനം ക്രിയാത്മകമായി ക്രമീകരിച്ച് നടപ്പാക്കാനുമുള്ള പദ്ധതിക്കും കേരളം രൂപരേഖയുണ്ടാക്കിയിട്ടുണ്ട്.

അടുത്ത ഘട്ടത്തില്‍ ബിരുദാനന്തര ബിരുദ മേഖലയെയും നിര്‍ദിഷ്ട ഘടനാപര മാറ്റങ്ങളോടെ ഏറെ ഗവേഷണാത്മകമാക്കി മാറ്റും. അധ്യാപന ബിരുദങ്ങളെ ഇന്റഗ്രേറ്റഡാക്കി മാറ്റുന്നതിനും ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകളുടെ പാഠ്യ പദ്ധതി കൂടുതല്‍ ക്രിയാത്മകവും ഗവേഷണാത്മകവും സമഗ്രമായി ‘ഔട്ട്കം ബേയ്‌സ്‌ഡി’ലാക്കിയും സര്‍വകലാശാലകള്‍ രൂപപ്പെടുത്തുകയാണ്.

പൊതു സമൂഹത്തിനും വ്യവസായ സംവിധാനങ്ങള്‍ക്കും സഹായകമാകുന്ന തരത്തില്‍ സര്‍വകലാശാലകളുടെ ഗവേഷണ ഫലങ്ങളെ ഫലപ്രദമായി രൂപപ്പെടുത്താനുള്ള ഇടപെടലാണ് സര്‍വകലാശാലകളില്‍ സ്ഥാപിക്കുന്ന ട്രാന്‍സിലേഷണല്‍ റിസര്‍ച്ച് സെന്ററുകള്‍. ഗവേഷണ പഠനത്തിന്റെ മൗലികത സൂക്ഷിച്ചു കൊണ്ടു തന്നെ വിജ്ഞാന സമ്പദ് ഘടനിയിലേക്കുള്ള പ്രവാഹത്തിന് വഴി തുറക്കുന്ന അര്‍ഥവത്തായ ചുവടു വയ്പ്പാണിത്.

വിവര സാങ്കേതിക-അനുബന്ധ മേഖലകളിലും ഗവേഷണ പരീക്ഷണങ്ങള്‍ സാധ്യമാക്കാനാകുന്ന തരത്തില്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ആരംഭിക്കാനായി. പൊതു സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് നിർദിഷ്‌ട സയന്‍സ് പാര്‍ക്കുകള്‍ കൂടി വരുന്നതോടെ കേരളത്തിന്റെ വ്യവസായ മേഖലയുടെ വികസനത്തിനും അതിന്റെ പ്രവര്‍ത്തന ഭാവിക്കും സര്‍വകലാശാലകളുടെ പങ്കാളിത്തം ഉറപ്പാക്കുകയുമാണ്.

കേരള സര്‍വകലാശാല – അഞ്ച് എന്‍.ഐ.ആര്‍.എഫ് മാനദണ്ഡങ്ങളിലും മികച്ച നിലവാരം

അധ്യാപന നിലവാരം, ഗവേഷണ മികവ്, ഉന്നത വിദ്യാഭ്യാസ അവസരങ്ങള്‍, മികച്ച പശ്ചാത്തല സൗകര്യം സ്ത്രീ പ്രാതിനിധ്യം, ഗവേഷണ വിദ്യാര്‍ഥികളുടെ എണ്ണം തുടങ്ങിയവയില്‍  നേടിയ ഉയര്‍ന്ന നേട്ടമാണ് കേരള സര്‍വകലാശാലയെ അംഗീകാര നെറുകയില്‍ എത്തിച്ചിരിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ്ങ് ഫ്രെയിംവര്‍ക്ക് (എന്‍.ഐ.ആര്‍.എഫ്) മികവിനായി പരിഗണിക്കുന്ന അഞ്ചു മാനദണ്ഡങ്ങളിലും കേരള സര്‍വകലാശാല മികച്ച സ്ഥാനത്തെത്തി.

  • ഗവേഷണ വിദ്യാര്‍ഥികളുടെ എണ്ണം, യൂണിവേഴ്‌സിറ്റി പരീക്ഷകളുടെ നടത്തിപ്പ്, പ്ലെയ്‌സ്‌മെന്റ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ‘ഗ്രാജുവേഷന്‍ ഔട്ട് കം’ മാനദണ്ഡത്തില്‍ 96 ശതമാനം നേട്ടമാണ് കൈവരിച്ചത്.

  • അധ്യാപന-പഠന ഉപാധികള്‍ മാനദണ്ഡത്തില്‍ 66 ശതമാനം മികവാണ് കാഴ്ചവച്ചത്. അധ്യാപന-വിദ്യാര്‍ഥി അനുപാതം, ഗവേഷണ വിദ്യാര്‍ഥികളുടെ എണ്ണം, സ്ഥിരം അധ്യാപനം, സാമ്പത്തിക വിഭവങ്ങളുടെ ഉപയോഗം എന്നിവയാണ് ഈ മാനദണ്ഡ പ്രകാരം പരിശോധിക്കുന്നത്.

  • മറ്റ് സംസ്ഥാനങ്ങളില്‍/രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ശതമാനം, സ്ത്രീകളുടെ ശതമാനം, സാമ്പത്തികമായും സാമൂഹികമായും വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സഹായം, ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവ ഉള്‍കൊള്ളുന്ന ‘ഔട്ട്‌റീച്ച്/ഇന്‍ക്ലൂസിവിറ്റി മാനദണ്ഡത്തില്‍ 60 ശതമാനവും നേട്ടം കൈവരിച്ചു

  • പിയര്‍ പെര്‍സെപ്ഷന്‍’ എന്ന മാനദണ്ഡത്തില്‍ സര്‍വകലാശാലക്കു 35 ശതമാനം നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും വിദഗ്‌ധരും ഒരു സ്ഥാപനത്തിലെ ഭൗതിക, ഗവേഷണ സാഹചര്യം വിലയിരുത്തുന്ന മാനദണ്ഡമാണിത്.

  • ഗവേഷണവും പ്രൊഫഷണല്‍ പരിശീലനവും എന്ന മാനദണ്ഡത്തില്‍ 25 ശതമാനവും നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. പ്രസിദ്ധീകരണങ്ങളുടെ ഗുണനിലവാരം, പേറ്റന്റുകള്‍, പ്രോജക്ടുകള്‍ തുടങ്ങിയവയാണ് ഈ മാനദണ്ഡത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

 

ranking 12
Spread the love